ഗോകുൽ സുരേഷ് | ഫോട്ടോ: സിദ്ദിഖുൽ അക്ബർ | മാതൃഭൂമി
മലയാളത്തിന്റെ സ്വന്തം ഫയർബ്രാൻഡ് സുരേഷ് ഗോപിയും മകൻ ഗോകുലും പാപ്പൻ സിനിമയിലൂടെ ആദ്യമായി ഒരുമിക്കുകയാണ്. ജോഷിയും സുരേഷ് ഗോപിയും ചേർന്നുള്ള കോംബോ വിജയവഴിയിൽ തിരിച്ചെത്തിയെന്ന് പ്രേക്ഷകപ്രതികരണം തെളിയിക്കുന്നു. സിനിമയെക്കുറിച്ചും അച്ഛനുമായുള്ള ആത്മബന്ധത്തെക്കുറിച്ചും ഗോകുൽ സുരേഷ് മനസ്സുതുറക്കുന്നു.
പാപ്പനിലേക്കുള്ള വരവ് യാദൃച്ഛികമായിരുന്നോ?
ആരും വെച്ചുനീട്ടിയ റോളല്ല പാപ്പനിലേത്. എന്റെ കഥാപാത്രത്തെക്കുറിച്ച് ആദ്യം അറിഞ്ഞത് അച്ഛനാണ്. സ്‌ക്രിപ്റ്റ് വായിച്ചപ്പോൾ മൈക്കിളിന്റെ റോൾ എനിക്ക് പറ്റിയതാണെന്ന് അച്ഛന് തോന്നിയിരുന്നു. പക്ഷേ, ജോഷിസാറിനോട് പറഞ്ഞില്ല. പിന്നീട് ജോഷിസാർ തന്നെയാണ് ഗോകുലിന് ഈ ക്യാരക്ടർ ചെയ്തുകൂടേ എന്ന് തിരക്കിയത്. അങ്ങനെയാണ് സിനിമയുടെ ഭാഗമായത്.
അച്ഛന്റെ ഫാൻബോയ് ആണോ?
സിനിമ ആസ്വദിച്ചുതുടങ്ങിയ കാലംമുതൽ അച്ഛന്റെ ഫാൻബോയ് ആണ് ഞാൻ. ഇപ്പോൾ ഒരുമിച്ച് അഭിനയിക്കാനും കഴിഞ്ഞു. അതിന്റെ ത്രില്ലിലാണ്. പക്ഷേ, ഞാനൊരു പൃഥിരാജ് ഫാനാണ്. തലപ്പാവ്, വാസ്തവം മുതൽ രാജുച്ചേട്ടന്റെ അത്ര ഹിറ്റാവാത്ത ഇടിപ്പടങ്ങൾവരെ എല്ലാം കണ്ടിട്ടുണ്ട്. അതുപോലെ രജനിസാറിന്റെ തമിഴ് സിനിമകളും ആവേശത്തോടെ കാണാറുണ്ട്.

അച്ഛന്റെ ഗുരുനാഥനാണ് ജോഷിസാർ. രണ്ടുപേരും ചേർന്നെടുത്ത ഹിറ്റ് സിനികളെല്ലാം കണ്ടുവളർന്ന ആളാണ് ഞാൻ. ജോഷിസാറിന്റെ അടുത്തെത്തുമ്പോൾ അച്ഛൻ ആളാകെ മാറും. വളരെ സൗമ്യനായി സാർ പറയുന്നതുപോലെ അഭിനയിക്കും. ഞാനൊരു തുടക്കക്കാരനായതുകൊണ്ടുതന്നെ നല്ല പേടിയുണ്ടായിരുന്നു. ജോഷിസാറിന്റെ രീതികളൊന്നും വലിയ പരിചയമില്ല. പക്ഷേ, ഷൂട്ടിങ് തുടങ്ങിയപ്പോൾ എല്ലാ ആശങ്കകളും മാറി. ചില സീനുകൾ സാർ അഭിനയിച്ചുകാണിച്ചുതന്നു. ആ സ്നേഹവും സൗഹൃദവും അനുഭവിക്കാൻ കഴിഞ്ഞു. സാറിനെ നിരാശനാക്കിയില്ല എന്നാണ് വിശ്വാസം.
സിനിമകണ്ട് അഭിപ്രായം പറയുന്ന ആളാണോ അച്ഛൻ?
അച്ഛൻ അങ്ങനെ അഭിപ്രായങ്ങളൊന്നും പറയാറില്ല. അഭിനയവുമായി ബന്ധപ്പെട്ട ഉപദേശങ്ങളൊന്നും ഇതുവരെ തന്നിട്ടില്ല. ആദ്യസിനിമയിൽ അഭിനയിക്കാൻ പോകുമ്പോൾപ്പോലും കാര്യമായൊന്നും പറഞ്ഞിരുന്നില്ല. ‘ഇര’ എന്ന സിനിമ കണ്ടശേഷം ഡബ്ബിങ്ങിലെ ചില കാര്യങ്ങളെക്കുറിച്ച് കുറച്ച് സംസാരിച്ചു. അത്രമാത്രം.
സിനിമയിലേക്കുള്ള വരവിനുപിന്നിൽ അച്ഛന്റെ ഇടപെടലുണ്ടായിരുന്നോ?
എന്റെ ആദ്യ സിനിമമുതൽ പാപ്പൻവരെ ഒന്നിലും അച്ഛൻ ഇടപെട്ടിട്ടില്ല. എനിക്കുവേണ്ടി ചാൻസ് ചോദിച്ചിട്ടുമില്ല. സുരേഷ് ഗോപിയുടെ മകൻ എന്നനിലയിലുള്ള എല്ലാ സൗകര്യങ്ങളും അനുഭവിച്ചിട്ടുണ്ട്, അതെല്ലാം സിനിമയ്ക്ക് പുറത്തായിരുന്നു. മക്കളെ സിനിമയിലേക്ക് കൊണ്ടുവരണം എന്ന് അച്ഛൻ കരുതിയിട്ടില്ല. സമയമാകുമ്പോൾ എല്ലാം നടക്കും എന്ന നിലപാടായിരുന്നു അച്ഛന്.
അച്ഛന്റെ സഹായം ഇല്ലാത്തതിൽ വിഷമം തോന്നിയിരുന്നോ?
ഒരിക്കലുമില്ല. വീണുവീണ് മെല്ലെ നടക്കാൻ പഠിക്കട്ടെ എന്നായിരിക്കാം ഒരുപക്ഷേ, അച്ഛൻ ചിന്തിച്ചിട്ടുണ്ടാവുക. ആദ്യസിനിമയായ മുത്തുഗവുവിലേക്ക് എത്തിയത് വിജയ് ബാബു ചേട്ടൻ വഴിയാണ്. തിരക്കഥ അച്ഛനെ കാണിച്ച് എനിക്ക് താത്പര്യമുണ്ടോ എന്ന് ചോദിക്കുകയായിരുന്നു. അന്നാണ് സിനിമയെക്കുറിച്ച് അച്ഛൻ എന്നോട് ആദ്യമായി എന്തെങ്കിലും സംസാരിക്കുന്നതുതന്നെ.
സിനിമയിലെത്താൻ വൈകിയോ?
മുപ്പതുവയസ്സാകുമ്പോൾ ഒരുപക്ഷേ, സിനിമയിൽ എത്തിയേക്കാം എന്നു കരുതിയ ആളാണ് ഞാൻ. പക്ഷേ 21-ാം വയസ്സിൽതന്നെ ആദ്യസിനിമ ചെയ്യാൻ അവസരം ലഭിച്ചു. വൈകിയിട്ടില്ല എന്നുതന്നെയാണ് കരുതുന്നത്.
സിനിമയ്ക്ക് പുറത്ത് അച്ഛൻ എങ്ങനെയാണ്?
എല്ലാവരോടും സ്നേഹമുള്ള ആളാണ്. വീട്ടിൽവന്നാൽ അങ്ങനെ സിനിമാക്കാര്യങ്ങളൊന്നും സംസാരിക്കാറില്ല. വീട്ടുകാര്യങ്ങളുമായി ഒതുങ്ങിക്കൂടും. ആളുകളെ സഹായിക്കാൻ ഇഷ്ടപ്പെടുന്ന മനസ്സാണ് അച്ഛന്റേത്. രാഷ്ട്രീയത്തിനുപരിയായി അങ്ങനെ ഒരുപാടുപേരെ സഹായിച്ചിട്ടുണ്ട്. അതിനെക്കുറിച്ചുപോലും പലരും മോശമായി സംസാരിക്കുന്നതു കേൾക്കുമ്പോൾ എനിക്ക് ദേഷ്യംവരും. അതിന്റെപേരിൽ പലപ്പോഴും ഞാൻ പ്രതികരിച്ചിട്ടുണ്ട്. ഒരുകാര്യം ചെയ്യാൻ തീരുമാനിച്ചാൽ ആത്മാർഥതയോടെ പൂർത്തിയാക്കാൻ ശ്രമിക്കുന്ന ആളാണ് അച്ഛൻ, സിനിമയ്ക്കകത്തും പുറത്തും.
ഗോകുലിന് ഇഷ്ടമുള്ള അച്ഛന്റെ സിനിമകൾ ഏതാണ്?
എനിക്ക് ഏറ്റവും ഇഷ്ടമുള്ള അച്ഛന്റെ സിനിമ രണ്ടാം ഭാവം ആണ്. ഇന്നലെയിലെ ഡോ. നരേന്ദ്രന്റെ ക്യാരക്ടറും ദി കിങ്ങിൽ അച്ഛൻ ചെയ്ത ഗസ്റ്റ് റോളും ഇഷ്ടമാണ്.
പുതിയ സിനിമകൾ ഏതെല്ലാമാണ്?
അരുൺ ചന്തു സംവിധാനം ചെയ്യുന്ന ‘സായാഹ്നവാർത്തകളാ’ണ് ഉടൻ പുറത്തിറങ്ങാനുള്ളത്. ഗഗനചാരി എന്ന സയൻസ് ഫിക്‌ഷൻ സിനിമയാണ് മറ്റൊന്ന്. ഇത് ഒ.ടി.ടി. റിലീസ് ആയിരിക്കും.
Content Highlights: actor gokul suresh interview, paappan, suresh gopi movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..