Indrans
ഇന്ദ്രന്‍സ് നായകനായ ഉടല്‍ എന്ന ചിത്രം തിയേറ്ററുകളിലെത്തുകയാണ്. രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ത്രില്ലറാണ്. ദുര്‍ഗ കൃഷ്ണ, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍. തന്റെ സിനിമാജീവിതത്തില്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ആക്ഷന്‍ രംഗങ്ങള്‍ ഉടലിന് വേണ്ടി ചെയ്തതെന്ന് ഇന്ദ്രന്‍സ് മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. ഉടല്‍ ഒരു മികച്ച അനുഭവമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉടലിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ എന്തൊക്കെയായിരുന്നു?
ഏത് സിനിമ ചെയ്യുമ്പോഴും ചെറിയ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടാണ് ഞാന്‍ അഭിനയിക്കാറുള്ളത്. ആത്മവിശ്വാസം തോന്നുന്ന കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാറുള്ളൂ. ഉടലിന്റെ കഥ കേട്ടപ്പോള്‍ വളരെ വ്യത്യസ്തമാണെന്ന് തോന്നിയത് കൊണ്ട് ചെയ്യാമെന്ന് ഉറപ്പിക്കുകയായിരുന്നു. വളരെ മികച്ച ഒരു അനുഭവമായിരുന്നു അത്.
ചിത്രത്തില്‍ ധാരാളം സംഘട്ടനരംഗങ്ങള്‍ ഉണ്ടെന്നാണ് അറിഞ്ഞത്. ആദ്യമാണല്ലോ സിനിമയില്‍ ഇത്രയും ദൈര്‍ഘ്യമുള്ള സംഘട്ടന രംഗങ്ങള്‍ ചെയ്യുന്നത്. ഇത് വെല്ലുവിളിയായിരുന്നോ?
സംഘട്ടനരംഗങ്ങള്‍ നേരത്തേയും ഞാന്‍ ചെയ്തിട്ടുണ്ട്. മുന്‍കാലങ്ങളില്‍ എന്റെ കോമഡി കഥാപാത്രങ്ങള്‍ക്ക് വേണ്ടിയായിരുന്നു അത്. ഉടലിലേത് വളരെ ഗൗരവമുള്ള വേഷമാണ്. ഷൂട്ടിംഗിനിടയില്‍ ഉടനീളം അടികൊള്ളുകയും കൊടുക്കുകയും ചെയ്തു. രണ്ടാഴ്ചയിലേറെ മാഥിയ ശശി സര്‍ എന്നെകൊണ്ട് ആക്ഷന്‍ രംഗങ്ങള്‍ ചെയ്യിച്ചു. തുടക്കത്തില്‍ വെല്ലുവിളി തോന്നിയിരുന്നുവെങ്കിലും കഥാപാത്രമായപ്പോള്‍ എനിക്കത് ചെയ്യാന്‍ ബുദ്ധിമുട്ട് തോന്നിയില്ല. അതിന്റെ ക്രെഡിറ്റ് മാഫിയ ശശി സാറിനാണ്. അതോടൊപ്പം തന്നെ സംവിധായകനും ക്യാമറ ചെയ്ത മനോജ് പിള്ളയും മികച്ച പിന്തുണയാണ് നല്‍കിയത്. മനോജ് പിള്ളയും മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. സിനിമയില്‍ നന്നായി വന്നിട്ടുണ്ടെന്ന് അവര്‍ എല്ലാവരും പറഞ്ഞു. ഇനി പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്.
പ്രേക്ഷകരെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ച നടനാണ്. ഇപ്പോള്‍ തേടിയെത്തുന്നതെല്ലാം ഗൗരവമായ വേഷങ്ങളാണ്. കോമഡി ചെയ്യാന്‍ മോഹം തോന്നാറുണ്ടോ?
തീര്‍ച്ചയായും. കോമഡി കഥാപാത്രങ്ങളിലൂടെയാണ് ഞാന്‍ വളര്‍ന്നത്. ഇപ്പോള്‍ തേടിയെത്തുന്നത് ഗൗരവകരമായ വേഷങ്ങളാണ്. ഇടയ്‌ക്കെങ്കിലും കോമഡി ചെയ്യാന്‍ മോഹമുണ്ട്. അത്തരം കഥാപാത്രങ്ങള്‍ തേടി വരട്ടെ.
ചലച്ചിത്ര അക്കാദമി ഭരണസമിതിയില്‍ നിന്ന് താങ്കളെ ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും കലാസൃഷ്ടികള്‍ അയക്കുമ്പോള്‍ താന്‍ സമിതിയില്‍ അംഗമായിരുന്ന് പുരസ്‌കാര നിര്‍ണയം നടത്തുന്നത് ധാര്‍മികമായി ശരിയല്ലാത് കൊണ്ടാണ് താങ്കള്‍ ഒഴിവായത് എന്നായിരുന്നു പുറത്ത് വന്നത്. ഇതു വലിയ ചര്‍ച്ചയായിരുന്നു. താങ്കള്‍ അത് ശ്രദ്ധിച്ചിരുന്നോ?
സത്യത്തില്‍ സിനിമ പുരസ്‌കാര തിരഞ്ഞെടുപ്പില്‍ ഭരണ സമിതിയംഗങ്ങള്‍ക്ക് വലിയ പങ്കില്ല. ജൂറിയാണ് അത് ചെയ്യുന്നത്. ഞാന്‍ ഒഴിവാകാനുള്ള കാരണം പ്രധാനമായും അതായിരുന്നില്ല. ഭരണസമിതി അംഗങ്ങള്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. പുതിയ പ്രതിഭകളെ കണ്ടെത്തുന്നും മേളയുമായി ബന്ധപ്പെട്ട ജോലികളും എല്ലാം. സിനിമ തിരക്കുകള്‍ ഉളളതിനാല്‍ എനിക്ക് അതിലേക്ക് അധികം ശ്രദ്ധിക്കാന്‍ സാധിക്കില്ലെന്ന ആശങ്കയുണ്ടായിരുന്നു. ചലച്ചിത്ര അക്കാദമി എനിക്ക് നല്‍കിയ അംഗീകാരത്തില്‍ അതിയായ സന്തോഷമുണ്ട്.
Watch Video | ശിവസൈനികരുടെ കമാന്‍ഡര്‍, മറാത്താ സിംഹം; സ്ക്രീനിൽ താക്കറെ പറയുന്നത്
Content Highlights: Actor Indrans Interview Udal Movie Durga Krishna Dhyan Sreenivasan, Ratheesh Reghunandan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..