ജയറാം | ഫോട്ടോ: www.instagram.com/actorjayaram_official/
തന്റെ പത്തൊമ്പതാമത്തെ സിനിമയിലാണ് സത്യൻ അന്തിക്കാട് ആദ്യമായി ജയറാമിനെ നായകനാക്കുന്നത്. ചിത്രം പൊന്മുട്ടയിടുന്ന താറാവ്. 1988-ൽ. മുപ്പത്തിനാലുവർഷം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോൾ സത്യൻ അന്തിക്കാട് സിനിമകളിൽ ഏറ്റവും കൂടുതൽ വേഷമിട്ട നായകരിലൊരാളാണ് ജയറാം; മോഹൻലാലിന് തൊട്ടുപിന്നാലെ. പുതിയസിനിമയായ ‘മകൾ’ തിയേറ്ററിലെത്തുമ്പോൾ ജയറാമിനെയുംകൂട്ടി സത്യൻ അന്തിക്കാട് ഒരുക്കുന്ന രസച്ചേരുവ എന്താവുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് മലയാളിപ്രേക്ഷകർ. ജയറാമിന്റെ വാക്കുകളിലുണ്ട് പുതിയ സിനിമയുടെ സന്തോഷം.
‘‘പല ഏപ്രിൽമാസങ്ങളിലും എനിക്ക് കിട്ടിയ വിഷുക്കൈനീട്ടമാണ് സത്യൻ അന്തിക്കാടിന്റെ സിനിമകൾ. 1988-’89 കാലംതൊട്ട് ഞാൻ അതിന്റെ സന്തോഷം അനുഭവിക്കുന്നുണ്ട്. അങ്ങനെ ഈ കഴിഞ്ഞ വിഷുവിനും എനിക്കൊരു കൈനീട്ടംകിട്ടി; മകൾ. മറ്റൊരു സത്യൻ സിനിമ’’ -ജയറാം പറയുന്നു.
കുടുംബബന്ധങ്ങളുടെ നന്മയും നൊമ്പരവുമൊക്കെ മലയാളി കാണുന്നത് സത്യൻ അന്തിക്കാട് സിനിമകളിലൂടെയാണ്. അതിന്റെ ഇഴയടുപ്പവും ഇതളഴകും പകരുന്നുണ്ട് ഓരോ സിനിമകളും. ജയറാം ഒരു പെൺകുട്ടിയുടെ അച്ഛനായിട്ടാണ് ഈ സിനിമയിൽ വേഷമിടുന്നത്.
‘‘അമ്മ-മകൾ കോമ്പിനേഷനിൽ ഒരുപാട് സിനിമകൾ വന്നിട്ടുണ്ട്. പക്ഷേ, അച്ഛൻ-മകൾ എന്നത് അപൂർവവുമാണ്. എനിക്കൊരു മകളുണ്ട്. അവൾ എല്ലാ കാര്യങ്ങളും പങ്കുവെക്കുന്നത് അമ്മയുമായിട്ടാണ്. അത് കഴിഞ്ഞേ ഞാനുമായി സംസാരിക്കാറുള്ളൂ. അമ്മയുടെ അസാന്നിധ്യത്തിൽ അവൾ ചിലപ്പോൾ എന്റെകൂടെയിരിക്കും. എങ്കിലും, എനിക്കവളെ പൂർണമായും മനസ്സിലാക്കാൻ പറ്റാറില്ല. അതിനെപ്പോഴും അമ്മതന്നെ വേണം. അങ്ങനെയുള്ള ഒരു മകളും അച്ഛനും തമ്മിലുള്ള ബന്ധമാണ് ഈ സിനിമ പറയുന്നത്. ഇത് എനിക്ക് കിട്ടിയ ഏറെ വ്യത്യസ്തമായ കഥാപാത്രമാണ് ’’ -മകൾ സിനിമയിലെ അച്ഛനെപ്പോലെ ചിരിക്കുന്നു ജയറാം.

ഇടവേളയ്ക്കുശേഷം
ഒരിടവേളയ്ക്കുശേഷമാണ് ജയറാമിനെ വീണ്ടുമൊരു മലയാളസിനിമയിൽ നായകനായി കാണുന്നത്....
കോവിഡിന് മുന്നേ ഞാനൊരു തീരുമാനമെടുത്തിരുന്നു. ഇനി മനസ്സിന് നൂറുശതമാനം തൃപ്തിതരുന്ന സിനിമകൾമാത്രം ചെയ്താൽമതിയെന്ന്. അല്ലെങ്കിൽ മിണ്ടാതെ വീട്ടിലിരിക്കാമെന്ന്. അങ്ങനെ വീട്ടിൽ പച്ചക്കറിക്കൃഷിയൊക്കെയായി നിൽക്കുമ്പോൾ മോൻ (കാളിദാസ് ജയറാം) ഇടയ്ക്കൊക്കെ ചോദിക്കും: അപ്പാ, അടുത്ത മലയാളം സിനിമ ചെയ്യുന്നില്ലേ എന്ന്. അവനോടും കുടുംബത്തോടുമൊക്കെ ഞാൻ ഇതേ നിലപാടുതന്നെ പറഞ്ഞിരിക്കുമ്പോഴാണ് സത്യേട്ടന്റെ വിളിവരുന്നത്. പെട്ടെന്ന് മരുഭൂമിയിലൊരു പച്ചപ്പ് കണ്ടതുപോലെയായി. അങ്ങനെ സംസാരിച്ചിരുന്നപ്പോഴാണ് രണ്ടുപേരും ഓർക്കുന്നത്, ഞങ്ങൾ ഒരുമിച്ചൊരു സിനിമചെയ്തിട്ട് പത്തുവർഷമായെന്ന്. ‘ഭാഗ്യദേവത’യായിരുന്നു ആ സിനിമ. ഇന്നേവരെ ഞാൻ സത്യേട്ടനോട് അടുത്തസിനിമയിൽ ഞാൻ ഉണ്ടോയെന്നോ അല്ലെങ്കിൽ എനിക്കൊരു സിനിമയിൽ വേഷംതരുമോയെന്നോ ചോദിച്ചിട്ടില്ല. അങ്ങനെ ചോദിക്കേണ്ടിവന്നിട്ടുമില്ല. എനിക്ക് പറ്റിയ കഥാപാത്രം വരുമ്പോൾ അദ്ദേഹം എന്നെ വിളിച്ചിരിക്കും. അദ്ദേഹത്തിന്റെ ലൊക്കേഷനിലെ സന്തോഷം എന്താണെന്ന് പോയ പത്തുമുപ്പത്തിരണ്ട് വർഷമായിട്ട് അനുഭവിച്ചറിയുന്ന ഒരാളുമാണ് ഞാൻ. ഞങ്ങൾ തമ്മിലൊരു മാനസിക ഐക്യമുണ്ട്. ഇടത്തരം കുടുംബത്തിൽ ജനിച്ചുവളർന്ന, ഇടത്തരക്കാരന്റെ സ്വഭാവവും മനസ്സുമൊക്കെയുള്ള നാട്ടിൻപുറത്തുകാരാണ് ഞങ്ങളിരുവരും. ഒരുപാട് കാര്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പങ്കുവെക്കാൻ പറ്റുന്നവർ. അതാണ് മനസ്സടുപ്പം. അദ്ദേഹത്തിന്റെ സിനിമകളിൽ അഭിനയിക്കുന്നവരെല്ലാംതന്നെ ഈയൊരു അടുപ്പം സൂക്ഷിക്കുന്നവരാണ്...

ആ പഴയസിനിമാക്കാലം ജയറാമിന്റെ ഉള്ളിൽ തെളിഞ്ഞുവരുന്നുണ്ട്.
എന്റെ ആദ്യത്തെ സത്യൻസിനിമ പൊൻമുട്ടയിടുന്ന താറാവിന്റെ ഷൂട്ടിങ്‌പോലും ഇന്നും മറന്നിട്ടില്ല. അന്ന് രാവിലെ സത്യേട്ടന്റെ കാറുവരും. എന്റെ വർക്ക് ചിലപ്പോൾ വൈകുന്നേരമായിരിക്കും. ചിലദിവസം വർക്ക് ഉണ്ടാവുകയുമില്ല. എങ്കിലും രാവിലെ ഏഴുമണിക്ക് പുറപ്പെടുന്ന കാറിൽ എങ്ങനെയെങ്കിലും ഇടിച്ചുകേറി ഞാനും ലൊക്കേഷനിലേക്ക് പോവും. ആ കാറിൽ ശങ്കരാടിസാറും ഒടുവിൽ ഉണ്ണിക്കൃഷ്ണനും പറവൂർ ഭരതനും ഫിലോമിനച്ചേച്ചിയും മീനച്ചേച്ചിയും ലളിതച്ചേച്ചിയുമൊക്കെ ഉണ്ടാവും. വലിയൊരു സംഘമായാണ് ഞങ്ങൾ ലൊക്കേഷനിലേക്ക് പോവുന്നത്. നമ്മൾ വെറുതേ നിന്നുകൊടുത്താൽ മതി. എല്ലാവശത്തുനിന്നും പിന്തുണയ്ക്കാൻ പറ്റുന്നവരാണ് കൂടെയുള്ളത്. അങ്ങനെയൊരു സൗഹൃദവലയത്തിലാണ് പണ്ടേ സത്യേട്ടൻ എന്നെ കൊണ്ടുനിർത്തിയത്. അന്നൊക്കെ പുതിയ സിനിമയുടെ കഥപറയാനല്ല സത്യേട്ടൻ വിളിക്കാറ് ’. ‘‘ഇന്നദിവസംതൊട്ട് ഇന്നദിവസംവരെ ഒന്ന് മാറ്റിവെച്ചോളൂ, ഇത്തവണ വിഷുപ്പടം, അതല്ലെങ്കിൽ അടുത്ത ഓണപ്പടം. അത് നമ്മുടേതാണ് ’’ ഇങ്ങനെയേ പറയൂ. അത് കേട്ടാൽ ഞാൻ ഉടനെ ഒടുവിലിനെ (ഒടുവിൽ ഉണ്ണിക്കൃഷ്ണൻ) വിളിക്കും: ‘‘എന്താ പുറപ്പെടുകയല്ലേ കല്യാണത്തിന് ’’. ഞങ്ങൾക്കതൊരു വലിയ കല്യാണംകൂടാൻ പോവുന്നപോലെയായിരുന്നു. ഇപ്പോൾ ‘മകൾ’ ഷൂട്ട് ചെയ്തപ്പോൾ അന്നത്തെ സംഘത്തിലുള്ള പലരും കൂടെയില്ല. അതൊരു വേദനപോലെ ഞങ്ങളുടെ ഉള്ളിലുണ്ട്. ഈ സിനിമയിൽ പല സീനുകളുമെടുക്കുമ്പോൾ ഞാൻ സത്യേട്ടന്റെ മുഖത്തേക്ക് നോക്കും. ഈ കഥാപാത്രം ഇന്നയാളെ ഉദ്ദേശിച്ചല്ലേ ഉണ്ടാക്കിയത്. അപ്പോൾ സത്യേട്ടൻ ഒന്ന് മൂളും. ഒടുവിലാനോ ശങ്കരാടിച്ചേട്ടനോ പറവൂർ ഭരതനോ ലളിതച്ചേച്ചിയോ ഒക്കെ അവതരിപ്പിക്കാനിരുന്ന വേഷങ്ങളാവും അതെന്ന് സത്യേട്ടന്റെ മുഖം വിളിച്ചുപറയുന്നുണ്ടാവും. ഈ സിനിമയിലും ഓരോ ചെറിയ കഥാപാത്രങ്ങളായി വന്നുപോവുമ്പോഴും ഞങ്ങൾ അവരെ ഓർക്കുന്നു, ഒപ്പം ആ കാലവും.
കൗമാരക്കാരിയുടെ അച്ഛൻ
നായകനായി ഉറച്ചുപോയൊരു നടൻ എളുപ്പത്തിൽ ഏറ്റെടുക്കാൻമടിക്കുന്ന വേഷമാണ് മകളിൽ ജയറാം സ്വീകരിച്ചത്. ഒരു കൗമാരക്കാരിയുടെ അച്ഛൻ....
ഈ സിനിമയിലേക്ക് വിളിക്കുമ്പോൾ ചെറിയൊരു മടിയോടെ സത്യേട്ടൻ പറഞ്ഞു: ‘‘ഒരു പതിനൊന്ന്-പന്ത്രണ്ടുവയസ്സുള്ള കുട്ടിയുടെ അച്ഛനായിട്ടാണ് ജയറാം അഭിനയിക്കേണ്ടത്.’’ അപ്പോൾ ഞാൻ സത്യേട്ടനെ ഓർമിപ്പിച്ചു. നിത്യജീവിതത്തിൽ ഞാൻ അതിനെക്കാൾ പ്രായമുള്ളൊരു കുട്ടിയുടെ അച്ഛനാണ്. അതെന്താ സത്യേട്ടൻ ഓർക്കാതിരുന്നതെന്ന്. അതുംചോദിച്ച് ഈ സിനിമയുടെ കഥ കേൾക്കാൻ ഞാൻ അന്തിക്കാട്ടേക്ക് വെച്ചുപിടിച്ചു. അവിടെയിരുന്ന് സത്യേട്ടനും തിരക്കഥാകൃത്ത് ഇക്ബാൽ കുറ്റിപ്പുറവും കഥ പറഞ്ഞു. അപ്പോൾ ഞാൻ ഒന്നേ ആലോചിച്ചുള്ളൂ. ഇങ്ങനെയൊരു ചിന്ത എങ്ങനെ സത്യേട്ടന്റെ മനസ്സിൽവന്നു. ഇദ്ദേഹത്തിന് പെൺമക്കളില്ല. മൂന്നും ആൺകുട്ടികൾ. എനിക്കൊരു മോളുണ്ട്. അവളുടെ മൂഡ് മാറ്റങ്ങളൊന്നും എനിക്ക് മനസ്സിലാക്കാൻ പറ്റാറില്ല. ഈ ഒരു ത്രെഡാണ് സിനിമയിൽ വർക്ക്‌ചെയ്തിരിക്കുന്നത്. ഈ സിനിമയുടെ ഷൂട്ടിങ് തുടങ്ങിയതുതൊട്ട് സെറ്റിൽ ചിരിയോടുചിരിയാണ്. ഇടയ്ക്ക് ഞാൻ സത്യേട്ടനോട് ചോദിച്ചിട്ടുണ്ട്. കഴിഞ്ഞ മുപ്പത്തിരണ്ടുവർഷമായി ഓരോ സെറ്റിലും നമ്മൾ എന്തുമാത്രം ചിരിച്ചിട്ടുണ്ടാവുമെന്ന്. അപ്പോ സത്യേട്ടന്റെ മറുപടി. ‘ആദ്യം ചിരി. അതുകഴിഞ്ഞുള്ള സമയത്ത് ഷൂട്ടിങ് എന്നായിരുന്നല്ലോ നമ്മുടെ രീതിയെന്ന്.’ പലപ്പോഴും കളിയും ചിരിയുമെല്ലാം കഴിഞ്ഞിരിക്കുമ്പോൾ സത്യേട്ടൻ പറയും ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാമെന്ന്. എന്നിട്ട് ആ സീൻ ഒരു മൂന്നുനാലുവട്ടം ഉറക്കെ വായിക്കും. അപ്പോൾ നമുക്കത് മുഴുവനായിട്ട് മനസ്സിലേക്ക് കയറും. എന്നിട്ട്, അഭിനേതാക്കളെയെല്ലാം ഇരുത്തി ഒന്ന് പെർഫോം ചെയ്തുനോക്കണോ എന്ന് ചോദിക്കും. തൊട്ടുപിന്നാലെ ഷൂട്ടിങ്ങും തുടങ്ങും. കൗമാരക്കാരായ നസ്ലിനും എന്റെ മോളായി അഭിനയിച്ച ദേവിക സഞ്ജയും പണ്ടേ കൂട്ടായ ഇന്നസെന്റ് ചേട്ടനുമൊക്കെയായി ഞങ്ങൾ ഒരുപാട് സന്തോഷിച്ചു. ഓരോ സീനിലും ഇത്രയധികം ആസ്വദിച്ച് അഭിനയിച്ചൊരു സിനിമ അടുത്തകാലത്തുണ്ടായിട്ടില്ല. അതിന്റെയൊരു ഫലം കാഴ്ചക്കാർക്കും അനുഭവിക്കാം. പണ്ടൊക്കെ സത്യേട്ടന്റെ സിനിമകൾ പതിനെട്ടുദിവസംകൊണ്ട് ഷൂട്ടിങ് തീരുമായിരുന്നു. പിന്നെ അത് ഇരുപത്തിയഞ്ച് ദിവസമായി. പിന്നെ മുപ്പതായി, നാൽപ്പതായി, അമ്പതായി. മകൾ അറുപതുദിവസമെടുത്താണ് ഷൂട്ട് ചെയ്തത്. അപ്പോഴും ഞങ്ങൾ പ്രാർഥിച്ചു. ഈ ഷൂട്ടിങ് തീരരുതേ എന്ന്... ഇതിന്റെ ലൊക്കേഷനിൽ എന്റെ മോൾ മാളവികയും വന്നിരുന്നു. അവളെക്കണ്ട് പലരും ചോദിച്ചു, ആരാണിത്. അവരോടൊക്കെ ഞാൻ പറഞ്ഞു, എന്റെ മകളാണ്. മകൾ. ഇത് കണ്ടും കേട്ടും നിന്ന സത്യേട്ടൻ ഉറപ്പിച്ചു. ഇതുതന്നെ പുതിയ സിനിമയുടെ പേര്: മകൾ
.jpg?$p=f4c5cbf&&q=0.8)
ഇന്നും ആവേശം
മൂന്നുപതിറ്റാണ്ടായി സിനിമയിലുള്ള അഭിനേതാവ്. ഇപ്പോഴും ഉള്ളിൽ അഭിനയമെന്ന അഭിനിവേശം ജ്വലിപ്പിച്ചുനിർത്തിയിട്ടുണ്ട് ജയറാം...
എന്റെ ചില സന്തോഷങ്ങളുണ്ട്. കുട്ടിക്കാലംതൊട്ട് കൂടെയുള്ളത്. ഇന്നും ആ സന്തോഷങ്ങളുമായി യാത്രചെയ്യുന്ന ഒരാളാണ് ഞാൻ. ചിലരൊക്കെ ചോദിക്കാറുണ്ട്. ജയറാമിന് ഇപ്പോഴും ആനക്കമ്പമൊക്കെയുണ്ടോ എന്ന്. ഞാൻ പറയും, അതെന്റെ ചെറുപ്പംതൊട്ട് കൂടെയുള്ളതാണെന്ന്. അതുപോലെയാണ് ചെണ്ടയോടുള്ള ഭ്രമവും കൃഷിയോടുള്ള ഇഷ്ടവുമൊക്കെ. എന്റെ അപ്പൂപ്പന്മാരും കാരണവന്മാരുമൊക്കെ കൃഷിക്കാരായിരുന്നു. അതൊക്കെ ചെറുപ്പത്തിലേ കണ്ടതുകൊണ്ടാണ് എനിക്കും കൃഷിയോടുള്ള ഇഷ്ടം ഇപ്പോഴും ഉള്ളിലുള്ളത്. സിനിമയിൽ വന്നശേഷവും ഞാനത് നിലനിർത്തിക്കൊണ്ടുപോയി. പുറത്താരോടും പറഞ്ഞില്ലെന്നുമാത്രം. ഇത്തവണ കേരള സർക്കാരിന്റെ മികച്ച കർഷകനുള്ള അവാർഡുകളിലൊന്ന് എനിക്ക് കിട്ടിയപ്പോഴാണ് പലരും അതറിയുന്നത്. അതേപോലെയാണ് ചെണ്ടയും. കേരളത്തിലുള്ള എത്രയോ പ്രമുഖക്ഷേത്രങ്ങളിൽ വർഷങ്ങളായി എനിക്ക് പ്രമാണസ്ഥാനത്ത് നിൽക്കാൻപറ്റുന്നുണ്ട്. അതും ഉള്ളിൽ അതിനോടുള്ള ഭ്രമംകൊണ്ട് സംഭവിച്ചതാണ്. ഈ ഇഷ്ടങ്ങളൊക്കെ ഞാനിങ്ങനെ കൂടെ വളർത്തിക്കൊണ്ടുനടക്കുകയാണ്. ഇതുപോലെ ഒന്നാണ് സിനിമയും. അതും എന്നും ഇങ്ങനെ കൂടെയുണ്ടാവും...
ജയറാമിന്റെ ഉള്ളിലെ കുട്ടി ചിരിച്ചു, അഭിനയമില്ലാതെ.
Content Highlights: Makal Movie, Jayaram Interview, Jayaram about Director Sathyan Anthikad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..