ആറാട്ടിൽ മോഹൻലാൽ, രാഹുൽ രാജ്
തീയേറ്ററുകളില്‍ ഇപ്പോള്‍ ഉത്സവകാലമാണ്. 'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടു'ത്സവക്കാലം. മാസും ആക്ഷനും കോമഡിയും അടങ്ങുന്ന കംപ്ലീറ്റ് എന്റര്‍ടെയ്നറായി മോഹന്‍ലാല്‍-ബി.ഉണ്ണിക്കൃഷ്ണന് ചിത്രം ആറാട്ട് തീയേറ്റുകളില്‍ തകര്‍ത്തോടുമ്പോള്‍ ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയ രാഹുല്‍ രാജും ആവേശത്തിലാണ്. 2007 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ഛോട്ടാമുംബൈക്ക് സംഗീതം പകര്‍ന്ന് സിനിമയിലേക്ക് എത്തിയ രാഹുല്‍ മറ്റൊരു മോഹന്‍ലാല്‍ ചിത്രത്തിലൂടെ സിനിമാസംഗീത രംഗത്ത് 15 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേളയില്‍ മാതൃഭൂമി ഡോട് കോമിനോട് മനസ് തുറക്കുന്നു.
പൈസ വസൂലാക്കുന്ന ആറാട്ട്
ഭയങ്കര സ്വീകാര്യതയാണ് ആറാട്ടിനും ആറാട്ടിന്റെ സംഗീതത്തിനും ലഭിക്കുന്നത്. വലിയ സന്തോഷം. ഇതുപോലെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു സിനിമയുടെ ഭാഗമാവാന്‍ ഞാനെപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. അത്തരം ചിത്രത്തിന്റെ ഭാഗമാവുമ്പോള്‍ നമ്മളിലേക്കും ആ സ്നേഹം എത്തും. ഇതിന് മുമ്പ് അങ്ങനെയുള്ള അനുഭവം എനിക്കുണ്ടായ ചിത്രങ്ങളാണ് 'ഛോട്ടാ മുംബൈ'യും 'അണ്ണന് തമ്പി'യും തെലുങ്കിലെ 'ഓ മൈ ഫ്രണ്ട്' എന്ന ചിത്രവുമൊക്കെ. അതിനെല്ലാം ശേഷം ഇത്രയധികം സ്വീകാര്യത ലഭിക്കുന്നത് ആറാട്ടിനാണ്. ആരാധകര്‍ ആവേശത്തിലാണ്. ഇത്തരത്തിലുള്ള പ്രേക്ഷകരെ ലക്ഷ്യം വച്ച് തന്നെയാണ് ആറാട്ട് ഒരുങ്ങിയതും. അവരെ പൂര്‍ണമായും എന്റര്ടെയ്ന് ചെയ്യിക്കുന്ന, പൈസ വസൂലായി എന്ന് തോന്നുന്ന ചിത്രമായി മാറി ആറാട്ട് എന്നറിയുന്നതില്‍ സന്തോഷം.
ലാലേട്ടന് ചിത്രങ്ങളിലെ റഫറന്‍സ് മ്യൂസിക്ക്
അത്തരം റഫറന്‍സുകള്‍ ബോധപൂര്‍വം ചെയ്തത് തന്നെയാണ്. ലാലേട്ടന്റെ ചിത്രങ്ങളില്‍ നമുക്കേറെ ഇഷ്ടപ്പെട്ട ചില റഫറന്‍സുകള്‍ സ്പൂഫ് രീതിയില്‍ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ആ രംഗങ്ങളില്‍ വേറേത് മ്യൂസിക്ക് ആണ് ചേരുക? അന്നത്തെ പശ്ചാത്തല സംഗീതം ഇപ്പോഴത്തെ റെക്കോര്‍ഡിങ് ക്വാളിറ്റിയില്‍ ആ സീനിന് ആവശ്യമായ വിധത്തില്‍ നന്നായി പുനരവതരിപ്പിച്ചിരിക്കുകയാണ്. അത് സ്കോറിന്റെ ഭാഗമല്ല. പക്ഷേ അതാണ് ആ രംഗത്തില്‍ പൂര്‍ണമായും ചേരുക. ഒരു സീനില്‍ ലിറിക്സ് ഒക്കെ വച്ച് ഒരു മ്യൂസിക് നമ്മള് ഉപയോഗിച്ചതാണ്, എല്ലാവര്ക്കും അതിഷ്ടപ്പെടുകയും ചെയ്തു. പക്ഷേ സ്പൂഫിന്റെ സിംപ്ലിസിറ്റി അവിടെ നഷ്ടപ്പെട്ടു പോകുമായിരുന്നു. ആ രംഗത്തിന് വേറെ അര്‍ഥങ്ങളുണ്ടോ എന്ന് പ്രേക്ഷകന് സംശയം തോന്നുന്ന തരത്തിലായി മാറി. അത് വേണ്ട എന്ന് കരുതി അവസാനം പഴയ ചിത്രത്തിലെ മ്യൂസിക് തന്നെ ഉപയോഗിക്കുകയായിരുന്നു. ആ രംഗങ്ങളുമായി കണക്ട് ചെയ്യാന്‍ എല്ലാവര്ക്കും സാധിച്ചു.
എങ്കിലും നെഗറ്റീവായി ഞാന്‍ കണ്ട ഒരു കമന്റ് ഉണ്ട്. "ഈ സിനിമയില്‍ ഏറ്റവും ജോലി കുറഞ്ഞത് സംഗീത സംവിധായകനാണ്, പഴയ മ്യൂസിക് എടുത്ത് ഇട്ടാല്‍ മതിയല്ലോ" എന്നായിരുന്നു കമന്റ്. മറ്റൊരു മ്യൂസിക് ഉണ്ടാക്കാന്‍ പറ്റാത്തത് കൊണ്ടോ, പ്രൊഡക്ഷന്‍ ദാരിദ്ര്യം കൊണ്ടോ അല്ല, അങ്ങനെ ഒരു മ്യൂസിക്കും കട്ട് ആന്‍ഡ് പേസ്റ്റ് ചെയ്യാനും പറ്റില്ല. സൗണ്ട് ക്വാളിറ്റിയില്‍ വരെ ഭീകര വ്യത്യാസമുണ്ടായിരിക്കും. പുനരുപയോഗിക്കാനും പണിയുണ്ട്. നേരത്തെ പറഞ്ഞതേ ഈ കമന്റിനും മറുപടിയായി പറയാന്‍ ഉള്ളൂ. ആ രംഗത്തിന് വേണ്ടത് എന്തോ അതാണ് നല്‍കിയിരിക്കുന്നത്.

'ബിഗ് എം'സിനായി സംഗീതം പകരുമ്പോള്‍
മാസ് മസാല പടങ്ങള്‍ ചെയ്യുന്ന സമയത്ത് മമ്മൂക്കയുടെയും ലാലേട്ടന്റെയും എനര്‍ജി ലെവല്‍ ഒന്ന് വേറെ തന്നെയാണ്. രണ്ടും രണ്ട് തരത്തിലാണ് അത് പ്രകടിക്കുന്നതെങ്കിലും ആ എനര്‍ജി ലെവലിന്റെ ഭാരം ഒരുപോലെയാണ്. ആറാട്ടിന്റെ മ്യൂസിക് പ്രൊഡക്ഷന്റെ സമയത്ത് പെര്ക്കഷന് വായിക്കാന്‍ ഒരു ആര്‍ടിസ്റ്റ് വന്നിരുന്നു. ഒരുപാട് തമിഴ് ഹിന്ദി ചിത്രങ്ങളിലൊക്കെ പെര്ക്കഷന് വായിച്ചിരുന്ന ആളാണ്. അദ്ദേഹം നമ്മളോട് ചോദിച്ചത് ഇത് രജനി പടമാണോ എന്നാണ്. ഇത് മലയാളത്തിന്റെ രജനി പടമാണെന്നായിരുന്നു തമാശയായി ഞാന്‍ മറുപടി നല്‍കിയത്. പക്ഷേ രജനി പടങ്ങളിലൊക്കെ വരുന്ന ബിഗ് സ്കെയില്‍ പ്രൊഡക്ഷന്‍ പാട്ടുകള്‍ മലയാളത്തിലുണ്ടാവുന്നില്ല എന്നത് സത്യമാണ്. അപ്പോള്‍ അത്തരത്തിലുള്ള അവസരം കിട്ടിയപ്പോള്‍ അത് നമ്മള് ശരിക്കും ഉപയോഗിച്ചു.
ഛോട്ടാ മുംബൈയില്‍ ലാലേട്ടന് കാണിച്ച അതേ എനര്‍ജി ലെവല്‍ തന്നെയാണ് ഏതാണ്ട് 15 വര്‍ഷങ്ങള്‍ക്കിപ്പുറം ആറാട്ടിലെത്തുമ്പോഴുമുള്ളത്. ഒരുദാഹരണം പറയാം...ചിത്രത്തിന്റെ ക്ലൈമാക്സിലേക്ക് ഞാനൊരു മ്യൂസിക് ചെയ്ത് ഉണ്ണി സര് അത് അപ്രൂവ് ആക്കി സെറ്റാക്കി വച്ചിരുന്നു. പക്ഷേ കുറച്ച് ദിവസം കഴിഞ്ഞ് ആ രംഗം കണ്ട് കഴിഞ്ഞപ്പോള്‍ ലാലേട്ടന് ആ രംഗത്തില്‍ കൊടുത്തിരിക്കുന്ന പെര്‍ഫോമന്‍സിന് ആ മ്യൂസിക് പോരാ എന്ന് എനിക്ക് തോന്നി. ആ സീന്‍ അതിലേറെ ഡിമാന്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. ഉണ്ണി സാറിനോടും ഞാന്‍ ഇത് തന്നെ പറഞ്ഞു. അഞ്ചെട്ട് മിനിറ്റുള്ള ആ സീക്വന്‍സ് ഞാന്‍ വീണ്ടും റീ സ്കോര്‍ ചെയ്തു. അത് കേട്ട വഴിക്ക് സര് പറഞ്ഞു ഇത് മതിയെന്ന്. ഇതുപോലെ ഈ ബിഗ് എം.സിന്റെ പെര്‍ഫോന്‍സ് തന്നെയാണ് ഇന്ന രംഗത്തിന് കുറച്ചുകൂടെ എനര്‍ജി ലെവല്‍ കൂടുതലുള്ള, കളറായ പശ്ചാത്തല സംഗീതം വേണമെന്ന് നമ്മളെ കൊണ്ട് തോന്നിക്കുന്നത്. അത് ഏതൊരു കമ്പോസറിനും അങ്ങനെ തന്നെയായിരിക്കും
സിനിമയില്‍ ഇല്ലെങ്കിലും ഇന്നും ഹിറ്റായി തുടരുന്ന 'പൂനിലാ മഴ'
ഛോട്ടാ മുബൈക്ക് വേണ്ടി ഞാന്‍ ചെയ്ത ഗാനമാണ് പൂനിലാ മഴ നനയും. ഇന്നും ആളുകള്‍ക്ക് ആ പാട്ടിനോട് പ്രത്യേക സ്നേഹമുണ്ട്, പലരും ആ ഗാനം പാടാന്‍ ആവശ്യപ്പെടാറുണ്ട്. അന്ന് ആ ഗാനം ചിത്രത്തില്‍ ഉള്‍പ്പെടുത്താതിരുന്നതില്‍ എനിക്ക് സങ്കടം തോന്നിയിരുന്നു. പക്ഷേ കാലത്തെ അതിജീവിച്ച് അത് ഇന്നും പലരുടെയും ഫേവറിറ്റ് ലിസ്റ്റില്‍ ഉള്ള ഗാനമാണ്. അതല്ലേ വലിയ സന്തോഷം.
ബെര്‍ക്ക്ലി നല്കിയ അനുഭവങ്ങള്‍
ഇപ്പോള്‍ ഞാന്‍ എന്ത് രീതിയിലാണോ യാത്ര ചെയ്തുകൊണ്ടിരിക്കുന്നത് അതിന്റെ പൂര്‍ണമായ ക്രെഡിറ്റും ബെര്‍ക്ക്ലിയിലെ അനുഭവങ്ങള്ക്കുള്ളതാണ്. നേരത്തെ പറഞ്ഞത് പോലെ ഒരു സീക്വന്‍സ് മുഴുവന്‍ ഞാനങ്ങോട്ട് ആവശ്യപ്പെട്ടാണ് റീ സ്കോര്‍ ചെയ്തത്. അത് ബെര്‍ക്ക്ലിയില്‍ നിന്നും ലഭിച്ച ഗുണമാണ്. മുമ്പായിരുന്നുവെങ്കില്‍ ഞാനത് രണ്ടാമത് ചെയ്യാന്‍ മടിക്കുമായിരുന്നു. നല്ല ഔട്ട്പുട്ടിന് വേണ്ടി ഏതറ്റം വരെയും പോകാനുള്ള മനസ് അവിടുത്തെ അനുഭവങ്ങളില്‍ നിന്നും പഠനങ്ങളില്‍ നിന്നും ലഭിച്ചതാണെന്നാണ് എനിക്ക് തോന്നുന്നത്.
ഭാഷയും സംഗീതാസ്വാദകരും
ലിറിക്സിനെക്കുറിച്ച് വളരെയധികം കണ്‍സേണ്‍ ഉള്ളവരാണ് തെലുങ്കിലെ സംഗീതാസ്വാദകര്‍. എത്ര കാതടപ്പിക്കുന്ന കൊമേഴ്സ്യല്‍ ഘടകങ്ങള്‍ നിറഞ്ഞ പാട്ടാണെങ്കിലും ലിറിക്സിന്റെ വ്യക്തത അവര്‍ക്ക് വളരെ പ്രധാനമാണ്. അതുപോലെ ഒറ്റയടിക്ക് ആ പാട്ട് ഹിറ്റാവണം എന്ന് കരുതുന്നവരുമാണ്. മലയാളത്തില്‍ പക്ഷേ പരീക്ഷണങ്ങള്‍ നടത്താനും മറ്റും കുറച്ചു കൂടി സ്വാതന്ത്രൃം ഉണ്ട്. അതേസമയം തെലുങ്ക് പാട്ടുകള്‍ നമ്മള് കേള്‍ക്കുകയും ആസ്വദിക്കുകയും ചെയ്യുമെങ്കിലും മലയാളത്തില്‍ അതേ രീതിയിലൊരു പാട്ട് വന്നാല്‍ ആ സ്വീകാര്യത കണ്ടിട്ടില്ല. ആറാട്ട് പോലുള്ള സിനിമയിലേക്ക് വരുമ്പോള്‍ പശ്ചാത്തല സംഗീതം വളരെ കളര്‍ഫുള്‍ ആണെങ്കിലും പാട്ടുകളില്‍ ഒരു മലയാളിത്തം കൊണ്ടു വന്നിട്ടുണ്ട്. തലയുടെ വിളയാട്ട് എന്ന തീം മ്യൂസിക് കേട്ടും ട്രെയ്ലര് കണ്ടും തെലുങ്കില്‍ നിന്ന് കുറേ പേര് അഭിനന്ദനം അറിയിച്ചിരുന്നു. അവര്‍ക്കത് എളുപ്പത്തില്‍ റിലേറ്റ് ചെയ്യാന്‍ പറ്റി എന്നതാണ്. രണ്ട് തരം പ്രേക്ഷകരെയും എവിടെയൊക്കെയോ കണക്ട് ചെയ്യാന്‍ പറ്റി എന്നതില്‍ സന്തോഷം.
സിനിമയിലെ 15 വര്‍ഷങ്ങള്‍
ഇവിടെ പാട്ടുകളുടെ വിധി അല്ലെങ്കില്‍ ഭാവി എന്ന് പറയുന്നത് സിനിമയുടെ വിജയവുമായി ബന്ധപ്പെട്ടുള്ളതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒരുദാഹരണത്തിന് നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ 'ആകാശമാകേ' എന്ന ഗാനം ഇന്നുമാലോചിക്കുമ്പോള് അതിലെ കഥാപാത്രങ്ങളും രംഗങ്ങളും വരെ നമ്മുടെ ഓര്‍മകളില്‍ മിന്നിമറയും. പാട്ട് ഒരു ക്ലാസിക് കമ്പോസിഷന്‍ തന്നെയാണെന്നതില്‍ തര്‍ക്കമില്ല. എങ്കിലും ആ സിനിമയുമായി കൂട്ടിക്കെട്ടി ആ പാട്ട് ഓര്ക്കാനിഷ്ടപ്പെടുന്നവരുണ്ട്. എന്നാല്‍ ചിലപ്പോള്‍ നല്ല പാട്ടാണെങ്കിലും ആ സിനിമയുമായി കൂട്ടിക്കെട്ടാന്‍ പറ്റാത്തതിന്റെ പേരില്‍ ശ്രദ്ധിക്കപ്പെടാതെ പോയ പാട്ടുകളുമുണ്ട്. നമ്മുടെ ഇമോഷന്‍സുമായി ബന്ധപ്പെട്ടോ, ജീവിതവുമായി ബന്ധപ്പെട്ടോ നമ്മള് ഇഷ്ടപ്പെട്ട പാട്ടുകളുമുണ്ട്. ചില പാട്ടുകള്‍ക്ക് വര്‍ഷങ്ങള്‍ കഴിഞ്ഞാലാവും സ്വീകാര്യത ലഭിക്കുക.
15 വര്‍ഷത്തെ സംഗീത യാത്രയില്‍ ഒരുപാട് ഉയര്‍ച്ച താഴ്ച്ചകള്‍ നേരിട്ടിട്ടുണ്ട്. ഉയര്‍ച്ചകള്‍ വരുമ്പോള്‍ ഒരുപാട് ആവേശഭരിതരാകാതിരുന്നാല് താഴ്ച്ച വന്നാല്‍ അത് നമ്മളെ കാര്യമായി ബാധിക്കാതെ നോക്കാം. സ്വീകരിക്കപ്പെട്ടാന് അത് ബോണസ് ആയി കണക്കാക്കണം എന്നേയുള്ളൂ.
തലയും തലയുടെ വിളയാട്ടവും
എന്റെ ആദ്യത്തെ ചിത്രമായ ഛോട്ടാ മുംബൈയിലും ആറാട്ടിലും 'തല' എന്ന കഥാപാത്രവും ലാലേട്ടനും പൊതുവായ ഘടകമാണ്. ആദ്യത്തേതില്‍ തലയാണെങ്കില്‍ രണ്ടാമത്തേതില്‍ തലയുടെ വിളയാട്ടമാണ്. ആറാട്ടിന്റെ തീം മ്യൂസിക് ചെയ്യുമ്പോള്‍ നമ്മള് പക്ഷേ ഈ ബന്ധം ചിന്തിച്ചിരുന്നില്ല. അത് യാദൃശ്ചികതയാണ്. പക്ഷേ ഈ പതിനഞ്ചാം വര്‍ഷത്തില്‍ തലയില്‍ നിന്ന് തലയുടെ വിളയാട്ടത്തിലേത്ത് എത്തുമ്പോള്‍ ഒരു സൈക്കിള്‍ പൂര്‍ത്തിയാക്കിയ അനുഭവമാണ്.
റഹ്മാന് സാറിന്റെ സാന്നിധ്യം
ആറാട്ടിലെ റഹ്മാന് സാര്‍ പെര്‍ഫോം ചെയ്യുന്ന പാട്ട് ആദ്യം ഞാന്‍ റീമിക്സ് ചെയ്യാമെന്നായിരുന്നു തീരുമാനം. അത് പക്ഷേ വളരെ അപകടകരമായ കാര്യമാണ്. നേരത്തെ ഛോട്ടാ മുംബൈയ്ക്കായി ചെട്ടിക്കുളങ്ങര ഭരണി എന്ന ഗാനം റീമിക്സ് ചെയ്തപ്പോള്‍ വിവാദങ്ങളുണ്ടായി. റീമിക്സുകള്‍ എപ്പോഴും ആളുകള്‍ സ്വീകരിക്കണമെന്നില്ല. പ്രത്യേകിച്ച് ആളുകളുടെ മനസില്‍ പതിഞ്ഞു പോയ റഹ്മാന് സാറിന്റെ ഒരു ട്രാക്ക് വരുമ്പോള്‍ അത് നമ്മള് ചെയ്താല്‍ കുളമാകാനേ സാധ്യതയുള്ളൂ. ആദ്യം ഞാന്‍ ചെയ്യാമെന്നായിരുന്നു തീരുമാനമെങ്കിലും പിന്നീട് റഹ്മാന് സാറുമായുള്ള മീറ്റിങ്ങില്‍ അത് അദ്ദേഹം തന്നെ ചെയ്യാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു.

സ്വപ്നം സത്യമായ 'മകൾ'
ഇപ്പോഴത്തെ എന്റെ ഏറ്റവും വലിയ സന്തോഷം സത്യൻ അന്തിക്കാട് സാറിന്റെ പുതിയ ചിത്രം മകളിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നു എന്നതാണ്. ഞാനൊരുപാട് ഇഷ്ടപ്പെടുന്ന സംവിധായകനാണ് അദ്ദേഹം. സംവിധായകനാവുന്നതിന് മുമ്പ് വളരെ തിരക്കുള്ള ഗാനരചയിതാവ് കൂടിയാണ്. നമുക്ക് ഒരുപാട് ഇഷ്ടപ്പെട്ട പാട്ടുകളും ചിത്രങ്ങളും നിമിഷങ്ങളും നമുക്ക് തന്നിട്ടുള്ള ആളാണ്. അദ്ദേഹത്തിന്റെ സിനിമയിൽ സംഗീതം പകരുക എന്നത് എന്റെ സ്വപ്നങ്ങളിൽ ഒന്നായിരുന്നു.
നിവിൻ പോളി ചിത്രം താരമാണ് ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം, ലവ്ഫുള്ളി യുവേഴ്സ് വേദ, നാദിർഷ ചിത്രം ഈശോയിലെ പശ്ചാത്തല സംഗീതം ചെയ്യുന്നുണ്ട്. ഇപ്പോൾ പുറത്തിറങ്ങിയ ആന്തോളജി ചിത്രം ഫ്രീഡം ഫൈറ്റിൽ ഓൾഡ് എയ്ജ് ഹോം എന്ന സെഗ്മന്റിന് സംഗീതം നൽകിയിരുന്നു.. കൂടാതെ എം. ടിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് ഒരുക്കുന്ന പുതിയ ചിത്രത്തിലും സംഗീതം ചെയ്യുന്നുണ്ട്.. ഈ രണ്ടു ചിത്രങ്ങളിലും ബുടാപെസ്റ്റ് ഓർക്കസ്ട്ര ആണ് ഉപയോഗിച്ചിരിക്കുന്നത്... ഇതൊക്കെയാണ് പുതിയ വിശേഷങ്ങൾ.
Content Highlights : Aaraattu Music Director Rahul Raj Interview Mohanlal Chotta Mumbai Annan Thampi Movie Music Composer Rahul Raj
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..