നന്ദി, ഒരായുസ്സ് മുഴുവന്‍ പൊട്ടിച്ചിരിക്കാനുള്ള തമാശകള്‍ നല്‍കിയതിന്


4 min read
Read later
Print
Share

ഇന്നസെന്റ് | photo: special arrangements

മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഒരായുസ് ഓര്‍ത്തോര്‍ത്ത് പൊട്ടിച്ചിരിക്കാനുള്ള വക നല്‍കിയാണ് ഇന്നസെന്റ് എന്ന മഹാനടന്‍ അരങ്ങൊഴിഞ്ഞത്. തൃശ്ശൂര്‍ ശൈലിയിലുള്ള സംഭാഷണം കൊണ്ടും വേറിട്ട ശരീരഭാഷ കൊണ്ടും മലയാള സിനിമ ഇന്നോളം കാണാത്ത സ്വതസിദ്ധമായൊരു അഭിനയശൈലി കൊണ്ടാണ് ഇന്നച്ചന്‍ എന്ന സിനിമാ ലോകം സ്‌നേഹലാളനയോടെ വിളിക്കുന്ന ഇന്നസെന്റ് കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയില്‍ ജീവിതവേഷം അഴിച്ച് യാത്രയായത്. അഞ്ഞൂറിലേറെ സിനിമകള്‍ അത്രയും തന്നെ കഥാപാത്രങ്ങള്‍. മാന്നാർ മത്തായിയും കിട്ടുണ്ണിയും കെ.കെ ജോസഫും കെ.ടി മാത്യുവും ഇനാശുവും പണിക്കരും ശങ്കരന്‍കുട്ടി മേനോനും അയ്യപ്പന്‍ നായരും പൊതുവാളും വാര്യറും ഫാ തരക്കണ്ടവും ഡോ പശുപതിയും സ്വാമിനാഥനുമെല്ലാം സമ്മാനിച്ചാണ് ഈ മഹാനടന്റെ മടക്കം.

തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മകനായി 1948 ഫെബ്രുവരി 28ന് ഇരിങ്ങാലക്കുടയിലാണ് ഇന്നസെന്റിന്റെ ജനനം. ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റ് ഹൈസ്‌കൂള്‍, നാഷണല്‍ ഹൈസ്‌കൂള്‍, ഡോണ്‍ ബോസ്‌കോ എസ്.എന്‍.എച്ച്.സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ചു. എട്ടാം ക്ലാസ്സില്‍ പഠിപ്പ് നിര്‍ത്തി. അതിന് കാരണം ഇന്നസെന്റ് പറഞ്ഞത് ഇങ്ങനെയായിരുന്നു. എന്റെ കൂടെ പഠിപ്പിച്ചവരെല്ലാം ഇപ്പോള്‍ മാഷുമാരായി ചേര്‍ന്നു. അവരെന്നെ പഠിപ്പിക്കുന്നത് എനിക്ക് ഇഷ്ടായില്ല. അവര് തന്നെ ചോദിക്കാന്‍ തുടങ്ങി, താനിവിടെ കൊറേക്കാലം ആയാല്ലോ, നല്ല പ്രായം ഉണ്ടല്ലോ എന്ന്. അതോടെ പഠിപ്പിന് സുല്ലിട്ടു. ഐഎസ്ആര്‍ ഒ ചെയര്‍മാനായിരുന്ന എസ് രാധാകൃഷ്ണനും അദ്ദേഹത്തിന്റെ സഹോദരന്‍ ശിവദാസനും വി.പി. ഗംഗാധരനുമെല്ലാം ഇന്നസെന്റിന്റെ സഹപാഠികളായിരുന്നു. തന്റെ പോലെ 'ഇരുന്ന്'പഠിക്കാനുള്ള കഴിവ് അവര്‍ക്കുണ്ടായിരുന്നില്ല എന്നതായിരുന്നു ഇന്നസെന്റിന്റെ ഭാഷ്യം.

സ്‌കൂള്‍ കാലം മുതല്‍ തന്നെ പൊതുപ്രവര്‍ത്തനത്തില്‍ തുടക്കം കുറിച്ചിരുന്നു ഇന്നസെന്റ്. പഠിക്കുമ്പോള്‍ ക്ലാസ് ലീഡറായിരുന്നു, പിന്നീട് മുനിസിപ്പല്‍ കൗണ്‍സിലറായി, യുവാവായി വിലസുമ്പോഴും വഴിയോര വര്‍ത്തമാനങ്ങള്‍ക്കിടയില്‍ തമാശകള്‍ പറയുമ്പോള്‍ ആളുകള്‍ ചിരിക്കുകയും അതിനിടയില്‍ ആളാവുന്നതുമൊക്കെ പതിവായി.. വോളിബോള്‍ കോച്ചായി.. നടനായി..നിര്‍മാതാവായി.. എംപിയായി.. ഇനി തന്റെ ഉദ്ദേശ്യം വേറെയാണെന്ന് പറയുമായിരുന്നു ഇന്നസെന്റ്.

പഠനം അവസാനിപ്പിച്ച് പല ബിസിനസുകളും ചെയ്ത് ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്. പക്ഷേ അതിലൊന്നും ഗുണം പിടിച്ചില്ലെന്ന് പറയുമായിരുന്നു അദ്ദേഹം. നാട്ടില്‍ ചില്ലറ നാടകങ്ങള്‍ ചെയ്താണ് അഭിനയം പരീക്ഷിക്കുന്നത്. സംവിധായകന്‍ മോഹന്‍ മുഖേനയാണ് സിനിമാരംഗത്തു വരുന്നത്. നൃത്തശാലയായിരുന്നു ആദ്യ സിനിമ. അന്നത്തെ കാലത്ത് ഒട്ടുമിക്ക ഷൂട്ടിങുകള്‍ നടക്കുന്നത് മദ്രാസിലാണ്. സിനിമാക്കാരുടെ സ്വപ്ന ഭൂമി. ട്രെയിനില്‍ കയറാനുള്ള കാശ് സംഘടിപ്പിച്ച് യാത്ര തിരിക്കും. ഏതെങ്കിലും സിനിമയില്‍ ചെറിയ വേഷമുണ്ടോ എന്ന് നോക്കി അലഞ്ഞു തിരിയും. ഭാഗ്യം കൊണ്ട് എന്തേലും ഒത്തുകിട്ടും. നടനെന്ന നിലയില്‍ ജാടയിട്ട് നാട്ടുകാരുടെ മുന്നിലൂടെ നടക്കുമ്പോള്‍ അവര്‍ ചോദിക്കും, അടുത്ത പടം എന്നാണെന്ന്. അങ്ങനെയൊന്നിനെക്കുറിച്ച് നിശ്ചയമില്ലാത്തതിനാല്‍ ചമ്മിയ ചിരിയാരിക്കും മറുപടി. അഭിനയിച്ച ചിത്രങ്ങള്‍ നാട്ടില്‍ റിലീസ് ചെയ്യുമ്പോള്‍ തിയേറ്ററില്‍ ചെന്നിരുന്ന് ഇന്നസെന്റ് നാട്ടുകാര്‍ക്കൊപ്പം പടം കാണും. സിനിമയില്‍ തന്നെ കാണുമ്പോള്‍ തൊട്ടടുത്തുള്ള ആളുകളെനോക്കും. അവര്‍ തിരിച്ചറിഞ്ഞോ എന്നറിയാന്‍ എന്നാല്‍ ആരും മൈന്‍ഡ് ചെയ്യാതാകുമ്പോള്‍ അമര്‍ഷമുണ്ടാകാറുണ്ടെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട് ഇന്നെസെന്റ്.

അതിനിടെ ഒരുപാട് വേഷങ്ങള്‍ ചെയ്തുവെങ്കിലും മോഹന്‍ സംവിധാനം ചെയ്ത ഇളക്കങ്ങളാണ് ഇന്നസെന്റിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. മദ്രാസ് ഫിലിം ഫാന്‍സ് അസോസിയേഷന്റെ ഒരു അവാര്‍ഡും ഇന്നസെന്റിന് ലഭിച്ചു. എന്നാല്‍ അതുകണ്ട് സിനിമാക്കാര്‍ ആരും വിളിച്ചില്ലെങ്കിലും സിനിമകൊണ്ടു തന്നെ ജീവിക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു ഇന്നസെന്റിന്. അതു തന്നെയാണ് അദ്ദേഹത്തെ ഇവിടെ എത്തിച്ചതും. അഞ്ഞുറോളം സിനിമകളിലാണ് ഇന്നസെന്റ് വേഷമിട്ടത്. അവയില്‍ ഏതാനും ചിത്രങ്ങളടെ പേരുകള്‍ ഇങ്ങനെ

പ്രേം നസീറിനെ കാണ്മാനില്ല, കാതോടു കാതോരം, അയനം, രേവതിക്കൊരു പാവക്കുട്ടി, ധീം തരികിട ധോം, നാടോടിക്കാറ്റ്, കടിഞ്ഞൂല്‍ കല്യാണം, മിമിക്‌സ് പരേഡ്, പൂക്കാലം വരവായി, ഉള്ളടക്കം, കനല്‍ക്കാറ്റ്, ഉത്സവമേളം, മക്കള്‍ മാഹാത്മ്യം, അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും, മണിച്ചിത്രത്താഴ്, മഴവില്‍ക്കാവടി, കിലുക്കം, കാബൂളിവാല, ഗോഡ്ഫാദര്‍, റാംജി റാവു സ്പീക്കിംഗ്, മാന്നാര്‍ മത്തായി സ്പീക്കിങ്, ഇഞ്ചക്കാടന്‍ മത്തായി ആന്റ് സണ്‍സ്, കോട്ടയം കുഞ്ഞച്ചന്‍, ദേവാസുരം, കിലുക്കം, മിഥുനം, നമ്പര്‍ 20 മദ്രാസ് മെയല്‍, ഡോക്ടര്‍ പശുപതി, പൊന്‍മുട്ടയിടുന്ന താറാവ്, മൈ ഡിയര്‍ മുത്തച്ഛന്‍, വിയറ്റ്‌നാം കോളനി, ശ്രീകൃഷ്ണ പുരത്തെ നക്ഷത്ര തിളക്കം, കിഴക്കന്‍ പത്രോസ്, പവിത്രം, പിന്‍ഗാമി, പൈ ബ്രദേഴ്‌സ്, തൂവല്‍കൊട്ടാരം, അഴകിയ രാവണന്‍, ചന്ദ്രലേഖ, അയാള്‍ കഥയെഴുതുകയാണ്, ഗജകേസരി യോഗം, സന്ദേശം, കുടുംബ കോടതി, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, കാക്കക്കുയില്‍, ചിന്താവിഷ്ടയായ ശ്യാമള, ഹരികൃഷ്ണന്‍സ്, വിസ്മയം, രാവണപ്രഭു, ഹിറ്റ്‌ലര്‍, സ്‌നേഹിതന്‍, മനസ്സിനക്കരെ, കല്യണരാമന്‍, നന്ദനം, വെട്ടം, പട്ടാളം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, വേഷം, തസ്‌കര വീരന്‍, ക്രോണിക്ക് ബാച്ചിലര്‍, തുറുപ്പുഗുലാന്‍, രസതന്ത്രം, പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്, ഇന്ത്യന്‍ പ്രണയകഥ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ സിനിമാപ്രേമികളുടെ ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയവയാണ്.

സിനിമയിലെ തുടക്കക്കാലത്ത് തന്നെ ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേര്‍ന്ന് ശത്രു കംബൈന്‍സ് എന്ന സിനിമാ നിര്‍മാണ കമ്പനി തുടങ്ങി. ഈ ബാനറില്‍ ഇളക്കങ്ങള്‍, വിട പറയും മുമ്പേ, ഓര്‍മയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്ലഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു.മാലാമാല്‍ വീക്കിലി (ഹിന്ദി), ശിക്കാരി (കന്നട), ലേസാ ലേസാ (തമിഴ്) എന്നീ അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചു. സത്യന്‍ അന്തിക്കാടിന്റെ മഴവില്‍ കാവടി എന്ന സിനിമയ്ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. പത്താം നിലയിലെ തീവണ്ടി എന്ന സിനിമയിലെ അഭിനയത്തിന് 2009 ല്‍ കേരള സംസ്ഥാന ക്രിട്ടിക് പുരസ്‌കാരം ലഭിച്ചു.

കാന്‍സറും ഇന്നസെന്റും

കാന്‍സര്‍ എന്നു കേട്ടാല്‍ വിറയ്ക്കാത്തവരില്ല. കാന്‍സര്‍ വന്നാല്‍ തളര്‍ന്നുപോകാത്തവരുമില്ല. എന്നാല്‍, കാന്‍സര്‍ വീട്ടിലെ വിശേഷങ്ങള്‍ ഇന്നസെന്റ് പറയുമ്പോള്‍ ഭയമല്ല പകരം ചിരിയിലൂടെ പ്രത്യാശ ജനിക്കും. അതാണ് ഇന്നസെന്റ്, അതായിരുന്നു ഇന്നസെന്റ്. ഏത് പ്രതിസന്ധിയിലും ഹ്യൂമറാണ് അദ്ദേഹത്തിന്റെ മറുമരുന്ന്

2013 ലാണ് ഇന്നസെന്റിന് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. സെന്റിമെന്റല്‍ മെലോഡ്രാമയൊന്നും നടപ്പില്ലെന്നു അദ്ദേഹം ആദ്യമേ കുടുംബത്തെ പറഞ്ഞു ബോധ്യപ്പെടുത്തുകയായിരുന്നു. 'ചിരിച്ച മുഖവുമായി മാത്രമേ തന്നെ കാണാവൂ എന്ന് ആദ്യമേ പറഞ്ഞു. ഡോ വി.പി. ഗംഗാധരനാണ് കാന്‍സര്‍ കണ്ടെത്തിയത്. റേഡിയേഷനു പോലും ആഘോഷമായാണ് പോയതെന്നും ഇന്നസെന്റിന്റെ ഇഷ്ടപ്രകാരം അന്നു തൊട്ടേ നിറഞ്ഞ പുഞ്ചിരിയോടെ തന്നെയാണ് രോഗത്തെ എതിരേറ്റതെന്നും ഭാര്യ ആലീസും പറയുന്നു. രോഗം മൂര്‍ച്ഛിക്കുന്ന അവസ്ഥയില്‍ കടുത്ത വിഷാദരോഗത്തിലേക്ക് വഴുതി വീഴാതിരിക്കാന്‍ എഴുത്തിലേക്ക് തിരിയാന്‍ ഇന്നസെന്റിനെ പ്രേരിപ്പിച്ചത് സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ്. ഇന്നസെന്റ് എഴുതി മാതൃഭൂമി പ്രസിദ്ധീകരിച്ച കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകം ഒട്ടേറെ പേര്‍ക്കാണ് പിന്നീട് പ്രചോദനമായത്.

മൂന്ന് തവണയാണ് ഇന്നസെന്റിനെ കാന്‍സര്‍ വരിഞ്ഞു കെട്ടിയത്. ഓരോ തവണയും അത് പൊട്ടിച്ചെറിഞ്ഞപ്പോള്‍ അദ്ദേഹം മനസ്സില്‍ കരുതിയത് ഇങ്ങനെയായിരിക്കാം, ''ഇതല്ല ഇതിലും വലുത് ചാടിക്കടന്നവനാണീ കെ.കെ ജോസഫ്... ''

Content Highlights: actor innocent death life of actor

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ousepachan valakuzhy producer interview missing girl film malayalam cinema crisis
Premium

6 min

അന്ന് ഒഡീഷനെത്തിയത് പതിനായിരം പേര്‍; നവാഗതരെ വച്ച് സിനിമയെടുക്കാന്‍ ചങ്കൂറ്റമുണ്ട്- ഔസേപ്പച്ചന്‍

May 3, 2023


c raja gopala pilla producer Thazahva rajan actor producer passed away his films death memories

5 min

ഓര്‍ക്കുന്നുവോ? അത്രമേല്‍ സിനിമയെ സ്‌നേഹിച്ച ഒരാള്‍ ഇവിടെ ജീവിച്ചിരുന്നു

Mar 4, 2023


vidyasagar

1 min

‘ജനപ്രിയമായ പല ഈണങ്ങളും മനസ്സിലേക്ക് താനേ ഒഴുകിയെത്തിയത്, പല പാട്ടുകളും നിമിഷനേരംകൊണ്ട് പിറന്നവ‘

May 28, 2023

Most Commented