അബു വളയംകുളം ഉമ്മയ്ക്കൊപ്പം, സൗദി വെള്ളക്കയിൽ ദേവിക വർമ
സങ്കടങ്ങൾക്കും നിസ്സഹായതയ്ക്കും ഏകാന്തതക്കുമിടയിലെ കടൽ ദൂരം കടക്കാൻ ദസ്ബിയിൽ-ജപമാല- അഭയം തേടിയ ആയിഷ റാവുത്തർ. കാലമേൽപ്പിച്ച വിശ്വാസദാർഢ്യത്തിന്റെ തിളക്കമുള്ള ദസ്ബിയുമായി ആയിഷ റാവുത്തർ എന്ന നിഷ്‌കളങ്കയായ ഉമ്മ തിയറ്ററുകൾ കീഴടക്കുമ്പോൾ അബു വളയംകുളത്തിന് ഓർമകളിൽ ഉമ്മ കടൽകാറ്റ് പോലെ തലോടിയെത്തുന്നുണ്ട്. പറക്കമെത്തുംമുമ്പേ ബാപ്പ ഓർമയായിപ്പോയ മകന്റെ അഭിനയസ്വപ്‌നങ്ങൾക്കും അലച്ചിലുകൾക്കും ചൂട്ടുപിടിച്ച ആ ഉമ്മ വിരലിൽ ഒരു ജീവിതകാലം മുഴുവൻ കോർത്ത ദസ്ബിയാണ് തിയറ്ററുകളിൽ വൻവിജയമായ സൗദി വെള്ളക്കയെന്ന ചിത്രത്തിൽ ആയിഷ റാവുത്തെറെന്ന നായിക/ഉമ്മയുടെ കൈകളിൽ നമ്മൾ കണ്ടത്.
അബു വളയംകുളത്തിന്റെ ഉമ്മ ആയിഷയുടെ ദസ്ബി
സിനിമയിലെ പോലെ അബുവിന്റെ ഉമ്മ ആയിഷക്കും എപ്പോഴും കൂട്ടായി ഒരുകൂട്ടം പൂച്ചകളുണ്ടാവും. നായകളും ഉമ്മയ്ക്ക് ചുറ്റുംകാണാം. വീടുമാറി മറ്റൊരിടത്ത് എത്തുമ്പോഴും അബുവിന്റെ ഉമ്മ ആയിഷയേ പോലെ ആയിഷ റാവുത്തറിനും പൂച്ചകളാണ് കൂട്ടായെത്തുന്നത്. അബുവിന്റെ ഉമ്മ രണ്ടുവർഷം മുമ്പാണ് ഈ ലോകത്തോട് വിട പറഞ്ഞത്. അബുവിന് 15 വയസ്സുളളപ്പോൾ ഉപ്പ വിദേശത്തുവെച്ച് മരിച്ചു. ഗൾഫിനപ്പുറം ജോലിയോ തൊഴിലോ കേട്ടുകേൾവിയില്ലാത്ത മലപ്പുറം ജില്ലയിലെ വളയംകുളത്തെ നാട്ടിൻപുറത്ത് മകൻ നാടകങ്ങളും മൈമും മോണോ ആക്ടും ആയി നടന്നപ്പോഴും ഉമ്മയാണ് അതിന് കുടപിടിച്ച് വീട്ടിൽ ഉറങ്ങാതെ കാത്തിരുന്നത്, സ്വപ്‌നങ്ങൾക്കൊപ്പം നടക്കാൻ അബുവിന് തണലായത്.

ഏകമകൻ പൂരപ്പറമ്പായ പൂരപ്പറമ്പൊക്കെ നാടകം കണ്ടും കളിച്ചും നടന്നപ്പോൾ നാട്ടുകാരുടെ ഒരു പറച്ചിലിനും കാതോർത്തില്ല, പകരം സ്വന്തം വഴിയേ പോകാൻ സമ്മതം നൽകി. അതുകൊണ്ടാണ് സുഡാനി ഫ്രം നൈജീരിയയിലെ ജമീലയേയും ബീയ്യുമ്മയേയും കാണുമ്പോൾ അയൽവക്കത്ത് കണ്ട ഉമ്മമാരോണല്ലോയെന്നുപറഞ്ഞ് നമ്മൾ ചേർത്തുപിടിച്ചത്. തന്റെ ഉമ്മയേയും അയൽപക്കത്തെ ഉമ്മമാരേയും കണ്ട് വളർന്ന അബുവിന് അത്രത്തോളം അറിയാം ആ ഉമ്മമാർ എങ്ങനെയാവുമെന്ന്. അതുകൊണ്ടാണ് ആ കാസ്റ്റിങ്ങ് അത്ര മികച്ചതായതും.
നാടകവേദികളുമായുള്ള ബന്ധമാണ് ആ സിനിമയുടെ കാസ്റ്റിങ് ചെയ്ത അബുവിനെ ആ കഥാപാത്രങ്ങൾ ചെയ്ത് സാവിത്രി ശ്രീധരനിലേക്കും സരസ്സ ബാലുശ്ശേരിയിലേക്കും എത്തിച്ചത്. അന്ന് കാസ്റ്റിങ്ങ് ഡയറക്ടർ എന്ന് ക്രെഡിറ്റ് നൽകിയിരുന്നില്ല. സിനിമ വൻ ഹിറ്റായപ്പോൾ എല്ലാവരും ചോദിച്ചത് എവിടുന്ന് കിട്ടി ഈ ഉമ്മമാരെയെന്നാണ്. അപ്പോഴാണ് അബുവാണ് കാസ്റ്റിങ് ഡയറക്ടർ എന്ന് അഭിമാനത്തോടെ അണിയറപ്രവർത്തകർ വേദികളിൽ പ്രഖ്യാപിച്ചത്.
നാടകക്കാർ വഴികാട്ടും
ആദ്യമായി സിനിമയിലെത്തിയ ദേവിക വർമയാണ് സൗദി വെള്ളക്കയിലെ ആയിഷ റാവുത്തറെ അനശ്വരമാക്കിയതെന്ന് പ്രേക്ഷകർ അത്ഭുതം പ്രകടിപ്പിക്കുന്നു. സംവിധായകൻ തരുൺമൂർത്തി ദേവിക വർമയെ തിരഞ്ഞെടുത്തശേഷം ഒരുമാസം അവർക്കൊപ്പം പരിശീലനവുമായി അബു ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ ഐ എഫ്.എഫ്.കെ യിൽ ഏറെ ചർച്ചയായ പ്രിയനന്ദനന്റെ ധബാരി ക്യൂരുവി ഉൾപ്പെടെ 15 ഓളം ചിത്രങ്ങളിൽ കാസ്റ്റിങ് ഡയറകറാണ് അബു. ആദിവാസികൾ മാത്രം അഭിനയിച്ച് സിനിമയാണ് ഇത്. അട്ടപ്പാടിയിൽ ധബാരി ക്യൂരുവിക്ക് വേണ്ടി അഭിനേതാക്കളെ കണ്ടുപിടിക്കാൻ പോയപ്പോൾ ആദിവാസികൾ കാണുമ്പേൾ തന്നെ മറയുകയായിരുന്നു. മധുവിന്റെ കൊലപാതകത്തിന് ശേഷം പുറംലോകം അവർക്ക് ഭയമായിരുന്നു. ദിവസങ്ങളോളം അവർക്കൊപ്പം അവരുടെ ഭക്ഷണവും താമസവും ആയി കൂടിയപ്പോഴാണ് ഉപദ്രവിക്കാനല്ല, തങ്ങളുടെ പ്രശ്‌നം സിനിമയാക്കാൻ വന്നവരാണെന്ന് ബോധ്യപ്പെട്ട് സഹകരിക്കാൻ അവർ തയ്യാറായത്.
സിനിമ ഷൂട്ട് തുടങ്ങുമ്പോഴാണ് സംവിധായകൻ അഭിനയിക്കാൻ തിരഞ്ഞെടുത്തവരെ കണ്ടത്. അത്രത്തോളം വിശ്വസിച്ചാണ് പ്രിയനന്ദനൻ ഏൽപിച്ചത്. അബുവിന് എവിടേയും പഴയ നാടകക്കാലത്തെ സൗഹൃദങ്ങളാണ് കാസ്റ്റിങ്ങിൽ സഹായത്തിന് എത്തുക. കേരളത്തിലുടനീളം അങ്ങനെയൊരു നാടക പൊക്കിൾക്കൊടിബന്ധമുണ്ട്. കൊയിലാണ്ടിയിലും കൊല്ലത്തും പൊന്നാനിയിലും അട്ടപ്പാടിയിലുമെല്ലാം നാടകസൗഹൃദങ്ങളാണ് വഴിതെളിക്കുന്നത്.
.jpeg?$p=564a2f0&&q=0.8)
കഥയുള്ളവർ വരണം അഭിനയിക്കാൻ
സംവിധായകൻ കഥ പറയുമ്പോൾ നമ്മുടെ മനസ്സിൽ രൂപംകൊള്ളുന്ന കഥാപാത്രങ്ങളെ തേടിയെത്തലാണ് കാസ്റ്റിങ്. വലിയ ഉത്തരവാദിത്വമാണ്. ഏറ്റവും മികച്ചവരെ അനുയോജ്യരെ നൽകാനാണ് ശ്രമിക്കുക. സ്വയം ഇതുവരെ കാസ്റ്റ് ചെയ്തിട്ടില്ല. സൗദി വെള്ളക്ക ഉൾപ്പെട്ട സിനിമയിൽ അഭിനയച്ചവരെയെല്ലാം സംവിധായകർ ഇങ്ങോട്ട് കാസ്റ്റ് ചെയ്തതാണ്. ഒരുപാടുപേർ അഭിനയമോഹമായി ഇപ്പോൾ വരുന്നുണ്ട്. പക്ഷേ ഭൂരിഭാഗവും ഒരു ഗൃഹപാഠവുമില്ലാതെയാണ് വരുന്നത്. കുറഞ്ഞത് ഒരു പുസ്തകമെങ്കിലും വായിക്കണ്ടേ. അതിലെ കഥാപാത്രങ്ങൾക്ക് ഭാവനയിൽ ജീവൻ നൽകി നോക്കണ്ടേ. പ്രശസ്തമായ കഥാപാത്രം പറയുമ്പോൾ വായിക്കുകയോ കേൾക്കുകയോ ചെയ്യാത്തവരാണ് പലരും.

സൗഹൃദത്തണലിൽ.....
ദായോം പന്ത്രണ്ട് മുതൽ ചെറുതും വലുതുമായ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് അബു. പൊതുവെ സൗഹൃദങ്ങളിൽനിന്നാണ് അതൊക്കെ സംഭവിച്ചതും. പൊന്നാനിക്കാരൻ തന്നെയായ സംവിധായകൻ അഷ്‌റഫ് ഹംസയുടെ ഒക്കെ ഷോർട്ട് ഫിലിമുകളിൽ നിന്നാണ് തുടക്കം. അവർക്കൊപ്പം അബുവും വലിയ സിനിമകളിലേക്കെത്തി. ഇപ്പോൾ സൗഹൃങ്ങൾക്ക് പുറത്തേക്കും പ്രൊഫഷൻ എത്തുന്നു. പുതുതായി ഒരു തമിഴ്‌പൊജക്ടിലാണ് പ്രവർത്തിക്കുന്നത്. വെള്ളരിക്കണ്ടങ്ങളിലെ നാടകലോകത്ത് നിന്ന് വെള്ളിത്തിരയിൽ അഭിനേതാവായും പുതിയ താരങ്ങളെ കണ്ടെത്തിയും അബു യാത്രതുടരുകയാണ്.
Content Highlights: abu valayamkulam, casting director of saudi vellakka, devika varma in saudi vellakka
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..