കൂട്ടുകാര്‍ എന്‍ട്രന്‍സ് സ്വപ്നത്തിലേക്ക് മുന്നേറിയപ്പോള്‍, ടോണി ഈ വഴി തേടി

''Education is not the learning of facts, but the training of the mind to think'' -Albert Einstein.

എ.ആര്‍. റഹ്മാന് ഹോളിവുഡില്‍ ഒരു സൗണ്ട് സ്റ്റുഡിയോ ഉണ്ട് -ലോസ് ആഞ്ജലിസിലെ 'പഞ്ചതന്‍ ഹോളിവുഡ് സ്റ്റുഡിയോസ്'. ആ സ്റ്റുഡിയോയുടെ മേല്‍ നോട്ടക്കാരനും സൗണ്ട് എന്‍ജിനീയറുമെല്ലാം മലയാളിയായ ഒരു ചെറുപ്പക്കാരനാണ്, പേര് ടോണി ജോയി. എറണാകുളം കലൂര്‍ വെള്ളേപ്പറമ്പില്‍ വീട്ടില്‍ ടോണി ജോയിയെ സംഗീതത്തിന്റെയും ശബ്ദവിന്യാസങ്ങളുടെയും അനന്തവിഹായസ്സിലേക്ക്, അവിടെയുള്ള നക്ഷത്രങ്ങളിലേക്ക് എത്തിച്ചത് സുഹൃത്തും ഗുരുവുമായ എ.ആര്‍. റഹ്മാനാണ്.

A R Rahman and Tony Joyടോണി ജോയി, റഹ്മാന്റെ സ്വന്തം സൗണ്ട് എന്‍ജിനീയറാണ്. റഹ്മാന്റെ വമ്പന്‍ പ്രോജക്ടുകള്‍ ഉള്‍പ്പെടെ, ഇന്ത്യയിലെ വിവിധഭാഷകളിലെ ചലച്ചിത്രഗാനങ്ങളുടെ മിക്‌സിങ് എന്‍ജിനീയറും സൗണ്ട് എന്‍ജിനിയറുമായി ടോണി നിറഞ്ഞുനില്‍ക്കുന്നു. 2007-ലാണ് ചെന്നൈയില്‍ എ.എം. സ്റ്റുഡിയോസില്‍ സൗണ്ട് എന്‍ജിനീയറായി ടോണി ജോയി പ്രവര്‍ത്തനമാരംഭിക്കുന്നത്. 2010-ല്‍ ഹോളിവുഡിലെ പഞ്ചതന്‍ സ്റ്റുഡിയോയുടെ നിര്‍മാണച്ചുമതല ഏറ്റെടുത്തു. ഇംഗ്ലണ്ടില്‍നിന്ന് പോസ്റ്റ് പ്രൊഡക്ഷന്‍ സൗണ്ട് ഡിസൈനിങ്ങില്‍ ബിരുദാനന്തര ബിരുദമെടുത്ത് ചെന്നൈയില്‍ എത്തിയ ടോണി ജോയിയെ റഹ്മാന് പരിചയപ്പെടുത്തുന്നത് സുഹൃത്ത് രാഹുല്‍ അതുല്‍ ആണ്. എ.എം. സ്റ്റുഡിയോസില്‍ സൗണ്ട് എന്‍ജിനീയറായി ചേര്‍ന്ന ടോണിക്ക് ശബ്ദസന്നിവേശരംഗത്ത് ഇന്ത്യയിലെ മഹാ പ്രതിഭകളായ എസ്. ശിവകുമാറിനും എച്ച്. ശ്രീധറിനും ഒപ്പമാണ് ജോലിചെയ്യാന്‍ കഴിഞ്ഞത്. ഓംശാന്തി ഓം, ജോധാ അക്ബര്‍ തുടങ്ങിയ ചിത്രങ്ങളുടെ സംഗീതശില്പങ്ങള്‍ മെനയാന്‍ ടോണിയും ഉണ്ടായിരുന്നു. ദുബായില്‍ റേഡിയോ പ്രൊഡക്ഷന്‍ എന്‍ജിനീയറായി ഇതിനിടയില്‍ ജോലികിട്ടിയ ടോണിയോട് തന്റെ ജീവനക്കാരനായി കൂടിക്കൂടേയെന്ന് റഹ്മാന്‍ ചോദിച്ചു. ആ വാക്കുകള്‍ ടോണിയുടെ ജീവിതത്തെ മാറ്റിമറിച്ചു. അന്നുമുതല്‍ ഇന്നുവരെ, റഹ്മാന്റെ വിശ്വസ്ത സൗണ്ട് എന്‍ജിനീയറായി ടോണി കൂടെയുണ്ട്. ലോസ് ആഞ്ജലിസിലെ റഹ്മാന്റെ സ്റ്റുഡിയോയില്‍ വര്‍ക്കുകള്‍ ഇല്ലാത്തപ്പോള്‍ മറ്റു വര്‍ക്കുകള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യവും റഹ്മാന്‍ ടോണിക്ക് നല്‍കിയിട്ടുണ്ട്.

വഴിതെളിക്കുന്ന സമ്മാനങ്ങള്‍

എറണാകുളം, കലൂര്‍ വെള്ളേപ്പറമ്പില്‍ വീട്ടില്‍ വി.എക്‌സ്. ജോയി, ഏഴാം ക്‌ളാസില്‍ പഠിക്കുന്ന തന്റെ മകന്, 1993-ല്‍, ഒരു പ്രൊഫഷണല്‍ കീബോര്‍ഡ് വാങ്ങിക്കൊടുത്തപ്പോള്‍ ആളുകള്‍ മൂക്കത്തു വിരല്‍വെച്ചു. 'ഇത്തിരിപ്പോന്ന ഒരു ചെക്കന് ഇത്രേം കാശുമുടക്കി ഒരു പ്രയോജനവുമില്ലാത്ത സാധനം' വാങ്ങിക്കൊടുത്ത ജോയിയെ പഴിപറയാന്‍ ആളുകള്‍ റെയുണ്ടായി. ബാങ്കുദ്യോഗസ്ഥനായിരുന്ന ജോയിയും അധ്യാപികയായിരുന്ന ഭാര്യ ഫിലോ ജോയിയും പുഞ്ചിരിക്കുകമാത്രം ചെയ്തു. ആ കീബോ ര്‍ഡിലൂടെ എല്ലാംമറന്ന് വിരലോടിക്കുന്ന തങ്ങളുടെ കുഞ്ഞുടോണിയുടെ ഹൃദയംമീട്ടുന്ന താരസ്വരങ്ങള്‍ ജോയി മനംനിറഞ്ഞുകേട്ടു. ജോയിയുടെ ജ്യേഷ്ഠനും അനുജനുമെല്ലാം സിത്താറിന്റെ മധുരസംഗീതത്തിനുപിന്നാലെ അലഞ്ഞപ്പോള്‍ ജോയി ഒരു ഉദ്യോഗമാണ് തേടിയത്. എന്നാല്‍, തന്റെ മകനെ സംഗീതത്തിലേക്ക് തിരിച്ചുവിടാന്‍ അദ്ദേഹം ശ്രദ്ധിച്ചു.

കളമശ്ശേരി രാജഗിരി സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ത്തന്നെ ടോണി കീബോര്‍ഡ് വായിക്കാനാരംഭിച്ചിരുന്നു. സൗണ്ട് എന്‍ജിനീയറിങ്ങിലേക്കുള്ള താത്പര്യം വളര്‍ത്തിയെടുത്തതിനുള്ള ആദ്യ ക്രെഡിറ്റ് ടോണി നല്‍കുന്നത് കലൂര്‍ സെന്റ് ആന്റണീസ് ചര്‍ച്ചിലെ ഗായകസംഘത്തിനാണ്. അന്ന് തങ്ങളോടൊപ്പമിരുന്ന് കേബിളുകളും മൈക്കുകളുംകൊണ്ട് കളിക്കുന്ന ടോണി, േലാകം ആദരിക്കുന്ന ഒരു സംഗീതസംവിധയാകന്റെ പ്രിയപ്പെട്ട സൗണ്ട് എന്‍ജിനീയര്‍ ആയിത്തീരുമെന്ന് അവരാരും അന്ന് സ്വപ്നംകണ്ടിരിക്കുകയില്ല.

കല്ലൂര്‍ സെന്റ് ആന്റണീസ് ചര്‍ച്ചിലെ ക്വയര്‍ അംഗങ്ങള്‍, രാജഗിരി സ്‌കൂളിലെ ഓര്‍ക്കസ്ട്ര ടീമിലെ കൂട്ടുകാര്‍-എല്ലാവരും ടോണിക്കൊപ്പംനിന്നു. ടോണി പ്രീഡിഗ്രിക്ക് ചേര്‍ന്നത് തൃക്കാക്കര ഭാരതമാതാ കോളേജിലാണ്. കൂട്ടുകാരെല്ലാവരും എന്‍ജിനീയറിങ്, മെഡിസിന്‍ സ്വപ്നങ്ങളുമായി മുന്നോട്ടുപോയപ്പോള്‍, ടോണി സംഗീതത്തിനും ശബ്ദത്തിനും ഒപ്പംനടന്നു. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗണ്ട് എന്‍ജിനീയറിങ് പഠിക്കാന്‍  ബി.എസ്സി. ഫിസിക്‌സ് ബിരുദം വേണം എന്നറിഞ്ഞതോടെ ടോണി അവിടെ ബി.എസ്സി. ഫിസിക്‌സിന് ചേരുന്നു. ആദ്യം ഭാരതമാതാ കോളേജില്‍. അവിടന്ന് ടി.സി. വാങ്ങി മഹാരാജാസില്‍. പക്ഷേ, കണക്ക് വഴിമുടക്കിയപ്പോള്‍ ടോണി പഠിത്തം അവസാനിപ്പിച്ചു.  

വീട്ടിലിക്കാര്യം പറയുമ്പോള്‍ ഇടിവെട്ടും പേമാരിയുമാണ് ടോണി പ്രതീക്ഷിച്ചത്. പക്ഷേ, മാതാപിതാക്കള്‍ പറഞ്ഞു: 'നിന്റെ ജീവിതമാണ്, തീരുമാനവും നിന്റേത്'! എന്തുചെയ്യണമെന്ന തീരുമാനവും അന്നുതന്നെ എടുക്കാന്‍കഴിഞ്ഞു.  ഭാരതമാതായിലെ സംഗീതസുഹൃത്ത് ഗിരീഷ്‌കുട്ടനാണ് ആ തീരുമാനമെടുക്കാന്‍ സഹായമായത്. അങ്ങനെ, ടോണി ചെന്നൈയിലെ സ്‌കൂള്‍ ഓഫ് ഓഡിയോ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിച്ചേരുന്നു.അവിടത്തെ പഠനം പ്രാക്ടിക്കലില്‍ 98 ശതമാനം മാര്‍ക്കോടെയാണ് ടോണി പൂര്‍ത്തിയാക്കിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബെര്‍ട്ടിന്‍ മാത്യു വഴി ടോണിക്ക് ദുബായില്‍ ജോലിയും ലഭിച്ചു.

വഴികാട്ടിയ ഗുരുക്കള്‍

തന്റെ ഇഷ്ടവഴിയിലൂടെ നടക്കാനും ഇഷ്ടമുള്ളതുമാത്രം പഠിക്കാനും ഇഷ്ടപ്പെട്ട ജോലിയിലെത്താനും എല്ലാം തുണയായിനിന്നത് ഗുരുക്കന്മാര്‍. അക്കാര്യങ്ങളൊക്കെ ഓര്‍മിക്കുമ്പോള്‍ നൂറുനാവാണ് ടോണിക്ക്. സെന്റ് ആന്റണീസ് ക്വയറിലെ കലാകാരന്മാരായിരുന്ന സ്റ്റാന്‍ലി, ശശി, ഫ്രാന്‍സിസ്, കരോള്‍ എല്ലാവരും ടോണിയെ സ്‌നേഹിച്ചവര്‍. രാജഗിരി സ്‌കൂളിലെ മ്യൂസിക് ടീച്ചറായിരുന്ന ശശിസാറാണ്, ടോണിയില്‍ അക്കാലത്ത് ഏറ്റവും വിശ്വാസമര്‍പ്പിച്ചത്. ശശിസാറിന്റെ വാക്കുകേട്ടാണ് ടോണിയുടെ മാതാപിതാക്കള്‍ ഒരു പ്രൊഫഷണല്‍ കീബോര്‍ഡ് വാങ്ങിക്കൊടുക്കുന്നത്.

ഭാരതമാതാ കോളേജിലെ മലയാളം അധ്യാപകനായിരുന്ന ജോസിസാറും സുവോളജി അധ്യാപകനായിരുന്ന ഫ്രാന്‍സിസ് സാറും എപ്പോഴും തന്റെ ഭ്രാന്തന്‍സ്വപ്നങ്ങള്‍ക്ക് ഒപ്പംനിന്നുവെന്നാണ് ടോണി ഓര്‍മിക്കുന്നത്. ചെന്നൈ എസ്.എ.ഇ.യിലെ ഹെന്‍ട്രി കുരുവിളസാറുമായുള്ള ആത്മബന്ധം ടോണി ഇപ്പോഴും തുടരുന്നു. ശബ്ദമേഖലയിലെ മഹാപ്രതിഭകളായ ശിവകുമാറിന്റെയും ശ്രീധറിന്റെയും ശിക്ഷണം തനിക്ക് നല്‍കിയ മികവുകളെക്കുറിച്ച്  ആദരവോടെ ടോണി വാചാലനാകുന്നു.തനിക്ക് ഗുരുതുല്യനായിരുന്ന ആര്‍ട്ടിസ്റ്റ് കിത്തോ എപ്പോഴും തന്റെ പ്രചോദനമായിരുന്നുവെന്നും ടോണി പറയുന്നു. ഒടുവില്‍ സുഹൃത്തും വഴികാട്ടിയും ഗുരുവുമായ എ.ആര്‍. റഹ്മാന്‍... അവിടെ വാക്കുകള്‍ക്ക് വഴിമുട്ടുന്നു. ആ നക്ഷത്രത്തിലേക്ക് തന്നെ വഴിനടത്തിയ എല്ലാവരെയും എല്ലാറ്റിനെയും ടോണി സ്‌നേഹത്തോടെ ഓര്‍മിക്കുന്നു. അതിനിടയാക്കിയ ദൈവസ്‌നേഹത്തെ വിനയത്തോടെ നമിക്കുന്നു. 

''മത്സ്യക്കുഞ്ഞിന്റെ പ്രതിഭ അളക്കേണ്ടത് അതിന് മരംകയറാന്‍ കഴിയുമോ എന്ന് നോക്കിയിട്ടല്ല...' എന്നുപറഞ്ഞത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനാണ്. ഈ സത്യം തിരിച്ചറിയേണ്ടത് ആദ്യം മാതാപിതാക്കളാണ്. പിന്നെ കൂട്ടുകാര്‍, മത്സ്യക്കുഞ്ഞിന്റെ പ്രതിഭയെ തേച്ചുമിനുക്കിയെടുക്കേണ്ട ഗുരുക്കന്മാര്‍. ഈ  അനുഗ്രഹങ്ങള്‍ എന്റെ ജീവിതത്തില്‍ ധാരാളമുണ്ടായി''. സ്വന്തം ഇഷ്ടങ്ങളുടെ വഴിയേ നടക്കാന്‍ കൊതിക്കുന്നവരോട് ഈ അനുഗ്രഹങ്ങള്‍ക്കായി പ്രാര്‍ഥിക്കാനാണ് ടോണി പറയുന്നത്. ഒന്നുകൂടെ കൂട്ടിച്ചേര്‍ക്കാന്‍ ടോണി ആഗ്രഹിക്കുന്നു. തന്നെ മനസ്സിലാക്കി, സ്‌നേഹിച്ച്, എന്നും ഉറച്ചപിന്തുണയുമായി തന്നോടൊപ്പമുള്ള ഭാര്യ ടീനയ്ക്കും അവകാശപ്പെട്ടതാണ് താനന്തെങ്കിലും ആയിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ അതിലൊരു പങ്ക്.