കണ്ടാൽ ഒരെണ്ണം കൊടുക്കാൻ തോന്നുന്ന കഥാപാത്രം; ബഷീറും ജാവയും ഹിറ്റാവുമ്പോൾ അലക്സാണ്ടർ പ്രശാന്ത് പറയുന്നു


ശ്രീലക്ഷ്മി മേനോൻ/ sreelakshmimenon@mpp.co.in

എന്തോ എനിക്ക് വരുന്ന കഥാപാത്രങ്ങൾക്കൊക്കെ ചെറിയ തല്ലുകൊള്ളി സ്വഭാവമുണ്ട്. ഒരു നടനെന്ന നിലയിൽ നല്ലവനായ ഒന്നും ചെയ്യാനില്ലാത്ത കഥാപാത്രങ്ങളേക്കാൾ, എനിക്കിഷ്ടം അൽപം മോശക്കാരനെങ്കിലും എന്തെങ്കിലും ചെയ്യാനുള്ള കഥാപാത്രങ്ങളാണ്.

Alexander Prashanth

ഴിഞ്ഞ കുറച്ച് ദിവസങ്ങളായി മീമുകളിലും ട്രോളുകളിലും നിറഞ്ഞു നിൽക്കുന്ന ഒരു മുഖമുണ്ട്. നടൻ അലക്സാണ്ടർ പ്രശാന്താണ് ആ താരം.. തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ഓപ്പറേഷൻ ജാവ എന്ന ചിത്രം ഓടിടി പ്ലാറ്റ്ഫോമിലും ഹിറ്റായി മാറിയതോടെയാണ് പ്രശാന്തും ട്രോളുകളിൽ നിറഞ്ഞത്. ചിത്രത്തിൽ പ്രശാന്ത് അവതരിപ്പിച്ച, തരക്കേടില്ലാത്ത പ്രൊഫഷണൽ ഈഗോയും കൊണ്ടുനടക്കുന്ന സൈബർ സെൽ ഉദ്യോ​ഗസ്ഥനായ ബഷീർ എന്ന കഥാപാത്രം ഏറെ ചർച്ച ചെയ്യപ്പെട്ടു. വേണ്ടതിനും വേണ്ടാത്തതിനും കയറി ചൊറിയുന്ന ബഷീറിനെ കണ്ടാലേ മുഖത്തു നിന്ന് കയ്യെടുക്കാൻ തോന്നില്ലെന്ന് പലരും അഭിപ്രായപ്പെട്ടു. ഇതേ അഭിപ്രായം പ്രശാന്തിന്റെ മറ്റു കഥാപാത്രങ്ങളെ വച്ച് സോഷ്യൽ മീഡിയയും ട്രോളാക്കി മാറ്റി.

അവതാരകനായി കരിയർ തുടങ്ങിയെങ്കിലും സിനിമയോടും അഭിനയത്തോടുമുള്ള അടങ്ങാത്ത ആ​ഗ്രഹമാണ് പ്രശാന്തിനെ നടനാക്കിയത്. കഴിഞ്ഞ പത്തൊമ്പത് വർഷത്തോളമായി സിനിമയിലുണ്ടെങ്കിലും അടുത്തിടെയാണ് പ്രശാന്തിനെ തേടി ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ വന്നുതുടങ്ങിയത്. ബഷീറും ട്രോളുകളും ഹിറ്റായി മാറുമ്പോൾ പ്രശാന്ത് മാതൃഭൂമി ഡോട് കോമിനോട് മനസ് തുറക്കുന്നു

'മുഖത്തു നിന്ന് കയ്യെടുക്കാൻ തോന്നാത്ത കഥാപാത്രങ്ങൾ'

മുഖത്തു നിന്ന് കയ്യെടുക്കാൻ തോന്നില്ല എന്ന് പറയുമ്പോൾ കൊച്ചുകുട്ടികളുടെ മുഖത്തൊക്കെ നമ്മളിങ്ങനെ പിടിക്കില്ലേ അതുപോലെ സ്നേഹത്തോടെ ആവണം എന്നാണ് ആ​ഗ്രഹം. പക്ഷേ, എന്തോ എനിക്ക് വരുന്ന കഥാപാത്രങ്ങൾക്കൊക്കെ ചെറിയ തല്ലുകൊള്ളി സ്വഭാവമുണ്ട്. ഒരു നടനെന്ന നിലയിൽ നല്ലവനായ ഒന്നും ചെയ്യാനില്ലാത്ത കഥാപാത്രങ്ങളേക്കാൾ, എനിക്കിഷ്ടം അൽപം മോശക്കാരനെങ്കിലും എന്തെങ്കിലും ചെയ്യാനുള്ള കഥാപാത്രങ്ങളാണ്. ശ്രദ്ധിക്കപ്പെടുക എന്നതാണല്ലോ ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം നിർണായകമായ കാര്യം. കഴിഞ്ഞ പത്തൊമ്പത് വർഷമായി നടനെന്ന നിലയിൽ ശ്രദ്ധിക്കപ്പെടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആളാണ് ഞാൻ. എനിക്ക് ശ്രദ്ധ ലഭിച്ചിട്ടുള്ള വേഷങ്ങൾ ആണെങ്കിൽ ഒരെണ്ണം തരാൻ തോന്നുന്ന കഥാപാത്രങ്ങളും.

ലാൽജോസ് ചേട്ടൻ സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീടിലാണ് ആദ്യത്തെ നെ​ഗറ്റീവ് വേഷം ചെയ്യുന്നത്. അന്ന് ലാലു ചേട്ടൻ പറഞ്ഞിരുന്നു നിനക്ക് ഒരു ഫ്രോഡ് ലുക്കാണ് അത് പരമാവധി പ്രയോജനപ്പെടുത്തണം ഈ കഥാപാത്രത്തിനെന്ന്. അപ്പോഴാണ് ഞാനും അത് തിരിച്ചറിയുന്നത്. കയ്യിലിരുപ്പ് മാത്രമല്ല ലുക്കും അങ്ങനെയാണെന്ന് (ചിരിക്കുന്നു).. ഓർഡിനറിയിലാണ് പിന്നീട് നെ​ഗറ്റീവ് വേഷത്തിലെത്തുന്നത്. അതിനുശേഷം ആക്ഷൻ ഹീറോ ബിജുവിലെ രാഷ്ട്രീയക്കാരന്റെ വേഷം.

ആക്ഷൻ ഹീറോ ബിജുവും ഓപ്പറേഷൻ ജാവയും

ആക്ഷൻ ഹീറോ ബിജുവിലെ ജോസ് പൊറ്റക്കുഴിക്കും ജാവയിലെ ബഷീറിനുമുള്ള പ്രത്യേകതയെന്തെന്നാൽ ഒരെണ്ണം പൊട്ടിക്കാൻ തോന്നിയാലും അത് സ്നേഹത്തോടെ കൊടുക്കാനേ തോന്നുള്ളൂ. ഒന്ന് കൊടുത്താൽ നന്നാവുമെന്ന് ഉറപ്പു തോന്നുന്ന കഥാപാത്രങ്ങളാണ്. ജോസ് സത്യത്തിൽ ഒരു പാവമാണ്. ഭരണകക്ഷിയുടെ ആളാണ്. അയാൾ ശീലിച്ചു വന്ന രീതികളുടെ പ്രശ്നമാണ് സ്റ്റേഷനിൽ കാണുന്നത്. സ്റ്റേഷനിൽ ചെന്നപ്പോൾ അയാളെ ഒന്ന് ബഹുമാനിച്ചിരുന്നുവെങ്കിൽ പാവം ഒരു പ്രശ്നത്തിനും വരാതെ ഇരുന്നേനെ. ഇത് അയാളെ അപമാനിക്കുകയാണല്ലോ ചെയ്തത്. പക്ഷേ തെറിവിളി കേട്ടിട്ടും ചിരിച്ച് ഇറങ്ങിപോവുകയല്ലേ ചെയ്തത്. അയാൾ അത്രയ്ക്കൊക്കേ ഉള്ളൂ. ജോസിനെ പോലുള്ള ഒരുപാട് പേരെ അറിയാമെന്ന് അന്ന് സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോൾ പലരും വിളിച്ച് പറയുകയും മറ്റും ചെയ്തിരുന്നു.

യഥാർഥ സംഭവങ്ങളെ കോർത്തിണക്കിയെടുത്ത ചിത്രം കൂടിയാണ് ജാവ. ചിത്രത്തിലെ ബഷീർ എന്ന സൈബർ സെൽ ഉദ്യോ​ഗസ്ഥനെയും നമുക്കെല്ലാം പരിചിതമാണ്. വിളിക്കുന്ന പലരും തങ്ങളുടെ ഓഫീസിലും ഒരു ബഷീർ ഉണ്ട്, ബഷീറിനെ പല അവസരത്തിലും കണ്ടിട്ടുണ്ട് എന്നെല്ലാമാണ് പറയുന്നത്. അങ്ങനെ ഒരു പൂർണത ആ കഥാപാത്രത്തിന് കിട്ടി എന്ന് അറിയുമ്പോൾ ഭയങ്കര സന്തോഷമാണ്. നേരത്തെ പറഞ്ഞ ആ ചെറിയ തല്ല് എന്റെ കഥാപാത്രത്തെ ആളുകൾ സ്വീകരിച്ചത് കൊണ്ടാണെങ്കിൽ ഏറെ സന്തോഷത്തോടെ ഞാനത് ഏറ്റുവാങ്ങും.

20 വർഷങ്ങൾ, 70 ചിത്രങ്ങൾ

2002 ൽ കമൽസർ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെ എന്റെ തുടക്കം. 2002-2004 കാലഘട്ടം എന്ന് പറയുന്നത് പുതുമുഖങ്ങളുടെ ഒരു തള്ളിക്കയറ്റം ഉണ്ടായ സമയമായിരുന്നു. അക്കൂട്ടത്തിൽ വന്ന് ഇപ്പോഴും സിനിമയിൽ പിടിച്ചുനിൽക്കാൻ സാധിക്കുന്നുണ്ടല്ലോ എന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ സന്തോഷം. കാരണം ഭൂരിപക്ഷം പേരും സിനിമയിൽ ഭാ​ഗ്യം പരീക്ഷിച്ച് അത് വർക്കൗട്ട് ആകാതെ നിർത്തിപ്പോയ സാഹചര്യങ്ങളുണ്ട്. അക്കൂട്ടത്തിൽ ഇപ്പോഴും സിനിമയുടെ ഭാ​ഗമായി നിൽക്കാൻ പറ്റുന്നു, നല്ല വേഷങ്ങൾ കിട്ടുന്നു, ശ്രദ്ധിക്കപ്പെടുന്നു എന്നുള്ളതെല്ലാം സന്തോഷം നൽകുന്ന കാര്യങ്ങളാണ്. ഇപ്പോഴും നിങ്ങളെ പോലുള്ള പുതിയ താരങ്ങൾ വളർന്നു വരണം എന്ന് എന്നോട് പറയുന്ന ആൾക്കാരുണ്ട്. അത് കേൾക്കുമ്പോൾ ഞാൻ മനസിൽ ചിരിക്കും.. കാരണം, പത്തൊമ്പത് വർഷമായിട്ടുള്ള പുതുമുഖമാണ് ഞാൻ..

വൈകി ലഭിച്ച സ്വീകാര്യതയെങ്കിലും സന്തുഷ്ടൻ

ചിലർക്ക് പ്രായത്തിൽ കവിഞ്ഞ പക്വത ഉണ്ടാവാറുണ്ട്. ഇരുപത്തിയേഴാമത്തെ വയസിലാണ് ലാലേട്ടൻ അമൃതം​ഗമയ ചെയ്തതെന്ന് കേട്ടിട്ടുണ്ട്, മുപ്പത്തിനാലാമത്തെ വയസിലാണ് മമ്മൂക്ക ന്യൂഡൽഹി ചെയ്തത്... അതുപോലെ ഇരുപതുകളുടെ അവസാനത്തിലാണ് നെടുമുടി വേണുചേട്ടൻ പൂച്ചക്കൊരു മൂക്കുത്തി പോലുള്ള ചിത്രങ്ങൾ ചെയ്തത്. ആ ചെറുപ്രായത്തിൽ തന്നെ ചെയ്യുന്ന ജോലിയിൽ അങ്ങേയറ്റം പക്വത കാണിച്ച വ്യക്തികളാണ് അവർ. എനിക്കത്രേം പക്വതയില്ലായിരുന്നു. ഉത്തരവാദിത്വമുള്ള കഥാപാത്രങ്ങൾ നേരത്തെ ലഭിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ എന്നേ ഞാൻ ഔട്ട് ആയി പോയെനേ. കാരണം അത്തരം കഥാപാത്രങ്ങൾ ഉൾക്കൊള്ളാനുള്ള അനുഭവ സമ്പത്ത് എനിക്കുണ്ടായിന്നോ എന്ന് സംശയമാണ്. ഇപ്പോഴായിരിക്കാം ആ ഒരു പാകത്തിലേക്ക് ഞാൻ വളർന്നത്. എന്റെ ഉഴപ്പ് കൊണ്ടോ, മടി കൊണ്ടോ തന്നെയാണ് അത്തരം കഥാപാത്രങ്ങൾ ലഭിക്കാൻ വൈകിയതെന്ന നല്ല വിശ്വാസമുണ്ട്. അതുകൊണ്ട് ആരെയും പഴിക്കാനില്ല. ഇപ്പോൾ കിട്ടുന്ന ഈ സ്വീകാര്യതയിൽ ഞാൻ സന്തുഷ്ടനാണ്. ഇത് വരെയും ചെറുതും വലുതുമായ വേഷങ്ങൾ തന്ന എല്ലാ സിനിമാ പ്രവർത്തകരെയും ഈ വേളയിൽ ഞാൻ നന്ദിയോടെ ഓർക്കുന്നു

അവതാരകൻ നടനായപ്പോൾ

അവതാരകനായിരുന്നത് കൊണ്ട് ചെല്ലുന്നിടത്തെല്ലാം, സിനിമാക്കാർക്കിടയിലും തിരിച്ചറിയപ്പെട്ടിരുന്നു. മാത്രമല്ല ഈ ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ പേടിയില്ലാത്തത് ഏറെ സഹായകമായിട്ടുണ്ട്. ഞാൻ വന്ന സമയത്ത് ഇന്നത്തെ പോലെ എത്ര ടേക്ക് വേണമെങ്കിലും പോകാൻ പറ്റുന്ന അവസ്ഥയായിരുന്നില്ല. ഫിലിമിലായിരുന്നു ഷൂട്ടിങ്ങ് എന്നതിനാൽ ഒന്നോ രണ്ടോ ടേക്കിനപ്പുറം പോയാൽ ഡയലോ​ഗ് പറയുന്ന ആളെ മാറ്റി വേറെ ആളെക്കൊണ്ട് പറയിക്കുമായിരുന്നു. എനിക്ക് ക്യാമറപ്പേടി ഇല്ലാതിരുന്നതിനാൽ ഈ ഡയലോ​ഗ് ഒരു പ്രശ്നം ആയിരുന്നില്ല. അവൻ ഡയലോ​ഗ് പറഞ്ഞോളും അവനെ കാസ്റ്റ് ചെയ്യാമെന്ന വിശ്വാസം സംവിധായകർക്കുമുണ്ടായിരുന്നു. അതെല്ലാം അവതാരകനായിരുന്നതിന്റെ ​ഗുണമാണ്. ടെലിവിഷൻ അവതാരകനായിരുന്നത് തുടക്കക്കാരനെന്ന നിലയിൽ എന്നെ തുണച്ചിട്ടുണ്ട്. പക്ഷേ അപ്പോഴും പക്വതയുള്ള കഥാപാത്രങ്ങൾ ലഭിച്ചിരുന്നില്ല.

മുന്നോട്ട് പോയപ്പോൾ ഇതേ അവതാരകന്റെ റോൾ പാരയായിട്ടും വന്നിട്ടുണ്ട്. ഞാൻ ചെയ്യുന്ന കഥാപാത്രങ്ങളെയല്ല ജനങ്ങൾ ശ്രദ്ധിച്ചത്, ഞാനെന്ന അവതാരകൻ എന്ത് ചെയ്യുന്നു എന്നതാണ്. പ്രശാന്ത് അലക്സാണ്ടർ അവതാരകനായി ഭൂരിഭാ​ഗം സമയവും ജനങ്ങൾക്ക് മുന്നിൽ നിന്നിരുന്നത് കൊണ്ട് പ്രശാന്ത് അലക്സാണ്ടർ എന്ന നടൻ ചെയ്യുന്ന കഥാപാത്രങ്ങൾ അവർക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായിരുന്നു. നിന്നെ ഒരു കഥാപാത്രമായി മുന്നിൽ നിർത്തിയാൽ ജനങ്ങൾ വിശ്വസിക്കാൻ പാടാണ് എന്ന് പല സംവിധായകരും എന്നോട് പറഞ്ഞിട്ടുണ്ട്. അങ്ങനെ 2005-2006 ഓടെ ഞാൻ ടിവി പരിപാടികൾ മുഴുവനായും ഉപേക്ഷിച്ചു. സാമ്പത്തിക പ്രതിസന്ധിയെല്ലാം ആ സമയത്ത് അലട്ടിയെങ്കിലും സിനിമ എന്ന ഇഷ്ടം മുന്നിലുള്ളത് കൊണ്ട് അതിനെയെല്ലാം തരണം ചെയ്തു. ഒരു പത്ത് പതിനഞ്ച് വർഷത്തോളമായി ടിവിയിൽ ഇല്ലാത്തത് കൊണ്ട് ഞാൻ അവതാരകനായിരുന്ന കാര്യം പലർക്കും അറിയില്ല. അതുകൊണ്ട് തന്നെ അവർക്ക് എന്നെ ഒരു അഭിനേതാവായി കാണാൻ കഴിയുന്നുണ്ട്.

'ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്'

ഞാൻ ചെയ്ത വേഷങ്ങൾ കണ്ടിട്ടല്ല ബോളിവുഡിൽ നിന്ന് ക്ഷണം വന്നത്. അവർക്ക് ഒരു തെന്നിന്ത്യൻ മുഖമായിരുന്നു ആവശ്യം. അങ്ങനെയുള്ളപ്പോൾ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂഷനിൽ പഠിച്ചിറങ്ങിയിട്ടുള്ള സൗത്ത് ഇന്ത്യൻസിന്റെ എഫ്ബി പ്രൊഫൈലുകളൊക്കെ അവർ നോക്കും. എഫ്.ടി.ഐയിൽ പഠിച്ചിറങ്ങിയ ആരുടെയോ സുഹൃത്തായിരുന്നു ഞാൻ. അതാരാണെന്ന് അവർക്കും ഓർമയില്ല, ഞാൻ അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. അവർക്ക് എന്റെ രൂപം കണ്ടപ്പോൾ ഓ.കെയായി. എന്റെ പ്രൊഫൈൽ നോക്കിയപ്പോൾ അഭിനേതാവാണെന്നും മനസിലായി. അങ്ങനെ അവർ എന്നെ കോണ്ടാക്ട് ചെയ്തു, ഓഡിഷൻ നടത്തി ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്ന ചിത്രത്തിന്റെ ഭാ​ഗമായി. പിന്നീട് ഹിന്ദിയിൽ സീരീസുകളിൽ നിന്നെല്ലാം നിറയെ ഓഫറുകൾ വന്നിരുന്നു. അങ്ങനെ വന്ന അവസരത്തിന് ഓഡിഷൻ കൊടുത്തിരുന്ന സമയത്താണ് ലോക്ഡൗൺ വന്നത്. ചിലതിനൊന്നും ഓഡിഷൻ കൊടുക്കാതിരുന്നതിന്റെ പ്രധാന കാരണം മലയാളത്തിൽ നിന്ന് മൂന്നോ നാലോ മാസം മാറിനിൽക്കേണ്ടി വരുമെന്നതിനാലാണ്. അതുകൊണ്ട് ആ പ്രോജക്ടുകൾ ഉപേക്ഷിക്കേണ്ടി വന്നു.

അവതാരകനായി, നടനായി ഇനി സംവിധാനം ???

നാളെ ഒരു ചിത്രം സംവിധാനം ചെയ്യുമോ എന്ന് അറിയില്ല. സിനിമ കുറച്ച് കൂടി പഠിക്കട്ടെ.. ഒരു നടനെന്ന നിലയിൽ ശ്രദ്ധ കിട്ടിയിട്ടുള്ള സമയമാണ്. ഏറെക്കാലമായി ആ​ഗ്രഹിച്ച കാര്യമാണ്. അതിൽ ശ്രദ്ധ കൊടുത്ത് മുന്നോട്ട് പോവുക, കുറേ നല്ല കഥാപാത്രങ്ങൾ ചെയ്യുക എന്നതിനാണ് ആദ്യ പരി​ഗണന. ആറാട്ട്, കിങ്ങ്‍ഫിഷ്, ഒരു താത്വിക അവലോകനം എന്നിവയാണ് പുതിയ ചിത്രങ്ങൾ...

Content Highlights : Actor Alexander Prashanth Interview Operation Java Action Hero Biju Fame

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


V. Muraleedharan

2 min

നടന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിന് നാണക്കേടുണ്ടാക്കി; മുഖ്യമന്ത്രിക്കെതിരേ വി മുരളീധരന്‍

Jun 30, 2022

Most Commented