യലിൻ മാന്ത്രികൻ ചൗഡയ്യയുടെ സഹോദരന്റെ പൗത്രനാണ് അംബരീഷ്. എന്നാൽ, മുൻഗാമിയുടെ സംഗീതവഴിയിൽ പോയില്ല അംബരീഷ്. പകരം തിരഞ്ഞെടുത്തത് അഭിനയമാണ്. സൂപ്പർസ്റ്റാറായി. കന്നഡ സിനിമയിലെ ത്രിമൂർത്തികളിൽ ഒരാളായി.

എന്നാൽ, മലയാളി പ്രേക്ഷകർ ഇന്നും അംബരീഷിനെ ഓർക്കുന്നത് ഒരു സംഗീതജ്ഞന്റെ വേഷത്തിന്റെ പേരിലാണ് എന്നതാണ് രസകരം. കമൽഹാസൻ നായകനായ വിഷ്ണു വിജയത്തിലൂടെയാണ് സാൻഡൽവുഡിന്റെ സൂപ്പർസ്റ്റാർ മലയാളത്തിലെത്തിയതെങ്കിലും ശ്രീകുമാരൻ തമ്പി രചനയും സംവിധാനവും നിർവഹിച്ച ഗാനം എന്ന ചിത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുന്നത്.

കലാമൂല്യമുള്ള, ജനപ്രീതിയാർജിച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ചിത്രമായിരുന്നു ഒരു ഡസനിലേറെ കീർത്തനങ്ങൾ ഉൾപ്പെടുത്തിയ 'ഗാനം'. അരവിന്ദാക്ഷൻ എന്ന ഒരു സംഗീതജ്ഞന്റെ വേഷമായിരുന്നു ചിത്രത്തിൽ അംബരീഷിന്. ലക്ഷ്മിയായിരുന്നു നായിക. പാട്ടുകൾ കൊണ്ട് മാത്രമല്ല, ഇതിവൃത്തം കൊണ്ടും സംഗീതമായിരുന്നു ചിത്രം. ദക്ഷിണാമൂര്‍ത്തി സ്വാമികള്‍ ഈണമിട്ട ഏറെ ഹൃദ്യവും സംഗീതസാന്ദ്രവുമായ ഗാനങ്ങള്‍ കൂടി ചേര്‍ന്നതു കൊണ്ടുമാകണം, മലയാളികള്‍ക്കിടയില്‍ ഏറെ സ്വീകാര്യത ലഭിച്ച ചിത്രമായി ഗാനം മാറി. ജാതി വ്യവസ്ഥയുടെ വിഷസത്തുക്കളൊന്നും യഥാര്‍ഥ കലയെ ബാധിക്കുകയില്ലെന്ന് തുറന്നു കാട്ടിയ ചിത്രമായിരുന്നു ഗാനം.

പുലയ സമുദായത്തില്‍ ജനിച്ച അരവിന്ദാക്ഷന്‍ പിന്നീട് അറിയപ്പെടുന്ന സംഗീതജ്ഞനാവുകയാണ്. അരവിന്ദാക്ഷന്‍ കുഞ്ഞായിരിക്കേ, സംഗീതത്തില്‍ താത്പര്യം ജനിക്കുകയും അതു ശ്രദ്ധയില്‍പ്പെട്ട പ്രദേശത്തെ തറവാടിയും വലിയ സംഗീതകാരനുമായ നാരായണന്‍ നമ്പൂതിരിപ്പാട് അവനെ തറവാട്ടിലേക്ക് വിളിച്ചു കൊണ്ടു പോവുകയും കൂടെ നിര്‍ത്തുകയും സംഗീതം അഭ്യസിപ്പിക്കുകയും ചെയ്യുന്നു. നമ്പൂതിരിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പലര്‍ക്കും അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. കേവലം ഒരു പുലയനെ ഉന്നത സമുദായം വാണിരുന്ന തറവാട്ടിലേക്ക് കയറ്റിയതും സംഗീതം പഠിപ്പിക്കാന്‍ ആരംഭിച്ചതുമെല്ലാം പ്രദേശത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. അതെല്ലാം മറികടന്ന് ആരിലും അസൂയ ഉളവാക്കുന്ന ബന്ധമായി പിന്നീട് ആ ഗുരുവും ശിഷ്യനും തമ്മില്‍. നാരായണന്‍ നമ്പൂതിരിപ്പാടായി ബാബു നമ്പൂതിരിയാണ് ചിത്രത്തില്‍ വേഷമിടുന്നത്. ഇതിനിടെ അദ്ദേഹത്തിന്റെ മകളും മോഹിനിയാട്ടം നര്‍ത്തകിയുമായ ശ്രീദേവിക്ക് അരവിന്ദാക്ഷനോട് അനുരാഗം ജനിക്കുന്നതും അങ്ങനെ അതിമനോഹരമായ പല കഥാസന്ദര്‍ഭങ്ങളും ഒത്തുചേര്‍ന്ന ചിത്രമായിരുന്നു ഗാനം. 

അരവിന്ദാക്ഷന്‍ അറിയപ്പെടുന്ന യുവസംഗീതജ്ഞനായ കാലത്താണ് രുഗ്മിണിയെ പരിചയപ്പെടുന്നത്. രുഗ്മിണിയും സമാനതകളില്ലാത്ത യുവ കര്‍ണാടക സംഗീതജ്ഞയായി പേരെടുത്തു കഴിഞ്ഞ കലാകാരിയായിരുന്നു. ആയിടയ്ക്കായിരുന്നു ഗുരുവിന്റെ ആകസ്മിക മരണവും ശ്രീദേവിയുടെ ഒറ്റപ്പെടലും. അങ്ങനെ താന്‍ സ്‌നേഹിച്ച രുക്മിണിക്കു പകരം അരവിന്ദാക്ഷന്‍ ശ്രീദേവിയെയാണ് വിവാഹം ചെയ്യുന്നത്. ശ്രീദേവിയുടെ റോളിലെത്തിയത് പൂര്‍ണിമ ജയറാമായിരുന്നു. 

ശ്രീകുമാരൻ തമ്പി എഴുതി, ദക്ഷിണാമൂർത്തി രാഗമാലികയിൽ (തോഡി, ബിഹാഗ്, അഠാണ) ചിട്ടപ്പെടുത്തിയ ആലാപനം എന്ന ഗാനവും സാധാരണ സംഗീതാസ്വാദകരുടെ എന്നു വേണ്ട, കര്‍ണാടക സംഗീതപ്രിയരില്‍ പോലും ഏറെ ശ്രദ്ധിക്കപ്പെട്ടതെന്നു പറയാം. യേശുദാസ്, എസ് ജാനകി എന്ന ആ രണ്ടു അതുല്യ പ്രതിഭകളുടെ പ്രതിഭ തെളിയിക്കുന്ന സിനിമാഗാനങ്ങളിലൊന്നായിരുന്നു ആ പാട്ട്. സിനിമയിലെ അമ്പരീഷ്-ലക്ഷ്മി പ്രണയത്തിന്റെ സംഗീതാവിഷ്‌കാരമായിരുന്നു ആലാപനം.

ഇരയമ്മൻ തമ്പിയുടെ ആരോടു ചൊവൽവേനെ, കരുണ ചെയ്​വാൻ,  സ്വാതിതിരുന്നാളിന്റെ അദ്രി സുതാവര, അളിവേണി എന്തു ചെയ്തു, ത്യാഗരാജ സ്വാമികളുടെ ഗുരുലേഖ, മനസാ, നിധിചാല, ഉണ്ണായി വാര്യരുടെ സർവർത്തു രമണീയ, മുത്തുസ്വാമി ദീക്ഷിതരുടെ ശ്രീമഹാഗണപതിം, ജയദേവ കൃതിയായ യാ രമിതാ എന്നിവയായിരുന്നു ചിത്രത്തിലെ പ്രധാന കീർത്തനങ്ങൾ.

ചൗഡയ്യയുടെ സംഗീത പാരമ്പര്യമുണ്ടായിട്ടും എന്തുകൊണ്ട് ആ വഴി തെരഞ്ഞെടുത്തില്ല എന്ന് ഒരിക്കല്‍ അംബരീഷിനോട് ചോദിച്ചിരുന്നു. മുത്തച്ഛന്റെ പേരു കളയാന്‍ താത്പര്യമില്ല എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള സൂപ്പർസ്റ്റാറിന്റെ മറുപടി.

Content highlights : Gaanam malayalam movie, actor Ambareesh in malayalam movie, actor ambareesh passes away