പത്മരാജൻ- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ക്ലാസിക് ചിത്രമാണ് 1987-ൽ പുറത്തിറങ്ങിയ തൂവാനത്തുമ്പികൾ. ചിത്രം പുറത്തിറങ്ങി 33 വർഷങ്ങൾ പിന്നിട്ടെങ്കിലും മണ്ണാറത്തൊടി ജയകൃഷ്ണനും ക്ലാരയും രാധയും അവരുടെ പ്രണയവുമെല്ലാം ഇന്നും ജനങ്ങൾ ആഘോഷിക്കുന്നു. മോഹൻലാൽ, സുമലത എന്നിവർക്ക് പുറമേ പാർവ്വതി, അശോകൻ, സുകുമാരി, ബാബു നമ്പൂതിരി തുടങ്ങിയ വൻതാരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. തൂവാനത്തുമ്പികളുടെ ചിത്രീകരണത്തിനിടെ നടന്ന രസകരമായ സംഭവത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് ഇപ്പോൾ അശോകൻ. സിനിമാക്കഥകളും വിശേഷങ്ങളും പങ്കുവെക്കാനായി ആരംഭിച്ച യൂട്യൂബ് ചാനലിലാണ് അശോകൻ മനസ്സു തുറക്കുന്നത്.
'' മോഹൻലാലിന്റെ ക്ഷമയെക്കുറിച്ച് കൂടുതൽ പേർക്ക് അറിയില്ല. വടക്കുംനാഥ ക്ഷേത്രത്തിൽ ഷൂട്ടു ചെയ്യുന്ന സമയത്ത് നിയന്ത്രിക്കാൻ സാധിക്കാത്ത രീതിയിൽ ആരാധകരെത്തിയിരുന്നു. ക്ഷേത്രപരിസരം ആയതിനാൽ പൊലീസുകാർക്കു പോലും നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. ബഹളം കാരണം ഷൂട്ടിങ് തടസപ്പെടുന്ന അവസ്ഥയുണ്ടായി. ആരും ബഹളം വയ്ക്കരുതെന്നും ഷൂട്ട് കഴിഞ്ഞാൽ താൻ വരുമെന്നും ഇടയ്ക്ക് മോഹൻലാൽ പറയുന്നുണ്ട്. എന്നാൽ ജനങ്ങൾ ആവേശം മൂത്ത് ബഹളം വെക്കുകയായിരുന്നു.
ഒരു ഷോട്ട് എടുത്തുകഴിഞ്ഞ സമയത്ത് ജനക്കൂട്ടത്തിൽനിന്ന് ഒരാൾ ഓടിവന്ന് മോഹൻലാലിന്റെ കൈയിൽ വലിച്ചുകൊണ്ട് ഒരു തള്ള്. തോളിൽ കയ്യിടുകയും ഷർട്ടിൽ പിടിക്കുകയുമൊക്കെ ചെയ്തു. മോഹൻലാൽ ഞെട്ടിപ്പോയി. ദേഷ്യം വന്നിട്ട് മോഹൻലാൽ ഓടാൻ തുടങ്ങിയവന്റെ കോളറിൽ കയറി പിടിച്ചു. എന്താടാ ചെയ്തത്, നീയാണോ അവിടെ കിടന്ന് ബഹളം വച്ചതെന്ന് ചോദിച്ചു. അവൻ നിന്ന് വിറക്കുകയായിരുന്നു അതിനൊപ്പം അവന്റെ മുഖത്ത് ഒരു സന്തോഷവും ഉണ്ടായിരുന്നു. അപ്പോൾ അവൻ പറഞ്ഞു, ചേട്ടാ ക്ഷമിക്കണം ഞാനിത് മനപൂർവം ചെയ്തതല്ല, കൂട്ടുകാരുമായി പന്തയം വെച്ചാണ് വന്നത് . ലാലേട്ടന്റെ കൈയിൽ തൊടാൻ പറ്റുമോ എന്നായിരുന്നു പന്തയം. ഇതു കേട്ടതോടെ മോഹൻലാൽ കൂൾ ആയി, പെട്ടെന്ന് വന്ന ദേഷ്യം പെട്ടെന്ന് പോയി. അവനെ സമാധാനിപ്പിച്ചാണ് പറഞ്ഞയച്ചത്.അങ്ങനെയൊരു അനുഭവമുണ്ടായി. മോഹൻലാലിന്റെ കൂടെ അഭിനയിക്കുന്ന കാര്യം പറഞ്ഞാൽ ഭയങ്കര കംഫർട്ടബിൾ ആയി അഭിനയിക്കാനാകും അദ്ദേഹത്തിനൊപ്പം'' - അശോകൻ പറയുന്നു
മോഹൻലാലും ചിത്രത്തിന്റെ വിതരണക്കാരായ ഗാന്ധിമതി ഫിലിംസ് ബാലനും നടൻ ബാബുനമ്പൂതിരിയുമൊക്കെ തൂവാനത്തുമ്പികളുടെ വിശേഷം പങ്കുവെക്കാൻ വീഡിയോയിൽ വരുന്നുണ്ട്. തൂവാനത്തുമ്പികൾ ഇപ്പോഴും പുതുമ അനുഭവപ്പെടുത്തുന്ന സിനിമയാണ് എന്ന് മോഹൻലാൽ പറയുന്നു. തിരക്കഥയിലും സംഭാഷണത്തിനും കഥാപാത്രങ്ങളിലും പുതുമ കൊണ്ടുവന്ന തൂവാനത്തുമ്പികൾ പിന്നീട് ഒരു കൾട്ട് സിനിമയായി മാറിയെന്നും ചിത്രത്തിൽ ജയകൃഷ്ണന്റെ അടുത്ത സുഹൃത്തായ ഋഷിയായി എത്തിയ അശോകൻ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചതെന്നും മോഹൻലാൽ പറയുന്നു.
Content Highlights :Actor Ashokan Shares Memories from thoovanathumbikal movie set Padmarajan Mohanlal