അടുക്കളയില്‍ അമ്മയെ സഹായിക്കാന്‍ പോയി 'പണി' കിട്ടിയ മകന്‍, കാര്‍ത്തിക് പറയുന്നു


രഞ്ജന കെ

അച്ഛനും അമ്മയും വല്യച്ഛനുമുള്ള സ്വന്തം വീടു തന്നെ ഒരു പ്രൊഡക്ഷന്‍ ഹൗസ് ആക്കി ലോക്ഡൗണില്‍ രസകരങ്ങളായ കുഞ്ഞു കുഞ്ഞു വീഡിയോകളിറക്കി ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരന്‍.

-

കാര്‍ത്തിക് ശങ്കര്‍ സത്യത്തില്‍ ഒരു ബഹുമുഖ പ്രതിഭ തന്നെയാണ്. അച്ഛനും അമ്മയും വല്യച്ഛനുമുള്ള സ്വന്തം വീടു തന്നെ ഒരു പ്രൊഡക്ഷന്‍ ഹൗസ് ആക്കി ലോക്ഡൗണില്‍ രസകരങ്ങളായ കുഞ്ഞു കുഞ്ഞു വീഡിയോകളിറക്കി ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരന്‍. ഇഷ്ടം മൂത്ത് പഠിച്ചെടുത്ത എഡിറ്റിംഗ്, സൗണ്ട് മിക്‌സിംഗ് എന്നിവയും കൈമുതലായി ഉള്ളതിനാല്‍ ഈ വീട്ടില്‍ നിന്നും സിനിമകള്‍ ഇങ്ങനെ പിറന്നുകൊണ്ടേയിരിക്കുകയാണ്.

ലോക്ഡൗണില്‍ അമ്മയെ അടുക്കളയില്‍ സഹായിക്കാന്‍ ചെന്ന് പണി കിട്ടിയ മകന്റെ അവസ്ഥ പറഞ്ഞ കോമഡി വീഡിയോ കോടിക്കണക്കിനാളുകളാണ് കണ്ടത്. പ്രേക്ഷകരുടെ നിരന്തരമായ ആവശ്യപ്രകാരം വീഡിയോയുടെ രണ്ടും മൂന്നും ഭാഗങ്ങളും ഇവര്‍ പിന്നീട് ഷൂട്ട് ചെയ്ത് പുറത്തുവിട്ടു. അവയും വൈറലായി. വൈറല്‍ ഷോര്‍ട്ട് ഫിലിമുകള്‍ക്കു പിന്നിലെ ആ മാന്ത്രികന്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

കാര്‍ത്തിക് ശങ്കര്‍..

സംവിധായകന്‍ രാജസേനനൊപ്പം 72 മോഡല്‍, റേഡിയോ ജോക്കി എന്നീ സിനിമകളില്‍ സംവിധാന സഹായി ആയിരുന്നു. അതിനു ശേഷം 2012ലാണ് ആദ്യ ഷോര്‍ട്ട്ഫിലിം ചെയ്യുന്നത്. അതിനു ശേഷം ഷോര്‍ട്ട് ഫിലിമുകളാണ് എന്റെ പ്രധാന മേഖല. ഇതിനകം ഇരുപത്തിയഞ്ചോളം ഹ്രസ്വചിത്രങ്ങള്‍ ചെയ്തു. ഇപ്പോള്‍ ആദ്യമായി നായകനായി ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഒരു സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതുകയുമാണ്. അതിനിടയിലാണ് ഇങ്ങനെ ഒരു ചിന്ത വന്നത്. ലോക്ഡൗണുമായി ബന്ധപ്പെട്ട ഒരു വീഡിയോ ചെയ്ത് നിര്‍ത്താമെന്നാണ് കരുതിയത്. ആദ്യഭാഗമിറങ്ങി ഇനിയും എപ്പിസോഡുകള്‍ ഇറക്കൂവെന്ന പ്രേക്ഷക പ്രതികരണമനുസരിച്ചാണ് പിന്നെയും ചെയ്തത്.

kaarthik sankar

അച്ഛന്റെ പേര് നൂറനാട് ജയന്‍. പ്രൊഫഷണല്‍ വെഡ്ഡിംഗ് ഫോട്ടോഗ്രാഫറാണ്. അച്ഛനാണ് ഈ ലോക്ഡൗണ്‍ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചത്. അമ്മ കലാദേവിയും വല്യച്ഛന്‍ എം. എസ് രാജയും അഭിനേതാക്കളായി ചിത്രങ്ങളുടെ മൂന്ന് ഭാഗങ്ങളിലുമുണ്ടായിരുന്നു.

kaarthik sankar

ഭിനയം, സംവിധാനം പണ്ടേ പാഷനാണ്..

സ്‌കൂള്‍ കാലം മുതല്‍ക്കു തന്നെ നാടകങ്ങളില്‍ കമ്പമുണ്ടായിരുന്നു. സ്വന്തമായി എഴുതി സംവിധാനം ചെയ്യുകയും അഭിനയിക്കുകയും അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് തിരുവനന്തപുരത്തു പോയി സൗണ്ട് എഞ്ചിനീയറിംഗ് പഠിച്ചു. ആ മേഖലയില്‍ ഏറെക്കാലം ജോലി ചെയ്തു. പിന്നീടാണ് രാജസേനന്‍ സാറിന്റെ അസിസ്റ്റന്റായി സിനിമയിലെത്തിയത്. സ്വദേശം അടൂരാണ്. കൊച്ചിയിലാണ് സ്ഥിരമായി താമസം. കൊറോണയായതിനാല്‍ ഇപ്പോള്‍ അടൂരിലാണുള്ളത്.

ജോലി ഉപേക്ഷിക്കാന്‍ പറഞ്ഞത് അമ്മ..

അച്ഛനും അമ്മയ്ക്കും ഒറ്റമകനാണ്. അവര്‍ നല്‍കുന്ന പ്രോത്സാഹനം കൊണ്ടു തന്നെയാണ് ഇവിടെ വരെയെത്തിയത്. നല്ല ശമ്പളമൊക്കെയുള്ള സൗണ്ട് എഞ്ചിനീയറായി പതിയെ മുന്നോട്ടു പോയിക്കൊണ്ടിരുന്ന എന്നോട് ജോലി ഉപേക്ഷിക്കാന്‍ പറഞ്ഞത് അമ്മ തന്നെയാണ്. 'എന്നുമിങ്ങനെ കംപ്യൂട്ടറിനു മുന്നില്‍ ഇരിക്കേണ്ട ആളല്ല, എഴുത്തിലും സിനിമയിലുമാണ് നിന്റെ കഴിവുകള്‍ ഇരിക്കുന്നതെ'ന്ന് പറഞ്ഞ് എന്നോട് ജോലി വിട്ടിട്ട് നാട്ടിലേക്ക് വരാന്‍ പറഞ്ഞു. അങ്ങനെയാണ് ഞാന്‍ തിരുവനന്തപുരത്ത് നിന്ന് നാട്ടില്‍ തിരിച്ചെത്തി ആദ്യ ഷോര്‍ട്ട് ഫിലിം ചെയ്യുന്നത്. 'ശരികള്‍ മാത്രം' ആയിരുന്നു ആദ്യ ഹ്രസ്വചിത്രം. (യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട മലയാളഹ്രസ്വചിത്രമാണിത്-30 മില്യണ്‍ പേര്‍). ഒരേ നിഴലുകള്‍, നമ്മുടെ സ്വന്തം സ്വര്‍ഗം, കൂടൊരാള്‍ തുടങ്ങിയവയും ഹിറ്റായിരുന്നു.

njan easwaran

പെണ്ണായി ജീവിച്ചാല്‍ എങ്ങനെയിരിക്കും, അതിനു പിന്നില്‍ ഒരു സംഭവമുണ്ട്...

കുടുംബത്തോടൊപ്പം നടത്തിയ ഒരു യാത്രയ്ക്കിടയില്‍ അമ്മയ്ക്ക് കലശലായി ടോയ്‌ലറ്റില്‍ പോകാന്‍ തോന്നി. പെട്രോള്‍ പമ്പുകള്‍ പലതിലും കയറി നോക്കി. ഒരു സ്ഥലത്തും സൗകര്യപ്രദമായി കണ്ടില്ല. അന്ന് അമ്മ അനുഭവിച്ച ആ ബുദ്ധിമുട്ട് ഞാന്‍ നേരില്‍ കണ്ടതാണ്. തിരിച്ച് വീട്ടിലെത്തിയപ്പോഴും എന്തോ പറയുന്നതിനിടയില്‍ 'നിനക്കതു മനസ്സിലാവില്ല, അതു പെണ്ണായാലേ അറിയൂ' എന്നും അമ്മ വേദനയോടെ പറയുകയുണ്ടായി. അതെന്റെയുള്ളില്‍ കിടന്നിരുന്നു. സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ പിന്തുണച്ച് എത്രയൊക്കെ സംസാരിച്ചാലും സ്വയം അനുഭവിക്കാതെ അതിന്റെ ഭീകരത അറിയില്ല. ഞാന്‍ ഈശ്വരന്‍ എന്ന ഷോര്‍ട്ട് ഫിലിം അങ്ങനെ ഉണ്ടായതാണ്. മൂന്നു വര്‍ഷം മുമ്പ് ചെയ്തതാണ്. ഇപ്പോള്‍ അത് വീണ്ടും വൈറലായി എന്നേയുള്ളൂ.

സിനിമാക്കാര്‍ ഇപ്പോള്‍ യൂട്യൂബിലാണ്.. പക്ഷേ..

യൂട്യൂബ് വീഡിയോകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മിക്ക ആളുകളുടെയും പ്രഥമ ലക്ഷ്യം സാമ്പത്തികലാഭമാണ്. വളരെയധികം പാഷനോടു കൂടി നില്‍ക്കുന്ന വളരെ കുറച്ചു പേരേ ഉള്ളൂ. എന്റെ യൂട്യൂബ് വീഡിയോകളിലൊന്നും ബ്രാന്റ് കൊളാബറേഷനില്ല. ഓരോ വീഡിയോയുമായി ആളുകളിലേക്കെത്തുക, അടുത്ത പടിയിലേക്ക് കടക്കുക എന്നതുമാത്രമാണ് ലക്ഷ്യം. സ്വന്തം പ്രൊഡക്ഷനുകളില്‍ക്കൂടി നമ്മുടെ കഴിവും സാമര്‍ഥ്യവും പുറം ലോകത്തെ അറിയിക്കാന്‍ കാലതാമസമെടുക്കും. അങ്ങനെയുള്ളവരില്‍ സിനിമയോടുള്ള പാഷനില്‍ നിന്നും വഴിതിരിഞ്ഞുപോകുന്നവരും ഒരുപാടുണ്ട്. എട്ടുപത്തു വര്‍ഷത്തോളമെടുത്താണ് ഈ മേഖലയില്‍ നിലനില്‍പ്പായത്.

kaarthik sankar

രാജസേനന്‍ സാറില്‍ നിന്നും പഠിച്ചത്...

പടം ഹിറ്റോ ഫ്‌ലോപ്പോ അത് ഒരു സംവിധാന സഹായിയെ സംബന്ധിക്കുന്ന കാര്യമല്ല. സംവിധാനരീതികള്‍ ഗ്രഹിച്ചെടുക്കലാണ് പ്രധാനം. അക്കാര്യത്തില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനായതില്‍ ഞാന്‍ നൂറു ശതമാനം സംതൃപ്തനുമാണ്. ഇപ്പോഴത്തെ സിനിമാലൊക്കേഷനുകളിലെ രീതികളല്ലല്ലോ സീനിയറായിട്ടുള്ള സംവിധായകര്‍ക്കൊപ്പം ജോലി ചെയ്യുമ്പോള്‍. ദൂരെ നിന്നും ബഹുമാനത്തോടു കൂടി കണ്ടും കേട്ടും അറിഞ്ഞും പഠിക്കുന്ന രീതികളാണ്. ലൊക്കേഷനിലെ കൃത്യനിഷ്ഠത, പറഞ്ഞ സമയത്തിനുള്ളില്‍ ജോലി തീര്‍ത്തു കൊടുക്കുന്നതെങ്ങനെ എന്നെല്ലാം പഠിച്ചത് രാജസേനന്‍ സാറില്‍ നിന്നാണ്. നൂറു പേര്‍ അഭിനയിക്കുന്ന ഒരു സീന്‍ എടുക്കുകയാണെങ്കില്‍ പോലും നൂറാമത് നില്‍ക്കുന്ന ആളോട് എങ്ങനെ അഭിനയിക്കണം എന്ന് സാര്‍ ചെയ്ത് കാണിച്ച് കൊടുക്കും. ആരുടേയും സമയം കളയാന്‍ സാറിനെക്കിട്ടില്ല. എല്ലാം പ്ലാന്‍ ചെയ്തിട്ടാണ് ലൊക്കേഷനില്‍ വരിക തന്നെ.

rajasenan

ലോക്ഡൗണിലെ കാഴ്ച്ചകള്‍..

ലോക്ഡൗണില്‍ നടന്ന രസകരങ്ങളായ ആശയങ്ങള്‍ പങ്കുവെച്ചാല്‍ ഞാനത് വിഷ്വലൈസ് ചെയ്യാമെന്ന് പറഞ്ഞ് സോഷ്യല്‍മീഡിയയില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിനെത്തുടര്‍ന്നു എനിക്ക് വന്ന ഒരു മെസേജ് എന്നെ ഞെട്ടിച്ചു. നന്നായി സിഗരറ്റ് വലിക്കും. അതിപ്പോള്‍ കുറഞ്ഞു കുറഞ്ഞു വരുന്നുണ്ട്. കണക്കു കൂട്ടല്‍ ശരിയാണെങ്കില്‍ മെയ് 3 ആകുമ്പോഴേക്കും ഈ പുകവലി നിര്‍ത്തിക്കളയുമെന്നാണ് അയാള്‍ പറഞ്ഞത്. എനിക്കിപ്പോള്‍ ഇത് ഇല്ലാതെ പറ്റുന്നുണ്ട്. ആദ്യമൊക്കെ പുകവലിക്കാനാകാതെ ഭ്രാന്ത് പിടിക്കുമായിരുന്നു. ഇപ്പോള്‍ വലിക്കാതിരുന്നിട്ട് ഒരു കുഴപ്പവുമില്ല. ഞാന്‍ ക്ലീനാകുമെന്നെല്ലാം പറഞ്ഞ്.

കാര്‍ത്തികിന്റെ 'തേപ്പു കഥകള്‍' വൈറലാണ്, ശരിക്കും അങ്ങനെ ഉണ്ടായിട്ടുണ്ടോ ജീവിതത്തില്‍?

തേപ്പു കിട്ടിയിട്ടുണ്ട്. കുറേ വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഏതു കാലത്താണെന്നൊന്നും പറയുന്നില്ല. അന്ന് ഇത്ര പക്വതയും ഒന്നുമില്ല. എന്നാലും എന്റെ ലക്ഷ്യത്തെ അതൊന്നും ബാധിച്ചിട്ടേയില്ല. നമ്മള്‍ നമ്മളെ തന്നെ പൂര്‍ണമായും നല്‍കിയിട്ടും അതു കാണാതെയും വക വെയ്ക്കാതെയും ഇരിക്കുന്നവര്‍ക്കു വേണ്ടി കരയുന്നതിനും ഒരു പരിധിയൊക്കെയില്ലേ? പിന്നെ ആ വേദനകളില്‍ നിന്നും പുറത്തു കടക്കാനായി. മാതാപിതാക്കളും എന്റെ സ്വപ്‌നങ്ങളും എന്നെ സഹായിച്ചു. അത്തരമൊരു അനുഭവം മനസ്സില്‍ കിടക്കുന്നതു കൊണ്ടാകാം ആളുകള്‍ക്കു പെട്ടെന്ന് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ചിത്രങ്ങള്‍ ചെയ്യാന്‍ പറ്റുന്നത്. ഞാന്‍ ഈശ്വരനില്‍ ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞു നില്‍ക്കുന്നതായി കാണിച്ചത് കഥ മുമ്പോട്ട് കൊണ്ടു പോകാന്‍ വേണ്ടി മാത്രമാണ്.

Content Highlights : actor kaarthik sankar viral short film director interview lock down videos

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


image

1 min

അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്

May 23, 2022

More from this section
Most Commented