ടൊവിനോ തോമസ്, ആഷിക് അബു
പുതുമയുടെ സാൾട്ട് ആൻഡ് പെപ്പർ ഓരോ സിനിമയിലും പ്രേക്ഷകനായി കരുതിവെക്കുന്ന സംവിധായകനാണ് ആഷിഖ് അബു, സാൾട്ട് ആൻഡ് പെപ്പറിലും 22 ഫീമെയിൽ കോട്ടയത്തിലും ഇടുക്കി ഗോൾഡിലും മായാനദിയിലും വൈറസിലുമൊക്കെ ആ ഫ്രഷ്നസ് മലയാളിപ്രേക്ഷകൻ കണ്ടറിഞ്ഞതാണ്. കഥയിലും കഥാപശ്ചാത്തലത്തിലും ആഷിഖ് അബു നടത്തുന്ന പരീക്ഷണങ്ങൾ മലയാളസിനിമയ്ക്ക് പുതുവഴികാട്ടാറുമുണ്ട്. ടെലിവിഷൻ ജേണലിസത്തിന്റെ കാണാക്കഥകളിലേക്കാണ് ഇത്തവണ നാരദനിലൂടെ ആഷിഖ് അബു പ്രേക്ഷകനെ ക്ഷണിക്കുന്നത്. മായാനദിക്കുശേഷം ആഷിഖ് അബു-ടൊവിനോ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ത്രില്ലർ വഴിയിലാണ് കഥ പറയുന്നത്. ടെലിവിഷൻ അവതാരകനായ ചന്ദ്രപ്രകാശായി ടൊവിനോ എത്തുമ്പോൾ അന്ന ബെൻ, ജോയ് മാത്യു, ജാഫർ ഇടുക്കി, ഷറഫുദ്ദീൻ, ഇന്ദ്രൻസ്, രൺജി പണിക്കർ, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങി വലിയൊരു താരനിരതന്നെ കൂട്ടിനുണ്ട്. ‘നാരദൻ’ സിനിമയുടെയും മറ്റ് പുതിയ വിശേഷങ്ങളെക്കുറിച്ചും സംവിധായകൻ ആഷിഖ് അബു സംസാരിക്കുന്നു.
‘നാരദൻ’ പേര് കേൾക്കുമ്പോൾ ഒരു പുരാണ ടച്ചാണ്, എന്നാൽ ടെലിവിഷൻ ജേണലിസമാണ് കഥാപശ്ചാത്തലം....
നമ്മുടെ പുരാണങ്ങൾ നോക്കിയാൽ ആദ്യത്തെ മെസഞ്ചർ (സന്ദേശവാഹകൻ) എന്ന ലേബലുള്ള ആളാണ് നാരദൻ. അതിനെ ഈ സിനിമയുടെ കഥയുമായി ബന്ധപ്പെടുത്തി ആലോചിച്ചപ്പോൾ ആ പേര് യോജിക്കുമെന്നു തോന്നി. അങ്ങനെയാണ് പ്രചാരകൻ എന്ന അർഥത്തിൽ നാരദൻ എന്ന പേര് ഇടുന്നത്. പല പശ്ചാത്തലത്തിലാണ് നമ്മൾ ഓരോ സിനിമയും ആലോചിക്കാറുള്ളത്. ചിലപ്പോഴത് രാഷ്ട്രീയമാകാം, പോലീസാകാം, വിദ്യാർഥികൾക്കിടയിലാകാം അങ്ങനെ ഓരോ കഥയും വ്യത്യസ്ത പശ്ചാത്തലത്തിൽ അവതരിപ്പിക്കുമ്പോൾ മികവുപുലർത്താറുണ്ട്. ടെലിവിഷൻ ജേണലിസം എന്ന പശ്ചാത്തലം സിനിമയിൽ അധികമാരും ഉപയോഗിക്കാത്തൊരു മേഖലയായാണ് എനിക്ക് തോന്നിയിട്ടുള്ളത്. റൺ ബേബി റൺ, ലൗ 24x7 എന്നീ സിനിമകളാണ് മലയാളത്തിൽ മുമ്പ് ടെലിവിഷൻ ജേണലിസം പശ്ചാത്തലമാക്കി വന്നിട്ടുള്ളത്. അതിൽനിന്നെല്ലാം വ്യത്യസ്തമായ രീതിയിൽ കുറച്ചുകൂടി ആഴത്തിൽ ഈയൊരു മേഖലയെ സമീപിക്കാൻ സാധ്യതയുണ്ടെന്ന തോന്നലിൽനിന്നാണ് നാരദൻ എന്ന സിനിമയുണ്ടാകുന്നത്. ഉണ്ണി ആറുമായി ഇക്കാര്യം ചർച്ചചെയ്തപ്പോൾ ഒരു ടെലിവിഷൻ ജേണലിസ്റ്റിന്റെ ജീവിതകഥയ്ക്ക് മലയാളത്തിൽ പ്രാധാന്യമുണ്ടെന്നു തോന്നി. ആദ്യകാല ടെലിവിഷൻ ജേണലിസ്റ്റുകൂടിയാണ് ഉണ്ണി. ഒരുമുൻവിധിയുമില്ലാതെ കഥാപശ്ചാത്തലത്തെ സമീപിക്കണം എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. അത് തിരക്കഥ പൂർത്തിയാകുമ്പോഴും ശ്രദ്ധിച്ചിരുന്നു. പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയുള്ള കുറച്ചധികം സംഭവങ്ങളും കഥാപാത്രങ്ങളുമൊക്കെ ഈ സിനിമയിലുണ്ട്. മനുഷ്യവികാരങ്ങളിലൂടെ കുറച്ചുകൂടി ആഴത്തിൽ കടന്നുപോകാൻ ശ്രമിച്ചിട്ടുണ്ട്. പിന്നെ ഏതുമേഖലയായാലും വിമർശനം നമുക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ്. അതുകൊണ്ടുതന്നെ ടെലിവിഷൻ ജേണലിസത്തെക്കുറിച്ച് ക്രിയാത്മകമായ, ധാർമികമായ വിമർശനങ്ങൾ നാരദനിൽ പ്രേക്ഷകർക്ക് കാണാം.
എന്തായിരുന്നു നാരദനിൽ നേരിട്ട വെല്ലുവിളി...
ടെലിവിഷൻ ജേണലിസ്റ്റുകൾ സ്കിറ്റ് രൂപത്തിലും മറ്റും ഒരുപാട് ട്രോൾ ചെയ്യപ്പെടുകയും വിമർശിക്കപ്പെടുകയും അനുകരിക്കപ്പെടുകയുമൊക്കെ ചെയ്തിട്ടുണ്ട്. അതൊക്കെ എല്ലാവരും കണ്ടിട്ടുമുണ്ട്. സിനിമ ചെയ്യുമ്പോൾ നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി അതേപോലെ ആകാതിരിക്കണം എന്നതായിരുന്നു. ടെലിവിഷൻ ജേണലിസ്റ്റുകളുടെ രീതിയെയും അവരുടെ ചേഷ്ടകളെയും കളിയാക്കുന്നത് മലയാളിക്ക് പുതിയകാര്യമൊന്നുമല്ല. അതുകൊണ്ട് അത്തരം കാര്യങ്ങൾ വരാതിരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്റെ നാടകഗുരുകൂടിയായ ദീപൻ ശിവരാമനാണ് ടൊവിനോയെ ഈ സിനിമയ്ക്കായി പരിശീലിപ്പിച്ചത്. ദീപൻ ഈ സിനിമയിൽ അഭിനയിച്ചിട്ടുമുണ്ട്.
മായാനദി, വൈറസ് എന്നിവയ്ക്കുശേഷം മൂന്നാം തവണയും ടൊവിനോക്കൊപ്പം, ആഷിഖ് അബുവിന്റെ ഫേവറേറ്റ് ആക്ടറായി ടൊവിനോ മാറുകയാണോ...
കഥാപാത്രത്തിന് ചേരുന്ന ആളായിട്ടാണ് ടൊവിനോ ആദ്യ ആലോചനയിൽത്തന്നെ ഞങ്ങളുടെ മുന്നിലേക്കുവന്നത്. അതുപോലെ വ്യക്തിപരമായി ടൊവിനോക്കൊപ്പം പ്രവർത്തിക്കുമ്പോൾ കൂടുതൽ കംഫർട്ട് എനിക്ക് അനുഭവപ്പെടാറുണ്ട്. പ്രെഡിക്ടബിൾ അല്ലാത്ത ഒരുഅഭിനേതാവാണ് ടൊവിനോ എന്ന് തോന്നാറുണ്ട്. ഏതു തരത്തിലുള്ള വേഷവും ഇണങ്ങുന്ന ഏതു വേഷത്തിലും അവതരിപ്പിക്കാൻ പറ്റുന്ന ഇമേജിന്റെ ഭാരങ്ങൾ അധികമില്ലാത്ത അഭിനേതാവ്. മായാനദിയിൽനിന്ന് നാരദനിലേക്ക് എത്തുമ്പോൾ ടൊവിനോ ഒരുപാട് മുന്നോട്ടുപോയിട്ടുണ്ട്. ഓരോ വർഷം കഴിയുന്തോറും ഓരോ സിനിമകഴിയുന്തോറും സ്വയം നവീകരിച്ച് കഠിനാധ്വാനംചെയ്ത് കുറച്ചുകൂടി പക്വതയുള്ള അഭിനേതാവായി അദ്ദേഹം വളരുന്നുമുണ്ട്. എന്റെയൊരു അടുത്ത സുഹൃത്തുകൂടിയായതിനാൽ അവന്റെ വളർച്ച ഏറെ സന്തോഷത്തോടെ കാണുന്ന ഒരാളാണ് ഞാൻ.
ഇന്ന് ഒ.ടി.ടി റിലീസ്, തിയേറ്റർ റിലീസ് രണ്ട് ഓപ്ഷനുകളുണ്ട്, എന്തുകൊണ്ട് നാരദൻ തിയേറ്റർ തിരഞ്ഞെടുത്തു...
നാരദൻ ആദ്യമേ തിയേറ്ററിലേക്ക് പ്ലാൻചെയ്ത സിനിമയാണ്. കോവിഡ് ആരംഭിച്ചതിനു ശേഷമാണ് ഈ സിനിമയുടെ ആലോചന തുടങ്ങുന്നത്. ആദ്യത്തെ ലോക്ഡൗണിനു ശേഷമാണ് നമ്മൾ ഷൂട്ടിങ് ആരംഭിക്കുന്നത്. ഞങ്ങളൊക്കെ വിശ്വസിച്ചത് ആദ്യതരംഗത്തോടുകൂടിത്തന്നെ കോവിഡ് നിയന്ത്രണങ്ങൾ അവസാനിക്കുമെന്നാണ്. എന്നാൽ, ആ പ്രതീക്ഷയെല്ലാം തെറ്റി. മൂന്ന് ലോക്‌ഡൗണുകൾ നമ്മളിപ്പോൾ പിന്നിട്ടുകഴിഞ്ഞു. ഇപ്പോഴും പൂർണമായും കോവിഡ് പിടിവിട്ടിട്ടുമില്ല. തിയേറ്ററിൽത്തന്നെ കാണിക്കണം എന്ന ആഗ്രഹത്തിലാണ് ഇത്രയും നാളും കാത്തിരുന്നതും ഇപ്പോൾ തിയേറ്ററിൽ റിലീസ് ചെയ്യുന്നതും. ഒ.ടി.ടി. എന്നത് സിനിമയ്ക്ക് മറ്റൊരു വിൻഡോകൂടി തുറന്നുതന്നിരിക്കുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം, മുമ്പ് ടെലിവിഷനിൽ പ്രദർശിപ്പിച്ചപോലെ സിനിമ പ്രദർശിപ്പിക്കാൻ ഇന്റർനെറ്റിലൂടെ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോംകൂടി കിട്ടി. മലയാളസിനിമകൾ ലോകത്തെല്ലായിടത്തുള്ളവർക്കും കാണാനും കുറച്ചുകൂടി നല്ല ബിസിനസ് സാധ്യതകൾ തുറക്കാനും ഒ.ടി.ടി. സാധ്യതയൊരുക്കുന്നുണ്ട്. നവാഗതസിനിമക്കാർക്ക് തിയേറ്ററിനുവേണ്ടി അല്ലാതെയും സിനിമകൾ ചെയ്യാം എന്നൊരു വഴി തുറന്നുവരുന്നു. ഒ.ടി.ടി. ഒരിക്കലും സിനിമയുടെ തിയേറ്റർ അനുഭവവുമായി താരതമ്യംചെയ്യാൻ പറ്റാത്ത ഒരു സാധനമാണ്. കാരണം, തിയേറ്ററിൽ നടക്കുന്നത് ഒരു കമ്യൂണിറ്റി വാച്ചിങ്ങാണ്. എന്നാൽ, ഒ.ടി.ടി.യിൽ പേഴ്സണൽ ബീയിങ് പ്ലാറ്റ്ഫോമാണ്. മനുഷ്യൻ ഒരു സമൂഹജീവിയായതിനാൽ കമ്യൂണിറ്റി വാച്ചിങ് നഷ്ടപ്പെടുന്നത് അവന്റെ സന്തോഷങ്ങളെ ബാധിക്കും. ഇനിയുള്ള കാലം രണ്ടും ഒരുപോലെ വളരും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
Content Highlights: Aashiq Abu, Naradhan film, Tovino Thomas, Media criticism, Naradhan Release


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..