-
മുട്ടയില്‍നിന്ന് വിരിയുന്നതിനുമുന്‍പേ തുടങ്ങി അവന് പ്രണയം എന്നൊക്കെയുള്ള സിനിമാ ഡയലോഗ് കേട്ടിട്ടില്ലേ? ആ ഒരു കാര്യം ജീവിതത്തില്‍ നടത്തിയ ഒരാളാണ് ഞാന്‍. പ്രണയം എന്ന വികാരം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും തോന്നാം. എന്നെ സംബന്ധിച്ചിടത്തോളം അതിത്തിരി നേരത്തേയായിപ്പോയി. ഒന്നാം ക്ലാസ് തൊട്ട് നിരവധി പെണ്‍കുട്ടികളോട് എനിക്ക് പ്രണയം തോന്നിയിട്ടുണ്ട്. അവര്‍ക്ക് എന്നെ ഇഷ്ടമാകുമോ എന്നൊന്നും ചിന്തിച്ചിട്ടില്ല. വെറുതേ പോയി അങ്ങ് പ്രൊപ്പോസ് ചെയ്യും. പക്ഷേ, സങ്കടവും നിരാശയുമായിരുന്നു ഫലം.
എന്റെ ജീവിതത്തില്‍ നടന്ന അത്തരം കാര്യങ്ങളിലൊന്നാണ് ഞാന്‍ അമര്‍ അക്ബര്‍ അന്തോണിയിലൂടെ പറഞ്ഞത്. സിനിമയില്‍ ജയസൂര്യയുടെ കുട്ടിക്കാലത്ത് നടക്കുന്ന പ്രണയാഭ്യര്‍ഥനയുടെ രംഗം എന്റെ ജീവിതത്തില്‍ സംഭവിച്ചതാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ അത്തരം അവഗണനകള്‍ ഒരുപാട് ഏറ്റുവാങ്ങിയിട്ടുണ്ട്. പക്ഷേ, അതൊന്നും എന്നെ തളര്‍ത്തിയില്ല. പിന്നീട് കുറേക്കാലത്തേക്ക് പ്രണയിക്കാനൊന്നും മുതിര്‍ന്നതുമില്ല. സ്‌കൂള്‍ കാലഘട്ടം കഴിഞ്ഞ് ഹിന്ദി പ്രചാരസഭയില്‍ എം.എ.യ്ക്ക് പഠിക്കുമ്പോഴാണ് പ്രണയം വീണ്ടും അതിഥിയായി ജീവിതത്തിലേക്ക് എത്തുന്നത്.

കോളേജില്‍ പഠിക്കുമ്പോള്‍ ഒരു ജൂനിയര്‍ വിദ്യാര്‍ഥിനിയുടെ മുഖം പലപ്പോഴായി ശ്രദ്ധയില്‍പ്പെട്ടു. അറിയാതെ അവളോടൊരു ഇഷ്ടം മനസ്സിലുടലെടുത്തു. ഭക്ഷണം കഴിച്ച് കൈ കഴുകാന്‍ പോകുമ്പോഴും ക്ലാസ് വിടുമ്പോഴുമെല്ലാം ഞാനവളെ കാണും. അവള്‍ എന്നെയും നോക്കാറുണ്ട്. കണ്ണുകള്‍ തമ്മില്‍ കോര്‍ക്കുക എന്നൊക്കെ പറയില്ലേ അതുപോലെ. അവളാരാണെന്നോ എന്താണെന്നോ എനിക്കറിയില്ല. ഞങ്ങള്‍ ഇതുവരെ സംസാരിച്ചിട്ടുപോലുമില്ല. പക്ഷേ, അവള്‍ക്ക് എന്നെ ഇഷ്ടമായിരുന്നു എന്ന് ആ നോട്ടത്തിലൂടെ എനിക്ക് മനസ്സിലായി. പക്ഷേ, എന്റെയുള്ളിലുള്ള പ്രണയം പറയാന്‍ മനസ്സുവന്നില്ല. അവള്‍ എന്നോടൊന്നും പറഞ്ഞതുമില്ല. നമ്മുടെ ജീവിതത്തിലെല്ലാം ഇത്തരത്തിലൊരു കാര്യം നടന്നിട്ടുണ്ടാകും. കോളേജ് കാലഘട്ടം കഴിഞ്ഞതോടെ ആ ഇഷ്ടം മാഞ്ഞുപോകുകയും ചെയ്തു.
പഠിച്ചിറങ്ങി അധ്യാപകനായി ജോലി ചെയ്യുമ്പോഴാണ് സിനിമയിലേക്കിറങ്ങുന്നത്. പിന്നീട് പ്രണയം സിനിമയോടായി. ഒരു ദിവസം ബൈക്കില്‍ പോകുമ്പോള്‍ ഒരു ബസ്സ്‌റ്റോപ്പില്‍ അവളെപ്പോലെയൊരാളെ കണ്ടതായി തോന്നി. അപ്പോഴേക്കും കുറച്ചുദൂരം മുന്നോട്ടുപോയിരുന്നു. വണ്ടി തിരിച്ച് ബസ്സ്‌റ്റോപ്പിലെത്തിയപ്പോള്‍ അവിടെയാരുമില്ല. അത് വെറും തോന്നലായിരിക്കുമെന്നുകരുതി ഞാനതുവിട്ടു. പിന്നീട് അമര്‍ അക്ബര്‍ അന്തോണിയുടെ വര്‍ക്കിലേക്ക് കടന്നു. സിനിമ ഹിറ്റായി അടുത്ത സിനിമയുടെ പണിപ്പുരയിലിരിക്കുമ്പോള്‍ ഒരു അജ്ഞാത കോള്‍ എന്റെ ഫോണിലേക്ക് വന്നു. ഒരു പുരുഷശബ്ദമായിരുന്നു.
''ബിബിന് എന്നെയറിയില്ല. എനിക്ക് ബിബിനെ അറിയാം. പക്ഷേ, ഞാന്‍ പറയാന്‍ പോകുന്ന ആളെ ബിബിന് അറിയോ എന്നെനിക്കറിയില്ല''ആ വ്യക്തി ഇങ്ങനെയാണ് എന്നോട് പറഞ്ഞത്. തേന്മാവിന്‍കൊമ്പത്ത് എന്ന ചിത്രത്തില്‍ പപ്പുച്ചേട്ടന്റെ ഡയലോഗ് കേട്ട് വായും പൊളിച്ചുനില്‍ക്കുന്ന ലാലേട്ടന്റെ അവസ്ഥയിലായി ഞാന്‍. എന്താണ് സംഭവമെന്ന് എനിക്ക് മനസ്സിലായില്ല. അയാള്‍ ചിരിച്ചുകൊണ്ട് ഞാനൊരാള്‍ക്ക് കൊടുക്കാം എന്നുപറഞ്ഞ് അയാളുടെ ഭാര്യയ്ക്ക് ഫോണ്‍ കൈമാറി. ''എന്നെ അറിയുമോ നമ്മള്‍ ഹിന്ദി പ്രചാരസഭയില്‍ ഒരുമിച്ച് പഠിച്ചിട്ടുണ്ട്, ചേട്ടന്റെ ജൂനിയറായിരുന്നു ഞാന്‍, കൈ കഴുകാന്‍ പോകുമ്പോഴൊക്കെ നമ്മള്‍ കാണാറുണ്ട്. എന്നെ ചേട്ടന് അറിയാന്‍ വഴിയില്ല, പക്ഷേ, ഞാനെപ്പോഴും ചേട്ടനെ നോക്കാറുണ്ടായിരുന്നു'' എന്നൊക്കെ അവര്‍ പറഞ്ഞപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിത്തരിച്ചുപോയി.
ഞാന്‍ സ്‌നേഹിച്ച ആ പെണ്‍കുട്ടിയായിരുന്നു അത്. എങ്ങനെയോ എന്റെ നമ്പര്‍ തേടിക്കണ്ടുപിടിച്ച് വിളിച്ചതാണ്. അവളുടെ പേര് പോലും എനിക്കറിയില്ലായിരുന്നു. ഫോണിലൂടെ അല്പസമയം സംസാരിച്ചു. അവളുടെ ഭര്‍ത്താവും വളരെ ഫ്രണ്‍ഡ്‌ലിയായിരുന്നു. കുറഞ്ഞസമയം കൊണ്ട് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. അവരുടെ കുഞ്ഞിന്റെ ചോറൂണിന് എന്നെ ക്ഷണിച്ചു. ഞാന്‍ വരാമെന്ന് പറഞ്ഞു. പോകുമ്പോള്‍ എന്റെ ഒരു സുഹൃത്തിനെയും കൂട്ടി. എങ്ങോട്ടാണ് പോകുന്നതെന്നൊന്നും അവനോട് പറഞ്ഞില്ല. കാരണം എനിക്കും വലിയ പിടിയില്ലല്ലോ! ഒറ്റത്തവണ ഫോണില്‍ വിളിച്ചുള്ള പരിചയം മാത്രമല്ലേയുള്ളൂ. ഒരുവിധം അവരുടെ വീട്ടിലെത്തി.
അവിടെച്ചെന്ന് ആരാണെന്നും എന്താണെന്നും അറിയാത്ത, വിളിക്കാത്ത ചടങ്ങില്‍ ഇരിക്കുന്ന എന്റെ ചങ്ങാതിയുടെ അവസ്ഥ കണ്ടപ്പോള്‍ ചിരിവന്നു. അവനവിടെക്കിടന്ന് ഉരുകുകയാണ്. സഹിക്കവയ്യാതെ അവനെന്നോടൊരു കാര്യം പറഞ്ഞു. എടാ... നിനക്ക് ഇവരെ കാര്യമായി അറിയില്ല. നിന്നെ ഇവര്‍ക്കും അറിയില്ല. ആര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും അറിയാത്തൊരു പരിപാടിക്ക് എന്തിനാടാ കൂട്ടുകാരന്‍ എന്നും പറഞ്ഞ് എന്നെ വിളിച്ചോണ്ട് പോന്നത്. നിന്നോടൊക്കെ ദൈവം ചോദിക്കുമെടാ എന്നും പറഞ്ഞ് അവന്‍ ആ ദേഷ്യം സദ്യയുണ്ട് തീര്‍ത്തു. ആ ഒരു നിമിഷം ആലോചിക്കുമ്പോള്‍ ഇപ്പോഴും ചിരി നിര്‍ത്താന്‍ പറ്റാറില്ല.
ഈ സംഭവത്തെ പ്രണയം എന്ന് പറയാന്‍ പറ്റില്ല. ഞങ്ങള്‍ തമ്മില്‍ അന്നു സംസാരിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ അന്നേ നല്ല സുഹൃത്തുക്കളായേനേ. ഇന്നും അവളുമായും അവളുടെ വീട്ടുകാരുമായും നല്ല സുഹൃദ്ബന്ധമുണ്ട്. ഇതുപോലൊരു കാര്യം നമ്മുടെ ജീവിതത്തില്‍ പലപ്പോഴായി നടന്നിട്ടുണ്ടാകും. ആരാണെന്നുപോലും അറിയില്ല എന്നാലും ചിലരോട് നമുക്കൊരു ഇഷ്ടം തോന്നില്ലേ? അതുപോലെ. ചിലരോട് ഒരു കാരണവുമില്ലാതെ അകല്‍ച്ചയും തോന്നാറുണ്ട്. അത് മനുഷ്യസഹജമാണ്. എന്റെ ജീവിതത്തില്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരു സംഭവമാണിത്.

ഇന്നും ഞാന്‍ കാമുകനാണ്. പ്രണയമില്ലാതെ നല്ലൊരു ജീവിതം കെട്ടിപ്പടുക്കാനാവില്ല. പക്ഷേ, പ്രണയിക്കുന്നത് എന്റെ ഭാര്യ ഗ്രേഷ്മയെയാണെന്ന് മാത്രം. ഞങ്ങളുടെത് അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. അതുകൊണ്ടുതന്നെ വിവാഹത്തിനുശേഷം ഞങ്ങള്‍ ഇപ്പോഴും പ്രണയിച്ചുകൊണ്ടിരിക്കുന്നു. എന്റെ ചേച്ചിയും അളിയനുമാണ് ഗ്രേഷ്മയെ എനിക്ക് സമ്മാനിക്കുന്നത്. ഒരു പള്ളിയില്‍ വെച്ചാണ് ഗ്രേഷ്മയെ അവര്‍ കാണുന്നത്. ഇന്ന് എനിക്കും ഗ്രേഷ്മയ്ക്കും പ്രണയിക്കാന്‍ ഒരാളുണ്ട്. ഞങ്ങളുടെ മകള്‍ മിഴി.
സൗഹൃദവും ഒരു തരത്തില്‍ പ്രണയമാണ്. അങ്ങനെ നോക്കുമ്പോള്‍ വിഷ്ണു ഉണ്ണികൃഷ്ണനുമായും വലിയ ആത്മബന്ധമുണ്ട്. ഞങ്ങള്‍ ഇതുവരേ ഒരുമിച്ചേ എഴുതിയിട്ടുള്ളൂ. ഞങ്ങള്‍ പിരിഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഈയിടെ ഏതൊക്കെയോ മാധ്യമങ്ങളില്‍ കണ്ടു. അതില്‍ യാതൊരു വാസ്തവവുമില്ല. അവനില്ലാതെ എനിക്കും ഞാനില്ലാതെ അവനും സ്‌ക്രിപ്റ്റ് എഴുതാനാവില്ല. പുതിയൊരു തിരക്കഥ ഒരുക്കുന്നതിന്റെ തിരക്കിലാണ് ഞങ്ങള്‍. ഒപ്പം അഭിനയജീവിതവും മുന്നോട്ടുപോകുന്നു. റിലീസിനൊരുങ്ങുന്ന മമ്മൂക്കയുടെ ഷൈലോക്കില്‍ ഒരു വേഷം ചെയ്തിട്ടുണ്ട്. നായകനായി അഭിനയിക്കാന്‍ ചില അവസരങ്ങളും ലഭിച്ചിട്ടുണ്ട്.
(2020 ജനുവരി ലക്കം സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലില്‍ പ്രസിദ്ധീകരിച്ചത്)


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..