കലാഭവൻ മണി, ജാഫർ ഇടുക്കി | ഫോട്ടോ: വി.പി. പ്രവീൺ കുമാർ, ശ്രീജിത്ത് പി രാജ് | മാതൃഭൂമി
അങ്കമാലിയിലെ ഒരു ഹോട്ടലിൽ ആഹാരം കഴിച്ചിരിക്കുമ്പോഴാണ് കലാഭവൻ മണിയെ ഞാനാദ്യം കാണുന്നത്. 2000-ലാണെന്നാണ് ഓർമ. ഞാനും കലാഭവൻ റഹ്മാനും രാജൻ ഇടുക്കിയും രാജേഷ് കെ. പുതുമനയും പ്രസ്റ്റീജ് ഹോട്ടലിലിരുന്ന് ആഹാരം കഴിക്കുകയായിരുന്നു. അതിനിടെ, ഒരാൾ റഹ്മാനിക്കയെ കാണാൻ വന്നു. “റഹ്മാനിക്ക, എന്റെ പേര് മണി. ഞാൻ ചാലക്കുടിയിൽ ഓട്ടോ ഓടിക്കുകയാണ്. അങ്കമാലിയിൽ ഓട്ടം വന്നതാ...” മണി സ്വയം പരിചയപ്പെടുത്തി.
കലാഭവൻ റഹ്മാന്റെ ട്രൂപ്പിന്റെ പേരാണ് "ജോക്സ് ഇന്ത്യ'. ട്രൂപ്പിന്റെ വണ്ടി പുറത്തുകിടക്കുന്നതുകണ്ട് അടുത്തുള്ളവരോടു ചോദിച്ചു മനസ്സി ലാക്കിയാണ് മണി ഹോട്ടലിലേക്ക് കയറിവന്നത്. എന്നിട്ട് റഹ്മാനിക്കയോട് മുഖവുരയില്ലാതെ കാര്യം പറഞ്ഞു. “ഞാൻ മിമിക്രി അവതരിപ്പിക്കും. കുരങ്ങിനെയും ബെൻ ജോൺസണെയുമൊക്കെ കാണിക്കും”. ഇതുകേട്ട് രാജൻ ഇടുക്കിയെന്ന എന്റെ ഗുരു അവിടെയിരിപ്പുണ്ട്. മണി തുടർന്നു, “എനിക്ക് ട്രൂപ്പിൽ വരണമെന്നുണ്ട്. എന്തെങ്കിലും ക്യാരക്ടറുണ്ടേൽ അറിയിക്കണം. എനിക്ക് പന്തൽ അലങ്കരിക്കാൻ പോകുന്ന ഏർപ്പാടൊക്കെയുണ്ട്. കല്യാണത്തിന്റെ തലേദിവസം കലാപരിപാടികളുമവതരിപ്പിക്കും. രാജൻ ചേട്ടൻ (രാജൻ ഇടുക്കി) യൂണിവേഴ്സിറ്റിയിൽ അവതരിപ്പിച്ച് മുക്കുവനും ഭൂതവും എന്ന നാടകമാണ് ഇപ്പോഴത്തെ പ്രധാന ഐറ്റം. ട്രൂപ്പിൽ എന്തേലും ചാൻസുണ്ടേൽ തരണം”. രാജൻ ഇടുക്കിയോടും റഹ്മാനിക്കയോടും സംസാരിച്ച് മണി പെട്ടെന്നിറങ്ങിപ്പോയി. ഞാൻ മിണ്ടാതെ അവിടെയിരുന്നു. ആദ്യ കൂടിക്കാഴ്ച അങ്ങനെ പോയി.
കുറച്ചുകാലത്തിനുശേഷം ഞങ്ങൾ ചിറ്റൂർ റോഡിലെ ഹോട്ടലിലേക്ക് ഊണുകഴിക്കാൻ പോകുമ്പോൾ മതിലിലെ പോസ്റ്റർ ചൂണ്ടിക്കാണിച്ച് രാജൻ ഇടുക്കി ചോദിച്ചു, “ദേ അങ്ങോട്ട് നോക്കിയേ, ഇയാളെ നിനക്കു മനസ്സിലായോ”യെന്ന്. ഞാൻ നോക്കുമ്പോൾ 'സല്ലാപം' സിനിമയുടെ വലിയൊരു പോസ്റ്ററിൽ കലാഭവൻ മണി.
“നമ്മൾ പുള്ളിയെ എവിടെയോ കണ്ടിട്ടുണ്ടല്ലോ”യെന്ന് ആലോചി ച്ചപ്പോഴേക്കും അദ്ദേഹം പറഞ്ഞു. “നമ്മളന്ന് അങ്കമാലിയിലെ ഹോട്ടലിലിരുന്ന് കഴിക്കുമ്പോൾ ഒരു പയ്യൻ വന്ന് ചാൻസ് ചോദിച്ചില്ലേ...അവനാ ഇത്. കലാഭവനിലിപ്പോൾ നല്ല തിരക്കുള്ളയാളാണ്...”
പിന്നീടൊരിക്കൽ അടുത്തുനിന്ന് സംസാരിക്കാൻ ഒരവസരം കിട്ടിയ പ്പോഴാണ് അങ്കമാലിയിൽ വെച്ച് കണ്ട പഴയ കഥ ഞാൻ മണിയോടു പറഞ്ഞത്. അപ്പോഴേക്കും അദ്ദേഹ ത്തിന് പത്തുമുപ്പതു പടമൊക്കെ യായിയിരുന്നു. ഞാനതു പറഞ്ഞ പ്പോൾ “ശ്ശോ... അതുനേരത്തേ പറയണ്ടേ, അന്ന് ഞാനെല്ലാരേം മൈന്റ് ചെയ്തു, ജാഫറിനെ മൈന്റ് ചെയ്യാൻ പറ്റിയില്ലല്ലോ... സോറി കേട്ടോ' എന്നു പറഞ്ഞു. അന്നുതുട ങ്ങിയ ആ ബന്ധം മരിക്കുന്നതിന്റെ തലേദിവസം രാത്രി വരെയുണ്ടാ യിരുന്നു. അന്നെന്റെ കവിളിൽ ഒരു കടിയും തന്നുവിട്ടതാണ്. എവിടെ ച്ചെന്നാലും എപ്പോൾ ചെന്നാലും എന്നെപ്പോലെ കുറച്ചുപേരെ മണി മുറിയിൽ കയറ്റിത്താമസിപ്പിക്കും. ഞങ്ങളെ ബെഡിൽ കിടത്തി അയാള് നിലത്തുകിടക്കും, നിങ്ങള് കിടക്കെന്നു പറയും.
ഞങ്ങളൊന്നിച്ചൊരിക്കൽ തൃശ്ശൂരിലൂടെ യാത്രചെയ്യുകയാണ്. മുമ്പിലൊരു വാഹനമുണ്ട്. കുറേ കടകളുള്ള ഭാഗത്തുവെച്ച് ആ വാഹനം പെട്ടെന്നൊന്ന് ബ്രേക്ക് ചവിട്ടിനിർത്തി, പിന്നാലെ ഞങ്ങളും. വണ്ടിവരുന്നത് കണ്ട് ഒരമ്മച്ചി ബാലൻസ് തെറ്റി വീണതാണ്. അവരുടെ കൈയിലൊരു പ്ലാസ്റ്റിക് കവറുണ്ട്. അതിന്റെയുള്ളിൽ നിന്ന് എക്സ്റേ ഷീറ്റും കുറേ സാധനങ്ങളും ചാടിപ്പോയി. അവരത് പെറുക്കിയെടുക്കാൻ ശ്രമിക്കുകയാണ്.
വാഹനത്തിനുള്ളിലിരുന്ന മണി മാനേജരോട് കാര്യം തിരക്കി, “എന്താണവിടെ...അവർക്കെന്തേലും പറ്റിയോന്ന് ചെന്നുനോക്ക്”. മാനേജർ പുറത്തേക്ക് തലയിട്ടു നോക്കി. കാര്യമായൊന്നുമില്ലെന്നറിയിച്ചു. ഉടനെ മണി “അയ്യോ, എക്സ്റേ ഫിലിമൊക്കെ റോഡിൽ കിടക്കുന്നല്ലോ” എന്നും പറഞ്ഞ് ചാടിയിറങ്ങി. അമ്മച്ചിയെന്നും വിളിച്ച് അടുത്തുചെന്ന് സാധനങ്ങളൊക്കെ പെറുക്കിക്കൊടുത്തു. മണിയെ ആ അമ്മച്ചിക്ക് മനസ്സിലായില്ല. അവരുടെ മനസ്സാകെ കലങ്ങിയിരിക്കുകയാണ്. തപ്പിപ്പെറുക്കുന്നതിനിടെ അമ്മച്ചി പറഞ്ഞു, “മോനേ.. മോള് കാൻസറായിട്ട് കിടക്കുവാ. ആ ഫെറോന പള്ളീലെ അച്ചൻ പറഞ്ഞായിരുന്നു, ഡോക്ടറുടെ അടുത്തൂന്ന് സർട്ടിഫിക്കറ്റും കാര്യങ്ങളും കൊണ്ടുവരുവാണെങ്കിൽ ചികിത്സാസഹായം തരാമെന്ന്. അതിനുവേണ്ടി പോവാണ്. അപ്പോൾ തന്നെ ഇതെല്ലാം വാരിയെടുത്ത് അമ്മച്ചിയുടെ കൈയിൽ കൊടുത്ത് മണി പറഞ്ഞു, “ഇനിയെങ്ങും പോവണ്ടാ.. ഞാൻ സഹായിക്കാം”. മണിയവരെ അങ്ങേറ്റെടുത്തു. എത്ര പൈസയാണ് മണി അവർക്ക് കൊടുത്തതെന്ന് എനിക്കുപോലുമറിയില്ല. |
മണി മരിച്ചുകഴിഞ്ഞപ്പോൾ അവരൊക്കെ ചാനൽ ചർച്ചയിൽ വന്നിരുന്ന് അതായിരുന്നു, ഇതായിരുന്നു എന്നൊക്കെ പറഞ്ഞു. മണിയെക്കാണാൻ ഇവരാരും വന്നത് ഞാൻ കണ്ടിട്ടില്ല. അങ്ങേരുടെ ഊണിലും ഉറക്കത്തിലുമൊക്കെ സാധാരണക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളെപ്പോലുള്ളവർക്കേ അദ്ദേഹത്തെ അറിയൂ. ഒന്നിച്ചു യാത്രചെയ്തും ഒറ്റമുറിയിൽ കെട്ടിപ്പിടിച്ചുറങ്ങിയും കഴിഞ്ഞവരാണ് ഞങ്ങൾ…
(2022 സെപ്റ്റംബർ ലക്കം സ്റ്റാർ ആൻഡ് സ്റ്റൈലിൽ പ്രസിദ്ധീകരിച്ചത്)
Content Highlights: actor jaffer idukki about kalabhavan mani, remembering kalabhavan mani
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..