ലാരംഗത്ത് അറിയപ്പെടാന്‍ തുടങ്ങിയകാലംതന്നെ മോട്ടിവേഷന്‍ ട്രെയിനറായും ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. അതിനെനിക്ക് ഭാഗ്യം ഒരുക്കിയത് കോഴിക്കോട്ടെ ഇന്ത്യന്‍ യൂത്ത് അസോസിയേഷന്‍ എന്ന സംഘടനയാണ്. ഈ സംഘടനയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന കാലത്ത് ഡല്‍ഹിയിലും ഒഡിഷയിലും നടന്ന യൂത്ത് ക്യാമ്പുകള്‍ക്ക് പങ്കെടുക്കാന്‍ അവസരം ലഭിച്ചു. അക്കാലത്ത് പ്രഗല്ഭരായ ചില ട്രെയിനര്‍മാരുടെ ക്ലാസിലിരുന്നപ്പോള്‍, ഒരു പരിശീലകനാകണം എന്ന മോഹം ഉദിച്ചു. അങ്ങനെ കേരളത്തിലെ മിക്ക വിദ്യാഭ്യാസസ്ഥാപനങ്ങളിലും മോട്ടിവേഷന്‍ ക്ലാസ് എടുത്തിരുന്നു. ഒരു കലാകാരന്‍ ക്ലാസ് എടുക്കുന്നതുകൊണ്ടാവാം കുട്ടികള്‍ക്ക് അത് ഒരുപാട് ഇഷ്ടമായിരുന്നു. ഒരു ദിവസം തൃശ്ശൂര്‍ ജില്ലയില്‍ വലപ്പാട് സ്‌കൂളിലേക്ക് ക്ഷണംവന്നു. ഞാന്‍ ചെന്നു.

വിനോദന്‍ എന്ന വിരുതന്‍

സ്‌കൂളില്‍ എത്തിയപ്പോഴാണ് കുഞ്ഞുണ്ണി മാഷാണ് സ്‌കൂള്‍ പ്രോഗ്രാമിന്റെ ഉദ്ഘാടകന്‍ എന്നറിഞ്ഞത്. അപ്പോഴാണ് ഓര്‍ത്തത് വലപ്പാട് കുഞ്ഞുണ്ണി മാഷുടെ നാടാണല്ലോ എന്ന്. ഹെഡ്മാസ്റ്ററുടെ റൂമില്‍വെച്ച് കുഞ്ഞുണ്ണി മാഷെ ആദ്യമായി കാണുകയാണ്. ഇതിനുമുന്‍പ് പത്രങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയുമാണ് മാഷിനെ അറിയുന്നത്. ഹെഡ്മാസ്റ്റര്‍ കുഞ്ഞുണ്ണി മാഷിന് എന്നെ പരിചയപ്പെടുത്തി. കുട്ടികളെ പാട്ടും കളികളും മിമിക്രിയുമൊക്കെയായി രസിപ്പിക്കാന്‍ വന്നയാളാണ്, ഞാന്‍ മാഷിനോട് കൈകൂപ്പി കാലുതൊട്ട് വന്ദിച്ചു. തലയില്‍ കൈവെച്ച് മാഷ് എന്നെ അനുഗ്രഹിച്ചു. എന്താ പേരെന്ന് ചോദിച്ചു. വിനോദ് എന്ന് ഞാന്‍ മറുപടിയും പറഞ്ഞു. പിന്നെ ചടങ്ങ്. ഞാന്‍ മാഷോടൊപ്പം സ്റ്റേജില്‍ ഇത്തിരി അഭിമാനത്തോടെത്തന്നെ ഇരുന്നു. മാഷ്ടെ ഉദ്ഘാടനപ്രസംഗം നന്നായി ആസ്വദിച്ചു.

പ്രസംഗം നിര്‍ത്തുമ്പോള്‍ മാഷ് പറഞ്ഞു: ''ഇനി നിങ്ങളെ രസിപ്പിക്കാനും ചിരിപ്പിക്കാനും കോഴിക്കോട്ടുനിന്ന് വിനോദന്‍ എന്നാരു വിരുതന്‍ ഇവിടെ എത്തീട്ട്ണ്ട്. ആ ചെറുപ്പക്കാരനുവേണ്ടി ഞാന്‍ പ്രസംഗപീഠം ഒഴിഞ്ഞുകൊടുക്കുകയാണ്. ഞാന്‍ വന്ന് നിങ്ങളോടൊപ്പം ഇരിക്കാം. ഈ വിനോദന്‍ എങ്ങനെയൊക്കെയാണ് നിങ്ങളെ രസിപ്പിക്കുന്നതെന്ന് എനിക്കൊന്ന് കാണണം'' എന്നും പറഞ്ഞ് മാഷ് സ്റ്റേജില്‍ നിന്നിറങ്ങി. മുന്നിലെ ബെഞ്ചിലിരിക്കുന്ന കുട്ടികളുടെകൂടെ കാഴ്ചക്കാരനായി ഇരുന്നു. കുട്ടികള്‍ക്ക് സന്തോഷം.

എനിക്കദ്ഭുതം തോന്നി, ഒപ്പം വല്ലാത്ത പേടിയും. മാഷ് കാഴ്ചക്കാരനായി ഇരിക്കും എന്ന് ഒരിക്കലും ഞാന്‍ പ്രതീക്ഷിച്ചതല്ല. ഗമയോടെ ഇരുന്ന എന്റെ മുട്ടുകാല് പേടി കാരണം കൂട്ടിയിടിക്കാന്‍ തുടങ്ങി. ഹെഡ്മാസ്റ്റര്‍ എന്നെ പരിചയപ്പെടുത്തി. എന്നെ ക്ഷണിച്ചു. എത്രയോ സ്റ്റേജുകളില്‍ പേടിയില്ലാതെ പ്രോഗ്രാംചെയ്ത എനിക്ക് ആ സ്റ്റേജില്‍ വല്ലാത്ത ഒരു വിമ്മിട്ടം. ആകെ വിയര്‍ക്കുന്നപോലെയൊക്കെ തോന്നി.

ഇഷ്ടദൈവങ്ങളെ മനസ്സില്‍ ഓര്‍ത്ത് മൈക്ക്സ്റ്റാന്‍ഡ് എടുത്ത് സ്റ്റേജിന്റെ നടുവിലേക്കുവെച്ച് ഞാനങ്ങ് തുടങ്ങി. ഗുണപാഠമുള്ള കഥകളും നാടന്‍പാട്ടും കുഞ്ഞുണ്ണി മാഷിന്റെതന്നെ ചില കൊച്ചുകവിതകളും മിമിക്രിയും വിവിധതരം താളങ്ങളുമൊക്കെയായ് 45 മിനിറ്റ് ഞാന്‍ കുട്ടികളെ രസിപ്പിച്ചു. എന്റെ ഊഴം കഴിഞ്ഞപ്പോള്‍ കുട്ടികളെല്ലാം ഹാപ്പി. നല്ല കൈയടിയും. ഇതോടെ മാഷ് സ്റ്റേജില്‍ കയറിവന്ന് എന്ന അഭിനന്ദിച്ചു. എന്റെ തലയില്‍തൊട്ട് അനുഗ്രഹിച്ചു. ഒരിക്കല്‍ക്കൂടി, ഞാന്‍ മാഷിന്റെ കാലുതൊട്ട് വന്ദിച്ചു. കുട്ടികളുടെ കൈയടികള്‍ അപ്പോഴും തുടര്‍ന്നോണ്ടിരുന്നു. മാഷെന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചു.

മനോഹരമായ പഴമയുള്ള വീട്- മാഷ്‌ക്ക് ഒരു പെങ്ങളും ആ വീട്ടില്‍ ഉണ്ടായിരുന്നു. റൂമില്‍ ഒരു പാട് പുസ്തകങ്ങള്‍- മാഷ് അതില്‍നിന്ന് ചില പുസ്തകങ്ങളൊക്കെ തിരഞ്ഞെടുത്ത് ഒരട്ടി പുസ്തകം എനിക്ക് തന്നു. എനിക്ക് ഒത്തിരി സന്തോഷം തോന്നി. എന്നിട്ട് മാഷ് പറഞ്ഞു: നീ മിടുക്കനാ, നിനക്ക് കുട്ടികളുടെ മനസ്സറിയാം. ഈ പുസ്തകങ്ങളെല്ലാം നീ മനസ്സിരുത്തി വായിക്കണം. നിനക്ക് ഒരുപാട് ഉപകാരപ്പെടും. എല്ലാ പുസ്തകത്തിലും മാഷ് എനിക്ക് ഒപ്പിട്ടുതന്നു.

ഡിഗ്രിക്ക് മലയാളം ആയിരുന്നു പ്രധാന വിഷയം എന്ന് കേട്ടപ്പോള്‍ മാഷിന് സന്തോഷമായി. ബി.എഡിന് പോയി മാഷാവണം എന്നൊരു ആഗ്രഹമുണ്ട് എന്ന് മാഷോട് പറഞ്ഞപ്പോള്‍ മാഷ് എന്നോട് പറഞ്ഞു. നീ അധ്യാപകനാവണ്ട. ഞാന്‍ ഒന്നമ്പരന്നു. മാഷ് തുടര്‍ന്നു. നീ അധ്യാപകനായാല്‍ നിന്നെ ഒരു സ്‌കൂളിലെ കുട്ടികള്‍ക്കേ ആസ്വദിക്കാന്‍ സാധിക്കൂ. നീ നല്ല ഒരു പരിശീലകനായാല്‍ നിന്നെ കേരളം മുഴുവനുമുള്ള സ്‌കൂളിലെ കുട്ടികള്‍ക്ക് ഉപകരിക്കും. അതുകേട്ടപ്പോള്‍ വലിയ സന്തോഷം തോന്നി. യാത്രപറഞ്ഞ് ഇറങ്ങാന്‍നേരം മാഷ് എന്റെ മേല്‍വിലാസം വാങ്ങി. മാഷിന്റെ മേല്‍വിലാസം എനിക്കും തന്നു. ഞാന്‍ ഇടയ്ക്ക് എഴുതാം. എനിക്കും എഴുതണം. അന്നൊക്കെ എഴുത്തേ ഉള്ളൂ. ഇന്നത്തെ വിളിയില്ല.

പ്രിയ ശിഷ്യന്‍

കോഴിക്കോട് വരുമ്പോള്‍ ഞാന്‍ അറിയിക്കാം. യാത്രപറഞ്ഞ് ഇറങ്ങുമ്പോള്‍ മാഷ്ടെ പെങ്ങള്‍ ഒരു ഗ്ലാസ് മോരുംവെള്ളം തന്നു- ആ മോരുംവെള്ളത്തിന്റെ സ്വാദ് ഇന്നും ഓര്‍മയിലുണ്ട്. ശേഷം വീട്ടിലെത്തി. നടന്നതെല്ലാം വീട്ടിലും കൂട്ടുകാരുടെ അടുത്തും പറഞ്ഞു. എല്ലാവര്‍ക്കും സന്തോഷം. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ മാഷിന്റെ ഒരു കത്ത് വന്നു. മഞ്ഞനിറത്തിലുള്ള ഒരു പോസ്റ്റ്കാര്‍ഡ്. കോഴിക്കോട്ട് കല്പക ഓഡിറ്റോറിയത്തില്‍ ഒരു ചടങ്ങിന് വരുന്നു. വിനോദ് വരണം, കാണണം എന്ന്.

ഞാന്‍ ചടങ്ങിന് പോയി. മാഷെ കണ്ടു. പ്രശസ്തരെല്ലാം പങ്കെടുക്കുന്ന ആ ചടങ്ങില്‍വെച്ചാണ് മാഷ്ടെ നിഷ്‌കളങ്കമായ പ്രസംഗത്തിന്റെ വില ഞാന്‍ മനസ്സിലാക്കിയത്. പരിപാടി കഴിഞ്ഞു. സംഘാടകര്‍ മാഷെ കൊണ്ടുവിടുന്ന കാര്യത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ മാഷ് പറഞ്ഞു. എന്റെ കാര്യം ഓര്‍ത്ത് ആരും ബുദ്ധിമുട്ടണ്ട. എന്നെ ഇയാള് കൊണ്ടാക്കിക്കോളും. ആരാ ഇത് എന്ന് എന്നെ അറിയാത്ത ഒരാള്‍ ചോദിച്ചപ്പോള്‍ മാഷ് പറഞ്ഞു. എന്റെ പ്രിയശിഷ്യനാണെന്ന്. എനിക്ക് അഭിമാനം തോന്നി.

കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍നിന്ന് ടിക്കറ്റെടുത്ത് ട്രെയിനില്‍ തൃശ്ശൂര്‍ക്ക് യാത്ര. കംപാര്‍ട്ട്മെന്റില്‍ മാഷോടൊപ്പം ഇരുന്നു. മാഷ് വീട്ടിലെ വിശേഷങ്ങളൊക്കെ ചോദിച്ചോണ്ടിരിക്കുമ്പോള്‍- യാത്രക്കാരില്‍ പലരും മാഷെ കാണാനും അനുഗ്രഹം വാങ്ങിക്കാനും വന്നു. അനുഗ്രഹം കിട്ടിയ ഒരു അമ്മ മാഷോട് എന്നെ ചൂണ്ടി ചോദിച്ചു- ആരാ ഇത് എന്ന്. എന്നെ ചേര്‍ത്തുപിടിച്ച് മാഷ് പറഞ്ഞു - എന്റെ മോനാന്ന്. എന്നിട്ട് മാഷ് അവരെ നോക്കി ഒന്ന് ചിരിച്ചു. എനിക്ക് വല്യ സന്തോഷം തോന്നി. ഞാന്‍ ഭാഗ്യവാനാണെന്ന് മനസ്സ് പറഞ്ഞു. അന്ന് മാഷെ വലപ്പാട്ടെ വീട്ടില്‍ കൊണ്ടുവിട്ട് ഞാന്‍ തിരിച്ചുപോന്നു.

പിന്നെയും ഇടയ്ക്ക് മാഷിന്റെ പോസ്റ്റ് കാര്‍ഡ് എനിക്ക്  കിട്ടി. ഞാന്‍ മറുപടിയും അയച്ചു. അങ്ങനെയിരിക്കെ കഥയുടെ ബെസ്റ്റ് ഒബ്സര്‍വര്‍ അവാര്‍ഡ് മാഷിന് കിട്ടി. ഈ അവാര്‍ഡ് വാങ്ങാനും മാഷിനെ കൂട്ടിക്കൊണ്ടുവരാനും കൊണ്ടുവിടാനുമുള്ള ഭാഗ്യവും ലഭിച്ചു. അന്ന് വീട്ടില്‍നിന്നിറങ്ങുമ്പോള്‍ മാഷ് പറഞ്ഞു, ഒരിക്കല്‍ വിനോദിന്റെ വീട്ടില്‍ ഒന്ന് വരണം. ഒരീസം അവിടെ കൂടണം. കുടുംബത്തെയൊക്കെ ഒന്ന് കാണാലോ. ഞാന്‍ ചിരിച്ചോണ്ട് പറഞ്ഞു. സന്തോഷേയുള്ളൂ മാഷേ. ഇതുകേട്ട മാഷ്ടെ സഹോദരി പറഞ്ഞു, അതൊന്നും ഉണ്ടാവില്യ കുട്ട്യേ. വീടുവിട്ട് മാഷ് ഇതുവരെ എവിടെയും നിന്നിട്ടില്ല. ഇവിടെ വന്ന് ഒരുപാട് മരുന്നൊക്ക കഴിക്കാനുണ്ടേ. ഇടയ്ക്ക് കേറി  മാഷ് പറഞ്ഞു. അല്ല, ഒരീസം ഞാന്‍ വിനോദിന്റെ വീട്ടില്‍ പോകും. നീ നോക്കിക്കോ. ഞങ്ങള്‍ മൂവരും ചിരിച്ചു. ഞാന്‍ യാത്രപറഞ്ഞ് ഇറങ്ങി.

തിരിച്ച് വീട്ടില്‍ എത്തി ഞാന്‍ കുടുംബത്തോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ മാഷ് വീട്ടില്‍ വരും എന്ന് പറഞ്ഞ കാര്യം പറഞ്ഞു. എല്ലാവരും എന്നെ കളിയാക്കി. പിന്നേയും ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കഴിഞ്ഞു. ഇടയ്ക്ക് മാഷിന്റെ പോസ്റ്റ്കാര്‍ഡ് വന്നു- ശരീരത്തിന് അത്ര സുഖല്ല്യ. യാത്രകള്‍ കഴിവതും ഒഴിവാക്കുകയാണെന്ന് അറിയിച്ചു.

ഒരു ദിവസം ഞാന്‍ കണ്ണൂര് ഒരു പ്രോഗ്രാം കഴിഞ്ഞ് രാത്രി വീട്ടിലേക്ക് വരികയാണ്. 10 മണിയായിക്കാണും സമയം. വീട്ടിലേക്ക് വീതികുറഞ്ഞ റോഡിലൂടെ നടന്ന് വരികയാണ്. നല്ല ഇരുട്ടും. ദൂരെനിന്ന് ഞാന്‍ കണ്ടു, വീട്ടിന്റെ മുറ്റത്ത് ആളുകള്‍ കോലായിലേക്ക് നോക്കി നില്ക്കുന്നു. വീട്ടില്‍ ആര്‍ക്കോ എന്തോ പറ്റീട്ടുണ്ടെന്ന് മനസ്സ് പറഞ്ഞു. നടത്തത്തിന് വേഗം കൂട്ടി അടുത്തേക്ക് എത്തിയപ്പോള്‍ ആളുകള്‍ കൈയടിച്ച് ചിരിക്കുന്നു- ആശ്വാസമായി. അടുത്തെത്തിയപ്പോഴാണ് കാണാന്‍ കഴിഞ്ഞത്, കുഞ്ഞുണ്ണിമാഷ് എന്റെ കോലായിലെ ചാരുകസേരയില്‍ ഇരുന്ന് അയല്‍വാസികള്‍ക്കായ് പാട്ടും കവിതയും ഒക്കെ പാടിക്കൊടുക്കുകയാണ്. ഞാന്‍ കയറിച്ചെന്നതും മാഷ് ''ഹോ വന്നല്ലോ എന്റെ മോന്‍- എവിടെയായിരുന്നു നീ'' എന്ന് ചോദിച്ചു. ''ഇതെന്താ മാഷേ ഒരു മുന്നറിയിപ്പും ഇല്ലാതെ.'' ഞാന്‍ മുമ്പ് സൂചന തന്നിട്ടുണ്ടായിരുന്നല്ലോ എന്ന് മാഷ്.

''ഞാനേ ഇവിടെ ദേവഗിരി കോളേജില്‍ യൂണിയന്‍ ഉദ്ഘാടനത്തിന് വന്നതായിരുന്നു. ഉദ്ഘാടനം കഴിഞ്ഞപ്പോള്‍ കുട്ടികള്‍ തൃശ്ശൂര്‍ക്ക് തിരിച്ചു പോവണ്ടേന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, വേണ്ട എന്നെ ഈ അഡ്രസ്സില്‍ ആക്കിത്തന്നാ മതീന്ന്. നിന്റെ അഡ്രസ് അങ്ങോട്ട് കൊടുത്തു. കുട്ടികള് ഇവിടെ കൊണ്ടാക്കി. ഇന്നിവിടെ അന്തി ഉറങ്ങീട്ട് നാളേ പോണുള്ളൂ. ന്നാ മോന്‍ പോയി മേല് കഴുകി വാ- ഞാന്‍ ഇവരോട് എന്തെങ്കിലുമൊക്കെ പറഞ്ഞോണ്ടിരിക്കാം.'' വീട്ടില്‍ എല്ലാവരും ഒരു ഉത്സവത്തിമര്‍പ്പിലായിരുന്നു. അമ്മ പറഞ്ഞു, മാഷ് പടികേറിവരുന്നത് കണ്ട് ഞെട്ടീന്ന്. ഇതുവരെ, അടുത്തുള്ളവര്‍ എല്ലാം മാഷിനെ കാണാന്‍ വരികയും അനുഗ്രഹം വാങ്ങുകയുമൊക്കെയായിരുന്നൂന്ന്.

ഓര്‍മകള്‍ ഓളങ്ങള്‍

പിറ്റേന്ന് രാവിലെ ചായകുടിയും കഴിഞ്ഞ് ഇറങ്ങാന്‍ നേരം മാഷ് എന്റെ വീടിന്റെ കോലായിലെ ചുമരില്‍ വരച്ചുവെച്ച ഒരു പ്രകൃതിമനോഹരമായ ചിത്രം ശ്രദ്ധിച്ചു- കുറേ നേരം ചിത്രത്തിലേക്ക് നോക്കി. ഇത് ആര് വരച്ചതാണെന്ന് ചോദിച്ചു- എന്റെ ഒരു ചെറിയച്ഛനാ. മരിച്ചുപോയി. ഞാന്‍ പറഞ്ഞു. ചിത്രത്തെ തൊട്ടുകൊണ്ട് മാഷ് ചോദിച്ചു- എന്താ ചെറിയച്ഛന്റെ പേര്. ഗോവിന്ദന്‍. അമ്മയാണ് മറുപടി പറഞ്ഞത്. ഉടനെ മാഷ് ചിത്രത്തിന്റെ ഏറ്റവും അടിയില്‍ കലാപരമായി ഗോവിന്ദ് എന്നെഴുതിയത് നോക്കി. ഈ ഗോവിന്ദന്‍ കറുത്ത് പൊക്കം കുറഞ്ഞിട്ട് ഓടക്കുഴലൊക്കെ വായിക്കുന്ന ആളാണോ?

ആണെന്ന് പറയലും- മാഷ് ആ ചിത്രത്തിലേക്ക് ചേര്‍ന്നു നിന്ന് കൈകളെകൊണ്ട് ആ ചിത്രം തലോടി. ഗോവിന്ദന്‍ മരിച്ചുപോയോന്ന് ആശ്ചര്യത്തോടെ ചോദിച്ചു. മാഷ്ടെ കണ്ണ് നനയുന്നത് തടിച്ച ഫ്രെയിമുള്ള കണ്ണടയിലൂടെ ഞാന്‍ കണ്ടു. ''കോഴിക്കോട് ആശ്രമം സ്‌കൂളില്‍ എന്റെ പ്രിയ ശിഷ്യനായിരുന്നു ഈ ഗോവിന്ദന്‍. മംഗലാപുരത്ത് നിന്ന് വരുമ്പോള്‍ എപ്പോഴും എന്നെ കാണാന്‍ വരുമായിരുന്നു''- മാഷ് എന്നെ ചേര്‍ത്തുപിടിച്ചു.

''വിനോദേ ദൈവനിയോഗമാണ് എന്നെ ഇവിടെ കൊണ്ടെത്തിച്ചത്. ഇത്രയും ജീവനുള്ള ചിത്രം വരയ്ക്കാന്‍ ഗോവിന്ദനേ കഴിയൂ.'' ശേഷം ചെറിയച്ഛന്റെ കുടുംബത്തെക്കുറിച്ചെല്ലാം മാഷ് ചോദിച്ചറിഞ്ഞു. യാത്രപറഞ്ഞ് ഇറങ്ങാന്‍ നേരം അമ്മ മാഷോട് ഒരു പരാതി പറഞ്ഞു- മാഷേ ഇവന്‍ ഡിഗ്രിയൊക്കെ കഴിഞ്ഞ് വെറുതേ നില്ക്കുകയാണ്. ഒരു ജോലിക്കും ശ്രമിക്കുന്നില്ല. കലാപരിപാടിയുമായി നടന്നാല്‍ കുടുംബം പോറ്റാന്‍ പറ്റുമോ? മാഷ് അവനെ ഒന്ന് ഉപദേശിക്ക്. മാഷ് എന്റെ അമ്മയോട് കൈകൊണ്ട് തലകുനിക്കാന്‍ ആവശ്യപ്പെട്ടു. അമ്മ മാഷിന്റെ ഉയരത്തിനനുസരിച്ച് കുനിഞ്ഞു.

മാഷ് ചോദിച്ചു- ''എന്താ നിങ്ങള്‍ ഈ ഇളയമകന് പേരിട്ടിരിക്കുന്നേ?'' എല്ലാവരേയും ഒന്ന് നോക്കി അമ്മ പറഞ്ഞു- ''വിനോദ്.'' ''അല്ലേ- എന്താ ഈ വിനോദ് എന്ന പേരിന്റെ അര്‍ഥം?'' അമ്മ ഒന്നും പറഞ്ഞില്ല- എല്ലാവരും മാഷ്ടെ കണ്ണിലേക്ക് നോക്കിനിന്നു. ''വിനോദ് എന്നാല്‍ വിനോദിപ്പിക്കേണ്ടവന്‍ എന്നാണര്‍ഥം. അവന്‍ എല്ലാവരേയും വിനോദിപ്പിക്കാനായിട്ട് ജനിച്ചവനാ. അവന്‍ ആ ജോലി ചെയ്‌തോളും. കലാകാരനായ് നാടറിയും. അവനെ മറ്റൊരു ജോലിക്കും നിര്‍ബന്ധിക്കണ്ട.'' ഇത്രയും പറഞ്ഞ് മാഷ് എന്നോട് ഒന്ന് കുനിയാന്‍ ആംഗ്യം കാണിച്ചു. ഞാന്‍ കുനിഞ്ഞു. എന്റെ നെറുകയില്‍ ഒരുമ്മവെച്ച് എന്റെ തലയില്‍ തൊട്ട് അനുഗ്രഹിച്ചു. സന്തോഷംകൊണ്ട് എന്റെ കണ്ണുനിറഞ്ഞു. ഞാന്‍ നോക്കുമ്പോള്‍ എല്ലാവരുടെയും മുഖത്ത് സന്തോഷത്തിന്റെ പൂത്തിരി. കുഞ്ഞുണ്ണിമാഷിന്റെ ആ വാക്കുകളാണ് കലാരംഗത്തേക്ക് പൂര്‍ണമായും പ്രവേശിക്കാന്‍ എനിക്ക് പച്ചക്കൊടി വീശിയത്.

Content Highlights: Actor Comedian Vinod Kovoor writes about Kunjunni Master memories movies life struggle