ടൊവിനോയ്ക്കൊപ്പം ധീരജ് ഡെന്നി
മലയാള സിനിമയിലെ വിലപിടിപ്പുള്ള രണ്ട് യുവ താരങ്ങളാണ് നിവിൻ പോളിയും ടൊവിനോ തോമസും.ഇവർ തമ്മിൽ ഒരുപാട് സാമ്യങ്ങളുണ്ട്. രണ്ട് പേരും എഞ്ചിനീയർമാർ, സിനിമയോടുള്ള അടങ്ങാത്ത ഇഷ്ടം കൊണ്ട് ജോലി രാജിവച്ച് വെള്ളിത്തിരയിൽ ഭാഗ്യം പരീക്ഷിക്കാനിറങ്ങി. യാതൊരുവിധ സിനിമാ പാരമ്പര്യവുമില്ലാതെ കഠിനാധ്വാനം കൊണ്ട് മലയാള സിനിമയിലെ മിന്നും താരങ്ങളായി. ഇവർ രണ്ടു പേരും ബന്ധുക്കളാണെന്നത് വേറൊരു വസ്തുത. ആലുവക്കാരനായ നിവിനെയും തൃശ്ശൂർക്കാരനായ ടൊവിനോയെയും ബന്ധുക്കളാക്കുന്ന ഒരു 'ലിങ്കു'ണ്ട്. അക്കഥ പങ്കുവയ്ക്കുകയാണ് യുവനടൻ ധീരജ് ഡെന്നി.
നിവിന്റെയും ടൊവിനോയുടെയും സഹോദരൻ. എഞ്ചിനീയറിങ്ങ് പഠിച്ച് ജോലിക്ക് കയറിയെങ്കിലും സിനിമയോടുള്ള ഇഷ്ടം കാരണം ചേട്ടന്മാരുടെ പാത പിന്തുടർന്ന് ജോലി രാജി വച്ചു. വെള്ളിത്തിരയിൽ ഭാഗ്യം പരീക്ഷിക്കാൻ തന്നെയാണ് ധീരജിന്റെയും തീരുമാനം. ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത് കുറച്ച് വർഷങ്ങളായി സിനിമയിലുണ്ടെങ്കിലും താൻ ആദ്യമായി നായകനായെത്തുന്ന കർണൻ നെപ്പോളിയൻ ഭഗത് സിങ്ങ് എന്ന ചിത്രം പ്രേക്ഷകരിലേക്കെത്താൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ധീരജ്. സിനിമയോടുള്ള അടങ്ങാത്ത ആവേശമാണ് ധീരജിന്റെ വാക്കുകളിൽ. തനിക്ക് നായകനാവണമെന്നില്ല നല്ല നടനായാൽ മതിയെന്ന് ധീരജ് പറയുന്നതും അതുകൊണ്ട് തന്നെ. സിനിമാ വിശേഷങ്ങളുമായി ധീരജ് മാതൃഭൂമി ഡോട് കോമിനൊപ്പം ചേരുന്നു.
നിവിനെയും ടൊവിനോയെയും ബന്ധിപ്പിക്കുന്ന ആ 'ലിങ്ക്'
ടൊവി എന്റെ അമ്മയുടെ ചേട്ടന്റെ മകനാണ്. നിവിൻ ചേട്ടൻ എന്റെ അച്ഛന്റെ ചേട്ടന്റെ മകനും. നിവിൻ ചേട്ടനും ടൊവിയും ബന്ധുക്കളാണെന്ന് പലർക്കും അറിയാം. അതെങ്ങനെ എന്ന് അധികമാർക്കും അറിയില്ല. അവരെ രണ്ട് പേരെയും ബന്ധുക്കളാക്കുന്ന ആ 'ലിങ്ക്' എന്റെ കുടുംബമാണ്. നിവിൻ ചേട്ടൻ എനിക്ക്മൂത്ത ജ്യേഷ്ഠന്റെ സ്ഥാനത്താണ്. ഈ ബിഗ് ബിയിലെ മമ്മൂക്കയെ ഒക്കെ പോലെ. കുഞ്ഞിലേ തൊട്ട് റോൾ മോഡലായി കണ്ടിരുന്ന ആളാണ്. പണ്ടേ തൊട്ട് ഞങ്ങളൊന്നിച്ചാണ്. സിനിമയോടുള്ള എന്റെ ഇഷ്ടം പറഞ്ഞ സമയത്ത് പുള്ളി എനിക്ക് ഒരുപാട് ടിപ്സ് ഒക്കെ പറഞ്ഞു തന്നിരുന്നു. പുള്ളിയുടെ കഷ്ടപാടുകളിൽ നിന്നും അനുഭവങ്ങളിൽ നിന്നും മനസിലാക്കിയ കാര്യങ്ങളാണത്.
ടൊവിയുടെ കാര്യം പറയുമ്പോൾ വ്യത്യാസമുണ്ട്. ഞങ്ങൾ ഏതാണ്ട് ഒരേ പ്രായമാണ്. കുഞ്ഞിലേ തൊട്ട് അലമ്പാണ്. സത്യം പറഞ്ഞാൽ ടൊവിയുടെ അടുത്ത് ഒരു ഉപദേശം ചോദിക്കാൻ പോവാൻ എനിക്ക് ചമ്മലാണ്. ഒരേ പ്രായമല്ലേ..ഒരേ വൈബാണ്. സിനിമയുടെ കാര്യത്തിൽ അവനും ഭയങ്കര പിന്തുണയാണ്. അവനൊപ്പം അഭിനയിക്കുമ്പോൾ ഞാൻ വളരെയധികം കംഫർട്ടബിളായിരുന്നു. പിന്നെ പലരും പറഞ്ഞിട്ടുണ്ട് ടൊവിയുടെ ശബ്ദവുമായി എന്റെ ശബ്ദത്തിന് വളരെയധികം സാമ്യമുണ്ടെന്ന്. കർണന്റെ ഡബ്ബിങ്ങിന് അത് മാറ്റിപിടിക്കണം. എന്റെ സംസാരത്തിലും ഒരു തൃശ്ശൂർ സ്ലാങ്ങ് ഉണ്ട്. പക്ഷേ ഞാൻ പക്കാ ആലുവക്കാരനാണ്.
പള്ളിക്കൂട്ടായ്മയും നാടകവും
സ്കൂൾ കാലം തൊട്ടേ നാടകത്തിലൊക്കെ പങ്കെടുക്കാറുണ്ട്. പിന്നെ ഞങ്ങളുടെ പള്ളിയിൽ സി എൽ സി എന്ന യൂത്തിന്റെ ഒരു കൂട്ടായ്മ ഉണ്ട്. എല്ലാ മാസാവസാനവും ഈ കൂട്ടായ്മയുടെ ഭാഗമായി എന്തെങ്കിലും പരിപാടികൾ ഉണ്ടാവാറുണ്ട്. തെരുവുനാടകം പോലുള്ളവ. അതിലൊക്കെ സജീവമായിരുന്നു. എന്റെ പള്ളിയിൽ തന്നെയായിരുന്നു നിവിൻ ചേട്ടനും സിജു വിത്സണും അൽഫോൺസ് ചേട്ടനുമെല്ലാം. ഞാൻ നോക്കുമ്പോൾ നമ്മുടെ സീനിയേഴ്സൊക്കെ ഈ പള്ളി പരിപാടികളിലും കൂട്ടായ്മകളിലുമൊക്കെ സജീവമാണ്. അവരുടെ ബാച്ച് കഴിഞ്ഞാൽ പിന്നെ നമ്മുടെ ബാച്ച് ആണ്. അങ്ങനെ അവരുടെ പാത പിന്തുടർന്ന് അതിലേക്ക് തന്നെ എത്തി.
ജോലി രാജിവച്ച് സിനിമയിലേക്ക്
ബി.ടെക് ആണ് പഠിച്ചത്. പഠിത്തം കഴിഞ്ഞ ഉടനെ ബാഗ്ലൂരിൽ ഒരു സോഫ്റ്റ് വെയർ കമ്പനിയിൽ ജോലിക്ക് കയറി. അന്നും അഭിനയ മോഹം ഉള്ളിലുണ്ടായിരുന്നു. അതിനിടക്ക് കൊച്ചി ഫാഷൻ വീക്ക് പോലുള്ള മോഡലിങ്ങ് പരിപാടിക്ക് പോവാറുണ്ടായിരുന്നു. അവിടെ വച്ച് കോട്ടയം പ്രദീപേട്ടന്റെ മകൻ വിഷ്ണുവിനെ പരിചയപ്പെട്ടു. പുള്ളി ഒരുക്കിയ എങ്ങനെ തുടങ്ങാം എന്ന ഹ്രസ്വ ചിത്രത്തിൽ അഭിനയിച്ചു. അത് ചെയ്ത് കഴിഞ്ഞപ്പോൾ ഇത് നമുക്ക് പറ്റും എന്നൊരു തോന്നൽ വന്നിരുന്നു.
ആ സമയത്ത് നിവിൻ ചേട്ടൻ തട്ടത്തിൻ മറയത്ത് ചെയ്ത സമയമാണ്. ടൊവി സിനിമയിൽ നിൽക്കാൻ പരിശ്രമിക്കുന്ന സമയവും. പ്രഭുവിന്റെ മക്കളിന് ശേഷം എബിസിഡി ചെയ്യുന്ന സമയം. ഇവരും എഞ്ചിനീയർ ജോലി ഉപേക്ഷിച്ച് സിനിമ സ്വീകരിച്ചവരാണ്. ഇതെല്ലാം എന്റെ കണ്മുന്നിലുണ്ട് താനും. ആദ്യത്തെ ഷോർട് ഫിലിം തന്ന ധൈര്യത്തിന്റെ പുറത്താണ് ഒരു മൂന്ന് വർഷം സിനിമയ്ക്കായി പരിശ്രമിക്കാം എന്ന് കരുതി ജോലി രാജി വച്ച് ഞാനും വീട്ടിലെത്തുന്നത്. രാജി വച്ച ശേഷം അനുഗ്രഹീതൻ ആന്റണി എന്ന ചിത്രം സംവിധാനം ചെയ്യുന്ന പ്രിൻസ് ആന്റണി ഒരുക്കിയ ഒരു ഷോർട്ഫിലിമിലും വേഷമിട്ടു.
അതിന് ശേഷമാണ് സുനിൽ ഇബ്രാഹിം ഒരുക്കിയ വൈ എന്ന സിനിമ ചെയ്യുന്നത്.സെൽഫി വീഡിയോ അയച്ച് ഓഡിഷൻ വഴിയാണ് ചിത്രത്തിലേക്ക് തിരഞ്ഞെടുക്കുന്നത്. സുനിൽ ചേട്ടൻ അന്നേരം നിവിൻ ചേട്ടനെ വച്ച് ചാപ്റ്റേഴ്സ്, അരികിൽ ഒരാൾ എന്നീ് സിനിമകൾ സംവിധാനം ചെയ്തിരുന്നു. പക്ഷേ ഞാൻ നിവിൻ ചേട്ടന്റെ സഹോദരനാണെന്ന കാര്യം പുള്ളിക്ക് അറിയില്ലായിരുന്നു. ഷൂട്ടിന്റെ സമയത്താണ് അക്കാര്യം പുള്ളി അറിയുന്നത്. സത്യത്തിൽ ഈ സ്വജനപക്ഷപാതമെന്ന സംഗതി വേണ്ടെന്ന് കരുതിയാണ് നിവിൻ ചേട്ടനും ടൊവിയുമായുള്ള ബന്ധമൊന്നും എവിടെയും പറയാതിരുന്നത്. എന്റെതായ രീതിയിൽ ശ്രമിക്കുന്നത് എനിക്ക് തന്നെ ഗുണം ചെയ്യുമല്ലോ. 'െൈവ'ക്ക് ശേഷം വാരിക്കുഴിയിലെ കൊലപാതകത്തിൽ വേഷമിട്ടു. പക്ഷേ ആളുകൾ കുറച്ചെങ്കിലും തിരിച്ചറിഞ്ഞു തുടങ്ങിയത് കൽക്കിയിലെ കഥാപാത്രത്തിലൂടെയാണ്. ആർക്കും പാവം തോന്നിപ്പോകുന്ന ഗോവിന്ദൻ എന്ന കഥാപാത്രമായിരുന്നു കൽക്കിയിലേത്. ടൊവി വഴിയാണ് കൽക്കിയുടെ ഓഡിഷനിലെത്തുന്നത്. ഈ സിനിമയുടെ ചിത്രീകരണ സമയത്താണ് കർണൻ നെപ്പോളിയൻ ടീം എന്നെ സമീപിക്കുന്നത്.
നായകനായുള്ള അരങ്ങേറ്റ ചിത്രം
നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് കർണൻ നെപ്പോളിയൻ ഭഗത് സിങ്ങ്. ഒരു ത്രില്ലർ മൂഡിലുള്ള ചിത്രമാണ്. അതിൽ പോലീസ് കഥാപാത്രമാണ് എന്റേത്. എസ്.ഐ. ടെസ്റ്റ് പാസായി നിൽക്കുന്ന ഒരു കഥാപാത്രം. രൂപേഷ് എന്നാണ് കഥാപാത്രത്തിന്റെ പേര്. കുടുംബത്തിനായി ജീവിക്കുന്ന ഒരാളാണ് രൂപേഷ്. ചിത്രത്തിൽ എന്റെ സുഹൃത്തുക്കളുടെ വേഷം അവതരിപ്പിക്കുന്നത് അൽത്താഫ്, എൽദോ, അനീഷ് എന്നിവരാണ്. സിനിമയുടെ ആദ്യ പകുതിയും രണ്ടാമത്തെ പകുതിയും വളരെ വ്യത്യസ്തമാണ്. രണ്ട് സിനിമ പോലെ നമുക്ക് അനുഭവപ്പെടുന്ന മാറ്റം ഉണ്ട്. തുടങ്ങുന്നത് കുടുംബചിത്രമായിട്ടാണെങ്കിലും പതിയെ ത്രില്ലർ മൂഡിലേക്കാണ് ചിത്രം പ്രേക്ഷകനെ കൊണ്ടു പോവുക.
നായകൻ എന്നതിലുപരി നല്ല നല്ല കഥാപാത്രങ്ങൾ ചെയ്യണം. നല്ലൊരു നടനാണ് അവൻ എന്ന് പറഞ്ഞു കേൾക്കണമെന്നാണ് ആഗ്രഹം.
Content Highlights : Actor Dheeraj Denny Interview Karnan Nepolean Bhagath Singh Dheeraj denny Cousin brother of Nivin Pauly and Tovino
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..