ദുഷ്ടനാണ് മനോഹര്‍; ആന്റണി പരമ ശുദ്ധനും. തരിമ്പുമില്ല മനോഹറിന്റെ മനസ്സില്‍ സംഗീതം. ആന്റണിയുടെ ഹൃദയമാകട്ടെ  സദാ സംഗീതമയം. തോക്കിന്റെ കാഞ്ചി വലിച്ചു ശീലിച്ചവയാണ് മനോഹറിന്റെ വിരലുകളെങ്കില്‍, ആന്റണിയുടെ വിരലുകള്‍ക്ക്  പ്രണയം  ഗിറ്റാര്‍ തന്ത്രികളോടും കീബോര്‍ഡിനോടും. ``ഒരാള്‍ ക്രൂരതയുടെ പര്യായം. മറ്റെയാള്‍ മാന്യതയുടെ പ്രതീകം.  പക്ഷേ,  രണ്ടു പേരും എനിക്ക്  ഒരു പോലെ പ്രിയപ്പെട്ടവര്‍.  ഒരേ നാണയത്തിന്റെ ഇരു വശങ്ങള്‍. മനോഹര്‍ ഇല്ലാതെ ആന്റണി ഇല്ല. തിരിച്ചും അതുപോലെ. ഒരേ  സമയം മനോഹറും ആന്റണിയുമായി ജീവിക്കാന്‍ കഴിയുക അപൂര്‍വ ഭാഗ്യമല്ലേ?'' ഫോണിന്റെ മറുതലക്കല്‍ നിലക്കാത്ത പൊട്ടിച്ചിരി. 
 
ഓര്‍മ്മ  വന്നത് ``ശക്തി''യിലെ ക്രൂരനായ വില്ലനെയാണ്.  പത്തി വിടര്‍ത്തിയ മൂര്‍ഖന്‍ പാമ്പിനെ ഒരു തൂവാല കണക്കെ വലതുകയ്യില്‍ ചുറ്റിക്കെട്ടി, നായകനായ ജയന് നേരെ അട്ടഹസിച്ചു കൊണ്ട് പാഞ്ഞടുക്കുന്ന ഒറ്റക്കണ്ണന്‍ നാഗപ്പന്‍. പിന്നെ,  ജീവനുള്ള  പുലിയുമായി മല്‍പ്പിടുത്തം നടത്തുന്ന ``ആവേശ''ത്തിലെ  കാട്ടുജാതിക്കാരന്‍. മാമാങ്കത്തിലെ സ്ത്രീലമ്പടനായ കോമപ്പന്‍; കോളിളക്കത്തില്‍ ജയനെ പാറക്കല്ലു തലയിലിട്ട്  വകവരുത്താന്‍ ശ്രമിക്കുന്ന വാടകഗുണ്ട ....നീണ്ടു ചുരുണ്ട മുടിയും  തടിച്ചുരുണ്ട  ശരീരവും വഷളന്‍  ചിരിയുമായി  വെള്ളിത്തിരയില്‍ ഒന്നര ദശകത്തോളം നിറഞ്ഞാടിയ സിലോണ്‍ മനോഹര്‍ എന്ന വില്ലന്‍ നടനെ വെറുക്കാത്തവരുണ്ടായിരുന്നില്ല, ഒരിക്കല്‍.  

അതേ, സിലോണ്‍ മനോഹറാണ് ഒരൊറ്റ പാട്ടിലൂടെ തെന്നിന്ത്യന്‍ സംഗീതപ്രേമികളുടെ മുഴുവന്‍  ഹൃദയം കവര്‍ന്ന  ``സുരാംഗനി'' മന