ള്ളവണ്ടി കയറിയതിന് പിടിക്കപ്പെട്ട് തിഹാര്‍ ജയിലില്‍ തടവില്‍ കഴിയുമ്പോള്‍ കൊള്ളക്കാരനാവുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ട് സ്പ്രിന്റ് ഇതിഹാസം മില്‍ഖാസിങ്. എന്നാല്‍, കൊള്ളക്കാരനാവാന്‍ ആഗ്രഹിക്കുകയല്ല, അക്ഷരാര്‍ഥത്തില്‍തന്നെ തോക്കെടുത്ത് കാടു കയറി നാടു വിറപ്പിച്ചൊരു കായികതാരമുണ്ട് ചരിത്രത്തില്‍. പാന്‍ സിങ് തോമര്‍. മില്‍ഖയ്ക്കൊപ്പം ടോക്യോ ഏഷ്യാഡില്‍ ഇന്ത്യയ്ക്കുവേണ്ടി മാറ്റുരച്ച പഴയ സ്റ്റീപ്പിള്‍ചേസ് ദേശീയ ചാമ്പ്യന്‍. കൊല്ലങ്ങളോളം ചമ്പലിനെ വിറപ്പിച്ച കൊള്ളത്തലവന്‍. മില്‍ഖയ്ക്കും മുന്‍പേ ഐതിഹാസികജീവിതത്തിന് അഭ്രാവിഷ്‌കാരം നേടിയ ഇന്ത്യന്‍ കായികതാരം. 

കാലം നിര്‍ദയം വിസ്മൃതിയിലേയ്ക്ക് വലിച്ചെറിഞ്ഞ, പാന്‍ സിങ്ങിന്റെ ചോരയില്‍ ചാലിച്ചെഴുതിയ  ചരിത്രം ചമ്പലിന്റെ മണ്ണിലും മുള്‍പ്പടര്‍പ്പിലും നിന്ന് വീണ്ടെടുത്തത് നടന്‍ ഇര്‍ഫാന്‍ ഖാനും സംവിധായകന്‍ ധിഗ്മാന്‍ഷു ധുലിയും ചേര്‍ന്നാണ്. മില്‍ഖയുടെയും സച്ചിന്റെയും ധോനിയുടെയുമെല്ലാം ചായമടിച്ച് മിനുക്കിയ ബയോപിക്കുകള്‍ പോലെയല്ല. 2012ല്‍ പുറത്തിറങ്ങിയ പാന്‍ സിങ് തോമറിന് ചെമ്മണ്ണിലും ചോരയിലും കുതിര്‍ന്ന പഴയൊരു പുരാവൃത്തത്തിന്റെ തെറ്റുതിരുത്തല്‍ നിയോഗം കൂടിയുണ്ടായിരുന്നു. ജാതിവെറിയും കെട്ട വ്യവസ്ഥിതിയും മാറാലക്കെട്ടിയ കാലത്തെ അടയാളപ്പെടുത്തുക എന്നൊരു ചരിത്രദൗത്യം കൂടിയുണ്ടായിരുന്നു. വെള്ളിത്തിരയില്‍ പകര്‍ന്നാടിയ അനേകം വ്യക്തിത്വമാര്‍ന്ന വേഷങ്ങള്‍ക്കുപരി ഇങ്ങനെയൊരു ചരിത്രനിയോഗം കൂടി കാലം കാത്തുവച്ചിരുന്നു കഴിഞ്ഞ ദിവസം ജീവിതവേഷം അഴിച്ചു മടങ്ങിയ  ഇന്‍ഫാന്‍ ഖാന്‍ എന്ന ചലച്ചിത്രകാരന്. ഇര്‍ഫാന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത വേഷമില്ലായിരുന്നെങ്കില്‍ പോലീസിന്റെ വെടിയേറ്റ് മരിച്ച അനേകം കൊള്ളക്കാരില്‍ ഒരാള്‍ മാത്രമായി മണ്‍മറഞ്ഞുപോകുമായിരുന്നു പാന്‍സിങ് തോമര്‍ എന്ന അത്‌ലറ്റും ചോരയും വെടിമരുന്നും കണ്ണീരും കൊണ്ടെഴുതിയ അയാളുടെ സംഭവബഹുലമായ ജീവിതവും.

വെള്ളിത്തരയിൽ മിന്നുന്നൊരു കഥാപാത്രമായെങ്കിലും സിനിമയുടെ വടിവൊത്ത മൂന്ന് മണിക്കൂർ ഇട്ടാവട്ടത്തിൽ ഒതുങ്ങുന്നതായിരുന്നില്ല പാൻ സിങ്ങിന്റെ ജീവിതം. വിചിത്രമായൊരു ആന്റിക്ലൈമാക്സാണ് കാലം അയാൾക്കുവേണ്ടി ജീവിതത്തിലുടനീളം ഒരുക്കിവച്ചത്. കള്ളവണ്ടിക്കേസിലെ ശിക്ഷ കഴിഞ്ഞ് തിഹാര്‍ വിട്ട മില്‍ഖ കൊള്ളക്കാരനായില്ല. പട്ടാളക്കാരനായി. പിന്നെ ഇന്ത്യയുടെ ഒരേയൊരു പറക്കും സിഖും. പട്ടാളത്തില്‍ നിന്ന് ട്രാക്കിലെ ഇതിഹാസപദവിയിലേയ്ക്ക് മില്‍ഖ ഓടിക്കയറുമ്പോള്‍ വേദനയാര്‍ന്ന വൈപരിത്യമായിരുന്നു തുടര്‍ച്ചയായി ഏഴു വര്‍ഷം സ്റ്റീപ്പിള്‍ചേസ് ദേശീയ ചാമ്പ്യനായ തോമറിനുവേണ്ടി വിധി കാത്തുവച്ചത്. അതയാളെ വ്യവസ്ഥിതികളോട് കലഹിപ്പിച്ചു. നിഷേധിയാക്കി. ട്രാക്കിനോടും പട്ടാളബാരക്കിനോടും പാതിവഴിയില്‍ വിടപറയിച്ചു. തോക്കെടുപ്പിച്ച് ചമ്പലിന്റെ നിണമണിഞ്ഞ മണല്‍ക്കോട്ടയിലേയ്ക്ക് നാടുകടത്തി. ഒടുവില്‍ അവസാനത്തെ ഓട്ടത്തിനിടെ പോലീസിന്റെ ബുള്ളറ്റുകള്‍ക്ക് മുന്നില്‍ പ്രാണനറ്റു വീഴുമ്പോള്‍ ഫിനിഷിങ് ടേപ്പ് തൊടുംമുന്‍പ് വീണുപോയൊരു അത്​ലറ്റിന്റെ പരാജയം കലര്‍ന്ന ദയനീയ ഭാവമാണ് കാലം അയാളില്‍ അവശേഷിപ്പിച്ചത്. കായികഭൂപടത്തില്‍ നിന്നു പോലും അയാള്‍ പിന്നെ ബഹിഷ്‌കൃതനായി. പോലീസിന്റെ രേഖകളിലെന്നോണം ചരിത്രത്തിന്റെ മഞ്ഞച്ച ഏടുകളിലും അയാള്‍ പിന്നെ ചമ്പലിനെ വിറപ്പിച്ച സിംഹം മാത്രമായി. ജന്മനാട്ടിലെ പുതുതലമുറയ്ക്കുപോലും അയാള്‍ കൊന്നു കൊതിതീരാത്ത രക്തദാഹിയായ കൊള്ളക്കാരന്‍ മാത്രമായി.

ചമ്പലിന്റെ രക്തപങ്കിലമായ ദുരന്തസ്ഥലിയില്‍ നിന്ന് തോമറിന്റെ ഐതിഹാസിക ജീവിതത്തിന് പുനര്‍ജനിയേകുകയായിരുന്നു വെള്ളിത്തിരയിലെ പകര്‍ത്തിയെഴുത്തിലൂടെ ധുലിയയും ഇര്‍ഫാനും. മൊറേനയിലെയും ഭിന്ദിലെയും മെഹ്സാനയിലെയും ഗ്രാമീണരെ വിറപ്പിച്ച ആ വെടിയൊച്ചകള്‍ക്കും അലര്‍ച്ചകള്‍ക്കും ഒരു കായികതാരത്തോട് ഇന്ത്യയുടെ സാമ്പ്രദായിക വ്യവസ്ഥിതി കാട്ടിയ കൊടിയ വഞ്ചനയുടെ വേദന നിറഞ്ഞ മുഴക്കമുണ്ടെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞത് ഈ ചിത്രമാണ്. ദസ്യുരാജ് പാന്‍സിങ് തോമര്‍, ചമ്പല്‍ കാ ഷേര്‍ എന്ന നന്ദികെട്ട വിശേഷണത്തില്‍ നിന്നും ലോകം തോമറിലെ കായികതാരത്തെ ഒരിക്കല്‍ക്കൂടി ചികഞ്ഞെടുക്കാന്‍ തുടങ്ങിയത് ഈ ചിത്രത്തോടെയാണ്. ട്രാക്കിലെ കുതിപ്പുകള്‍ക്കപ്പുറം യഥാര്‍ഥ ജീവിതത്തിന്റെ കാണാക്കിതപ്പുകള്‍ കൂടിയുണ്ട് ഓരോ താരത്തിനുമെന്ന് ഓര്‍മപ്പെടുത്തുകകൂടിയാണ് പാന്‍ സിങ് തോമറുടെ അഭ്രജീവിതം ചെയ്തത്.

pan singh tomar
പാൻസിങ് തോമർ മിൽഖയ്ക്കും മറ്റ് അത്​ലറ്റുകൾക്കുമൊപ്പം

ട്രാക്കിലെ നേട്ടങ്ങളില്‍ മില്‍ഖയോളമെത്തിയില്ല തോമര്‍. പക്ഷേ, വിജയങ്ങളേക്കാള്‍ പരാജയങ്ങളും ആര്‍പ്പുവിളികളേക്കാള്‍ വേദനയാര്‍ന്ന നിലവിളികളും വിയര്‍പ്പിനേക്കാള്‍ ചുടുമണം മാറാത്ത ചോരയും ഇഴനെയ്ത ആ ജീവിതകഥയക്ക് പകരംവയ്ക്കാന്‍ മറ്റൊന്നില്ല ലോക കായികചരിത്രത്തില്‍ തന്നെ. ട്രാക്കിലെ വിജയങ്ങളോരോന്നും പലായനവും വേദനകളും ഇഴചേര്‍ത്ത മില്‍ഖയുടെ ഭൂതകാലത്തിന്റെ ഏടുകളെ ഒന്നൊന്നായി മായ്ച്ചുകൊണ്ടിരുന്നപ്പോള്‍ അവസാനശ്വാസം വരെ ഓടിക്കൊണ്ടിരിക്കാന്‍ വിധിക്കപ്പെട്ട തോമറിന്റെ ഓരോ ചുവടും ഓരോ പുതിയ വെല്ലുവിളിയിലേയ്ക്കായിരുന്നു. ഓരോ പുതിയ ദുരന്തങ്ങളിലേയ്ക്കായിരുന്നു. ഓരോ വെടിയൊച്ചയും മില്‍ഖയ്ക്ക് ഓരോ മെഡലുകളാകുന്ന കാലത്ത് തോമറിന്റെ വെടിയൊച്ചകള്‍ ചമ്പലിന്റെ ഹൃത്തടം വിറപ്പിക്കുകയായിരുന്നു. ക്രൂരമായ കൂട്ടക്കുരുതിയുടെ പാപഭാരം മാത്രമാണ് അത് തോമര്‍ക്ക് സമ്മാനിച്ചത്. മരണവാറണ്ടിന്റേ മുഴക്കം മാത്രമാണത് അവശേഷിപ്പിച്ചതും.

ചമ്പലിന്റെ കിരീടംവയ്ക്കാത്ത രാജാവ് മാന്‍ സിങ് വെടിയേറ്റു വീണ ഭിന്ദിലായിരുന്നു തോമറിന്റെ ജനനം. തോക്കുകളുടെ മുരള്‍ച്ചയും പേശിബലവും നീതിനിര്‍വഹിക്കുന്ന ചമ്പലിന്റെ ഹൃദയഭൂമിയില്‍ ജനിച്ചിട്ടും മാന്‍സിങ്ങിന്റെ വീരേതിഹാസങ്ങള്‍ കേട്ടു വളര്‍ന്നിട്ടും നിയമലംഘനത്തിന്റെ ലോകം പാന്‍സിങ്ങിനെ ആകര്‍ഷിച്ചില്ല. മുള്ളും മണല്‍ക്കാടും നിറഞ്ഞ ചമ്പലിന്റെ ദുര്‍ഘട വഴികള്‍ ഒരിക്കല്‍പ്പോലും അയാളിലെ കായികതാരത്തെ ഉണര്‍ത്തിയതുമില്ല. തിന്നാലും തിന്നാലും തീരാത്ത വിശപ്പു മാത്രമായിരുന്നു അലട്ടിയത്. അങ്ങനെ ചെറുപ്പത്തില്‍ തന്നെ റൂര്‍ക്കിയിലേയക്ക് വണ്ടികയറി. ബംഗാള്‍ എഞ്ചിനിയേഴ്സില്‍ സുബേദാറായി.

ആകസ്മികതകളായിരുന്നു അയാളുടെ ജീവിതകഥ അടിമുടി എഴുതിയത്. മേലുദ്യോഗസ്ഥനുമായുണ്ടായ ഒരു തര്‍ക്കം വേണ്ടിവന്നു ട്രാക്കിലേയ്ക്കുള്ള വഴി തുറക്കാന്‍. പരേഡ്ഗ്രൗണ്ടില്‍ നിരവധി റൗണ്ട് ഓടാനായിരുന്നു വിധിക്കപ്പെട്ട ശിക്ഷ. നിത്യവൃത്തിക്ക് ചമ്പലിന്റെ കഠിനപഥങ്ങള്‍ താണ്ടി ശീലിച്ച പാന്‍സിങ്ങിന്റെ ഓട്ടത്തിന്റെ വേഗവും സവിശേഷതയും പക്ഷേ, മറ്റ് ഉദ്യോഗസ്ഥരുടെ കണ്ണിലുടക്കി. പിറ്റേന്നു തന്നെ സേനയുടെ അത്​ലറ്റിക് ടീമില്‍ ചേരാനായിരുന്നു ഓര്‍ഡര്‍. മറ്റു ജോലികളില്‍ നിന്നെല്ലാം ഒഴിവാക്കി. പ്രത്യേക ആഹാരക്രമവും ഒരുക്കി. അവിടെത്തുടങ്ങി പാന്‍സിങ്ങിന്റെ ജീവിതത്തിലെ രണ്ടാം ഘട്ടം.

അത്​ലറ്റിക്സിനോട് ഒരിക്കലും മമത ഉണ്ടായിരുന്നില്ല പാന്‍സിങ്ങിന്. കായികതാരമായതിനാല്‍ 1962ലെ ഇന്ത്യാ-ചൈന യുദ്ധത്തിനും 65ലെ ഇന്ത്യാ-പാക് യുദ്ധത്തിനും അയക്കാത്തതില്‍ ക്ഷോഭിച്ച ചരിത്രംവരെയുണ്ട്. കായികതാരങ്ങള്‍ക്ക് സൈന്യത്തില്‍ ഭക്ഷണത്തിന് റേഷനില്ല എന്നതു മാത്രമായിരുന്നു അത്​ലറ്റിക്സില്‍ അയാളെ പിടിച്ചുനിര്‍ത്തിയത്.

ട്രാക്കിലിറങ്ങിയ പാന്‍സിങ് പക്ഷേ, മറ്റൊരു ചരിത്രമെഴുതി. 5000 മീറ്ററാണ് ഓടിത്തുടങ്ങിയത്.  അസാമാന്യമായ വേഗവും സ്റ്റാമിനയും കണ്ട് പരിശീലകര്‍ പിന്നീട് 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസിലേയ്ക്ക് മാറ്റുകയായിരുന്നു. മില്‍ഖയ്ക്കൊപ്പം നടത്തിയ പാക് പര്യടനത്തോടെയാണ് തോമറിനെ രാജ്യം ശ്രദ്ധിച്ചുതുടങ്ങിയത്. മില്‍ഖയ്ക്ക് പറക്കും സിഖ് എന്ന പ്രസിദ്ധമായ വിശേഷണം ചാര്‍ത്തിക്കിട്ടിയതിന് തൊട്ടു പിറകെ പാന്‍സിങ് 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ പുതിയ ദേശീയ റെക്കോഡ് സൃഷ്ടിച്ചു. അതിശയിപ്പിക്കുന്നതായിരുന്നു തോമറിന്റെ ടൈമിങ് എന്നാണ് മില്‍ഖാസിങ് ഒരഭിമുഖത്തില്‍ പറഞ്ഞത്.

pan singh tomar
പാൻ സിങ് തോമർ കുടുംബത്തോടൊപ്പം

ട്രാക്കില്‍ ഒരു വിസ്മയമായിരുന്നു പാന്‍സിങ്. നൃത്തച്ചുവടിനെ അനുസ്മരിപ്പിക്കുന്ന താളവും ലയവും ഒഴുക്കും. അപാരമായ സ്ട്രൈഡും ടെക്നിക്കും. ഏറ്റവും കുറഞ്ഞ ചുവടുവെപ്പ്. ഭിന്ദിലെ ഗ്രാമവഴിയിലെ വൈതരണികള്‍ താണ്ടുന്ന അതേ ലാഘവത്തോടെയാണ് നീളന്‍ കാലുകളുമായി സ്റ്റീപ്പിള്‍ചേസിലെ കടമ്പകള്‍ ഓരോന്നും താണ്ടിയത്. അങ്ങനെ പുതിയ വേഗവും ശൈലിയും കുറിച്ചു. ഏഴു വര്‍ഷം തുടര്‍ച്ചയായി ദേശീയ ചാമ്പ്യനായി. 1957ല്‍ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ പാന്‍സിങ് സ്ഥാപിച്ച 9.04.0 സെക്കന്‍ഡ് എന്ന ദേശീയ റെക്കോഡ് പത്ത് വര്‍ഷം അഭേദ്യമായി നിലനിന്നു. തോമര്‍ മരിച്ച വര്‍ഷമാണ് ഗോപാല്‍ സെയ്നി ആ റെക്കോഡ് തകര്‍ത്തത് എന്നത് കാലത്തിന്റെ വിചിത്രമായ കൗതുകങ്ങളില്‍ ഒന്നു മാത്രം.

1958ല്‍ മില്‍ഖ ഇരട്ട സ്വര്‍ണനേട്ടം ആഘോഷിച്ച ടോക്യോ ഏഷ്യന്‍ ഗെയിംസില്‍ പാന്‍സിങ്ങായിരുന്നു സ്റ്റീപ്പിള്‍ചേസിലെ ഇന്ത്യന്‍ പ്രതിനിധി. തന്റെ മികച്ച സമയമായ 9.04.0 സെക്കന്‍ഡ് ആവര്‍ത്തിക്കാനായാല്‍ തോമറിന് മെഡല്‍ ഉറപ്പ്. കാലം അവിടെ സ്പൈക്സിന്റെ രൂപത്തില്‍ കള്ളക്കരു നീക്കി. ഫൈനലിന് തൊട്ടു മുന്‍പ് മാത്രം ലഭിച്ച പുത്തന്‍ സ്പൈക്സുമായി പൊരുത്തപ്പെടാന്‍ തോമറിന് കഴിഞ്ഞില്ല. ജപ്പാന്റെ മസായാക്കി 9.04.2 സെക്കന്‍ഡിലും തകാഹാഷി 9.05.8 സെക്കന്‍ഡിലും ഫിനിഷ് ചെയ്ത് മെഡലുകളുമായി മടങ്ങുന്നത് നിസ്സഹായനായി നോക്കിനില്‍ക്കാനേ അവരേക്കാള്‍ വേഗതയുള്ള തോമറിന് കഴിഞ്ഞുള്ളൂ.

പക്ഷേ, തോമര്‍ തിരിച്ചുവരുമെന്നു തന്നെ എല്ലാവരും വിശ്വസിച്ചു. പരിശീലനത്തില്‍ അത്രയും കണിശക്കാരനായിരുന്നു തോമറെന്ന് അന്നത്തെ പരിശീലകന്‍ ജെ.എസ്. സെയ്നി പില്‍ക്കാലത്ത് പയനീറിന് നല്‍കിയ അഭിമുഖത്തില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, കാലം മറ്റൊരു തിരക്കഥയാണ് തോമറിനുവേണ്ടി ഒരുക്കിവച്ചത്. നാട്ടില്‍ നിന്നു വന്ന ഒരു ഫോണ്‍വിളിയാണ് കഥയാകെ തിരുത്തിയെഴുതിയത്. ബന്ധുക്കള്‍ കയ്യൂക്കു കൊണ്ട് വസ്തുക്കളൊക്കെ സ്വന്തമാക്കി. വീട്ടില്‍ അതിക്രമിച്ചു കയറി ഭാര്യയെയും മക്കളെയും വൃദ്ധയായ അമ്മയെയും കൊല്ലാക്കൊല ചെയ്തു. തോമറിന് സൈന്യത്തിന്റെ കായികപരിശീലകനാകാനുള്ള വാഗ്ദാനമുള്ള സമയമായിരുന്നു അത്. തോമര്‍ പക്ഷേ, ഒന്നിനും കാത്തുനിന്നില്ല. സഹപ്രവര്‍ത്തകരോടോ പരിശീലകനോടോ ഒന്നും പറഞ്ഞില്ല. ആ രാത്രി തന്നെ സൈന്യത്തോടും സ്വപ്നങ്ങളോടും എന്നെന്നേക്കുമായി വിടപറഞ്ഞ് നാട്ടിലേയ്ക്കു തിരിച്ചു. അന്നു ഞാന്‍ അവധി അനുവദിച്ചില്ലായിരുന്നെങ്കില്‍ പാന്‍സിങ് കൊള്ളക്കാരനായി മാറില്ലായിരുന്നുവെന്ന് പില്‍ക്കാലത്ത് ഒരു മാസികയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ കേണല്‍ ജി.സി. മാന്‍സിങ് കുറ്റസമ്മതം നടത്തിയിരുന്നു.

pan singh tomar
പാൻ സിങ് തോമറും പാൻ സിങ് തോമറുടെ വേഷത്തിൽ ഇർഫാൻ ഖാനും

നാട്ടിലെത്തിയതില്‍ പിന്നെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകിട്ടാനായി തേടാത്ത വഴികളില്ല. മുട്ടാത്ത വാതിലുകളില്ല. കൈയിലെ സമ്പാദ്യമത്രയും ചെലവിട്ടു. ഗ്രാമമുഖ്യനും പോലീസും കൈയൊഴിഞ്ഞു. കിടപ്പാടം നഷ്ടപ്പെട്ട് ഭാര്യയുടെ കൊച്ചുകുടിലില്‍ അഭയം തേടേണ്ടിവന്നതോടെ കലക്ടറേ പോയി കണ്ടു. ബംഗ്ലാദേശ് യുദ്ധത്തില്‍ പങ്കെടുത്ത കാര്യം പറഞ്ഞു. ദേശീയ, അന്തര്‍ദേശീയ മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും കാണിച്ചു. അഭിമുഖങ്ങളും വാര്‍ത്തയും വന്ന പത്രക്കട്ടിങ്ങുകള്‍ നിരത്തി. ആരും കേട്ട ഭാവം നടിച്ചില്ല. വാതിലുകൾ ഒന്നൊഴിതാെ മുഖത്ത് കൊട്ടിയടയ്ക്കപ്പെട്ടു.

തോമര്‍ പിന്നെ പോലീസ് സ്റ്റേഷനിലോ സര്‍ക്കാര്‍ ഓഫീസുകളിലോ കയറിയിറങ്ങാന്‍ മിനക്കെട്ടില്ല. സൈന്യത്തിലേയ്ക്ക് മടങ്ങിയതുമില്ല. കൂട്ടുകാരെയും മരുമകനെയും കൂട്ടി നേരെപോയത് മടക്കയാത്ര അസാധ്യമായ ചമ്പലിന്റെ നിഗൂഢ വന്യതയിലേയ്ക്ക്. സാക്ഷാല്‍ മാന്‍സിങ്ങിന്റെ ശിഷ്യത്വം സ്വീകരിച്ചു. സൈനിക പശ്ചാത്തലവും കായികമികവും ചേര്‍ന്നതോടെ കൊള്ളയുടെ രസതന്ത്രം ഹൃദിസ്ഥമായി. ചമ്പലിന്റെ മണ്ണും മനസ്സും കൈവെള്ളയിലായി. അംഗബലം അഞ്ചില്‍ നിന്ന് 28 ആയി. തട്ടിക്കൊണ്ടുപോകലും കൊള്ളയും കൊണ്ട് സമ്പന്നരായവര്‍ കൊള്ളയടിച്ച കാശ് കൊണ്ട് .303 മുതല്‍ എ.കെ 47 തോക്കുകള്‍ വരെ സ്വന്തമാക്കി. 1955ല്‍ മാന്‍സിങ് വെടിയേറ്റു വീണതോടെ ചമ്പലിന്റെ രാജാവുമായി. പിന്നീടുള്ള ഒരു പതിറ്റാണ്ട് ചമ്പലിലും പരിസരങ്ങളിലും ഭീതിയുടെ ദിനരാത്രങ്ങളായിരുന്നു. 'മേ ദസ്യുരാജ് പാന്‍സിങ് തോമര്‍, ചമ്പല്‍ കെ ഷേര്‍' എന്ന് മെഗാഫോണിലൂരടെ അലറിക്കൊണ്ടുള്ള വരവ് ഇന്നും ഭീതിദത്തമായ ഓര്‍മയാണ് ഗ്രാമങ്ങള്‍ക്കെല്ലാം.

തന്റെ വസ്തുക്കള്‍ അപഹരിച്ച, കൊള്ളക്കാരന്റെ ജന്മം സമ്മാനിച്ച ബാബു സിങ് എന്ന ബന്ധുവാണ്, പോലീസുകാരില്‍ നിന്ന് റാഞ്ചിയ തോമറിന്റെ തോക്കിന്റെ ആദ്യത്തെ ഇര. പതിവ് റോന്തുചുറ്റലിനിടെ കണ്ട ബാബു സിങ്ങിനെ കൂറ്റന്‍ കനാലിന്റെ മുകളിലൂടെ പറന്ന്, പാടത്തൂടെ കുതിച്ചുചെന്ന് കീഴ്പ്പെടുത്തിയ തോമറിന്റെ ചലനങ്ങളിലെവിടെയൊക്കെയോ പഴയ സ്റ്റീപ്പിള്‍ചേസ് ചാമ്പ്യന്റെ മിന്നലാട്ടങ്ങള്‍ ഒളിവെട്ടിയിരിക്കണം. ഈ അപാര വേഗം തന്നെയായിരുന്നു പോലീസിനെതിരെ തോമറിന്റെ ഏറ്റവും വലിയ ആയുധം. തോമറിന്റെ പിറകേ ഓടി തോല്‍ക്കാനായിരുന്നു അവസാനകാലംവരെ പോലീസുകാരുടെ വിധി.

1977ല്‍ തങ്ങളെ ഒറ്റുകൊടുത്ത സര്‍പഞ്ചിനെയടക്കം എട്ടു ഗുജ്ജാര്‍ സമുദായാംഗങ്ങളെ കൊലപ്പെടുത്തിയതോടെയാണ് പോലീസ് റെക്കോഡില്‍ എ 10 എന്ന കോഡ്നാമത്തില്‍ അറിയപ്പെട്ടിരുന്ന പാന്‍സിങ്ങിനു മേല്‍ സര്‍ക്കാരിന്റെയും പോലീസിന്റെയും കുരുക്കു മുറുകിയത്. കൂട്ടക്കൊലയില്‍ മനംനൊന്ത് ദീപാവലിയാഘോഷം വേണ്ടെന്നു വെച്ച അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി അര്‍ജുന്‍സിങ് പഴയ ദേശീയ ചാമ്പ്യന്റെ തലയ്ക്ക് പതിനായിരം രൂപ ഇനാമിട്ടു. കൊള്ളക്കാരുടെ രാജാവിന് പതിനായിരം രൂപയാണോ വില എന്ന പരിഹാസമായിരുന്നു രാത്രി നിലവു പൊതിഞ്ഞ ചമ്പലിന്റെ ആകാശത്തേയ്ക്ക് പത്ത് റൗണ്ട് വെടിയുതിര്‍ത്തുകൊണ്ടുള്ള അവരുടെ മറുപടി. എന്നാല്‍, ഈ കൂട്ടക്കൊല താന്‍ ആഗ്രഹിച്ചതായിരുന്നില്ലെന്ന് ഒരാഴ്ചയ്ക്കുശേഷം ഒളിത്താവളത്തില്‍ വച്ച് ഇന്ത്യന്‍ എക്സ്പ്രസിന്റെ ഹേമേന്ദ്ര നാരായണിന് നല്‍കിയ അഭിമുഖത്തില്‍ പാന്‍സിങ് പറഞ്ഞിരുന്നു. അവരാരും കൊല്ലപ്പെടേണ്ടവരായിരുന്നില്ല. സ്വന്തം അച്ഛന്റെ മരണത്തില്‍ ക്ഷുഭിതനായ മരുമകനെ തടയാന്‍ എനിക്കു കഴിഞ്ഞില്ല-അഭിമുഖം തീരുവോളം കൈയിലൊരു വെടിയുണ്ട താലോലിച്ചു കൊണ്ട് അന്ന് തോമര്‍ പറഞ്ഞു.

സര്‍ക്കാരിനുമേലുള്ള സമ്മര്‍ദം ഏറിവന്നതോടെ തോമറിന്റെ അന്തിമവിധിയും ഏതാണ്ട് എഴുതപ്പെട്ടുതുടങ്ങിയിരുന്നു. ഭിന്ദിലെ എസ്.പി. വിജയ് രാമനും തോമറെ കരുക്കാന്‍ കച്ചകെട്ടിയിറങ്ങിയ മഹേന്ദ്ര പ്രതാപ് സിങ് ചൗഹാനുമായിരുന്നു അന്തിമവേട്ടയുടെ ചുമതല. പണ്ട് തട്ടിക്കൊണ്ടുപോയ ഒരു ദളിത് യുവാവില്‍ നിന്ന് തോമറുടെ ഒളിത്താവളം മനസ്സിലാക്കിയ പോലീസ് സംഘം കൃത്യമായി പദ്ധതി ആസൂത്രണം ചെയ്തു. ഒരിക്കല്‍ തലനാരിഴക്ക് രക്ഷപ്പെട്ട തോമറിന് ഇക്കുറി ഒരവസരവും നല്‍കരുതെന്ന ദൃഢനിശ്ചയമുണ്ടായിരുന്നു കരുനീക്കങ്ങൾക്ക്.

pan singh tomar
പാൻ സിങ് തോമറിൽ നിന്നുള്ള രംഗങ്ങൾ

1981 ഒക്ടോബര്‍ ഒന്നാണ് അവര്‍ തോമറിന്റെ വിധി നടപ്പിലാക്കാന്‍ തിരഞ്ഞെടുത്ത ദിനം. പതിനെട്ടംഗ കൊള്ളസംഘം മൊറേനയില്‍ നിന്നും ഗുര്‍ദ ഗ്രാമത്തിലേയ്ക്ക് കൊള്ളയ്ക്ക് പോകുന്ന രഹസ്യവിവരം പോലീസിന് ചോര്‍ന്നുകിട്ടുന്നത് കാലത്ത് പത്തര മണിക്കാണ്. മോട്ടിറാം ജാദവായിരുന്നു ഒറ്റുകാരന്‍. യാത്രയ്ക്കിടെ തോമര്‍ വിശ്രമിക്കുമെന്ന് കരുതിയ രത്തിയാന്‍കപുര ഗ്രാമത്തിലാണ് അവര്‍ കെണിയൊരുക്കിയത്. ഈ ഗ്രാമത്തിലെ ഒരു സത്രീയുമായി തോമറിന് ബന്ധമുണ്ടായിരുന്നുവെന്നും അവരെ സന്ദര്‍ശിക്കാനാണ് അന്നവിടെ തങ്ങിയതെന്നും ഈ കഥയ്‌ക്കൊരു സ്ഥിരീകരിക്കാത്ത പാഠഭേദമുണ്ട്.

കിലോമീറ്ററുകള്‍ കാല്‍നടയായി താണ്ടി വെറും ആറു പോലീസുകാരെയും കൊണ്ട് ചൗഹാന്‍ അവിടെയെത്തുമ്പോള്‍ തങ്ങള്‍ ഒറ്റുകാരുടെ വലയത്തിലാണെന്നറിയാതെ തിന്നും കുടിച്ചുമുറങ്ങുകയായിരുന്നു തോമറും കൂട്ടരും. ഇരുപത്തിയെട്ടു പേരുണ്ടായിരുന്ന സംഘത്തിലെ പതിനാലു പേര്‍ മാത്രമാണ് അവിടെ എത്തിയത്. നാലു പേര്‍ നേരത്തെ രാജസ്ഥാനില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. പത്തു പേരെ ധോല്‍പുരിലെ ദങ് ബസായിയിലുള്ള ഒളിത്താവളം കാക്കാന്‍ ഏല്‍പിച്ചു. ശേഷിച്ചവരാകട്ടെ 90 കലോമീറ്റര്‍ വെറും പന്ത്രണ്ട് മണിക്കൂറു കൊണ്ട് താണ്ടിയാണ് റത്തിയാന്‍കപുരയിലെത്തിയത്.

അപ്രതീക്ഷിതമായി ചാടി വീണ പോലീസിനെ എന്നിട്ടും അവര്‍ ചെറുത്തു. അതും പന്ത്രണ്ട് മണിക്കൂര്‍ നേരം. ഇക്കുറിയും ഇരുട്ടില്‍ പതിവുപോലെ ഓടി രക്ഷപ്പെടാന്‍ ഒരുങ്ങിയതാണ് തോമര്‍. പക്ഷേ, തോക്കിനൊപ്പം എന്നും ഇടങ്കൈയില്‍ പേറുന്ന മെഗാഫോണിലൂടെയുള്ള അലര്‍ച്ചയാണ് ചതിച്ചത്. ശബ്ദം കേട്ട ദിക്കിലേയ്ക്ക് ഇരുട്ടിനെ ഭേദിച്ച് പോലീസിന്റെ .303, മൗസര്‍ തോക്കുകള്‍ തീ തുപ്പി. വിധിയുടെ വല്ലാത്തൊരു നിയോഗമായിരുന്നു. ആദ്യ വെടിയുണ്ട തന്നെ തുളച്ചത് എണ്ണമറ്റ തവണ ട്രാക്കുകളെ തീപിടിപ്പിച്ച, എണ്ണിയാലൊടുങ്ങാതത്ര തവണ ചമ്പലിന്റെ മണ്ണും മുള്‍പ്പടര്‍പ്പുകള്‍ മൂടിയ വഴികളും താണ്ടിയ ആ കാലുകളെ. എന്നും ഓടാന്‍ വിധിക്കപ്പെട്ട, ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ഓട്ടക്കാരില്‍ ഒരാളെ ഓടിക്കൊണ്ടിരിക്കെ തന്നെ ആ ബുള്ളറ്റ് കഥാവശേഷനാക്കുന്ന വിധിവൈപരിത്യത്തിനാണ് ചോരമണക്കുന്ന രത്തിയാന്‍കപുരയുടെ ആ കുറുത്ത രാത്രി സാക്ഷ്യംവഹിച്ചത്. അവസാനശ്വാസം നിലയ്ക്കുമ്പോള്‍ എണ്ണമറ്റ മെഡലുകള്‍ തിളങ്ങിനിന്ന ആ നെഞ്ചില്‍ ബുള്ളറ്റുകള്‍ തീര്‍ത്ത ചോരപ്പൂക്കള്‍ വിരിഞ്ഞുനിന്നു.

രാത്രി പതിനൊന്ന് മണിക്കാണ് പോലീസ് അവസാന ബുള്ളറ്റ് നിറയൊഴിച്ചതെന്ന് ഓപ്പറേഷന് നേതൃത്വം കൊടുത്ത ചൗഹാന്‍ പറയുന്നു. ബുള്ളറ്റുകള്‍ അഭിഷേകം നടത്തിയിട്ടും തോമര്‍ മരണത്തിന് പൂര്‍ണമായി കീഴടങ്ങിയിരുന്നില്ല. പോലീസ് എത്തുമ്പോള്‍ വൈക്കോല്‍ക്കൂനയില്‍ വെടിയേറ്റ് തുളഞ്ഞ നെഞ്ചുമായി വെള്ളത്തിന് യാചിക്കുന്ന തോമറിനെയാണ് കണ്ടത്. ഗ്രാമവാസികള്‍ ആരും അനങ്ങിയില്ല. പോലീസില്‍ രജപുത്രന്മാര്‍ ആരുമില്ലേ എനിക്കൊരിറ്റു വെള്ളം തരാന്‍ എന്നായിരുന്നു ക്ഷോഭത്തില്‍ മുങ്ങിയ, തളര്‍ന്നുതുടങ്ങിയ അവസാന വാക്കുകള്‍. കോണ്‍സ്റ്റബിളായ ത്രിഭുവന്‍ വെള്ളം കൊടുക്കാനാഞ്ഞെങ്കിലും ചൗഹാന്‍ തടഞ്ഞു. പോലീസിനെപ്പോലെ കൊള്ളക്കാര്‍ക്കും ജാതിയില്ല എന്നായിരുന്നു ചൗഹാന്റെ ആക്രോശം.

എന്നാല്‍, തോമറെ വീഴ്ത്തിയ മോട്ടിറാമിന്റെ ഒറ്റിന് ജാതിയുണ്ടായിരുന്നു. മൗസി, പുട്ടാലി തുടങ്ങിയ സംഘങ്ങളും പില്‍ക്കാലത്ത് ഷോലെയിൽ അംജദ് ഖാന്‍ അനശ്വരനാക്കിയ വെള്ളിത്തിരയിലെ ഗബ്ബര്‍സിങ്ങിന്റെ ഒറിജിനല്‍ ഗബ്ബര്‍ സിങ് ഗുര്‍ജറുമെല്ലാം അടക്കിവാഴുന്ന കാലത്ത് പാന്‍സിങ് മാത്രമായിരുന്നു തങ്ങളുടെ സമുദായക്കാരെ ഉപദ്രവിച്ചിരുന്നതെന്ന് പിന്നീട് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ യാദവനായ മോട്ടിറാം പറഞ്ഞിരുന്നു. പതിനായിരം രൂപയും ഭൂമിയും മൂന്ന് തോക്കും രണ്ട് മക്കള്‍ക്കും പോലീസില്‍ ജോലിയുമായിരുന്നു ഈയൊരാറ്റ ഒറ്റിന് പോലീസിട്ട ഇനാം. അന്നത്തെ ആ ഒറ്റില്‍ ഒരിക്കല്‍പ്പോലും മനസ്താപം തോന്നിയിട്ടില്ലെന്ന് ചമ്പലിലെ വെടിയും പുകയും അടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞ് ഹിന്ദുസ്ഥാന്‍ ടൈംസിന് ആഘോഷപൂര്‍വം നല്‍കി അഭിമുഖത്തില്‍ മോട്ടിറാം പറഞ്ഞിരുന്നു.

pan singh tomar
വെടിയേറ്റ് മരിച്ച പാൻസിങ്ങിന്റെയും കൂട്ടാളികളുടെയും ജഡങ്ങൾ

തോമര്‍ അവസാനശ്വാസം വലിച്ച അന്നുതന്നെ ചമ്പലിനെ ശുദ്ധീകരിച്ചതായി മുഖ്യമന്ത്രി അര്‍ജുന്‍ സിങ് പ്രഖ്യാപിച്ചു. 10 എ ഗ്യാങ്ങിനെ വേട്ടയാടിപിടിച്ചവരെ ഗവര്‍ണര്‍ കെ.എം. ചാണ്ടി ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. പക്ഷേ, ചമ്പല്‍ പിന്നെയും അശാന്തമായി തന്നെ തുടര്‍ന്നു. അത് ഫൂലന്‍ദേവിയിലൂടെ പുതിയ അരിയിട്ടുവാഴ്ച ആഘോഷിച്ചു. കൊള്ളയുടെയും കൊലയുടെയും പാരമ്പര്യം വര്‍ഷങ്ങളോളം കാത്തുസൂക്ഷിക്കുകയും ചെയ്തു. തോമര്‍ കലഹിച്ച വ്യവസ്ഥിതികളൊന്നും മാറിയതുമില്ല. വര്‍ഷങ്ങളേറെക്കഴിഞ്ഞിട്ടും അയാളുടെ കൊച്ചു വീട്ടില്‍ ഇന്നും വൈദ്യുതിയില്ല. എണ്‍പത്തിരണ്ടുകാരിയായ ഭാര്യ അന്നത്തിന് നിത്യവും കൂലിവേലക്ക് പോണം. അച്ഛന്റെ കേസുകള്‍ നടത്തി മക്കളായ ഹനുമന്തും സുബ്‌റാമും ഏതാണ്ട് പാപ്പരായി. ക്രൂരനായ കൊള്ളക്കാരന്റെ മക്കള്‍ എന്ന വിശേഷണം ബാക്കിയും. കായികതാരമായ പാന്‍സിങ്ങിനെ തിരഞ്ഞ് ഭിന്ദിലെത്തിയാല്‍ നിരാശയാവും ഫലം. അയാള്‍ അവിടെ ദസ്യുരാജ് മാത്രമാണ്. പഴയ മെഡലുകളും ചിത്രങ്ങളുമെല്ലാം അപ്രത്യക്ഷമായിക്കഴിഞ്ഞു. പുതിയ തലമുറയുടെ ഓര്‍മകളില്‍ പോലും ആ പഴയ അത്‌ലറ്റില്ല എന്നതാണ് തോമറിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആന്റിക്ലൈമാക്‌സ്.

ശേഖര്‍ കപൂറിന്റെ ബാന്‍ഡിറ്റ് ക്വീനിനുവേണ്ടി നടീനടന്മാരെ തപ്പിനടക്കുന്ന കാലത്താണ് സണ്ടെ മാസികയില്‍ വന്ന ഒരു ലേഖനം വഴി പാന്‍സിങ്ങിന്റെ കഥ തിഗ്മാന്‍ഷു ധുലിയയുടെ കണ്ണിലുടക്കുന്നത്. രണ്ടു പതിറ്റാണ്ടെടുത്തു അത് തിരരൂപമെടുക്കാന്‍. ഇര്‍ഫാന്‍ ഖാനുമായി ആറു മാസം ചമ്പലിലും പരിസരങ്ങളിലും അലഞ്ഞതിനുശേഷമാണ് ദൂലിയ പാന്‍ സിങ്ങിന്റെ അഭ്രരൂപം യാഥാര്‍ഥ്യമാക്കിയത്. മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഒരുപാട് യാതനകള്‍ സഹിച്ചിട്ടുണ്ട് ഇര്‍ഫാന്‍ ഖാന്‍ അതിനുവേണ്ടി. സാധാരണ അത്‌ലറ്റുകള്‍ക്ക് പോലും എളുപ്പം വഴങ്ങാത്ത സ്റ്റീപ്പിള്‍ ചേസിനെ അത്‌ലറ്റുകളെ പോലും വെല്ലുന്ന മെയ്‌വഴക്കത്തോടെ മെരുക്കിയെടുത്തു. കണ്ണില്‍ചോരയില്ലാത്ത കൊള്ളക്കാരന്റെ ക്രൗര്യത്തിലേയ്ക്കും ഗ്രാമീണപരിവേഷത്തിലേയ്ക്കും ഒട്ടൊന്ന് ആയാസ്സപ്പെട്ടാണെങ്കിലും പകര്‍ന്നാടി. ഇമ്രാന്റെ കരിയറിലെ ഏറ്റവും കരുത്തുറ്റ കഥാപാത്രം എന്നായിരുന്നു വിശേഷണമെങ്കിലും ആ കഥാപാത്രത്തെ താന്‍ അങ്ങേയറ്റം വെറുത്തിരുന്നുവെന്നാണ് എന്‍.ഡി.ടിവിക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ ഇമ്രാന്‍ തുറന്നുപറഞ്ഞത്. ആ വേഷത്തില്‍ തുടരുന്നത് അങ്ങേയറ്റം അസ്വസ്ഥമായിരുന്നു. എങ്ങനെയെങ്കിലും അതില്‍ നിന്ന് പുറത്തുകടക്കണമെന്ന വെമ്പലായിരുന്നു ഉള്ളില്‍. ഒടുവില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കി പാക്കപ്പ് കഴിഞ്ഞപ്പോള്‍, ഒരു ലോകകപ്പ് നേടിയപോലെ, ഓസ്‌കര്‍ ലഭിച്ചതുപോലെ സന്തോഷം കൊണ്ട് ഞാന്‍ അലറിവിളിക്കുകയായിരുന്നു-അഭിമുഖത്തില്‍ ഇര്‍ഫാന്‍ പറഞ്ഞു.

pan singh tomar
പാൻസിങ് തോമറിൽ ഇർഫാൻ ഖാൻ

എത്രമാത്രം സങ്കീര്‍ണമായിരുന്നു പാന്‍സിങ് എന്ന റിയല്‍ലൈഫ് കഥാപാത്രം എന്നതിന് ഇര്‍ഫാന്റെ ഈ വാക്കുകള്‍ തന്നെ സാക്ഷ്യം. ഈ വെല്ലുവിളി അന്ന് ഇര്‍ഫാന്‍ ഏറ്റെടുത്തിരുന്നില്ലെങ്കില്‍ വിസ്മൃതമായിപ്പോകുമായിരുന്നത് മരണം വരെ സമസ്യയായി തുടര്‍ന്ന പാന്‍സിങ് തോമര്‍ എന്ന ഇതിഹാസമായിരുന്നു. ചോരയില്‍ കുതിര്‍ന്ന അതിലും ഐതിഹാസികമായ അയാളുടെ ജീവിതമായിരുന്നു. നന്ദി ഇര്‍ഫാന്‍... നിങ്ങളില്ലായിരുന്നെങ്കില്‍ ബിന്ദിലെയും ഇറ്റാവയിലെയും പോലീസ് സ്‌റ്റേഷനുകളിലെ പൊടിപിടിച്ചുകിടക്കുന്ന ഫയലുകളിലെ നൂറായിരം ക്രിമിനല്‍ നാമങ്ങളില്‍ ഒന്നു മാത്രമായി ഒതുങ്ങിപ്പോകുമായിരുന്നു പാന്‍സിങ്. ചുവന്ന മഷികൊണ്ട് വെട്ടിയ എ 10 എന്ന വെറുമൊരു ക്രൈം നമ്പര്‍. ഒന്ന് തീര്‍ച്ച... ഈ വിസ്മൃതി, ഈ തിരസ്‌കാരം... മില്‍ഖയുടെ ഈ സമകാലികന്‍ അതര്‍ഹിച്ചിരുന്നില്ല.

Content Highlights: Actor Irfan Khan PanSingh Tomar Athlete Dacoit in Chambal Sprinter Milkha Singh