രഞ്ജിത്തിന്റെ പഞ്ച് ഡയലോഗുകള്‍, ഷാജിയുടെ സ്‌റ്റൈല്‍; ആവേശംതോരാതെ ആറാംതമ്പുരാന്‍


ബിജു രാഘവന്‍

സംഭാഷണങ്ങളോ അതോ ദൃശ്യങ്ങളോ ഈ സിനിമയില്‍നിന്നുള്ള ഓര്‍മകളായി മനസ്സില്‍ ബാക്കിയുള്ളതെന്ന് ചോദിച്ചാല്‍ ഒരു നിമിഷം ജഗന്നാഥനെപ്പോലെ പറഞ്ഞുപോവും, ശംഭോ മഹാദേവ. രണ്ടും ഒന്നിനൊന്ന് ചേര്‍ന്നൊഴുകുന്ന സിനിമ. മോഹന്‍ലാലിന്റെ ഇതുവരെ കണ്ട പൗരുഷ വേഷങ്ങളില്‍ ഏറ്റവും ഉയരത്തില്‍ പ്രതിഷ്ഠിക്കപ്പെട്ട കഥാപാത്രമായ ജഗന്നാഥന്‍ പിറന്ന സിനിമ. രഞ്ജിത്തിന്റെ തീപാറുന്ന ഡയലോഗുകളും ഷാജി കൈലാസിന്റെ അസാധ്യമെയ്വഴക്കമുള്ള സംവിധാനമികവും അസാധ്യ ചേരുവയായപ്പോള്‍ ആറാംതമ്പുരാന്റെ രുചി ചോരുന്നേയില്ല.

Feature

ആറാം തമ്പുരാനിലെ രംഗങ്ങൾ

രുപത്തിയഞ്ച് വര്‍ഷം മുന്നേ, മുഷ്ടി ചുരുട്ടി, മസിലൊന്ന് പെരുപ്പിച്ച് കുളപ്പുള്ളി അപ്പനുനേരെ ജഗന്നാഥന്‍ വിരല്‍ചൂണ്ടിയപ്പോള്‍ ഒപ്പം കൈയോങ്ങിയവരെല്ലാം ഇരുപത്തിയഞ്ച് ഓണം കൂടെ ഉണ്ട് കഴിഞ്ഞു. അന്ന് ആകാശത്തിനുചുവട്ടിലെ ഏതു മണ്ണും നാടും ജഗന്നാഥനു സമമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ രോമാഞ്ചംകൊണ്ട പയ്യന്‍മാരെല്ലാം മധ്യവയസ്‌കരുമായി. ആ സിനിമ കാണിച്ച ഓലമേഞ്ഞ കൊട്ടകകളൊന്നും ഇപ്പോള്‍ ഒരു നാട്ടിലും കാണാനുമില്ല. എന്നിട്ടും ആറാംതമ്പുരാന്റെ ആവേശം ചോര്‍ന്നിട്ടില്ല. പഴകുംതോറും വീര്യമേറുന്ന വീഞ്ഞുപോലെ ആ സിനിമ മലയാളി മനസ്സുകളില്‍ കൊടികെട്ടി വാഴുന്നു. ഈ വര്‍ഷം ഡിസംബറില്‍ ആറാംതമ്പുരാന്‍ പുറത്തിറങ്ങിയിട്ട് കാല്‍നൂറ്റാണ്ടാവുന്നു. ഇരുപത്തിയഞ്ചിലും ചോരാത്ത വീര്യവുമായി ജഗന്നാഥന്‍ അടി തുടരുന്നു.

സംഭാഷണങ്ങളോ അതോ ദൃശ്യങ്ങളോ ഈ സിനിമയില്‍നിന്നുള്ള ഓര്‍മകളായി മനസ്സില്‍ ബാക്കിയുള്ളതെന്ന് ചോദിച്ചാല്‍ ഒരു നിമിഷം ജഗന്നാഥനെപ്പോലെ പറഞ്ഞുപോവും, ശംഭോ മഹാദേവ. രണ്ടും ഒന്നിനൊന്ന് ചേര്‍ന്നൊഴുകുന്ന സിനിമ. മോഹന്‍ലാലിന്റെ ഇതുവരെ കണ്ട പൗരുഷ വേഷങ്ങളില്‍ ഏറ്റവും ഉയരത്തില്‍ പ്രതിഷ്ഠിക്കപ്പെട്ട കഥാപാത്രമായ ജഗന്നാഥന്‍ പിറന്ന സിനിമ. രഞ്ജിത്തിന്റെ തീപാറുന്ന ഡയലോഗുകളും ഷാജി കൈലാസിന്റെ അസാധ്യമെയ്വഴക്കമുള്ള സംവിധാനമികവും അസാധ്യ ചേരുവയായപ്പോള്‍ ആറാംതമ്പുരാന്റെ രുചി ചോരുന്നേയില്ല.അന്ന് ഒറ്റപ്പാലത്തെ നാലുകെട്ടുകളിലും നിളാതീരത്തെ മണല്‍പ്പരപ്പിലുമെല്ലാമായി പുതിയ സിനിമയ്ക്ക് ക്യാമറ വെക്കുമ്പോള്‍ തന്നെ ഇതൊരു ചരിത്രമാകുമെന്ന് ഉറപ്പുണ്ടായിരുന്നതായി ഓര്‍ക്കുന്നു ആറാംതമ്പുരാന്റെ ക്യാമറാമാന്‍ പി. സുകുമാര്‍.

പി. സുകുമാര്‍.

'ഈ തിരക്കഥ ആദ്യം കണ്ടപ്പോള്‍ തന്നെ ഇത് വരാനിരിക്കുന്ന വലിയൊരു സിനിമയാണെന്ന തോന്നലുണ്ടായിരുന്നു. അത് ആ പടത്തിന്റെ ഷൂട്ടിങ്ങില്‍ ഉടനീളം നിലനില്ക്കുകയും ചെയ്തു. നന്നായി എക്സിക്യൂട്ടീവ് ചെയ്തിട്ടുള്ളൊരു പടമാണത്. ഞാന്‍ ലാലേട്ടന്റെ കൂടെ ആദ്യമായി സ്വതന്തക്യാമറാമാനായി പ്രവര്‍ത്തിച്ചതാണെങ്കിലും ക്യാമറാമാന്‍ എന്ന നിലയില്‍ ഏറെ കംഫര്‍ട്ടബിളായിട്ടുള്ള അഭിനേതാവായിരുന്നു ലാലേട്ടന്‍. അതിലെ ഒരു സീന്‍ ഓര്‍മയുണ്ട്. മഞ്ജുവാര്യരുടെ കഥാപാത്രം പടിപ്പുര വാതില്‍ തുറന്ന് വന്നുനില്‍ക്കുമ്പോഴാണ്. ലാലേട്ടന്‍ അകത്ത് പോയിട്ട് തമ്പുരാനായി മറ്റൊരു വേഷത്തില്‍ പുറത്തേക്ക് വരുന്നു. അവിടെ ക്ലാപ്പ് ചെയ്യുന്നൊരു ഷോട്ടാണ്. അത് ഒരിഞ്ച് മാറിക്കഴിഞ്ഞാല്‍ ഔട്ട് ഓഫ് ഫോക്കസ് ആയിപ്പോവാന്‍ ഒരുപാട് സാധ്യതയുണ്ട്. ആദ്യത്തെ തവണ ലാലേട്ടന്‍ വന്നപ്പോള്‍ ചെറുതായൊന്ന് മാറിപ്പോവുകയും ചെയ്തു. ഞാനത് അദ്ദേഹത്തോട് പറഞ്ഞു. 'ലാലേട്ടാ കറക്ടായി വേറെ ഒരു ഫേസ് തരൂ' എന്ന്. ആ പൊസിഷനും ഞാന്‍ അദ്ദേഹത്തെ കാണിച്ചുകൊടുത്തു. അങ്ങനെ വീണ്ടും ലാലേട്ടന്‍ ക്യാമറയ്ക്ക് മുന്നിലേക്ക് വന്നു. എന്നാലോ, അവിടെ അദ്ദേഹം രണ്ടുവട്ടം ക്ലാപ്പ് ചെയ്യുകയും ചെയ്തു. അപൂര്‍വം അഭിനേതാക്കള്‍ക്ക് മാത്രം കിട്ടുന്നൊരു കഴിവാണത്.'ഉള്ളില്‍ ശംഭോ മഹാദേവ എന്നുംപറഞ്ഞ് ചിരിച്ചുകൊണ്ടായിരിക്കണം അന്ന് മോഹന്‍ലാല്‍ ആ സീന്‍ പൂര്‍ത്തിയാക്കിയത്. കാരണം ആ സംഭാഷണം സിനിമയില്‍ പലയിടത്തും വരുന്നതുപോലെ സെറ്റിലുള്ളവരും ഇടയ്ക്കിടെ അത് പറഞ്ഞിരുന്നുവത്രേ.

ആറാം തമ്പുരാനില്‍ മോഹന്‍ലാല്‍

മലയാളം കണ്ട പ്രതിഭാധനരായ ഒട്ടുമിക്ക അഭിനേതാക്കളും ക്യാമറയ്ക്കുമുന്നിലെത്തിയ സിനിമ കൂടെയാണ് ആറാംതമ്പുരാന്‍. കൊച്ചിന്‍ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, നരേന്ദ്രപ്രസാദ്, അഗസ്റ്റിന്‍, സായ്കുമാര്‍, കുഞ്ചന്‍, ശങ്കരാടി, കുതിരവട്ടംപപ്പു, ഇന്നസെന്റ് തുടങ്ങിയ നീണ്ടനിര. അന്ന് താരതമ്യേന തുടക്കക്കാരിയായ മഞ്ജുവാര്യര്‍ക്കൊപ്പം ശ്രീവിദ്യയെയും പ്രിയാരാമനെയും പോലുള്ള അഭിനേത്രികളും. എങ്ങോട്ട് ക്യാമറ തിരിച്ചാലും അഭിനയപ്രതിഭകളുടെ സമ്മേളനം പോലെ തോന്നും. പക്ഷേ അവരില്‍ പലരെയും നേരത്തെ അറിയാവുന്നതുകൊണ്ടുതന്നെ ചിത്രീകരണ ദിനങ്ങള്‍ അധികം സമ്മര്‍ദമില്ലാത്തതായിരുന്നുവെന്ന് സുകുമാര്‍ പറയുന്നു.

'ഞാന്‍ ചെറുപ്പം മുതലേ സിനിമയില്‍ ഉണ്ടായിരുന്നത് കൊണ്ട് പലരെയും നേരത്തെ പരിചയമുണ്ടായിരുന്നു. അങ്ങനെയുള്ളവര്‍ക്കൊപ്പം ജോലി ചെയ്യുമ്പോള്‍ കംഫര്‍ട്ട് ലെവല്‍ കൂടുതലാവും. അതുകൊണ്ട് എനിക്കങ്ങനെ ടെന്‍ഷന്‍ ഒന്നുമുണ്ടായില്ല. ഓരോ രംഗവും ആസ്വദിച്ചുകൊണ്ടാണ് ചിത്രീകരിച്ചത്. ലാലേട്ടന്‍ ഗസ്റ്റ് ഹൗസിലേക്ക് വരുന്ന എന്‍ട്രി സീന്‍ തന്നെ കിടിലനായിരുന്നു. ഒരു ഹീറോയുടെ വരവ് അതിഗംഭീരമായി തന്നെ അവതരിപ്പിക്കുന്നൊരു രംഗമാണത്. ലാലേട്ടന്‍ കൊച്ചിന്‍ ഹനീഫയുടെ ചെവിയില്‍ പിടിച്ച് തിരിക്കുന്നതും അപ്പോള്‍ കണ്ണില്‍ വിടരുന്ന കുസൃതിയും ഹനീഫിക്ക വേദന അനുഭവിക്കുന്നതുമൊക്കെ ഷൂട്ട് ചെയ്ത ദിനങ്ങള്‍ ഏറെ രസമുള്ളതായിരുന്നു. സിനിമയുടെ തുടക്കം മദ്രാസില്‍നിന്ന് ഷൂട്ട് ചെയ്യാനായിരുന്നു പ്ലാന്‍ ചെയ്തത്. പിന്നെ അവിടെനിന്ന് മാറ്റുകയായിരുന്നു. കുറെഭാഗം കൊച്ചിയിലൊക്കെ വെച്ചാണ് എടുത്തത്.'ആ ദിനങ്ങള്‍ ഒരു സിനിമ പോലെ ഓടിപ്പോവുന്നു.

ആറാം തമ്പുരാനില്‍ മോഹന്‍ലാലും കൊച്ചിന്‍ ഹനീഫയും

കാവിലെ ഭഗവതി നേരിട്ടുവന്നതോ

ആ രംഗമൊരു പ്രണയത്തിന്റെ തുടക്കമാവുമെന്ന് കാണുന്നവര്‍ക്ക് തോന്നണമെന്നില്ല.പക്ഷേ ഇടയിലൂടെ പ്രേമം ഒളിച്ചുംപാത്തും വരുന്നുമുണ്ട്. മഞ്ജുവിന്റെ ഉണ്ണിമായയും മോഹന്‍ലാലിന്റെ ജഗന്നാഥനും ആദ്യമായി കണ്ടുമുട്ടുന്ന രംഗം. രണ്ടുപേരും പരസ്പരം കളിയാക്കുകയും ദേഷ്യപ്പെടുകയുമൊക്കെ ചെയ്യുന്ന സംഭാഷണങ്ങള്‍. ഇതെന്താ കാവിലെ ഭഗവതി നേരിട്ടു പ്രത്യക്ഷപ്പെട്ടതാണോ എന്ന ജഗന്നാഥന്റെ ചോദ്യത്തിന് അല്ലെന്ന് തോന്നാന്‍ മാഷ്‌ക്ക് ഭഗവതിയെ മുന്‍പ് കണ്ട പരിചയോന്നുമില്ലല്ലോ. എന്ന് ഉണ്ണിമായ തിരിച്ചടിക്കുന്നുണ്ട്. അവര്‍ വാക്കുകള്‍ കോര്‍ത്ത് പരസ്പരം ഏറ്റുമുട്ടിയതിന് ഒടുവില്‍' നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട് കുറുമ്പത്തി' എന്നുംപറഞ്ഞാണ് ജഗന്നാഥന്‍ മടങ്ങുന്നത്. അപ്പോള്‍ സിനിമയുടെ അവസാനം ജഗന്നാഥന്‍ ഉണ്ണിമായയുടെ കൈപിടിക്കുമെന്ന് ഊഹിക്കണമെങ്കില്‍ അവര്‍ പ്രണയത്തിന്റെ ചുഴിയില്‍ ഊളിയിട്ടുനോക്കുന്നവരാകുമെന്ന് ഉറപ്പ്. പിന്നീട് ചില നോട്ടങ്ങളിലോ കുറുമ്പുകളിലോ നിസ്സഹായതകളിലെ സാന്ത്വനത്തിലോ ഒക്കെ വിടരുന്ന ആ പ്രണയത്തിന്റെ പരിമളം സിനിമയിലുടനീളം തങ്ങിനില്‍ക്കുന്നുണ്ട്. സിനിമയിലെ അത്തരം സുന്ദരമായ ചില മുഹൂര്‍ത്തങ്ങള്‍ കൂടെ സുകുമാര്‍ ഓര്‍ത്തെടുത്തു.

സംവിധായകന്‍ ഷാജി കൈലാസിനൊപ്പം പ്രിയാ രാമനും മഞ്ജു വാര്യരും

'മഞ്ജുവാര്യര്‍ തുടക്കകാലത്ത് അഭിനയിച്ച വേഷമാണെങ്കിലും മോഹന്‍ലാലിനൊപ്പം ഓരോ സീനിലും കട്ടയ്ക്ക് നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ഒരുമിച്ച് വരുന്ന സീനുകള്‍ എടുക്കുന്നത് തന്നെ ഒരുപാട് രസമുള്ള കാര്യമാണ്. രണ്ടുപേരും ബ്രില്യന്റായ അഭിനേതാക്കളാണ്. കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ തന്നെ നമുക്കത് കണ്ടറിയാന്‍ പറ്റും. അവരുടെ അഭിനയ പ്രകടനത്തിന്റെ ആഴം മനസ്സിലാവും. കണ്ടുനില്‍ക്കുന്നവരെല്ലാം ആ രംഗം പൂര്‍ത്തിയാവുമ്പോള്‍ കൈയടിക്കുമായിരുന്നു. ഒരു സീനില്‍ പ്രിയാരാമന്‍ വന്നിട്ട് വണ്‍ ബ്ലാക് കോഫി പ്ലീസ് എന്നു പറയുന്നുണ്ടല്ലോ. അപ്പോള്‍ മഞ്ജുവിന്റെ മുഖത്തുവരുന്ന കുറുമ്പ്. അത് ആ അഭിനേത്രിയുടെ മുഖത്ത് വളരെ സ്വാഭാവികമായി വന്നതാണ്. സാധാരണ നായകന് പ്രാധാന്യമുള്ള മിക്ക സിനിമകളിലും സ്ത്രീ കഥാപാത്രങ്ങള്‍ക്ക് അധികം കരുത്തുണ്ടാവില്ല. അവര്‍ നായകന്റെ നിഴലില്‍ ഒതുങ്ങിപ്പോവും. പക്ഷേ ആറാംതമ്പുരാനില്‍ മഞ്ജു സ്ട്രോങ്ങായിരുന്നു. എല്ലാ കഥാപാത്രങ്ങളുമതേ. ഓരോരുത്തര്‍ക്കും സ്വതന്ത്രമായ വ്യക്തിത്വമുണ്ട്. അതൊക്കെ തന്നെയാണ് ആ സിനിമയുടെ പ്ലസ് പോയിന്റുകളും.' ഇടയ്ക്ക് വന്നുപോവുന്ന പ്രിയാരാമനും പ്രതാപിയായ കാരണവര്‍ നരേന്ദ്രപ്രസാദിന് മുന്നിലും തന്റെ നിലപാട് തുറന്നുകാണിക്കുന്ന ശ്രീവിദ്യയുമൊക്കെ ഇന്നും കാഴ്ചക്കാരുടെ ഉളളില്‍ മിഴിവോടെ നില്‍ക്കുന്നതിന്റെ കാരണവും ഇതൊക്കെതന്നെ.

രോമാഞ്ചം, ഓരോ ഡയലോഗിലും

അടിയും പിടിയും പാകത്തിനുണ്ടെങ്കിലും ഇന്നും ആറാംതമ്പുരാനില്‍ മനസ്സില്‍ തങ്ങിനില്‍ക്കുന്നതിലൊന്ന് അതിലെ കുറിക്കുകൊള്ളുന്ന സംഭാഷണങ്ങള്‍ തന്നെയാണ്. ചിലപ്പോള്‍ തക്കത്തിന് തിരിച്ചടിക്കുമ്പോഴും മറ്റ് ചിലപ്പോള്‍ തത്വശാസ്ത്രത്തിന്റെ കൊടുമുടി കയറുന്നുമുണ്ട് നായകന്‍. ഒരു രംഗത്ത് താന്‍ ആരാണെന്ന ചോദ്യത്തിന് ജഗന്നാഥന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ.'..ഉത്തരമില്ല തമ്പുരാന്‍. മനുഷ്യന്‍ മഹാജ്ഞാനത്തിന്റെ കൈലാസം കയറുമ്പോഴും അവന്റെ ഉള്ളില്‍ ഉത്തരം കിട്ടാതെ മുഴങ്ങുന്ന ചോദ്യം. ബുദ്ധനും ശങ്കരനും തേടിയതും ഇതേ ചോദ്യത്തിനുത്തരം. ഞാന്‍ ആര്? അവരും അറിഞ്ഞില്ല. അതിനുത്തരം തേടാനുള്ള നിയോഗമാണ് ഓരോ മനുഷ്യജന്മത്തിന്റെയും.'ഇങ്ങനെ ശാന്തരൂപത്തില്‍ മിതത്വം പാലിക്കുമ്പോഴും 'തന്റെ ഈ കളരിയും മര്‍മ്മവിദ്യയും തരികിട നമ്പറുമെല്ലാം ചെലവാവും, ഇവിടത്തെ ഈ പാവം ജനങ്ങളുടെയടുത്ത്. ഇത് ആള് വേറെയാ. കളി ഒരുപാട് കണ്ടവനാ ഞാന്‍. കൊടിയേറ്റ് നടത്തിയെങ്കില്‍ ഉത്സവം ജഗന്നാഥന്‍ നടത്തും. തന്റെ അറയിലോ അപ്പൂപ്പന്റെ കുഴിമാടത്തിന്നുള്ളിലോ വച്ചിട്ടുള്ള തിരുവാഭരണത്തിന്റെ ആമാടപ്പെട്ടി താന്‍ കൊണ്ടുവന്നു തരും. പുഴക്കരയിലെ വട്ടത്തറയില്‍ ഞാന്‍ തന്നെ വരുത്തും. ഇതിനിടയില്‍ അറിയാവുന്ന നാറിയ കളികളെല്ലാം താന്‍ കളിക്കുമെന്നെനിക്കറിയാം. പക്ഷേ മറക്കണ്ട... ഒന്നും നടന്നില്ലെങ്കില്‍ തന്നെ പച്ചയ്ക്ക് കൊളുത്തിയിട്ടേ ജഗന്നാഥന്‍ ഈ മണ്ണ് വിട്ട് പോകൂ.'എന്ന് പച്ചയ്ക്ക് തിരിച്ചടിക്കുന്നുമുണ്ട് ജഗന്നാഥന്‍. രഞ്ജിത്ത് അളന്നും മുറിച്ചും എഴുതിയ സംഭാഷങ്ങളുടെ കരുത്ത് ഇന്നും ആ സിനിമയില്‍ അലയടിക്കുന്നുണ്ട്. അതുതന്നെയായിരുന്നു അന്നത്തെ വെല്ലുവിളികളിലൊന്ന് എന്ന് പി. സുകുമാര്‍.

'രഞ്ജിയുടെ ഡയലോഗിന് നല്ല പഞ്ചാണ്. അതിന് അനുസരിച്ച് നമ്മുടെ ഷോട്ടും കൂടെ നിര്‍ത്തുക എന്നതാണ് വെല്ലുവിളി . ഷാജി എന്ന സംവിധായകന്‍ അക്കാലത്തെ ഏറ്റവും മിടുക്കനാണ്. മലയാള സിനിമയില്‍ ഷാജി കൈലാസ് സ്റ്റൈല്‍ എന്നൊരു ശൈലി തന്നെ കൊണ്ടുവന്ന ആളാണ് അദ്ദേഹം. ഇങ്ങനെ ഒരുപാട് ഘടകങ്ങള്‍ ഒത്തുചേര്‍ന്നപ്പോഴാണ് ആ സിനിമ ഒരു നാഴികക്കല്ലാവുന്നത്.'

മോഹന്‍രാജ്‌

ആറാംതമ്പുരാന് പിന്നാലെ നരസിംഹവും രാവണപ്രഭുവും നാട്ടുരാജാവുമൊക്കെ വന്നു. പലതിലും മോഹന്‍ലാല്‍ മീശയും പിരിച്ചു. പക്ഷേ ഇപ്പോഴും അതിനെല്ലാം ഒരുപടി മുകളില്‍ ആറാംതമ്പുരാനെ കാണുന്ന പ്രേക്ഷകരാണ് കൂടുതലും. അതിനൊരുപാട് കാരണങ്ങളുണ്ട്. 'ആറാംതമ്പുരാന്‍ സിനിമയിള്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള പല എലമെന്റ്സും ഏറെ ആഴത്തിലുള്ളതാണ്. അതാവും ഇത്ര കാലം കഴിഞ്ഞിട്ടും ആ സിനിമ മലയാളി ഓര്‍ത്തിരിക്കുന്നത്. അതേ സമയം അതൊരു ഹീറോയിക്ക് പടമാണ്. ഹീറോയിസത്തെ ആളുകള്‍ അങ്ങനെ മറക്കാറില്ലല്ലോ. മോഹന്‍ലാലിനെ വേറൊരു തരത്തിലുള്ള ഹീറോയിസത്തിലേക്ക് ഉയര്‍ത്തിയ പടമാണത്. നരസിംഹം ഭൂരിഭാഗവും ഒരു കുടുംബസിനിമയാണ്. അതില്‍ അച്ഛനും മകനും പോലെയുള്ള ബന്ധങ്ങളിലേക്കാണ് പോകുന്നത്. ആറാംതമ്പുരാനില്‍ കുടുംബം ഉണ്ടെങ്കില്‍ പോലും മോഹന്‍ലാലിന്റെ കഥാപാത്രം കുറച്ചുകൂടെ സ്വതന്ത്രമായി നില്‍ക്കുന്നതാണ്. അതാണ് രണ്ടുസിനിമകളും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം. നരസിംഹത്തിന്റെ ഇമോഷണല്‍ ലെവല്‍ വേറെയാണ്. ആറാംതമ്പുരാനില്‍ അങ്ങനെയല്ല.'

ഹരിമുരളീരവം

ഇന്നും ഗായകര്‍ പാടാന്‍ ഒരു കരുതലെടുക്കുന്ന പാട്ട്. അങ്ങനെയുള്ള 'ഹരിമുരളീരവം' സമ്മാനിച്ചതും ആറാംതമ്പുരാനായിരുന്നു. ആ പാട്ട് കുറെ സ്ഥലത്തായി ഷൂട്ട് ചെയ്തതാണെന്ന് പി.സുകുമാര്‍ പറയുന്നു. അതിന്റെ ഷൂട്ടിങ്ങിനിടയില്‍ മറ്റൊരു രസംകൂടെയുണ്ടായി. അന്ന് 'കൃഷ്ണഗുഡിയിലെ പ്രണയകാല'മെന്ന സിനിമയുടെ ഷൂട്ടിങ്ങുമുണ്ടായിരുന്നു. അതിന്റെ ഛായാഗ്രാഹകനും സുകുമാര്‍ തന്നെയാണ്. ആറാംതമ്പുരാന്റെ പാട്ട് എടുക്കുമ്പോളാണ് കൃഷ്ണഗുഡിയുടെ ഷൂട്ടിങ്ങും വന്നത്. സുകുമാര്‍ കൃഷ്ണഗുഡിയിലേക്ക് പോയപ്പോള്‍ ഹരിമുരളീരവത്തിന്റെ ഹരിതവൃന്ദാവനം പൂര്‍ത്തിയാക്കാന്‍ ആനന്ദക്കുട്ടന്‍ വന്നു. കുറെ ഭാഗങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചത് അദ്ദേഹമാണ്. അങ്ങനെ സൗഹൃദത്തിന്റെ ഹരിമുരളീരവം മുഴങ്ങി, സിനിമയ്ക്ക് പുറത്തും. സിനിമയിലെ സംഘട്ടന രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതായിരുന്നു മറ്റൊരു വെല്ലുവിളി. തെരുവില്‍ മോഹന്‍ലാലിന്റെയും കീരിക്കാടന്റെയും കഥാപാത്രങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന രംഗമുണ്ട്. അത് ഷൂട്ട് ചെയ്യുമ്പോള്‍ കനത്ത മഴയത്തായിരുന്നു. പക്ഷേ അന്നത്തെ അടിക്ക് ഒട്ടും തണുപ്പുണ്ടായിരുന്നില്ല, ചൂടേറി തന്നെ നിന്നു. പക്ഷേ ശരിക്കുള്ള ക്ലൈമാക്സ് ഷൂട്ട് ചെയ്യുമ്പോള്‍ രംഗത്ത് ഭീകരചൂടായിരുന്നു. നിളയുടെ കരയിലായിരുന്നു ആ രംഗത്തിന്റെ ചിത്രീകരണം. ആനകളൊക്കെ അണിനിരക്കേണ്ട രംഗമാണ്. അവയും ചൂടില്‍ വലഞ്ഞു. ഒടുവില്‍ പാപ്പാന്‍മാര്‍ പറഞ്ഞു, ഇവയ്ക്ക് നില്‍ക്കാന്‍ പറ്റുന്നില്ലെന്ന്. അങ്ങനെ രാവിലെ പത്തരയ്ക്ക് മുമ്പേ കുറെ ഭാഗം ഷൂട്ട് ചെയ്യും. ബാക്കി വൈകുന്നേരം മൂന്ന് മണിക്ക് ശേഷവും. അങ്ങനെ ആ ജീവികളും സിനിമയോട് നന്നായി സഹകരിച്ചു. അതിനുശേഷം എത്രമഴയും മഞ്ഞും വെയിലും കടന്നുപോയി. ഋതുക്കള്‍ മാറി മറിയുന്നത് അറിയാതെ ആറാംതമ്പുരാന്‍ ഇന്നും മീശ പിരിച്ച് നില്‍ക്കുന്നുണ്ട്. പണ്ട് ഒരു പൂപറിക്കുന്ന ലാഘവത്തോടെ മുംബൈയിലെ ചേരികള്‍ ഒഴിപ്പിച്ച ജഗന്നാഥന്റെ അതേ തന്റേടത്തോടെ, ശംഭോ മഹാദേവ.

Content Highlights: aaram thampuran, 25 years of Mohanlal Film, Ranjith, Shaji Kailas, cinematographer P Sukumar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented