Screengrab : YouTube Video
സംഗീതാസ്വാദകര്‍ക്ക് 'അകാപെല്ല' എന്ന വാക്ക് അപരിചിതമല്ല. അകമ്പടിയായി വിവിധ വാദ്യോപകരണങ്ങള്‍ ഒത്തു ചേരുമ്പോഴാണ് ഗാനാലാപനത്തിന് പൂര്ണതയുള്ളതായി ശ്രോതാവിന് അനുഭവപ്പെടുന്നത്. ഗാനാലാപനത്തെ കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ ഉപകരണസ്വനങ്ങളെ അനുകരിച്ച് അകമ്പടിയേകുന്ന രീതിയാണ് അകാപെല്ല(Acappella). അകാപെല്ലയുടെ ചരിത്രത്തിന് മാനവിക ചരിത്രത്തോളം പഴക്കമുണ്ടെന്നാണ് വിദഗ്ധരുടെ വാദം, ഒരു പക്ഷെ ഭാഷയുടെ ഉത്ഭവത്തിന് മുമ്പ് തന്നെ സംഗീതവും ഒപ്പം അകാപെല്ലയും പ്രചാരത്തിലുണ്ടായിരുന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ബി.സി. 2000 ല്‍ തന്നെ സംഗീതവുമായി ബന്ധപ്പെട്ട് സ്വരസ്ഥാനങ്ങള്‍ രേഖപ്പെടുത്തിയിരുന്നതായി തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.
അകാപെല്ലയുടെ ആവിര്‍ഭാവവും പ്രചാരവും
ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടാണ് അകാപെല്ലയ്ക്ക് കൂടുതല്‍ പ്രചാരം കൈവന്നതെന്നാണ് വിദഗ്ധരുടെ നിഗമനം. ചര്‍ച്ച് മ്യൂസിക്ക്(church music), അനഷീദ്(anasheed), സെമിറോറ്റ്(zemirot)തുടങ്ങി ക്രിസ്തീയ, ഇസ്ലാം, ജൂത ആരാധനാലയ സംഗീതങ്ങളിലാണ് അകാപെല്ല പ്രധാനമായും പ്രചാരത്തിലുണ്ടായിരുന്നത്. ഗ്രിഗോറിയന്‍ സങ്കീര്‍ത്തനങ്ങള്‍ അകാപെല്ലയുടെ മകുടോദാഹരണമാണ്. നവോത്ഥാനകാലഘട്ടത്തില്‍ അകാപെല്ല കൂടുതല്‍ അഭിവൃദ്ധമായി. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് ക്രിസ്തീയ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് അകാപെല്ല കൂടുതല്‍ പ്രചാരത്തിലായത്.
പതിനാറാം നൂറ്റാണ്ടോടെ പോളിഫോണി(polyphony-ഗാനത്തിലെ ബഹുസ്വരത) കൂടുതല്‍ വികസിതമായി. എന്നാല്‍ ഉപകരണസംഗീതത്തിന് പ്രചാരം കൈവന്നതോടെ അകാപെല്ലയുടെ പ്രാധാന്യം കുറഞ്ഞു. എങ്കിലും ക്രിസ്തീയ ആരാധനാഗീതങ്ങളില്‍ ഇന്നും അകാപെല്ലയ്ക്ക് സുപ്രധാനസ്ഥാനമുണ്ട്. വികസനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അകാപെല്ലയുടെ വിവിധ ശൈലികള്‍ രൂപപ്പെട്ടു. ഉപകരണസംഗീതം നിഷിദ്ധമായ മതവിഭാഗങ്ങളില്‍ അകാപെല്ലയ്ക്ക് എക്കാലവും പ്രാധാന്യം ലഭിച്ചിരുന്നു.
അകാപെല്ലയുടെ വിവിധ രൂപങ്ങള്‍-കാലത്തിനൊപ്പം വന്ന മാറ്റങ്ങള്‍
ആരാധനാലയങ്ങളില്‍ നിന്ന് അകാപെല്ല പതിയെ കൂടുതല്‍ ജനകീയമായി. പാട്ടുകള്‍ക്ക് അകമ്പടിയൊരുക്കുന്നതില് നിന്ന് വൈറലായ ഗാനങ്ങള്‍ക്ക് അകാപെല്ലയിലൂടെ കവര്‍ വേര്‍ഷനുകള്‍ റിലീസായി. ഗാനങ്ങളില്‍ നിന്ന് പ്രശസ്തമായ ജിംഗിള്സിലേക്കും ഗെയിംമ്യൂസിക്കിലേക്കുമൊക്കെ അകാപെല്ലയുടെ സ്വാധീനം നീണ്ടു. ആപ്പിളിന്റേയും വിന്‍ഡോസിന്റേയും ട്യൂണുകള്‍ വരെ അകാപെല്ല ഗ്രൂപ്പുകള്‍ ഏറ്റെടുത്ത് കവര്‍ വേര്ഷനുകളാക്കി. സാങ്കേതികവിദ്യയുടെ വികാസത്തിനൊപ്പം അകാപെല്ലയുടെ അവതരണവും വ്യത്യാസമായി. എഡിറ്റിങ്ങിലൂടെ അകാപെല്ലയ്ക്ക് പുതിയ മാനങ്ങള്‍ കൈവന്നു. ലക്ഷക്കണക്കിന് സംഗീതാസ്വാദകര്‍ അകാപെല്ല ഗ്രൂപ്പംഗങ്ങളുടെ കഴിവിനെ പ്രശംസിച്ചു, ഏറ്റെടുത്തു. പല അകാപെല്ല കവര്‍ വേര്‍ഷനുകളും വൈറലായി.
ലോകപ്രശസ്ത അകാപെല്ല സംഘങ്ങള്‍
പെന്റാറ്റോണിക്സ്, വോയ്സ്പ്ലേ, വോക്ടേവ്, ഹോം ഫ്രീ, സ്ട്രെയ്റ്റ് നോ ചെയ്സര്‍, പീറ്റര്‍ ഹോളെന്സ് എന്നീ അകാപെല്ല ഗ്രൂപ്പുകള്‍ക്കാണ് ലോകത്തേറെ ആരാധകരുള്ളത്. ഇവരുടെ യൂട്യൂബ് വീഡിയോകള്‍ക്കെല്ലാം തന്നെ മില്യണ്‍സ് ഓഫ് വ്യൂസ് ആണ് ലഭിച്ചിട്ടുള്ളത്. ഉപകരണങ്ങളുടെ അനുബന്ധസ്വരങ്ങളോടെ ഗാനത്തെ കൂടുതല്‍ അനുഭവവേദ്യമാക്കി തീര്‍ക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി ഗായകനോ സംഘമോ അകമ്പടിയൊരുക്കി ഗാനത്തെ സുന്ദരമാക്കി അവതരിപ്പിക്കുന്ന അകാപെല്ല സംഘങ്ങള്‍ തീര്‍ച്ചയായും അതിശയിപ്പിക്കുന്നവ തന്നെ, അഭിനന്ദനമര്ഹിക്കുന്നവയും.
ലോകത്ത് നിലവിലെ ഏറ്റവും പ്രശസ്തമായ അകാപെല്ല ഗ്രൂപ്പാണ് പെന്റാറ്റോണിക്സ്. എന്‍ബിസിയുടെ സിങ്-ഓഫ് എന്ന പരിപാടിയുടെ മൂന്നാമത്തെ സീസണില്‍ രണ്ട് ലക്ഷം ഡോളര്‍ കാഷ് പ്രൈസ് നേടിയതോടെയാണ് പെന്റാറ്റോണിക്സ് ലോകശ്രദ്ധ നേടിയത്. ഹല്ലേലൂയയുടെ പെന്റാറ്റോണിക്സിന്റെ കവര്‍ വേര്‍ഷന്‍ 400 മില്യണ്‍ വ്യൂസാണ് യൂട്യൂബില്‍ നേടിയത്. പോപ്ഗാനങ്ങളും ക്രിസ്മസ് ഗാനങ്ങളുമാണ് ഗ്രൂപ്പ് പ്രധാനമായും അകാപെല്ല ചെയ്യുന്നത്. ഒരു ഗ്രാമി അംഗീകാരവും സംഘത്തെ തേടിയെത്തിയിട്ടുണ്ട്.
നിരവധി അവാര്‍ഡുകള്‍ നേടിയെടുത്ത അകാപെല്ല ഗ്രൂപ്പാണ് വോയ്സ്പ്ലേ. സംഘാംഗങ്ങള്ക്കിടയിലുള്ള കെമിസ്ട്രിയാണ് സംഘത്തിന്റെ കരുത്ത്. പതിനൊന്നംഗസംഘമാണ് വോക്ടേവ്. 2015 ല്‍ രൂപീകൃതമായ വോക്ടേവിന്റെ പല അകാപെല്ല ഗാനങ്ങളും വിവിധ സംഗീതപ്ലാറ്റ്ഫോമുകളില് നമ്പര്‍ വണ്‍ സ്ഥാനത്തെത്തിയിട്ടുണ്ട്. എന്‍ബിസിയുടെ സിങ്-ഓഫ് പരിപാടിയുടെ മറ്റൊരു സംഭാവനയാണ് ഹോം ഫ്രീയും. അഞ്ചംഗങ്ങളാണ് ഹോം ഫ്രീ സംഘത്തിലുള്ളത്. 1996 ല്‍ രൂപം കൊണ്ട സ്ട്രെയ്റ്റ് നോ ചെയ്സര്‍ 2007 ലെ ദ 12 ഡേയ്സ് ഓഫ് ക്രിസ്മസ് എന്ന വൈറല്‍ വീഡിയോയിലൂടെയാണ് പ്രശസ്തി നേടിയത്. പീറ്റര്‍ ഹോളെന്സ് എന്ന ഗായകന് ഒറ്റയ്ക്കും മറ്റ് കലാകാരന്മാര്ക്കൊപ്പവും അകാപെല്ല ചെയ്യാറുണ്ട്. ലോകത്തെ അറ്റവും കഴിവുള്ള അകാപെല്ല കലാകാരില്‍ പ്രമുഖനാണ് പീറ്റര്‍ ഹോളെന്സ്.
ഈ സംഘങ്ങളെ കൂടാതെ സംഗീതത്തിനുപരിയായി മറ്റു ചിലവ അകാപെല്ലയിലവതരിപ്പിച്ച് കയ്യടി നേടിയ കൊറിയന്‍ സംഘമാണ് മേ ട്രീ. വീഡിയോ ഗെയിമുകളായ മാരിയോയുടേയും ടെട്രിസിന്റേയും ബാക്ക് ഗ്രൗണ്ട് മ്യൂസിക് മേ ട്രീ അകാപെല്ലയിലവതരിപ്പിച്ചു. കൂടാതെ ആപ്പിളിന്റേയും വിന്‍ഡോസിന്റേയും ട്യൂണുകളും ടോണുകളും അവതരിപ്പിച്ച് സംഘം ലോകത്തെ അദ്ഭുതപ്പെടുത്തി.
ഇന്ത്യന്‍ അകാപെല്ല ഗ്രൂപ്പുകള്‍
അകാപെല്ലയുടെ സ്വാധീനം ഇന്ത്യയിലും കുറവല്ല. രാഗ ട്രിപ്പിങ്, വോക്ട്രോണിക്ക, പെന്‍ മസാല, നോ ട്രെബിള്‍, അഫ്ളാറ്റിയൂണ്സ്, വോക്സ് കോഡ് എന്നിവ ചില പ്രശസ്ത ഇന്ത്യന്‍ അകാപെല്ല സംഘങ്ങളാണ്. ഗായകരും ബീറ്റ് ബോക്സേഴ്സും സംഘാംഗങ്ങളില്‍ ഉള്‍പ്പെടുന്നു.
തയ്യാറാക്കിയത്: സ്വീറ്റി കാവ്
Content Highlights: Acapella music performance by a singer or a singing group without instrumental accompaniment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..