ഇന്നസെന്റ് | ഫോട്ടോ: മാതൃഭൂമി
മാതൃഭൂമി ബുക്‌സ് സംഘടിപ്പിച്ച പുസ്തകോത്സവം അവസാനിച്ചത് നടന്‍ ഇന്നസെന്റുമായി ശ്രീകാന്ത് കോട്ടക്കല്‍ നടത്തിയ നര്‍മസംഭാഷണത്തോടെയാണ്. 'ഈവനിങ് വിത്ത് ഇന്നസെന്റ്' എന്നു പേരിട്ട പരിപാടി അദ്ദേഹത്തിന്റെ പുസ്തകമായ 'കാന്‍സര്‍ വാര്‍ഡിലെ ചിരി'യുടെ എഴുപത്തിയൊന്നാം പതിപ്പിന്റെ പ്രകാശനവേദിയുമായി. ഇന്നസെന്റുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്..
ഞാന്‍ പഠിക്കുന്ന കാലത്ത്, പഠിക്കുന്ന കാലത്ത് എന്നുപറഞ്ഞാല്‍ നിങ്ങളെപ്പോലെ പഠിച്ചുവന്ന ആളല്ല, നല്ലവണ്ണം കഷ്ടപ്പെട്ട് 'ബുദ്ധി'മുട്ടി പഠിച്ച ഒരാളാണ്. എന്നെ പഠിപ്പിച്ച ഹെഡ്മാസ്റ്റര്‍ വൈലോപ്പിള്ളി ശ്രീധരമേനോന്‍ ക്ലാസെടുത്തുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പദ്യം 'കാക്ക' അദ്ദേഹം തന്നെ ചൊല്ലിക്കേള്‍പ്പിച്ച്, അദ്ദേഹം തന്നെ അര്‍ഥം പറഞ്ഞുതരുമ്പോള്‍ ഞാന്‍ വേറെയെന്തോ ആലോചിച്ചുകൊണ്ട് ഏതോ ലോകത്ത് ഇരിക്കുകയാണ്. അന്ന് വിചാരിച്ചിട്ടില്ല, ഭാവിയിലെ അഞ്ചാം ക്ലാസില്‍ എന്റെ കുട്ടികളോ, എന്റെ മകന്റെ കുട്ടികളോ ഞാന്‍ എഴുതിയ പുസ്തകത്തിലെ ഭാഗവും പഠിക്കേണ്ടിവരുന്ന കാലവും ഉണ്ടാവുമെന്ന്. കാന്‍സര്‍ വാര്‍ഡിലെ ചിരിയിലെ ഒരു ഭാഗം പാഠപുസ്തകത്തില്‍ വന്നപ്പോള്‍ എന്റെ ഭാര്യ തലയില്‍ കൈവെച്ചു പറഞ്ഞു, ഈ കുട്ടികളും വഴിതെറ്റി പോകുമല്ലോ എന്ന്!
കുട്ടികള്‍ക്ക് അന്നേ മാസ്‌ക് നിര്‍ബന്ധമാക്കേണ്ടതായിരുന്നു. മാസ്‌ക് ധരിച്ച് പദ്യം ചൊല്ലുമ്പോള്‍ പെട്ടെന്ന് തിരിച്ചറിയില്ല. സിനിമയെടുത്ത് പൊളിഞ്ഞ കാലത്ത് ഈ സാധനം ഉണ്ടായിരുന്നെങ്കില്‍ കടക്കാര് തിരിച്ചറിയില്ലായിരുന്നു. ഇതൊക്കെ കഴിഞ്ഞതിനുശേഷം ഇപ്പോഴാണ് മാസ്‌ക് വന്നിരിക്കുന്നത്! കോവിഡും ഒമിക്രോണും ഇതുവരെ എന്റെയടുക്കലേക്ക് എത്തിയിട്ടില്ല. കാരണം കാന്‍സറിനെ ഇവരെ അകത്തേക്കു കയറ്റാന്‍ അല്പം താല്‍പര്യക്കുറവുണ്ട്. അത് കാന്‍സറിന്റെയൊരു സന്തോഷം.
അസുഖമാണ് എന്നറിഞ്ഞ് ആരെങ്കിലുമൊക്കെ വിളിച്ചു ചോദിക്കുമ്പോള്‍ ഞാന്‍ തുടങ്ങും 'ഒന്നൂല കഴിഞ്ഞയാഴ്ചയില്‍ നഖത്തിന്റെ അറ്റം തൊട്ടൊരു പെരുപ്പ് അതിങ്ങനെ കേറിക്കേറി...'വിളിച്ചയാള്‍ക്ക് ജോലിക്കു പോകേണ്ടതാണ്. ഞാന്‍ തുടര്‍ന്നുകൊണ്ടേയിരിക്കും 'അതിനു കുഴമ്പുപുരട്ടിയിരിക്കുമ്പോള്‍ വയറിനകത്ത് ഒരു കുഴപ്പം അപ്പോള്‍ സഹകരണാശുപത്രിയില്‍ പോയി.' വിളിച്ചയാളുടെ സമയം കഴിഞ്ഞുകൊണ്ടിരിക്കുകയാണ്. അയാള്‍ മനസ്സില്‍ പറയും ഏതു നേരത്താണാവോ ഇവനെ വിളിക്കാന്‍ തോന്നിയത് ദൈവമേ... ഇതെല്ലാ വീടുകളിലും എല്ലാവരും ചെയ്യുന്നതാണ്. നമ്മുടെ രോഗങ്ങള്‍ മറ്റുള്ളവര്‍ കേള്‍ക്കുമ്പോള്‍ സന്തോഷമല്ല, കാണുന്നത് അവരുടെ ഗതികേടാണ്. എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നു ചോദിക്കുമ്പോള്‍ ഒരു പ്രശ്‌നവുമില്ല എന്നുപറഞ്ഞാല്‍ ചോദ്യം അവസാനിച്ചു. പ്രശ്‌നം ഉണ്ടെങ്കില്‍ അവര്‍ എന്തെങ്കിലും കൊണ്ടുത്തരുമോ, ഒന്നും തരില്ല.
ജീവിതത്തിലുണ്ടാകുന്ന ഓരോ സംഭവങ്ങളും ഓരോരുത്തരോടും പറയും. അങ്ങനെ പറഞ്ഞ് പറഞ്ഞ് കേള്‍ക്കുന്നവര്‍ ആരും തന്നെ ഇതൊക്കെ എഴുതണം എന്ന് പറയാറില്ല. 'മീനമാസത്തിലെ സൂര്യന്‍' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം ഓംപുരി അതില്‍ അഭിനയിക്കുന്നുണ്ട്. വൈകുന്നേരം ഓരോ നേരംപോക്കുകള്‍ പറഞ്ഞിരിക്കും ഞാന്‍. ഓംപുരി നോക്കുമ്പോള്‍ എന്റെ ചുറ്റും ആളുകളാണ്. ഓംപുരി അവരോട് ചോദിച്ചു ഇയാള്‍ ആരാണ്? അവര്‍ പറഞ്ഞു: ഇയാള്‍ ഒരു ആക്ടറാണ്. അയാള്‍ക്ക് ഭാഷ അറിയാമോ എന്നു ചോദിച്ചു. എനിക്കല്‍പം ഹിന്ദി അറിയാം. മേ കര്‍ത്താവായിരിക്കുമ്പോള്‍ ഹും ചേര്‍ക്കണം, തും കര്‍ത്താവായിരിക്കുമ്പോള്‍ ഇന്നത് ചേര്‍ക്കണം എന്ന് ഞാന്‍ കുറേ എഴുതിയതാണല്ലോ. പിറ്റേ ദിവസം ഞാന്‍ ഓംപുരിയുടെ അടുത്ത് ഞാനെന്റെ വീട്ടിലെ സംഭവങ്ങള്‍ പറയാന്‍ തുടങ്ങി. അദ്ദേഹം ഇന്നില്ല, മരിച്ചുപോയി. അദ്ദേഹമാണ് പറഞ്ഞത് 'ഇന്നസെന്റ് ജീ ആപ് ലിഖോ'. ഞാന്‍ ചോദിച്ചു ക്യാ ലിഖ്‌നാ. അദ്ദേഹം പറഞ്ഞു 'ആപ് ബോലാ ഹെ ഏക് കഹാനി ലിഖോ, ഏക് കിതാബ്!' ഞാന്‍ എഴുതാനൊന്നും തയ്യാറായില്ല. പിന്നീട് സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ തുടങ്ങിയവരൊക്കെ പറഞ്ഞുതുടങ്ങി.
ഞാന്‍ സിനിമാനടനായി, ആളുകള്‍ എന്നെ മാനിച്ചുതുടങ്ങിയ കാലം. ഞാന്‍ മദ്രാസില്‍ ചെന്നപ്പോള്‍ ഒരു ആംഗ്ലോ ഇന്ത്യന്റെ വീട്ടില്‍ ഷൂട്ട് നടക്കുകയാണ്. മലാമല്‍ വീക്കിലിക്കുവേണ്ടി. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിന്റെ വീട്ടിലാണ് ഷൂട്ട് നടക്കുന്നത്. ഞാന്‍ അവിടെയത്തി ചുവരിലെ വലിയ ഫോട്ടോ കണ്ട് ചോദിച്ചു. അതാരാ? അദ്ദേഹം പറഞ്ഞു, അത് ഡാഡിയാണ്. അറിയോ ഡാഡിയെ, കണ്ടിട്ടുണ്ടോ എന്ന് അദ്ദേഹം എന്റെ മുഖത്തെ ഭാവം കണ്ട് ചോദിച്ചു. ഞാന്‍ പറഞ്ഞു, ഇതിന്റെ ഒരു കോപ്പി എനിക്കു തരുമോ? എന്തിനാ എന്നായി അയാള്‍. ഞാന്‍ പറഞ്ഞു, അല്ലാ, എനിക്കത്യാവശ്യം കാശും കാര്യങ്ങളുമൊക്കെയായി. എന്റെ ഡാഡിയെ കാണാന്‍ അത്ര വലിയ ഗുണമില്ല. ആ ഫോട്ടോ മാറ്റി ഈ ഫോട്ടോ വെക്കുകയാണെങ്കില്‍ ഒരു അന്തസ്സ് ഉണ്ട്. അയാള്‍ തരാമെന്നു പറഞ്ഞെന്നേ! അയാളുടെ സ്വന്തം അപ്പനെ എനിക്കു തരാം എന്നു പറഞ്ഞപ്പോള്‍ നിങ്ങള്‍ മനസ്സിലാക്കണം എന്റെ അപ്പന്റെ ഫോട്ടോ ആരും ഇതുപോലെ ചോദിച്ചിട്ടില്ലെന്ന്!
നമ്മള്‍ക്ക് ഒരു തവണയേ ഇവിടെ ജീവിക്കാനുള്ള ഭാഗ്യമുള്ളൂ. അതു കഴിഞ്ഞാല്‍ പിന്നെ മുകളിലാണ്. അവിടെ നല്ല സുഖമാണ് എന്ന് പോയവരാരും തന്നെ തിരിച്ചുവന്ന് പറഞ്ഞിട്ടുമില്ല. കാര്യം നമുക്ക് മനസ്സിലായി. അപ്പന്‍ പോയി, മുത്തശ്ശി പോയി. പോയവര്‍ പോയി. അവര്‍ക്കും പോയി. ഇവിടെ ഉള്ള കാലം ഒരുപാട് കാശ് കയ്യില്‍ ഉണ്ടായിട്ട് കാര്യമില്ല, മനസ്സിന് സുഖം, സമാധാനം, പ്രകൃതി... ഇതൊക്കെയൊന്നു കാണണ്ടേ? എന്നും സ്റ്റാര്‍ട് കാമറ ആക്ഷന്‍ ആയാല്‍ ശരിയാവില്ല. 'ഇന്നസെന്റ്, ഞാന്‍ ആക്ഷന്‍ പറയുമ്പോള്‍ ആ ബാഗ് എടുത്തിട്ട് അവിടെ കൊണ്ടുവെക്ക്, അത് കഴിയുമ്പോള്‍ ബാഗെടുത്ത് ഇവിടെ കൊടുക്ക്...' സംവിധായകന്‍ പറയുന്നത് മാത്രം കേട്ടാല്‍ മതിയോ ജീവിതത്തില്‍? അതുകൊണ്ടുണ്ടാവുന്ന ഒരു കുഴപ്പം എന്താന്നു വെച്ചാല്‍ മമ്മൂട്ടിയെയോ, മോഹന്‍ലാലിനെയോ നിങ്ങള്‍ വെറുതെ റോഡില്‍ വെച്ച് കണ്ടാല്‍ ആക്ഷന്‍ എന്നു പറഞ്ഞിനോക്കൂ, അവര്‍ അപ്പോള്‍ തന്നെ എന്തെങ്കിലും ചെയ്യും. ജീവിതത്തില്‍ നിന്നും പോയി. ഷൂട്ടിങ്ങിലാണ് ജീവിതം.
Content Highlights: innocent mbilf
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..