നമ്മുടെ ബഹിരാകാശക്കുതിപ്പിനെ 20 വർഷം പിറകോട്ടടിക്കാൻ ചാരക്കേസ് കാരണമായി -മാധവൻ


മാധവൻ / സൂരജ് സുകുമാരൻ

3 min read
Read later
Print
Share

നമ്പി നാരായണന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി മാധവൻ സംവിധാനം ചെയ്ത്‌ അഭിനയിക്കുന്ന സിനിമയാണ്‌ റോക്കട്രി. തന്റെ സ്വപ്നസംരംഭത്തെക്കുറിച്ച്‌ മാധവൻ സംസാരിക്കുന്നു

മാധവൻ | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

മാധവനെ തെന്നിന്ത്യയുടെ പ്രിയനായകനാക്കിയ മണിരത്നം ചിത്രം അലൈപായുതേയുടെ ഷൂട്ടിങ്‌ ആരംഭിച്ചത് കേരളത്തിന്റെ മണ്ണിലായിരുന്നു, അന്നുതൊട്ട് ആർ. മാധവൻ മലയാളിക്ക് ‘ഔവർ’ മാധവനാണ്. കടന്നുപോയ വർഷങ്ങളിൽ വ്യത്യസ്ത റോളുകൾകൊണ്ട് തന്നിലെ അഭിനേതാവിനെ ഉടച്ചുവാർത്ത താരം ഇന്ന് ഇന്ത്യൻ സിനിമയിലെ എണ്ണംപറഞ്ഞ അഭിനേതാക്കളിലൊരാളാണ്. വർഷങ്ങൾക്കിപ്പുറം മാധവൻ വീണ്ടും മലയാള മണ്ണിലേക്കെത്തിയിരിക്കുകയാണ്, ആദ്യ സംവിധാനസംരംഭവുമായി. മലയാളി ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതത്തെ അടിസ്ഥാനമാക്കി മാധവൻ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘റോക്കട്രി’ - ദി നമ്പി എഫക്ട്. നമ്പി നാരായണന്റെ ജീവിതത്തിലെ കാണാക്കഥകളിലേക്ക് വെളിച്ചംവീശുന്ന ചിത്രത്തിൽ മാധവൻ തന്നെയാണ് നമ്പി നാരായണനാകുന്നത്. തന്റെ സ്വപ്നസിനിമയുടെ വിശേഷങ്ങളെക്കുറിച്ച് ആർ. മാധവൻ സംസാരിക്കുന്നു.

ആദ്യ സംവിധാനസംരംഭത്തിന് എന്തുകൊണ്ട് നമ്പി നാരായണന്റെ ജീവിതം തിരഞ്ഞെടുത്തു?

നമ്പി നാരായണൻ എന്ന ഇന്ത്യകണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞരിൽ ഒരാളെക്കുറിച്ച് ഞാനാദ്യം കേൾക്കുന്നത് ചാരക്കേസ് വിവാദവുമായി ബന്ധപ്പെട്ട വാർത്തകളിൽനിന്നാണ്. എന്നാൽ, അപ്രതീക്ഷിതമായി ഒരു വാർത്താച്ചാനലിൽ അദ്ദേഹത്തിന്റെ അഭിമുഖം കണ്ടപ്പോൾ ആ ജീവിതത്തെക്കുറിച്ച് കൂടുതൽ അറിയണമെന്നുതോന്നി. അങ്ങനെ അദ്ദേഹത്തെ നേരിൽ കാണുകയും ഏറെ സംസാരിക്കുകയും ചെയ്തു. ആ കൂടിക്കാഴ്ചയിൽനിന്നുകിട്ടിയ ഊർജത്തിലാണ് ‘റോക്കട്രി’യുടെ ആദ്യ ഡ്രാഫ്റ്റ് എഴുതുന്നത്. ആദ്യ ഡ്രാഫ്റ്റ് അദ്ദേഹത്തെ കാണിച്ചപ്പോഴാണ് തന്റെ ശാസ്ത്രജീവിതത്തെക്കുറിച്ചും കണ്ടുപിടിത്തങ്ങളെക്കുറിച്ചുമെല്ലാം കൂടുതലായി അദ്ദേഹം പറഞ്ഞുതന്നത്. ആ വിവരങ്ങളെല്ലാം ഞാൻ ഇതുവരെ എവിടെയും വായിച്ചറിയാത്തവയായിരുന്നു. ഇന്നും നമ്മുടെ നാട്ടിലെ പലർക്കും എന്തിനാണ് രാജ്യം നമ്പി നാരായണന് പദ്‌മഭൂഷൺ നൽകി ആദരിച്ചതെന്ന് ചോദിച്ചാൽ കൈമലർത്തും. കാരണം അദ്ദേഹത്തിന്റെ ജീവിതത്തിലെ വിവാദങ്ങളെക്കുറിച്ച് അറിയാമെന്നല്ലാതെ അദ്ദേഹം രാജ്യത്തിന് നൽകിയ നേട്ടങ്ങളെക്കുറിച്ച് ഇന്നും ആരും ബോധവാന്മാരല്ല. ആദ്യഘട്ടത്തിൽ ഞാനായിരുന്നില്ല ഈ സിനിമയുടെ സംവിധായകൻ. ഷൂട്ടിങ് തുടങ്ങാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ അവസാനനിമിഷത്തിൽ സംവിധായകൻ പിന്മാറി. എനിക്കുമുമ്പിൽ രണ്ട് ഓപ്ഷനുകളാണുണ്ടായിരുന്നത്. ഒന്ന് സിനിമ ഉപേക്ഷിക്കുക, രണ്ടാമത്തേത് സംവിധാനം ഏറ്റെടുക്കുക. ഈ കാര്യം നമ്പി നാരായണൻസാറോട് സംസാരിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയാണ്: ‘‘എന്റെ ജീവിതത്തെക്കുറിച്ചും ശാസ്ത്രത്തെക്കുറിച്ചും മറ്റേത് സംവിധായകനെക്കാളും നല്ലരീതിയിൽ താങ്കൾക്കറിയാം. അതുകൊണ്ട് താങ്കൾ തന്നെ ഈ സിനിമ സംവിധാനം ചെയ്യണം’’. ആയൊരു പ്രോത്സാഹനത്തിൽനിന്നാണ് ഞാൻ സംവിധാനത്തൊപ്പിയണിഞ്ഞത്.

മാധവനും നമ്പി നാരായണനും | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

ചാരക്കേസ് രാജ്യത്തിനുണ്ടാക്കിയ നഷ്ടം എത്രമാത്രം വലുതാണെന്ന് റോക്കട്രി പൂർത്തിയാകുമ്പോൾ തിരിച്ചറിയുന്നുണ്ടോ?

നമ്മുടെ ബഹിരാകാശക്കുതിപ്പിനെ 20 വർഷം പിറകോട്ടടിക്കാൻ ചാരക്കേസ് കാരണമായിമാറി. ഈ വിവാദം ഉണ്ടായില്ലെങ്കിൽ ക്രയോജനിക് എൻജിനടക്കം ഇന്ത്യൻ ബഹിരാകാശലോകത്തിന് നാഴികക്കല്ലാകുന്ന മുന്നേറ്റങ്ങൾ ’90-കളിൽ സംഭവിക്കുമായിരുന്നു. ഇന്ന് ഐ.എസ്.ആർ.ഒ. മികവുറ്റ പ്രവർത്തനം നടത്തുന്നുണ്ട് എന്നതിൽ സംശയമില്ല. പക്ഷേ, ഈ വിവാദമില്ലായിരുന്നെങ്കിൽ നമ്മൾ കുറെദൂരംകൂടി മുന്നേറുമായിരുന്നു. സാധാരണനിലയിൽ എല്ലാ ബയോപിക്ക് സിനിമകളിലും കുറച്ച് സിനിമാറ്റിക് ഘടകങ്ങൾ ഉൾപ്പെടുത്താറുണ്ട്. ഒരു കൊമേഴ്സ്യൽ സിനിമയാക്കി അതിനെ മാറ്റാനും മാർക്കറ്റ് ചെയ്യാനുമാണ് അത്തരത്തിൽ കഥയിൽ പുതിയ കാര്യങ്ങൾ ഉൾപ്പെടുത്തുന്നത്. റോക്കട്രിയിൽ അത്തരത്തിൽ യഥാർഥ്യമില്ലാത്ത ഒരു സംഭവംപോലും ഉൾപ്പെടുത്തിയിട്ടില്ല. പത്തു മണിക്കൂർ ഷൂട്ട് ചെയ്യാനുള്ള സംഭവങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, രണ്ടരമണിക്കൂർ എന്ന സമയനിബന്ധന ഉള്ളതിനാൽ കുറെ കാര്യങ്ങൾ ഒഴിവാക്കേണ്ടിവന്നു. സത്യമല്ലാതെ ഒന്നും ഞാൻ റോക്കട്രിയിലൂടെ പറയുന്നില്ല.

ബഹുഭാഷാ റീലിസാണ് റോക്കട്രി, ആദ്യഘട്ടംമുതൽ അത്തരമൊരു പാൻ ഇന്ത്യ സിനിമയായാണോ സമീപിച്ചത്?

ഇതൊരു ലോകസിനിമയാണ്. അതുകൊണ്ട് ലോകത്തെവിടെയുള്ള പ്രേക്ഷകരുമായി എളുപ്പത്തിൽ ഈ സിനിമയ്ക്ക് സംവദിക്കാൻ കഴിയും. ഒരുരാജ്യത്തും ഇനിയൊരു ശാസ്ത്രജ്ഞനും നമ്പി നാരായണനുണ്ടായപോലൊരു അനുഭവമുണ്ടാകരുത്. രണ്ടുതരം രാജ്യസ്നേഹികളാണ് എല്ലാ രാജ്യത്തുമുള്ളത്. യുദ്ധംപോലുള്ള പ്രശ്നങ്ങൾ വരുമ്പോൾ മാത്രം ‘ഭാരത് മാതാ കീ ജയ്’ വിളിച്ച് തെരുവിലിറങ്ങുന്നവരാണ് ഒന്നാമത്തെ വിഭാഗം. എന്നാൽ, രണ്ടാമത്തെ വിഭാഗം അവരുടെ ജീവിതംതന്നെ രാജ്യത്തിന്റെ ഉയർച്ചയ്ക്കുവേണ്ടി സമർപ്പിക്കുന്നവരാണ്. തങ്ങളുടെ നേട്ടങ്ങൾ ആരും ഓർമിക്കില്ലെന്നും അംഗീകരിക്കപ്പെടില്ലെന്നുമറിഞ്ഞിട്ടും അവർ രാജ്യസേവനം തുടർന്നുകൊണ്ടേയിരിക്കും. ഈ രാജ്യത്ത് ഒരു റോഡിനോ തെരുവിനോപോലും തങ്ങളുടെ പേരിടില്ലെന്നും അവർക്കറിയാം. ഒന്നും പ്രതീക്ഷിക്കാതെ തങ്ങളുടെ കഴിവ് രാജ്യത്തിനു നൽകുന്ന അത്തരം സൂപ്പർഹീറോസാണ് ഓരോ രാജ്യത്തെയും മഹത്തരമാക്കുന്നത്. പക്ഷേ, നമ്മൾ പലപ്പോഴും ആ രാജ്യസ്നേഹികളെ ചെയ്യാത്ത കുറ്റത്തിന്റെപേരിൽ രാജ്യദ്രോഹികളായി മുദ്രകുത്തുന്നു. ഞാൻ ഈ സിനിമ ഷൂട്ട് ചെയ്യാനായി വിദേശരാജ്യങ്ങളിലെ സയൻസ് സെന്ററുകൾ സന്ദർശിച്ചപ്പോൾ, നമ്പി നാരായണനെക്കുറിച്ച് പറഞ്ഞപ്പോൾ അവർ നൽകിയ ബഹുമാനം മാത്രം മതി അദ്ദേഹത്തിന്റെ മൂല്യം മനസ്സിലാക്കാൻ. പക്ഷേ, ഇവിടെ ആരും ആ മൂല്യം തിരിച്ചറിയുന്നില്ല എന്നതാണ് ഏറെ സങ്കടം. പാൻ ഇന്ത്യൻ ലെവലിലുള്ള ഒരുപാട് സിനിമകൾ പോയവർഷങ്ങളിൽ വരുകയും വലിയ വിജയം നേടുകയും ചെയ്തു. ഇനി നമ്മൾ സിനിമകൾ ഉണ്ടാക്കേണ്ടത് പാൻ ഇന്ത്യ ലെവലിലല്ല, മറിച്ച് പാൻ വേൾഡ് ലെവലിലേക്ക് വേണ്ടിയാകണം. സ്പൈഡർമാൻ എന്ന യു.എസ്. ചിത്രം ഇന്ത്യയിൽനിന്ന് 100 കോടി നേടുന്നതുപോലെ ‘കുറുപ്പ്’ പോലുള്ള ഇന്ത്യൻ സിനിമകൾക്ക് യു.എസിൽനിന്ന് 100 കോടി നേടാനാകണം. ആ ഉയരത്തിലേക്ക് അധികം വൈകാതെ ഇന്ത്യൻ സിനിമ എത്തുമെന്നാണ് എന്റെ വിശ്വാസം.

Content Highlights: actor director r madhavan about rocketry the nambi effect, nambi narayanan, isro spy case

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
KG George and Mammootty

കെ.ജി. ജോർജ് കണ്ടു, മമ്മൂട്ടിയുടെ മനസ്സിലെ മാന്ത്രികക്കുതിരയെ

Sep 26, 2023


ramla beegum

1 min

കൊടുവള്ളിയുടെ ഓർമകളിൽ നൊമ്പരമായി പാതിമുറിഞ്ഞ ആ കഥപറച്ചിൽ

Sep 29, 2023


ANJANA jayaprakash
INTERVIEW

'ജയലളിതയുടെ ചെറുപ്പകാലം അഭിനയിച്ചത് ഞാനാണ്; ഇപ്പോൾ പാച്ചുവിന്റെ ഹംസധ്വനി'

Apr 29, 2023

Most Commented