മദർ ഇന്ത്യ മുതൽ ‌ആർ.ആർ.ആർ വരെ; ഓസ്കർ ചരിത്രത്തിലെ ഇന്ത്യൻ സാന്നിധ്യം


അഞ്ജയ് ദാസ്. എൻ.ടി

മൂന്ന് തവണയാണ് ഓസ്‌കറില്‍ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്ക് ഇന്ത്യന്‍ ചിത്രങ്ങള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ളത്.

മദർ ഇന്ത്യ, ആർ.ആർ.ആർ എന്നീ ചിത്രങ്ങളിൽ നിന്ന് | ഫോട്ടോ: www.imdb.com/, www.facebook.com/RRRMovie

95-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങളാണ് തിങ്കളാഴ്ച വിതരണം ചെയ്തത്. രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ആർ.ആർ.ആർ., കാർതികി ഗോൺസാൽവസിന്റെ ദ എലിഫന്റ് വിസ്‌പറേഴ്സ് എന്നീ ചിത്രങ്ങൾ 14 വർഷങ്ങൾക്ക് ശേഷം ഓസ്കർ വേദിയിൽ ഇന്ത്യയുടെ അഭിമാനമുയർത്തി. മികച്ച ഒറിജിനൽ സ്കോർ, ഡോക്യുമെന്ററി (ഷോർട്ട്) എന്നീ വിഭാ​ഗങ്ങളിലായിരുന്നു യഥാക്രമം ഇവ പുരസ്കാരം സ്വന്തമാക്കിയത്. ഷൗനക് സെന്നിന്റെ ഓൾ ദാറ്റ് ബ്രീത് സ് എന്ന ചിത്രവും മത്സരത്തിനുണ്ടായിരുന്നു. ഇതിൽ 'എലിഫന്റ് വിസ്പറേഴ്സും' 'ഓൾ ദാറ്റ് ബ്രീത് സും' ഡോക്യുമെന്ററികളായിരുന്നു. ഇവ മാത്രമായിരുന്നോ ഓസ്‌കറിലെ ഇന്ത്യന്‍ സാന്നിധ്യമറിയിച്ച ചിത്രങ്ങള്‍? ആ ചരിത്രം തുടങ്ങുന്നത് 1983-മുതലാണ്.

1983-ലായിരുന്നു ഒരു ഓസ്‌കര്‍ പുരസ്‌കാരം ഇന്ത്യയിലേക്ക് എത്തുന്നത്. ഗാന്ധി എന്ന ചിത്രത്തിലൂടെ ഭാനു അത്തയ്യ മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള ഓസ്‌കര്‍ ഉയര്‍ത്തിപ്പിടിച്ചു. റിച്ചാര്‍ഡ് അറ്റെന്‍ബെറോ സംവിധാനം ചെയ്ത് ചിത്രം മികച്ച ചിത്രത്തിനുള്‍പ്പെടെ എട്ട് പുരസ്‌കാരങ്ങളാണ് വാരിക്കൂട്ടിയത്. ഇതേ ചിത്രത്തിലെ മഹാത്മാ ഗാന്ധിയായുള്ള വേഷപ്പകര്‍ച്ചയ്ക്ക് ബെന്‍ കിങ്സ്ലി മികച്ച നടനുള്ള ഓസ്‌കറും സ്വന്തമാക്കി.

ഇന്ത്യയിലേക്ക് ഒരു പുരസ്‌കാരം പിന്നെയെത്താന്‍ ഒരുദശാബ്ദത്തോളമെടുത്തു. 1992-ല്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി ഓസ്‌കര്‍ സംഘാടകരായ അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് ഇന്ത്യയുടെ വിഖ്യാത സംവിധായകന്‍ സത്യജിത്ത് റായിക്ക് ഓണററി ഓസ്‌കര്‍ സമ്മാനിച്ചു. മരിക്കുന്നതിന് ഒരു മാസം മുമ്പ് ആശുപത്രിക്കിടക്കയില്‍ വെച്ച് വീഡിയോയിലൂടെയാണ് റായി പുരസ്‌കാരം സ്വീകരിച്ചത്.

ഇന്ത്യയിലേക്ക് വീണ്ടുമൊരു പുരസ്‌കാരം എത്താന്‍ പിന്നീട് പതിനേഴു വര്‍ഷം വേണ്ടിവന്നു. 2009-ല്‍ 81-ാമത് ഓസ്‌കറിലായിരുന്നു അത്. സ്ലം ഡോഗ് മില്ല്യണയര്‍ എന്ന ചിത്രത്തിലൂടെ എ.ആര്‍. റഹ്‌മാനും റസൂല്‍പൂക്കുട്ടിയും ഓസ്‌കര്‍ ശില്പം കൈയിലേന്തി തലയുയര്‍ത്തി നിന്നു. അന്ന് രണ്ട് പുരസ്‌കാരമാണ് എ.ആര്‍. റഹ്‌മാനെ തേടിയെത്തിയത്. മികച്ച സംഗീത സംവിധാനത്തിനും ഒറിജിനല്‍ സ്‌കോറിനും. ഇതില്‍ ജയ് ഹോ എന്ന ഗാനം ഗാനരചയിതാവ് ഗുല്‍സാറിനൊപ്പമാണ് റഹ്‌മാന്‍ പങ്കിട്ടത്. മികച്ച സൗണ്ട് മിക്‌സിങ്ങിനുള്ള പുരസ്‌കാരം നേടി റസൂല്‍ പൂക്കുട്ടി അന്ന് കേരളത്തിന്റെയും അഭിമാനമായി.

മൂന്ന് തവണയാണ്‌ ഓസ്‌കറില്‍ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്ക് ഇന്ത്യന്‍ ചിത്രങ്ങള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ളത്. മുമ്പിത് വിദേശ ഭാഷാ ചിത്രമെന്നായിരുന്നു അറിയപ്പെട്ടിരുന്നത്.1958-ല്‍ മെഹ്ബൂബ് ഖാന്റെ സംവിധാനത്തില്‍ പുറത്തുവന്ന 'മദർ ഇന്ത്യ'യായിരുന്നു ഈ പട്ടികയില്‍ ആദ്യത്തേത്. നര്‍ഗീസും സുനില്‍ ദത്തുമായിരുന്നു മുഖ്യവേഷങ്ങളില്‍. ഇന്ത്യന്‍ സിനിമയിലെ ക്ലാസിക് എന്നാണ് ഈ ചിത്രം അറിയപ്പെടുന്നത്. മീര നായരുടെ സംവിധാനത്തില്‍ 1989-ല്‍ പുറത്തുവന്ന സലാം ബോംബെ എന്ന ചിത്രത്തിനും ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചിരുന്നു. മീര നായരുടെ ആദ്യസംവിധാന സംരംഭം കൂടിയായിരുന്നു ഇത്. ഓസ്‌കര്‍ ലഭിച്ചില്ലെങ്കിലും ക്യാമെറ ഡിയോര്‍, കാന്‍ ചലച്ചിത്രമേളയില്‍ ഓഡിയന്‍സ് പുരസ്‌കാരം എന്നിവ സലാം ബോംബേയ്ക്ക് ലഭിച്ചു.

2002-ലാണ് പിന്നെ ഒരിന്ത്യന്‍ സിനിമയ്ക്ക് ഓസ്‌കര്‍ നാമനിര്‍ദേശം ലഭിക്കുന്നത്. അശുതോഷ് ഗവാരിക്കര്‍ സംവിധാനം ചെയ്ത് ഇന്ത്യയെമ്പാടും തരംഗമായ മ്യൂസിക്കല്‍ ഹിറ്റ് 'ലഗാന്‍' ആയിരുന്നു ആ ചിത്രം. ആമിര്‍ ഖാന്‍ നായകനായ ചിത്രം ഇന്ത്യയിലെ ബ്രിട്ടീഷ് കാലഘട്ടവും ക്രിക്കറ്റുമായിരുന്നു പശ്ചാത്തലമാക്കിയത്. ക്രിക്കറ്റും ബോളിവുഡും എന്ന ഫോര്‍മുല കുറച്ചൊന്നുമല്ല ചിത്രത്തിന്റെ വിജയത്തില്‍ പങ്കുവഹിച്ചത്. അമേരിക്കന്‍ സംവിധായകന്‍ ജെയിംസ് ഐവറിയും ഇന്ത്യന്‍ നിര്‍മാതാവ് ഇസ്മയില്‍ മര്‍ച്ചന്റും ഒന്നിച്ചപ്പോള്‍ മൂന്ന് ചിത്രങ്ങളിലായി മൂന്ന് ഓസ്‌കര്‍ പുരസ്‌കാരങ്ങളാണ് കൈപ്പിടിയിലാക്കിയത്. എ റൂം വിത്ത് എ വ്യൂ (1985), ഹവാര്‍ഡ്‌സ് എന്‍ഡ് (1992), ദ റിമെയ്ന്‍സ് ഓപ് ദ ഡേ (1993) എന്നിവയായിരുന്നു അവ.

ഡോക്യുമെന്ററികളുടെ ലിസ്‌റ്റെടുത്താല്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയതായി കാണാം. സുഷ്മിത് ഘോഷും റിന്റു തോമസും ചേര്‍ന്ന് സംവിധാനം ചെയ്ത് 2022-ല്‍ പുറത്തിറങ്ങിയ 'റൈറ്റിങ് വിത്ത് ദ ഫയര്‍' ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള നാമനിര്‍ദേശം ചെയ്യപ്പെട്ടു. ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ 1968-ല്‍ 'ദ ഹൗസ് ദാറ്റ് ആനന്ദ ബില്‍റ്റ്', 1979-ല്‍ വിധു വിനോദ് ചോപ്രയുടെ 'ആന്‍ എന്‍കൗണ്ടര്‍ വിത്ത് ഫെയ്‌സസ്' എന്നീ ചിത്രങ്ങള്‍ക്കും ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചു. മലയാളം ഉള്‍പ്പെടെ നിരവധി തെന്നിന്ത്യന്‍ ഭാഷാചിത്രങ്ങള്‍ മത്സരിക്കാന്‍ മുമ്പ് ഒരുങ്ങിയിരുന്നെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു.

Content Highlights: indian movies and filmmakers in oscars, 95th oscars

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented