ഭാവന | photo: mathrubhumi
വലിയൊരു ഇടവേളയ്ക്കുശേഷം ഭാവന വീണ്ടും മലയാള സിനിമയില്‍ സജീവമാകുകയാണ്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന സിനിമയിലൂടെയാണ് തിരിച്ചുവരവ്. തന്റെ മാറിനില്‍ക്കലിനെക്കുറിച്ചും മാറിയ മലയാള സിനിമയെക്കുറിച്ചും ഭാവന സംസാരിക്കുന്നു
പരിമളത്തില്‍നിന്ന് നിത്യയിലേക്കെത്തുമ്പോള്‍ 20 വര്‍ഷമാണ് കടന്നുപോയത്. ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഇതൊരു രണ്ടാംവരവല്ല. ഇവിടെ ഉണ്ടായിരുന്നു എന്നതിനും ഇനിയും ഇവിടെത്തന്നെ ഉണ്ടാകുമെന്നതിന്റെയും സാക്ഷ്യമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചലച്ചിത്രവും നിത്യയെന്ന നായികയും. ആദ്യ സിനിമയുടെ അതേ ആവേശത്തോടെ ആകാംക്ഷയോടെയാണ് അവര്‍ അഞ്ചരവര്‍ഷത്തെ ഇടവേളയ്ക്കുശേഷം മലയാളത്തിലേക്കെത്തിയത്. നവാഗതനായ ആദില്‍ മൈമുനത്ത് അഷറഫ് ആണ് പുതിയ സിനിമയുടെ സംവിധാനം. 2017 സെപ്റ്റംബറിലെത്തിയ ആദം ജോണിലാണ് മലയാളത്തില്‍ ഭാവന അവസാനമായി അഭിനയിച്ചത്. പിന്നീടും പല മലയാളസിനിമകളുടെയും ഭാഗമാകാന്‍ അവസരം ലഭിച്ചെങ്കിലും തിരിച്ചുവരവ് ആലോചിച്ചിരുന്നില്ലെന്ന് ഭാവന പറയുന്നു. അതിന് മനസ്സിനെ പാകപ്പെടുത്തുകയായിരുന്നു ഇക്കാലമത്രയും. കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു. മലയാളത്തിലേക്കുള്ള മടക്കത്തെക്കുറിച്ചും മാറിനിന്ന ആ കാലത്തെക്കുറിച്ചും അഞ്ചുവര്‍ഷത്തിനിടയിലെ മലയാളസിനിമയിലെ മാറ്റങ്ങളെക്കുറിച്ചും പുതിയ സിനിമയുടെ വിശേഷങ്ങളെക്കുറിച്ചും ഭാവന സംസാരിക്കുന്നു.
ഏറെക്കാലത്തിനു ശേഷമാണ് ഭാവനയുടെ ഒരു സിനിമ മലയാളത്തില്‍ എത്തുന്നത്? പ്രേക്ഷകര്‍ കാത്തിരിക്കുന്നു. ആകാംക്ഷയുണ്ടോ, പ്രതീക്ഷയെന്താണ്
2002-ലാണ് എന്റെ ആദ്യ ചിത്രം നമ്മള്‍ റിലീസ് ആകുന്നത്. അന്ന് ആകാംക്ഷയും ടെന്‍ഷനും എല്ലാംകൂടി വല്ലാത്ത അനുഭവമായിരുന്നു. അതേ അവസ്ഥയിലാണ് ഞാനിപ്പോഴും. അന്ന് പരിമളമെന്ന എന്റെ കഥാപാത്രത്തെ കാത്തിരുന്ന സമയത്തെ അതേ എക്സൈറ്റ്‌മെന്റ്, അതേ ടെന്‍ഷന്‍, അതേ സന്തോഷം. എല്ലാം അങ്ങനെത്തന്നെയുണ്ട്. സാധാരണ അത്ര ടെന്‍ഷനൊന്നും ഉണ്ടാകാറില്ലായിരുന്നു. പക്ഷേ, ഇതിപ്പോള്‍ അഞ്ചുവര്‍ഷത്തിനുശേഷമാണ് ഞാന്‍ മലയാള സിനിമയിലേക്കെത്തുന്നത്. അതില്‍ ഒരുപാട് സന്തോഷമുണ്ടെങ്കിലും സിനിമ തിയേറ്ററിലെത്തുംവരെ വലിയ ടെന്‍ഷന്‍തന്നെയാണ്.
പുതുമുഖ സംവിധായകന്‍, പുതുതലമുറ താരങ്ങള്‍, പുതിയ നിര്‍മാതാക്കള്‍... എന്താണ് മലയാളസിനിമാലോകത്ത് അനുഭവപ്പെട്ട പുതുമ
വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ ആദം ജോണ്‍ ചെയ്ത സമയത്തെപ്പോലെയല്ല മലയാള സിനിമ. ഒരുപാട് മാറി. പുതിയ സാങ്കേതികവിദഗ്ധര്‍, പുതിയ അഭിനേതാക്കള്‍... അങ്ങനെ സിനിമയുമായി ബന്ധപ്പെട്ട എല്ലാത്തിലും മാറ്റങ്ങളുണ്ടായി. സിനിമയുടെ മേക്കിങ്ങില്‍ത്തന്നെ പലതരം മാറ്റങ്ങളുണ്ടായി. സിനിമയുടെ പ്രമേയം കുറെക്കൂടി റിയലിസ്റ്റിക് ആണിപ്പോള്‍. അത്തരം ഒരുപാട് പുതിയ സിനിമകള്‍ വരുന്നുണ്ട്. മുമ്പ് നായകന്‍, നായിക, വില്ലന്‍ ഈ പാറ്റേണിലായിരുന്നു സിനിമ. ഇപ്പോള്‍ ഓരോ ചെറിയ കഥാപാത്രങ്ങള്‍ക്കും അവരുടെ റോളുണ്ട്, പ്രാധാന്യമുണ്ട്. അത് വളരെ പോസിറ്റീവായ മാറ്റമാണ്. ഞാന്‍ താമസിക്കുന്നത് ബെംഗളൂരുവിലാണ്. ഇവിടെ മലയാളികളല്ലാത്ത സുഹൃത്തുക്കളും മലയാളസിനിമയിലെ ഈ മാറ്റത്തെക്കുറിച്ച് പറയാറുണ്ട്. അവരും ഇപ്പോള്‍ മലയാളസിനിമകള്‍ സ്ഥിരമായി കാണുന്നുണ്ട്. ഇതൊക്കെ വളരെ പോസിറ്റീവായ മാറ്റങ്ങളല്ലേ.
ദക്ഷിണേന്ത്യന്‍ സിനിമാ വ്യവസായത്തിന്റെ ഭാഗമാണ് ഭാവന. അധികവും കേരളത്തിനുവെളിയില്‍. നമ്മുടെ നാടും ഭാഷയും മിസ് ചെയ്യുന്നുണ്ടോ
കഴിഞ്ഞ അഞ്ചുവര്‍ഷം മറ്റ് ഭാഷാചിത്രങ്ങളില്‍ മാത്രമാണ് അഭിനയിച്ചത്. ആ സമയത്തെല്ലാം മലയാളത്തെ ശരിക്കും മിസ് ചെയ്തിട്ടുണ്ട്. മലയാളം സംസാരിച്ച് ഒരു കഥാപാത്രം ചെയ്യുമ്പോള്‍ കുറച്ചുകൂടി ആസ്വദിച്ചുചെയ്യാനാകും. നമ്മുടെ സ്വന്തം ഭാഷ സംസാരിച്ച് സിനിമചെയ്യുന്നതിന് ഒരു സുഖമുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ അതൊന്നും സാധിക്കാതെപോയി. എന്റെ മാനസികമായ ആരോഗ്യത്തിനാണ് ഞാനപ്പോള്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയത്. അതുകൊണ്ടാണ് മലയാളത്തില്‍നിന്ന് കുറെക്കാലത്തേക്ക് മാറിനിന്നത്. എന്റെ കരിയറിലെ മികച്ച സമയമായിരിക്കാം ചിലപ്പോള്‍ നഷ്ടമായത്. പക്ഷേ, അതിനെക്കാളൊക്കെ വലുതല്ലേ മനസ്സിന്റെ ആരോഗ്യം. എന്തോ അന്ന് ഇവിടെനിന്നെല്ലാം അകന്നുനില്‍ക്കാനാണ് തോന്നിയത്.
ഇക്കാലത്ത് ധാരാളം കഥകള്‍ കേട്ടിരിക്കും പ്രമുഖസംവിധായകര്‍, താരങ്ങള്‍... എന്തുകൊണ്ടാണ് 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന സിനിമ
ഇതിനു മുമ്പും മലയാളത്തിലെ ഒരുപാട് നല്ല പ്രോജക്ട്‌സ് വന്നിരുന്നു. എന്തോ മാനസികമായി ഇവിടേക്കു തിരിച്ചുവരാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ സിനിമയ്ക്കുവേണ്ടി എന്നോടു സംസാരിക്കാന്‍ എന്റെ സുഹൃത്ത് ഷനിമിനെയാണ് പ്രൊഡക്ഷന്‍ ടീം സമീപിച്ചത്. പക്ഷേ, അപ്പോഴും ഞാന്‍ ഇല്ല എന്നാണു പറഞ്ഞത്. മലയാളത്തിലേക്ക് തിരിച്ചുവരാന്‍ മാനസികമായി പ്രിപ്പെയര്‍ ആയിരുന്നില്ല. അതുകൊണ്ടാണ് ആദ്യമേതന്നെ ഇല്ലെന്നു പറഞ്ഞത്. പക്ഷേ, കഥ കേള്‍ക്കണം, നേരില്‍ക്കണ്ടു സംസാരിക്കണം എന്നുപറഞ്ഞ് നാലഞ്ചു മാസത്തോളം അവര്‍ കാത്തിരുന്നു. 2021 ജനുവരിയില്‍ പ്രൊഡ്യൂസര്‍ റെനീഷും സംവിധായകന്‍ ആദിലും വന്നു, സംസാരിച്ചു. കഥ കേട്ടപ്പോള്‍ ഇഷ്ടപ്പെട്ടു. പക്ഷേ, അന്നും അവരോട് യെസ് പറഞ്ഞില്ല. ഒരുറപ്പും അവര്‍ക്കു കൊടുത്തില്ല. ആകെ കണ്‍ഫ്യൂഷനായിരുന്നു. മലയാളം ചെയ്യണോ, വേണ്ടേ എന്നൊക്കെ. ആകെ ആശയക്കുഴപ്പം. തീരുമാനമെടുക്കാനേ പറ്റുന്നില്ല. പക്ഷേ, എന്റെ കുടുംബവും സുഹൃത്തുക്കളുമൊക്കെ ചോദിച്ചത് ഇനിയെന്തിന് മാറിനില്‍ക്കണമെന്നാണ്. എല്ലാവരും ഉറച്ചപിന്തുണയുമായി ഒപ്പംനിന്നു. പിന്നെ ആലോചിച്ചപ്പോള്‍ ഇനിയും മാറിനില്‍ക്കേണ്ടതില്ലെന്ന് എനിക്കും തോന്നി. അങ്ങനെയാണ് യെസ് എന്ന തീരുമാനത്തിലേക്കെത്തുന്നത്. അതു നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നു.
ഈ സിനിമയുടെ ഷൂട്ടിങ് അനുഭവം എന്തായിരുന്നു
ഇത്രയും വര്‍ഷങ്ങള്‍ ഞാന്‍ സിനിമയിലുണ്ടായിരുന്നെങ്കിലും മലയാളത്തിനു പുറത്തായിരുന്നു. തിരിച്ചുവരുമ്പോള്‍ എനിക്കുതന്നെ ആകെയൊരു കണ്‍ഫ്യൂഷനായിരുന്നു. ആദ്യ രണ്ടുമൂന്നു ദിവസം ചെറിയൊരകലം എല്ലാവര്‍ക്കുമുണ്ടായിരുന്നു. എനിക്കും അങ്ങനെത്തന്നെയായിരുന്നു. ആരും എന്റെകൂടെ മുമ്പ് വര്‍ക്കുചെയ്തിട്ടില്ല. എനിക്കും ആരെയും അറിയില്ല. തുടക്കത്തില്‍ ആകെയൊരു ആശയക്കുഴപ്പം. എല്ലാമൊന്നു സെറ്റായി വരാന്‍ രണ്ടുമൂന്നു ദിവസമെടുത്തു. പിന്നെ എല്ലാം അടിപൊളിയായിരുന്നു. വളരെ നല്ല അനുഭവമായിരുന്നു.
Content Highlights: actor bhavana about her films interview
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..