അനൂപ് മേനോൻ | ഫോട്ടോ: വി.പി. പ്രവീൺകുമാർ | മാതൃഭൂമി
അനൂപ് മേനോൻ തിരക്കഥയെഴുതി നിർമാണവും സംവിധാനവും നിർവഹിച്ച പത്മ തിയേറ്ററുകളിലെത്തി. സിനിമയെക്കുറിച്ച് അനൂപ് മേനോൻ സംസാരിക്കുന്നു
അഭിനേതാവ്, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നീ റോളുകളിൽ നേരത്തേ തിളങ്ങിയിരുന്നു. ഇപ്പോൾ സംവിധായകൻ, നിർമാതാവ് എന്നീ വേഷങ്ങളും...
പത്മ സിനിമയുടെ കഥ മറ്റൊരാളെ പറഞ്ഞ് മനസ്സിലാക്കാൻ പ്രയാസമാണ്. മറ്റൊരാൾക്ക് അതൊരു സിനിമയായി തോന്നാനേ ഇടയില്ല. അതുകൊണ്ടാണ് ഞാൻതന്നെ സംവിധാനം ചെയ്യാൻ തീരുമാനിച്ചത്. അപ്പോൾ വേറൊരാളെ കൺവിൻസ് ചെയ്യേണ്ട ആവശ്യം വരുന്നില്ലല്ലോ. മലയാളത്തിൽ ഇപ്പോൾ അധികം കാണാത്ത കുടുംബസിനിമയുടെ ഗണത്തിൽപ്പെടുന്ന ചിത്രമാണിത്. ഭാര്യാ-ഭർത്തൃ ബന്ധത്തിന്റെ സരളവും ലളിതവുമായ ആഖ്യാനം. ഉള്ളടക്കമാണ് ഈ സിനിമയുടെ കരുത്ത്. അതുകൊണ്ട് സംവിധായകൻ എന്ന നിലയ്ക്കുള്ള വലിയ സാങ്കേതിക പരിജ്ഞാനമൊന്നും ആവശ്യമായിരുന്നില്ല.
കുടുംബകഥയിലേക്ക് തിരിച്ചുപോകാൻ
അതുവരെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത രണ്ടുപേർ ഒരു പ്രത്യേക സാഹചര്യത്തിൽ ഒരുമിച്ച് ജീവിക്കുന്ന സിസ്റ്റമാണ് കുടുംബം. ഒരു ലോഡ്ജ് മുറിയിൽപ്പോലും മറ്റൊരാളുടെ കൂടെ താമസിക്കാൻ ഇഷ്ടപ്പെടാത്തവരാണ് നമ്മളിലേറെയും. അങ്ങനെ നോക്കുമ്പോൾ കുടുംബം എന്ന സമ്പ്രദായം എനിക്ക് വല്ലാത്ത അദ്ഭുതമാണ്. നാഗരികമായ പശ്ചാത്തലത്തിൽ കുടുംബ ബന്ധത്തിലെ ഗണിതശാസ്ത്രവും സാമൂഹികശാസ്ത്രവും അന്വേഷിക്കുന്ന സിനിമയാണിത്. കല്യാണം കഴിച്ചവർക്കും കഴിക്കാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടിയുള്ള സിനിമ. കല്യാണത്തോട് താത്പര്യമില്ലാത്തവരെ ഉദ്ദേശിച്ചുള്ളതല്ല.
സംവിധായകൻ എന്ന നിലയ്ക്ക് വലിയ വെല്ലുവിളിയുണ്ടായോ?
എന്റെ സൗഹൃദവലയത്തിൽനിന്നുണ്ടായ ചിത്രമാണിത്. എന്നെയും സുരഭി ലക്ഷ്മിയെയും മാറ്റിനിർത്തിയാൽ, മിക്കവാറും പുതുമുഖങ്ങളാണ് അണിയറയിലുള്ളത്. സിനിമറ്റോഗ്രാഫറായ മഹാദേവൻ തമ്പി, സംഗീത സംവിധായകൻ നിനോയ് വർഗീസ്, കലാസംവിധായകൻ ദുന്ദുഭി അങ്ങനെ ഒരുകൂട്ടം പുതുമുഖങ്ങൾ. ഞങ്ങളുടെ സൗഹൃദത്തിലൂടെ രൂപപ്പെട്ടതുകൊണ്ട് സംവിധായകൻ എന്ന നിലയ്ക്ക് എനിക്ക് സമ്മർദങ്ങളൊന്നുമുണ്ടായിരുന്നില്ല.
ആദ്യം സംവിധാനംചെയ്ത കിങ്ഫിഷ് എന്ന സിനിമയ്ക്ക് എന്തുസംഭവിച്ചു?
സിനിമ പൂർത്തിയായെങ്കിലും സാങ്കേതിക കാരണങ്ങളാൽ റിലീസ് ചെയ്യാനായില്ല. സെപ്റ്റംബറോടെ അതും തിയേറ്ററിൽ വരും. സംവിധാനം ചെയ്ത രണ്ടുചിത്രങ്ങൾ അടുപ്പിച്ച് പുറത്തുവരുന്നു എന്ന സന്തോഷമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..