അർജുൻ സി വർമ, എലിഫന്റ് വിസ്പറേഴ്സ് സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.instagram.com/therealarjunvarma/, www.netflix.com/in/title/81312835
രാജ്യമെമ്പാടും ഇന്ന് ചര്‍ച്ച ചെയ്യുന്ന രണ്ട് സിനിമകളാണ് ആര്‍.ആര്‍.ആറും ദ എലിഫന്റ് വിസ്പറേഴ്‌സും. ഡോക്യുമെന്ററി ഷോര്‍ട്ട് വിഭാഗത്തില്‍ മത്സരിച്ച ദ എലിഫന്റ് വിസ്പറേഴ്‌സാണ് ഓസ്‌കര്‍ വേദിയില്‍ ഇത്തവണ ആദ്യം ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി നിന്നത്. കേരളവുമായി അടുത്ത് നില്‍ക്കുന്ന ഒരിടത്ത് നടക്കുന്ന കഥയാണെന്നതിനാലും അണിയറയില്‍ പ്രവര്‍ത്തിച്ചവരില്‍ മലയാളികളുമുണ്ട് എന്നതില്‍ കേരളവും ഈ ചിത്രത്തിന്റെ നേട്ടത്തില്‍ അഭിമാനംകൊള്ളുകയാണ്. എലിഫന്റ് വിസ്പറേഴ്‌സിന്റെ ഫോളി റെക്കോര്‍ഡിസ്റ്റായ അര്‍ജുന്‍ വര്‍മയും അദ്ദേഹം പ്രവര്‍ത്തിക്കുന്ന കൊച്ചിയിലെ മോളിക്യൂള്‍സ് എന്ന ഫോളി സ്റ്റുഡിയോയും ചിത്രത്തിന്റെ നേട്ടത്തില്‍ ഒരു ചെറിയ പങ്കുവഹിച്ചതിലെ സന്തോഷത്തിലാണ്.
എറണാകുളം തൃപ്പൂണിത്തുറ ചന്ദ്രവര്‍മയുടേയും പരേതയായ ചന്ദ്രവല്ലിയുടേയും ഏകമകനാണ് അര്‍ജുന്‍. ചെന്നൈയില്‍ ദിനേഷ് രാമലിംഗത്തിന്റെ ഡൈനാമിക്‌സ് സ്‌കൂള്‍ ഓഫ് ഓഡിയോ എഞ്ചിനീയറിംഗ് കോളേജിലായിരുന്നു പഠനം. ഫോളിയില്‍ ക്രിയേറ്റീവായി ഒരുപാട് ശബ്ദങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന സാധ്യത മുന്നില്‍ക്കണ്ടായിരുന്നു ഫോളി റെക്കോര്‍ഡിങ്ങിലേക്കുള്ള അര്‍ജുന്റെ വരവ്. ആളങ്കം എന്ന ചിത്രമാണ് ഒടുവില്‍ റിലീസായത്. മോമോ ഇന്‍ ദുബായ്, സോളമന്റെ തേനീച്ചകള്‍, തമിഴില്‍ ബൊമ്മൈ നായകി, മായോന്‍ തുടങ്ങിയ ചിത്രങ്ങള്‍ ചെയ്തു. ഇതില്‍ ബൊമ്മൈ നായകിയുടെ സൗണ്ട് റെക്കോര്‍ഡിസ്റ്റായ ആന്റണി റൂബന്‍ തന്നെയാണ് എലിഫന്റെ വിസ്പറേഴ്‌സിന്റെയും സൗണ്ട് ചെയ്തത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇതേ സ്റ്റുഡിയോയില്‍ വരുന്ന ഫോളികള്‍ അര്‍ജുന്‍ ആണ് ചെയ്തുവരുന്നത്. അങ്ങനെയാണ് ദ എലിഫന്റ് വിസ്പറേഴ്‌സിലേക്ക് അര്‍ജുന്‍ എത്തുന്നത്.
ആളുകള്‍ നടക്കുമ്പോഴും ഇരിക്കുമ്പോഴും വസ്തുക്കള്‍ ചലിപ്പിക്കുമ്പോഴുമെല്ലാം പുറപ്പെടുന്ന ശബ്ദങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയാണ് ഒരു ഫോളി റെക്കോര്‍ഡിസ്റ്റിന്റെ ചുമതല. അതായത് ജീവനില്ലാത്ത വസ്തുക്കളുടെ ശബ്ദമാണ് റെക്കോര്‍ഡ് ചെയ്യേണ്ടത്. എലിഫന്റ് വിസ്പറേഴ്‌സ് എന്ന ചിത്രത്തേ സംബന്ധിച്ച് നോക്കുകയാണെങ്കില്‍ ആനയുടെ ചങ്ങല നിലത്തുരയുന്ന ശബ്ദം ഉദാഹരണം. ഈ ശബ്ദം സ്റ്റുഡിയോയില്‍ സൃഷ്ടിക്കുന്ന ഒരു കലാകാരനും ഉണ്ടാവും. അതാണ് ഫോളി ആര്‍ട്ടിസ്റ്റ്. ആന ചങ്ങല നിലത്തിഴയുമ്പോഴുള്ള ശബ്ദം ഉണ്ടാക്കണമെങ്കില്‍ ഒരാള്‍ ആ ശബ്ദം സ്റ്റുഡിയോക്ക് അകത്തിരുന്ന് കൃത്രിമമായി ഉണ്ടാക്കണമെന്ന് അര്‍ജുന്‍ പറയുന്നു.
സൗണ്ട് റെക്കോര്‍ഡിങ്ങുമായി ബന്ധപ്പെട്ട് പ്രത്യേകം നിര്‍ദേശങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്ന് അര്‍ജുന്‍ പറഞ്ഞു. സ്റ്റുഡിയോ ഉടമകൂടിയായ നിഖില്‍ വര്‍മയാണ് ഫോളി സൂപ്പര്‍വൈസിങ് എഡിറ്റര്‍. ഷൂട്ട് ഒക്കെ കഴിഞ്ഞ ഫയലാണ് കയ്യില്‍ക്കിട്ടിയത്. ലൊക്കേഷനില്‍ പോയി ചെയ്യേണ്ടി വന്നില്ല. ഡോക്യുമെന്ററി ഷോര്‍ട്ട്ഫിലിം ആണെന്നായിരുന്നു ആദ്യം പറഞ്ഞത്. കണ്ടപ്പോള്‍ ഒരു ക്യൂട്ട് സിനിമപോലെയാണ് അനുഭവപ്പെട്ടത്. പക്ഷേ ഇത്രയും റീച്ച് കിട്ടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അര്‍ജുന്‍ പറഞ്ഞു.
ആറുദിവസമെടുത്താണ് എലിഫന്റ് സൗണ്ട് റെക്കോര്‍ഡ് ചെയ്തത്. ചങ്ങലകൊണ്ട് തന്നെയാണ് അതിന്റെ ശബ്ദമുണ്ടാക്കിയത്. ബോക്‌സിങ് ഗ്ലൗസിന് മേല്‍ ശക്തമായി അമര്‍ത്തിയാണ് ആന നടക്കുന്ന ശബ്ദം തയ്യാറാക്കിയത്. പ്രത്യേകം തയ്യാറാക്കിയ മണ്ണില്‍ ബോക്‌സിങ് ഗ്ലൗസ് വെയ്ക്കുകയായിരുന്നു. സുബ്ബയ്യാ പിള്ളയായിരുന്നു ഫോളി ആര്‍ട്ടിസ്റ്റ്. രാജ് മാര്‍ത്താണ്ഡം, മുരുഗന്‍ തുടങ്ങിയവരും ഇവിടെയുണ്ട്. ആനയ്ക്ക് കൊടുക്കാനുള്ള ഭക്ഷണം കുഴയ്ക്കുന്ന ശബ്ദത്തിന് ചോറ് കുഴയ്ക്കുകയായിരുന്നു. സാധാരണ ഇത്തരം സീനുകള്‍ക്ക് ഇങ്ങനെ തന്നെയാണ് ചെയ്യാറെന്ന് അര്‍ജുന്റെ വാക്കുകള്‍.
ചില സിനിമകള്‍ക്ക് കുറച്ച് അതിശയോക്തി കൂട്ടി ചെയ്യാന്‍ പറയാറുണ്ടെന്ന് അര്‍ജുന്‍ പറഞ്ഞു. അങ്ങനെ ചെയ്ത സിനിമയാണ് സിബി സത്യരാജ് നായകനായി അഭിനയിച്ച മായോന്‍. ഇതില്‍ വലിയ പാമ്പിഴയുന്ന ഒരു രംഗമുണ്ട്. അതിന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്യാന്‍ നൂഡില്‍സ് പുഴുങ്ങി ഉപയോഗിച്ചിട്ടുണ്ട്. ഒപ്പം വേറെയും ചില ശബ്ദങ്ങള്‍ ചേര്‍ത്ത് വേറെ വേറെ ലേയറുകളായാണ് ആ രംഗം ചെയ്തത്. സോളമന്റെ തേനീച്ചകള്‍ എന്ന ചിത്രത്തില്‍ ജയില്‍ സെല്ലിന്റെ ശബ്ദത്തിന് വലിയ ഗേറ്റ് കെട്ടിത്തൂക്കിയിട്ടാണ് ചെയ്തതെന്നും അര്‍ജുന്‍ ഓര്‍മിച്ചു.
പുതിയ ചിത്രങ്ങളുമായി പുതിയ ഉയരങ്ങള്‍ കീഴടക്കാനൊരുങ്ങുകയാണ് അര്‍ജുന്‍.
Content Highlights: 95th oscar winning documentary, the elephant whisperers foley recordist, arjun c varma interview
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..