മുംബൈയിലെ 'മന്നത്തി'ല്‍വെച്ച് ഷാരൂഖ് ഖാന്‍ അടുത്ത പടത്തിനായി ആഷിക് അബുവിനും ശ്യാം പുഷ്‌കരനും കൈകൊടുത്ത വാര്‍ത്തയറിഞ്ഞപ്പോള്‍ കമ്മട്ടിപ്പാടത്തിലെ ബാലന്‍ എന്ന കഥാപാത്രം പറയുന്നതാണ് ഓര്‍മവന്നത്. 'കൈയടിക്കടാ...'. അടിച്ചുപോകും. മെല്ലെയല്ല. നല്ല ശക്തിയോടെതന്നെ. ഈ നേട്ടം നമ്മള്‍ മലയാളികള്‍ക്ക് അഹങ്കരിക്കാനുള്ളതാണെന്നേ... അങ്ങോട്ടുചെന്ന് കഥ പറഞ്ഞതല്ല. ആഷിക്കിന്റെ 'വൈറസ്' കണ്ട് വല്ലാതെ മൊഹബത്തിലായ കിങ് ഖാന്‍ ഒരു സിനിമ ചെയ്യാന്‍ ആഷിക്കിനെയും ശ്യാമിനെയും മുംബൈയിലേക്ക് ക്ഷണിച്ചതാണ്. അപ്പോള്‍ നമ്മള്‍ അഹങ്കരിക്കേണ്ടേ?

അവസരങ്ങള്‍ ഇവരെ വെറുതെയങ്ങ് തേടിവരുന്നതല്ല. ചെയ്യുന്ന സിനിമകളിലെ വൈവിധ്യവും പ്രതിബദ്ധതയും സൂക്ഷ്മതയും വ്യക്തതയും ആത്മവിശ്വാസവുമെല്ലാം ഉയരങ്ങളിലേക്ക് വലിച്ചടുപ്പിക്കുകയാണ്. കമലിന്റെ ശിഷ്യനായ ആഷിക്, തന്റെ ആദ്യ ചിത്രം 'ഡാഡി കൂള്‍' കഴിഞ്ഞ് ഒരു ചാനലിന് കൊടുത്ത അഭിമുഖം ഇപ്പോഴും ഓര്‍മയിലുണ്ട്. അതില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങളെക്കാള്‍ പറഞ്ഞതിലെ വ്യക്തതയും ആത്മവിശ്വാസവുമാണ് ആകര്‍ഷകമായി തോന്നിയത്. പ്രതീക്ഷ നല്‍കുന്ന സംവിധായകനായി അന്നേ ആഷിക് മാറിയിരുന്നു. അത് ഇതുവരെ തെറ്റിച്ചിട്ടില്ലെന്നുമാത്രമല്ല, ശരികളുടെ എണ്ണമങ്ങനെ കൂടുകയുമാണ്.

വൈറസ് സിനിമയാകുന്നുവെന്നറിഞ്ഞപ്പോള്‍ വല്ലാത്ത ആകാംക്ഷയായിരുന്നു. എല്ലാവര്‍ക്കും അറിയാവുന്ന വാര്‍ത്ത എങ്ങനെ ത്രില്ലറായി മാറുമെന്നറിയാനുള്ള കൗതുകം. സിനിമ ഇറങ്ങിയപ്പോഴാകട്ടെ അതൊരു ലക്ഷണമൊത്ത മെഡിക്കല്‍ ത്രില്ലറായിത്തന്നെ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനായി. അവിടെയാണ് ആഷിക് എന്ന സംവിധായകന്റെ വിജയം. ആ വിജയമാണ് 'മന്നത്തി'ന്റെ വാതില്‍ മലര്‍ക്കേ തുറന്നത്.

ശ്യാമുമായി കൂടിച്ചേര്‍ന്ന് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ചെയ്തതുമുതലിങ്ങോട്ട് ആഷിക് അബുവിന്റെ ഓരോ ചിത്രവും വ്യത്യസ്തവും കാലികവുമായിരുന്നു. 22 ഫീമെയില്‍ കോട്ടയം, ഇടുക്കി ഗോള്‍ഡ്, റാണി പത്മിനി, മായാനദി... എല്ലാംതന്നെ ചര്‍ച്ചചെയ്യപ്പെട്ട ചിത്രങ്ങള്‍. വിഷയവൈവിധ്യവും അത് അവതരിപ്പിക്കുന്ന രീതിയും ഇവരുടെ ചിത്രങ്ങളെ വേറിട്ടതാക്കുന്നു. സിനിമ വെറുമൊരു ആസ്വാദന ഉപാധി എന്നതിനെക്കാള്‍ ഈ മാധ്യമത്തിന്റെ ശക്തിയിലാണ് ഇവരുടെ വിശ്വാസം. ചുറ്റുപാടുകളോടുള്ള പ്രതികരണംകൂടിയാണ് ഇവരുടെ സിനിമകള്‍.

സിനിമകളില്‍ മാത്രമായി ഒതുങ്ങുന്നില്ല ഇവരുടെ പ്രതികരണങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. പൊതുജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ചങ്കുറപ്പോടെ നിലപാടുകള്‍ വ്യക്തമാക്കാനും ഇവര്‍ മടികാട്ടാറില്ല. സിനിമക്കാര്‍ 'അന്യഗ്രഹ'ജീവികളല്ലെന്നും അവരും പൊതുസമൂഹത്തിന്റെ ഭാഗമാണെന്നുമുള്ള സന്ദേശം ഇവരുടെ വാക്കുകളില്‍ കാണാം.

സംവിധായകനെന്ന നിലയില്‍ ആഷിക്കിന് വല്ലാത്തൊരു പെര്‍ഫക്ഷനുണ്ട്. ഒപ്പം അപാരമായ ആത്മവിശ്വാസവും. ശ്യാം പുഷ്‌കരന്‍ എന്ന തിരക്കഥാകൃത്തിന്റെ ജീവിത നിരീക്ഷണങ്ങളാണ് നമ്മെ അമ്പരപ്പിക്കുക. ഒരു കഥയുമില്ലാത്തവരുടെ ജീവിതംകൊണ്ട് എത്ര മനോഹരമായാണ് ശ്യാം കഥ പറയുന്നത്. മഹേഷിന്റെ പ്രതികാരവും കുമ്പളങ്ങി നൈറ്റ്സുമെല്ലാം ഭ്രമിപ്പിക്കുന്ന സിനിമകളായി മാറുന്നതും ആ ബ്രില്യന്‍സുകൊണ്ടാണ്. (മഹേഷിന്റെ പ്രതികാരം കണ്ട മലയാളത്തിലെ ഒരു തിരക്കഥാകൃത്ത് സ്വകാര്യമായി പറഞ്ഞത് ഇങ്ങനെയാണ്. 'ഇതുപോലൊരു പടമെഴുതിയിട്ട് മരിച്ചാല്‍ മതിയായിരുന്നു'. ഇത് കേട്ടുനിന്ന അദ്ദേഹത്തിന്റെ സുഹൃത്ത് പറഞ്ഞതാവട്ടെ 'പുല്ല്... അപ്പോ നീ അടുത്തെങ്ങും ചാവില്ലല്ലേ...' എന്നും).

എഴുത്തിന്റെ രീതികൊണ്ടും അവതരണശൈലികൊണ്ടും തികച്ചും വ്യത്യസ്തമായിരിക്കും ഇവരുടെ ഷാരൂഖ് ചിത്രമെന്ന് പ്രതീക്ഷിക്കാം. കഥ കേട്ട് കൈകൊടുക്കുക മാത്രമല്ല ഷാരൂഖിന്റെ സ്വന്തം കമ്പനിയായ റെഡ് ചില്ലീസ് ചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുക്കുകയും ചെയ്തുകഴിഞ്ഞു. 2020 അവസാനത്തോടെ ചിത്രമൊരുങ്ങുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷത്തെ ഏറ്റവും വലിയ സമ്മാനമാകാന്‍ ചിത്രത്തിന് കഴിയട്ടെയെന്ന് ആശംസിക്കാം. അതിനായി ആഷിക്കിനും ശ്യാമിനും കട്ട സപ്പോര്‍ട്ട്...

Content Highlights: Aashiq Abu syam pushkaran with shah rukh khan at his Mannath