777 ചാർലിയുടെ സംഗീതസംവിധായകൻ നോബിൻ പോൾ | ഫോട്ടോ: www.instagram.com/nobinpaul/
മലയാളിയാണെങ്കിലും ഇതുവരെ ഒരു മലയാളം സിനിമയിൽപ്പോലും സംഗീതമോ പശ്ചാത്തലസംഗീതമോ നിർവഹിച്ചിട്ടില്ല. പക്ഷേ ഇത് രണ്ടും നിർവഹിക്കുകയും കേരളത്തിൽ മൊഴിമാറ്റി പ്രദർശനത്തിനെത്തുകയും ചെയ്ത സിനിമയും പാട്ടുകളും നിറഞ്ഞമനസോടെ ഇരുകൈകളും നീട്ടി സ്വീകരിക്കപ്പെടുക. അങ്ങനെയൊരു അപൂർവ ഭാഗ്യം സ്വന്തമാക്കിയിരിക്കുകയാണ് നോബിൻപോൾ. 777 ചാർലി എന്ന പാൻ ഇന്ത്യൻ ചിത്രത്തിലൂടെ. ചാർലി റിലീസായതിന് പിന്നാലെ വിവിധ ഭാഷകളിൽ നിന്നായി വമ്പൻ അവസരങ്ങൾ തേടിയെത്തുകയാണ് കോട്ടയം ജില്ലയിലെ കളത്തിപ്പടി സ്വദേശിയായ ഈ സംഗീതജ്ഞനെ. തന്റെ സംഗീതയാത്രയേക്കുറിച്ച് നോബിൻ മാതൃഭൂമി ഡോട്ട് കോമിനോട് മനസുതുറക്കുന്നു.
കോട്ടയംകാരൻ പാട്ടുമായി ബംഗളൂരുവിൽ
ചെറുപ്പംതൊട്ടേ സംഗീതത്തോട് താത്പര്യമുണ്ടായിരുന്നു. നാട്ടിലെ പള്ളിയിൽ ക്വയറിലൊക്കെ പാടുമായിരുന്നു. പിന്നെ കോളേജിൽ പഠിക്കുമ്പോൾ അവിടെയും ഓർക്കസ്ട്ര ടീം ഉണ്ടായിരുന്നു. പിന്നെ മത്സരങ്ങൾക്ക് പോകും. കുറച്ചുകാലം കൂടി കഴിഞ്ഞപ്പോൾ സംഗീതസംവിധായകരുടെ സഹായിയായി നിന്നിട്ടുണ്ട്. പിന്നെ പരസ്യ ജിംഗിളുകളുകളൊക്കെ ചെയ്തുതുടങ്ങി. കൂടുതൽ പരസ്യങ്ങളും കിട്ടിയത് ബംഗളൂരുവിൽ നിന്നായിരുന്നു. അതുകഴിഞ്ഞ് സ്വകാര്യ എഫ്.എം ചാനലുകളിൽ നിന്ന് ഓഫർ വന്നു. അങ്ങനെ പതുക്കെ ബംഗളൂരുവിൽ താമസമാക്കാൻ തുടങ്ങി.

വഴിത്തിരിവായ 'രാമാ രാമാ രേ'
2016-ലാണ് ആദ്യപടമായ രാമാ രാമാ രേ വരുന്നത്. അതിൽ പക്ഷേ പശ്ചാത്തലസംഗീതം മാത്രമാണ് ചെയ്തത്. ആ സിനിമയ്ക്ക് നല്ല വരവേല്പാണ് കർണാടകയിൽ ലഭിച്ചത്. ആ പടത്തിന് കർണാടക മ്യൂസിക് അവാർഡും കിട്ടി. ശുദ്ധിയായിരുന്നു അടുത്ത സിനിമ. അതിലും ബി.ജി.എം ആയിരുന്നു. അങ്ങനെ അടുപ്പിച്ച് കുറച്ചു സിനിമകളിൽ പശ്ചാത്തലസംഗീതം ചെയ്തു. രാമാ രാമാ രേയിലെ സ്കോർ കേട്ടാണ് 777 ചാർലിയുടെ സംവിധായകൻ എന്നെ വിളിക്കുന്നത്.
കിരൺ രാജും എന്റെ മംഗലാപുരം കന്നഡയും
കിരണിനെ അതിനുമുമ്പ് ഒരു പരിചയവുമില്ലായിരുന്നു. കിരൺ എന്നെ വിളിക്കുമ്പോഴും അദ്ദേഹം മലയാളിയാണെന്ന് എനിക്കറിയില്ലായിരുന്നു. ഞങ്ങൾ പരസ്പരം കന്നഡയിൽത്തന്നെയാണ് സംസാരിച്ചത്. നേരിട്ട് കണ്ടപ്പോഴാണ് മലയാളികളാണെന്ന് അറിയുന്നതും മലയാളത്തിൽ സംസാരിക്കുന്നതും. ഞാൻ പിന്നെ അപ്പോഴേക്കും കന്നഡ പഠിച്ചിരുന്നു. സംവിധായകരോട് പരമാവധി കന്നഡയിൽ സംസാരിക്കാൻ ശ്രമിക്കുമായിരുന്നു. കാരണം പശ്ചാത്തലസംഗീതം ചെയ്യുമ്പോൾ അവരെന്താണ് സംസാരിക്കുന്നതെന്ന് മനസിലാവണമല്ലോ. അപ്പോൾ സംവിധായകരോടും ടെക്നീഷ്യന്മാരോടും ചോദിച്ച് മനസിലാക്കും. ഇപ്പോൾ കന്നഡ സംസാരിക്കും. മംഗലാപുരം സ്റ്റൈൽ കന്നഡയാണെന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട്.

സിനിമയ്ക്കൊപ്പം പോകുന്ന പാട്ടുകൾ
777 ചാർലിയിലെ പാട്ടുകളെല്ലാം സിനിമയുടെ കൂടെ പോകുന്ന പാട്ടുകളാണ്. പാട്ടിനുവേണ്ടി എന്നുപറഞ്ഞൊരിടം സിനിമയിലില്ല. പാട്ടിന്റെ കൂടെത്തന്നെ കഥ പോവും. വിഷ്വൽ വേറെ നിൽക്കുന്നു, പാട്ട് വേറെ നിൽക്കുന്നു എന്നൊന്നില്ല. ഏതാണ്ട് പത്ത് പാട്ടുകളുണ്ട് ചാർലിയിൽ. അതിൽ ആറ് പാട്ട് എല്ലാ ഭാഷയിലുമുണ്ട്. പിന്നെ രണ്ട് ഇംഗ്ലീഷ്, ഒരു ഗോവൻ കൊങ്കിണി, പിന്നെയൊരു രാജസ്ഥാനി പാട്ടും. വരികൾ പദാനുപദം വിവർത്തനം ചെയ്യാതെ സിറ്റുവേഷനും ഈണവും വിഷ്വൽ എങ്ങനെയാണ് വരികയെന്നും ഓരോ ഭാഷയിലേയും ഗാനരചയിതാക്കൾക്കും പറഞ്ഞുകൊടുത്ത് പാട്ടുകളെഴുതിക്കുകയായിരുന്നു. ഒരു പുതിയ പാട്ടുണ്ടാക്കുന്നതുപോലെ. അങ്ങനെ നോക്കുമ്പോൾ അഞ്ച് ഭാഷകളിലുമായി പത്ത് അമ്പത് പാട്ടുകളുണ്ടാവും എല്ലാംകൂടി. നല്ല വെല്ലുവിളി തന്നെയായിരുന്നു. പിന്നെ ടീസർ സോങ്ങിന് പുറമേ വിനീത് ശ്രീനിവാസനേക്കൊണ്ട് ഒരുപാട്ടുകൂടി പാടിച്ചിരുന്നു. അത് സിനിമ റിലീസ് ചെയ്ത് കുറച്ചുകൂടി കഴിഞ്ഞ് ഇറക്കും.

പാട്ടുകൾ കണ്ട് അദ്ഭുതപ്പെട്ട വീട്ടുകാർ
പാട്ടുകളുടെ സീനുകൾ കണ്ട് കോട്ടയത്ത് വീട്ടിലുള്ളവരെല്ലാം ഭയങ്കര അദ്ഭുതത്തിലാണ്. എനിക്ക് വരുന്ന കോളുകളെല്ലാം നല്ല അഭിപ്രായം പറഞ്ഞുകൊണ്ടുള്ളതാണ്. പടം കണ്ട് പലരും വിളിച്ചിരുന്നു. നായകനായ രക്ഷിതിന്റെ പിറന്നാളിന് അണിയറപ്രവർത്തകർക്ക് വേണ്ടി മാത്രമായി ഒരു പ്രദർശനം ഉണ്ടായിരുന്നു. പിന്നെ നാട്ടിൽ വന്നിട്ട് ഒന്നുകൂടി പടം കാണണം. പിന്നെ ഞാൻ ഇതിനോടകം തന്നെ ഒരുപാട് തവണ ഈ സിനിമ കണ്ടുകഴിഞ്ഞു.
ആദ്യത്തെ പാൻ ഇന്ത്യൻ സിനിമ
എന്റെ ആദ്യത്തെ പാൻ ഇന്ത്യൻ സിനിമ എന്നരീതിയിൽ ഞാൻ ഒരുപാട് എക്സൈറ്റഡ് ആണ്. മലയാളസിനിമ ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ട്. നല്ല പ്രോജക്റ്റ് വന്നാൽ തീർച്ചയായും ചെയ്യും. തെലുങ്കിൽ നിന്നടക്കം ഓഫറുകൾ ഒരുപാട് ഇപ്പോൾ വരുന്നുണ്ട്. വേറെ ഏത് ഭാഷ ചെയ്യുന്നതിനേക്കാളും നമ്മളുടെ സ്വന്തം ഭാഷയിൽ പാട്ട് ചെയ്യുക എന്നുള്ളതാണല്ലോ. വരുന്ന എല്ലാം വലിച്ചുവാരി ചെയ്യാൻ താത്പര്യമില്ലാത്തയാളാണ് ഞാൻ. ഒരു സിനിമ കഴിഞ്ഞ് കുറച്ചു സമയം കഴിഞ്ഞ് അടുത്തത് ചെയ്യുക എന്നതാണ് രീതി.

നായ്ക്കളെ ഭയങ്കര ഇഷ്ടമുള്ളയാളാണ് ഞാൻ
കിരണിനൊപ്പമായിരുന്നു കുറച്ചുനാൾ. ചാർലി എന്ന നായയുണ്ടായിരുന്നത് മൈസൂർ ആയിരുന്നു. പരിശീലകന്റെ കൂടെ. അപ്പോൾ അവിടെ കാണാൻ പോകും. വളർത്തുമൃഗങ്ങളെ പ്രത്യേകിച്ച് നായ്ക്കളെ ഭയങ്കര ഇഷ്ടമുള്ളയാളാണ് ഞാൻ. ബംഗളൂരുവിൽ വന്ന് താമസിക്കുമ്പോൾ കൂടെ ഒരു റോട്ട് വീലർ വരെ കൂടെയുണ്ടായിരുന്നു. അതിനെ പിന്നെ കൊടുത്തു. ഈ സിനിമയിൽ പശ്ചാത്തലസംഗീതം ചെയ്തത് വളരെ കൗതുകത്തോടെയാണ്. പിന്നെ പാട്ട് എല്ലാവരും കേട്ട് ഏറ്റെടുക്കുമ്പോഴാണ് നമ്മുടെ ജോലി പൂർണമാവുന്നത് എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..