26 ഏക്കറിൽ ഒരുക്കിയ പ്രളയവും ഡാമും ഹെലികോപ്റ്ററും; മോഹന്‍ദാസ് ഇനി 'എമ്പുരാനൊ'പ്പം


By അജ്മൽ എൻ. എസ്

11 min read
Read later
Print
Share

2018 എന്ന സിനിമയില്‍ പ്രളയവും ഡാമും ഹെലികോപ്റ്റും കണ്‍മുന്നില്‍ തെളിയുമ്പോള്‍ വി.എഫ്.എക്‌സ്‌ ഏതാണ്, സെറ്റ് ഏതാണ് എന്നറിയാതെ പ്രേക്ഷകർ അമ്പരന്നിട്ടുണ്ട്. 26 ഏക്കറില്‍ ഒരുങ്ങിയ വിസ്മയമായിരുന്നു 2018-ന്റെ സെറ്റ്, അവിടെയാണ് പ്രളയവും കടലും ഹെലികോപ്റ്ററും എല്ലാം എത്തിയത്.

2018 പോസ്റ്റർ, മോഹൻദാസ് | photo: facebook/2018 movie, instagram/mohandas

ലയാളത്തിലെ സര്‍വ്വകാല ബോക്‌സോഫീസ് റെക്കോഡുകളും തകര്‍ത്തുകൊണ്ട് മുന്നേറുകയാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത '2018'. മഹാപ്രളയം പ്രമേയമാക്കി ഒരുങ്ങിയ ചിത്രത്തില്‍ ടൊവിനോ, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരേന്‍, ലാല്‍, അപര്‍ണ ബാലമുരളി തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരന്നത്. '2018' ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തപ്പോള്‍ എല്ലാവരേയും ആശ്ചര്യപ്പെടുത്തിയത് ചിത്രത്തിന്റെ കലാസംവിധാനമായിരുന്നു. പ്രളയവും ഡാമും ഹെലികോപ്റ്ററും എല്ലാം കണ്‍മുന്നില്‍ തെളിയുമ്പോള്‍ വി.എഫ്.എക്‌സ്‌. ഏതാണ്, സെറ്റ് ഏതാണ് എന്നറിയാതെ പ്രേക്ഷകർ അമ്പരന്നിട്ടുണ്ട്. 26 ഏക്കറില്‍ ഒരുങ്ങിയ വിസ്മയമായിരുന്നു 2018-ന്റെ സെറ്റ്, അവിടെയാണ് പ്രളയവും കടലും ഹെലികോപ്റ്ററും എല്ലാം എത്തിയത്. സിനിമയുടെ ഗംഭീര മേക്കിങ്ങിനായി ജൂഡിനൊപ്പം പ്രയത്‌നിച്ചത് കലാ സംവിധായകനായ മോഹന്‍ദാസും സംഘവുമാണ്.

മലയാളത്തിലെ തിരക്കുള്ള കലാസംവിധായകരില്‍ ഒരാളാണ് മോഹന്‍ദാസ്. ലൂസിഫര്‍, മാമാങ്കം, അയ്യപ്പനും കോശി, ബ്രോ ഡാഡി തുടങ്ങി മുപ്പതിലധികം ചിത്രങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന പ്രൊജക്ട് മലയാളത്തില്‍ ഏറ്റവുമധികം പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നായ 'എമ്പുരാനാ'ണ്. 2018-ന്റെ വിജയാഘോഷത്തിനും 'എമ്പുരാ'ന്റെ തിരക്കുകള്‍ക്കുമിടയില്‍ തന്റെ സിനിമാ വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെക്കുകയാണ് മോഹന്‍ദാസ്.

26 ഏക്കറിലെ ഭീമന്‍ സെറ്റ്, പ്രളയം പുനരാവിഷ്‌കരിച്ച് ടെക്‌നിക്ക്

2019-ന്റെ അവസാനത്തോടെയാണ് '2018' എന്ന ചിത്രത്തിലേയ്ക്ക് ആന്റോ ജോസഫ് ചേട്ടന്‍ എന്നെ വിളിക്കുന്നത്. സംവിധായകനായ ജൂഡിനെ ചെന്ന് കണ്ടു, തിരക്കഥ വായിച്ചു. എങ്ങനെ പ്രളയം പുനരാവിഷ്‌കരിക്കാം എന്നാണ് ജൂഡ് എന്നോട് ചോദിച്ചത്. ഒരു വലിയ ടാങ്ക് ഉണ്ടാക്കിയിട്ട് വീടുകള്‍ വെച്ച് ഷൂട്ട് ചെയ്യാം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചു. പിന്നെ വേറൊരു 'ട്രിക്ക്' ഉണ്ട്, പ്രളയം എങ്ങനെ ഉണ്ടാക്കി എന്നത്. അത് എങ്ങനെയാണെന്ന് അധികം താമസിക്കാതെ പുറത്തുവിടും. ചിത്രത്തിന്റെ മേക്കിങ് വീഡിയോയില്‍ ആ 'ട്രിക്ക്' കാണാം.

14 വീടുകള്‍ സെറ്റിട്ടു. ആ 14 വീടുകളെ ഞങ്ങള്‍ 28 വീടുകളാക്കി ഉപയോഗിക്കാനാകുന്ന രീതിയിലാണ് ചെയ്തത്. വൈദ്യുത പോസ്റ്റ്, വാഴ, മരങ്ങള്‍, ചെടികള്‍ തുടങ്ങിയവയെല്ലാം ഉണ്ടാക്കി. ഇവയെല്ലാം പുനരുപയോഗിക്കാന്‍ സാധിക്കുന്നതും വെള്ളത്തില്‍ കിടന്നാല്‍ പെട്ടെന്ന നശിക്കാത്തവയുമായിരുന്നു. അത്തരത്തിലുള്ള മെറ്റീരിയല്‍ ഉപയോഗിച്ചാണ് ഇവ നിര്‍മിച്ചത്.

'2018'-ൽനിന്നും | photo: screen grab

'2018' ഒരു ചലഞ്ചിങ് വര്‍ക്കായിരുന്നു. ആ കാരണം കൊണ്ടുതന്നെയാണ് ചിത്രം തിരഞ്ഞെടുത്തത്. മാമാങ്കം, ലൂസിഫര്‍ പോലെയുള്ള വലിയ സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. പക്ഷേ, അതൊന്നും ചലഞ്ചിങ് ആയിട്ട് തോന്നിയിട്ടില്ല. '2018'-നെ എനിക്ക് ചലഞ്ചിങ് വര്‍ക്ക് എന്നതിന്റെ ഉത്തരമായിട്ട് പറയാനാകും. ഈ സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ ഒരു അവസരം ലഭിച്ചപ്പോള്‍ കൂടെ നില്‍ക്കുകയായിരുന്നു.

ഒരു കുഞ്ഞിനെപ്പോലെ 2018-ന്റെ തിരക്കഥയെ ജൂഡ് സ്‌നേഹിച്ചു

ജൂഡ് എന്ന വ്യക്തി ഈ സിനിമയെ കാണുന്ന ഒരു കാഴ്ചപ്പാടുണ്ട്. ഒരു കുഞ്ഞിനെ സ്‌നേഹിക്കുന്നത് പോലെയാണ് ജൂഡ് ഈ സിനിമയുടെ തിരക്കഥയെ സ്‌നേഹിച്ചത്. ഞാന്‍ ജൂഡിനൊപ്പം 'സാറാസി'ല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോവിഡ് സമയത്ത് സാറാസിന്റെ ലൊക്കേഷന്‍ നോക്കുമ്പോള്‍ ജൂഡ് വണ്ടി നിര്‍ത്താന്‍ പറഞ്ഞിട്ട് ചാടിയിറങ്ങി. ഈ സ്ഥലം '2018' ന് എങ്ങനെ ഉണ്ടായിരിക്കും എന്നാണ് ജൂഡ് ചോദിച്ചത്. ജൂഡിന്റെ മനസില്‍ ആ സമയത്തും '2018' ആയിരുന്നു. അന്ന് '2043' എന്നായിരുന്നു ചിത്രത്തിന്റെ ടൈറ്റില്‍.

ഈ സിനിമയ്ക്ക് വേണ്ടി ജൂഡ് സഹിച്ച വേദനകളും '2018' ചെയ്യാനുള്ള ആഗ്രഹവും പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. വേറെ പല ഓഫറുകളും ജൂഡിന് വന്നിരുന്നു. ടൊവിനോ, ചാക്കോച്ചന്‍ തുടങ്ങിയവരുടെ ഡേറ്റ് കൈയില്‍ ഉണ്ട്. ഇതേ ബജറ്റില്‍ ഇവരെ വെച്ച് വേറെ സിനിമ ചെയ്യുന്നതിനെക്കുറിച്ച് ആന്റോ ചേട്ടന്‍ ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞിരുന്നു. പക്ഷേ, ജൂഡ് 100 ശതമാനവും ഈ സിനിമ എങ്ങനെ ചെയ്യാമെന്നായിരുന്നു ചിന്തിച്ചത്. ജൂഡ് ഈ സിനിമയെ സ്‌നേഹിക്കുന്നത് കണ്ട് ഞാന്‍ തന്നെ അത്ഭുതപ്പെട്ടിട്ടുണ്ട്. ആ ഘടകങ്ങളൊക്കെയാകാം എന്നെ ഈ സിനിമയില്‍ പിടിച്ച് നിര്‍ത്തിയത്.

'2018'ന്റെ പോസ്റ്റർ | photo: special arrangements

ജൂഡിന് ഈ സിനിമ എങ്ങനെ ചെയ്യണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. എങ്ങനെ ഷോട്ട് എടുക്കണം, കലാസംവിധാനം എങ്ങനെ ആയിരിക്കണം, വെള്ളം എങ്ങനെ കയറ്റണം, ഏതൊക്കെ പ്രോപ്പര്‍ട്ടീസ് ഉപയോഗിക്കണം എന്നതിനെക്കുറിച്ചെല്ലാം വ്യക്തമായ അറിവുണ്ടായിരുന്നു. ഒരു കാര്യത്തിലും ആശയക്കുഴപ്പം ഉണ്ടായിരുന്നില്ല. ഞാന്‍ ഒരുപാട് സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരക്കഥ മനഃപാഠമാക്കി ഷോട്ട് എടുക്കുന്നവര്‍ ചുരുക്കമാണ്. ജൂഡ് ഇത്തരത്തില്‍ ഒരാളാണ്. ജൂഡിന് തിരക്കഥ കാണാപാഠമാണ്. തിരക്കഥ നോക്കി ഓരോ ഷോട്ടും എടുക്കുന്ന രീതിയല്ല ജൂഡിന്. എഴുതിക്കൊണ്ട് വരുമെങ്കിലും മുഴുവന്‍ ഷോട്ട് ഡിവിഷനും മനസിലുണ്ടാകും.100 സിനിമകള്‍ ചെയ്തത് പോലത്തെ അനുഭവം വെച്ചാണ് ഈ സിനിമയെ ജൂഡ് സമീപിച്ചത്.

'ഗൂഗിള്‍ എര്‍ത്ത്' നോക്കി പുഴ കണ്ടെത്തിയ ലൊക്കേഷന്‍ ഹണ്ട്

ജൂഡ് ഈ സിനിമയുടെ തിരക്കഥ എഴുതുന്ന സമയത്ത് ആയിരത്തോളം റഫറന്‍സ് എടുത്തിട്ടുണ്ടാകും. ഞാന്‍ ഈ സിനിമയിലേയ്ക്ക് വന്നപ്പോള്‍ ഒരുമിച്ചിരുന്ന ഈ റഫറന്‍സ് വീഡിയോകള്‍ കണ്ടു. '2018' ന്റെ തിരക്കഥയില്‍ ഞങ്ങള്‍ക്ക് വ്യക്തത ഉണ്ടായിരുന്നു. ഇതേ ജേണറില്‍ വരുന്ന പല ചിത്രങ്ങളും കണ്ടിരുന്നു. റെഫറന്‍സിനായി ഒരുപാട് ചിത്രങ്ങള്‍ കണ്ടു.

ആദ്യം മിനിയേച്ചര്‍ ഉണ്ടാകാം എന്ന് തീരുമാനിച്ചു. ഒരു വീട് എടുത്ത് അവിടെയിരുന്ന മിനിയേച്ചറിന്റെ പണി തുടങ്ങി. ഇതിന്റെ കൂടെത്തന്നെ ക്യാമറാമാനെ അന്വേഷിക്കാന്‍ ആരംഭിച്ചു. ലൊക്കേഷനായി ഒരുപാട് യാത്രകള്‍ നടത്തി. എറണാകുളത്തും ഇടുക്കിയിലും ഒക്കെ പോയി ഒരുപാട് സ്ഥലം നോക്കി. 'ഗൂഗിള്‍ എര്‍ത്ത്' എന്ന ആപ്പ് എടുത്തിട്ട് പുഴ എവിടെയൊക്കെ ഒഴുകുന്നുണ്ട്, അടുത്ത് സ്ഥലം ഉണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെ നോക്കി. പെരിയാറിന്റെ തീരം, മലമ്പുഴ, തൃശ്ശൂര്‍, ആലപ്പുഴ ഇവിടെ ഒക്കെ പോയി തിരക്കിയ ശേഷമാണ് വൈക്കത്ത് എത്തുന്നത്. അവിടെയാണ് ഞങ്ങള്‍ സെറ്റിട്ടത്.

'2018'- ന്റെ ലൊക്കേഷൻ | photo: special arrangements

2020 മാര്‍ച്ച് 16-ന് ഛായാഗ്രാഹകനായ സി.കെ. മുരളീധരന്‍ സാറിനെ കാണാന്‍ ഞാനും ജൂഡും മുംബൈയില്‍ പോയിരുന്നു. പുള്ളി ഒരുപാട് ഗംഭീര സിനിമകള്‍ ചെയ്തിട്ടുള്ള ആളാണ്. അദ്ദേഹം എന്ത് പറയുമെന്ന് അറിയില്ലായിരുന്നു. പുള്ളിക്ക് സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, രാത്രി ഒരുപാട് ഷൂട്ട് ഉള്ളത് അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചു. അദ്ദേഹത്തിന് ആ സാഹചര്യത്തില്‍ നമ്മുടെ സിനിമ ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. അദ്ദേഹത്തിന്റെ സ്റ്റൈല്‍ ഇവിടെ ശരിയാകണമെന്നില്ലെന്ന് പറഞ്ഞു. ആ സമയത്ത് കോവിഡ് ലോക്ക്ഡൗണ്‍ വന്നു. കോവിഡ് ഭീകരമായ സമയമായിരുന്നു അത്. പി.പി.ഇ. കിറ്റ് ഒക്കെ ഇട്ടാണ് ഞങ്ങള്‍ തിരികെ വന്നത്.

മഴ പലപ്പോഴും അനുഗ്രഹം, സെറ്റിലൊരുങ്ങിയ ഡാമും കടലും

ഞാനും ജൂഡും ഛായാഗ്രാഹകന്‍ അഖിലും കൂടി പലതവണ പെരിങ്ങല്‍ക്കുത്ത് ഡാമില്‍ പോയിരുന്നു. ഡാം കാണാനുള്ള അനുവാദം പോലും കിട്ടാന്‍ പ്രയാസമായിരുന്നു. ഡാം ഷൂട്ടിന് കിട്ടുമോ എന്ന് ആലോചിച്ചിരുന്നു. കുറച്ച് വിഷ്വല്‍സ് എടുക്കാം ബാക്കി സി.ജി.ഐ. ചെയ്യാമെന്നായിരുന്നു കരുതിയിരുന്നത്. ഇത് പോലും കിട്ടാന്‍ വഴിയില്ലെന്നത് ഞങ്ങള്‍ മനസിലാക്കി.

നല്ല റിസ്‌ക് എടുത്താണ് ഇടുക്കി ഡാം ഷൂട്ട് ചെയ്തത്. 'ഇടുക്കി ഗോള്‍ഡ്' എന്ന സിനിമ ഷൂട്ട് ചെയ്തിരുന്ന സ്ഥലത്ത് ഒരു സ്‌കൂള്‍ ഉണ്ട്. അവിടെനിന്ന് ഡാം ഷൂട്ട് ചെയ്യാന്‍ ഒരു ആംഗിള്‍ ഉണ്ടെന്ന് മനസിലാക്കി. ആ ഷൂട്ടിന് ഞാന്‍ പോയിട്ടില്ല. പ്രൊഡക്ഷന്റെ ആള്‍ക്കാര്‍ അവിടെ വന്ന് കാത്തുനിന്നു. ഡാം തുറക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്ത നേരത്തെ ലഭിച്ചിരുന്നു. ഡാം തുറക്കുന്നതിന്റെ ദൃശ്യങ്ങള്‍ എടുക്കാനായി അവര്‍ നിന്നു. പെട്ടെന്ന് അപര്‍ണയോട് വിളിച്ച് കാര്യം പറയുകയും ഡേറ്റ് അല്ലാതിരുന്നിട്ട് കൂടി അവര്‍ എത്തുകയുമായിരുന്നു.

ജൂഡ് ആന്തണി, മോഹൻദാസ് | photo: facebook/jude anthany, special arrangements

പെരിങ്ങല്‍ക്കുത്ത് ഡാം ഷൂട്ടിന് ലഭിക്കില്ലെന്ന് മനസിലാക്കിയതോടെ സെറ്റ് ഇടാം എന്ന് ജൂഡിനോട് ഞാന്‍ പറഞ്ഞു. എന്ത് പറഞ്ഞാലും ജൂഡിന് ഓക്കെയായിരുന്നു. എല്ലാവര്‍ക്കും അത് ഓക്കെയായി. ഡാം സെറ്റിടുന്നു എന്നാണ് കേള്‍ക്കുമ്പോള്‍ എല്ലാവരും കരുതുന്നത്. യഥാര്‍ഥത്തില്‍ ഡാമിന്റെ കുറച്ച് ഭാഗം മാത്രമാണ് ചെയ്തിരിക്കുന്നത്. വെള്ളം കയറിക്കിടക്കുന്നതിന്റെ മുകളിലേക്കുള്ള ഒരു ഷട്ടറാണ് ചെയ്തിരിക്കുന്നത്. ഷട്ടറിന്റെ ഇരുഭാഗങ്ങളും സി.ജി.ഐ. ആണ്.

തുടക്കത്തിലെ കടലിന്റെ സീനില്‍ കപ്പല്‍ മാത്രമാണ് സി.ജി.ഐ. ബാക്കിയെല്ലാം സെറ്റില്‍ ചെയ്തതാണ്. ഒരു ഷോട്ട് പോലും കടലില്‍ പോയി എടുത്തിട്ടില്ല. ജെ.സി.ബി. ഉപയോഗിച്ചാണ് തിരമാല ഉണ്ടാക്കിയത്. പ്രിയദര്‍ശന്‍ സാറിനോട് കാര്യങ്ങള്‍ തിരക്കിയിരുന്നു. 'മരയ്ക്കാറി'ല്‍ സാര്‍ ചെയ്തതിനെക്കുറിച്ച് തിരക്കിയിരുന്നു.

തീരദേശത്ത് ബോട്ട് അടുപ്പിക്കുന്ന സമയത്ത് കടല്‍ക്ഷോഭം വരാന്‍ പോകുന്നു എന്ന സീനിലും ആസിഫ് അലിയുടെ ഒരു സീനിലുമാണ് യഥാര്‍ഥ കടല്‍ കാണിക്കുന്നത്. 'മറിയം മുക്ക്' എന്ന സിനിമ ചെയ്യുന്ന സമയത്ത് കടലില്‍ ഷൂട്ട് ചെയ്തപ്പോള്‍ പ്രയാസം അനുഭവിച്ചിരുന്നു. കടലിലെ തിരമാലയുടെ പ്രകൃതം അനുസരിച്ച് ചെറിയ ബോട്ടില്‍ പോയി ഷൂട്ട് ചെയ്യാന്‍ സാധിക്കില്ല. '2018'-ലെ തുടക്ക സീന്‍ ചെയ്യുന്നത് മഴയത്താണ്. കടലില്‍ പോയി ഇത് ചെയ്യാനാകില്ല.

മഴ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ചിലപ്പോള്‍ മഴ കാണുമ്പോള്‍ ഷോട്ട് എടുക്കാറുമുണ്ടായിരുന്നു. അതിനാല്‍ മഴ ഒരു ബുദ്ധിമുട്ടായി എടുത്തിട്ടില്ല. സെറ്റ് ചെയ്യുന്നതിന് മുന്‍പ് മഴ പെയ്താല്‍ തീരുന്നത് വരെ കാത്തിരിക്കേണ്ടി വരും. സെറ്റ് ചെയ്തതിന് ശേഷമാണെങ്കില്‍ മഴ അനുഗ്രഹമാണ്. കൂടുതല്‍ സമയത്തും മഴ അനുഗ്രഹമായിരുന്നു, കാരണം നമുക്ക് കൂടുതലും ഷൂട്ട് ഉണ്ടായിരുന്നത് മഴയത്താണ്. ജൂണ്‍ - ഓഗസ്റ്റ് മാസങ്ങളില്‍ മഴയുള്ളപ്പോള്‍ ഷൂട്ട് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. 2022 നവംബറോടെയാണ് ഷൂട്ട് കഴിഞ്ഞത്.

മഴ സമയത്ത് ജോലികള്‍ മുടങ്ങിയിട്ടുമുണ്ട്. ഇലക്ട്രിക് ഉപകരണങ്ങളില്‍നിന്ന് ഷോക്കേല്‍ക്കാതെ ശ്രദ്ധിക്കണമായിരുന്നു. വെള്ളത്തിലിട്ടാലും പ്രശ്‌നമില്ലാത്ത കേബിളുകളാണ് ഉപയോഗിച്ചിരുന്നത്. പ്രൊഡക്ഷന്‍ ടീമിന്റെ പിന്തുണ വളരെ വലുതായിരുന്നു.

കൈയടി നേടിയ എയര്‍ ലിഫ്റ്റിങ്ങ്, ആ സീന്‍ കഴിഞ്ഞപ്പോള്‍ ത്രില്ലായി

ഹെലിക്കോപ്റ്ററിലെ എയര്‍ ലിഫ്റ്റിങ് ചെയ്തത് സെറ്റിട്ടായിരുന്നു. ഇത് ആദ്യമേ ജൂഡ് തീരുമാനിച്ചിരുന്നു. ഭംഗിയായി എഴുതിയും വെച്ചു. ഇന്ത്യന്‍ നേവിയുടെ ഹെലികോപ്റ്റര്‍ കിട്ടുമോയെന്ന് ആദ്യം ഞങ്ങള്‍ ശ്രമിച്ചിരുന്നു. പക്ഷേ, കേന്ദ്ര സര്‍ക്കാര്‍ അനുമതി, ഹെലികോപ്റ്ററിന്റെ വാടക തുടങ്ങിയ ഒരുപാട് കാര്യങ്ങള്‍ പ്രതിബന്ധമായി ഉണ്ടായിരുന്നു. വിമാനത്താവളത്തിലെ ചിത്രീകരണത്തിന് ഒക്കെ മണിക്കൂറിനാണ് ചാര്‍ജ്. ഒരുപാട് ചെലവ് വരും. രാത്രികാലത്ത് ഒക്കെ ചിത്രീകരണം ബുദ്ധിമുട്ടാകും. അങ്ങനെയാണ് സെറ്റ് മതിയെന്ന് ഉറപ്പിച്ചത്. ഹെലികോപ്റ്റര്‍ ക്രെയിനില്‍ തൂക്കി നിര്‍ത്തിയ ശേഷം അതിന്റെ മുകളില്‍ ക്രെയിനില്‍ ക്യാമറ വെച്ചാണ് ഷോട്ട് എടുത്തത്. അതിന് മുകളിലൂടെയായിരുന്നു മഴ.

'2018'-ൽ നിന്നും | photo: screen grab

പ്ലാന്‍ ഇല്ലാതിരിക്കുമ്പോഴാണ് പലപ്പോഴും ബുദ്ധിമുട്ടുണ്ടാകുന്നത്. ഇത്ര വെള്ളം കേറുമ്പോള്‍ ഇന്ന സ്ഥലത്ത് ഈ ഷോട്ട് എന്ന കൃത്യമായ ധാരണയുണ്ടായിരുന്നു. അത് കൃത്യമായി പിന്തുടര്‍ന്നാല്‍ മതിയായിരുന്നു. ജൂഡ് ഇതെല്ലാം വ്യക്തമായി എഴുതി വെച്ചിരുന്നു. ഹെലികോപ്റ്റര്‍ ഷോട്ട് ഉള്‍പ്പടെ ചെയ്ത് കഴിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായി. പ്രയാസമുള്ള രംഗങ്ങളില്‍ ആദ്യം ചെയ്തത് ഹെലികോപ്റ്ററിന്റേതാണ്. ഈ സീന്‍ ഷൂട്ട് കഴിഞ്ഞപ്പോഴാണ് ആന്റോ ചേട്ടന്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും പരിപാടി കൊള്ളാമല്ലോ എന്ന് തോന്നിയത്. ഞങ്ങള്‍ ഹോളിവുഡ് ലെവല്‍ എത്തിയോ എന്ന മൂഡായിരുന്നു. പശ്ചാത്തല സംഗീതം ഒക്കെ ഇട്ട് ഈ രംഗം എഡിറ്റ് ചെയ്ത് വെച്ചിരുന്നു. ആന്റോ ചേട്ടനും വേണു സാറും ഇത് കണ്ടപ്പോള്‍ ഉള്ള ത്രില്ല് ഭയങ്കരമായിരുന്നു. ഇത് കണ്ടപ്പോഴാണ് എന്താന്ന് വെച്ചാല്‍ ചെയ്യെന്ന മട്ടില്‍ ഞങ്ങളെ കൂടുതല്‍ അഴിച്ചുവിട്ടത്.

നിര്‍മാതാക്കളുടെ പിന്തുണ തന്നെയാണ് സിനിമയുടെ വിജയത്തിന് കാരണം. പൈസ ഇല്ലാതെ നമുക്ക് ഇത് പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലല്ലോ. ആന്റോ ചേട്ടനും വേണു സാറും മുഴുവന്‍ സമയവും സെറ്റില്‍ കാണുമായിരുന്നു. പദ്മകുമാര്‍ സാര്‍ തിരക്ക് കാരണം എത്താന്‍ പറ്റിയിട്ടില്ല. അദ്ദേഹത്തിന്റെ കസിനായിരുന്നു ലൊക്കേഷനില്‍ കൂടെയുണ്ടായിരുന്നത്. ആന്റോ ചേട്ടന്റെയും വേണു സാറിന്റെയും ടീമും സുഹൃത്തുക്കളുമൊക്കെ സെറ്റില്‍ പൂര്‍ണ പിന്തുണയോടെ ഉണ്ടായിരുന്നു. മെറ്റീരിയലിന്റെ ചെലവല്ല, ജോലിക്ക് ആവശ്യമായ ആളുകള്‍ക്കുള്ള ചെലവായിരുന്നു അധികം. ആളുകള്‍ പ്രയത്‌നിച്ചാല്‍ മാത്രമേ ഇതെല്ലാം ചെയ്യാനാകു.

സുരക്ഷയ്ക്ക് പ്രാധാന്യം, ആസ്വദിച്ച് ചെയ്ത വര്‍ക്ക്

ഫൈബര്‍ കൊണ്ട് ചുമരുകള്‍ ഉണ്ടാക്കാം എന്നായിരുന്നു ആദ്യത്തെ ആലോചന. എന്നാല്‍ ഫൈബറിന് ചെലവ് കൂടുതലാണ്. സാധാരണ എല്ലാ സിനിമയ്ക്കും പ്ലൈവുഡ് ആണ് ഉപയോഗിക്കാറുള്ളത്. കുറച്ച് നാളുകള്‍ കഴിഞ്ഞ് പൊളിച്ച് കളയേണ്ടതുള്ളതിനാല്‍ വില കുറഞ്ഞ പ്ലൈവുഡ് ആണ് ഉപയോഗിക്കുന്നത്.

'2018'-ല്‍ വെള്ളത്തിലും കരയിലുമായി ഉപയോഗിക്കേണ്ടതായി ഉള്ളത് കൊണ്ട് കുറച്ച് വിലകൂടിയ പ്ലൈവുഡ് ആണ് എടുത്തത്. ഇത് വാട്ടര്‍ പ്രൂഫ് അല്ല. വേറെ മെറ്റീരിയല്‍ ഉപയോഗിക്കുമ്പോള്‍ പൊടിഞ്ഞുപോകാന്‍ സാധ്യതയുണ്ട്. പ്ലൈവുഡ് ആകുമ്പോള്‍ ആ പ്രശ്‌നമില്ല.

'2018'-ന്റെ വിജയാഘോഷം | Photo: facebook/tovino thomas

ഈ സിനിമയുടെ സെറ്റില്‍ ആര്‍ക്കും അപകടമൊന്നും സംഭവിച്ചിട്ടില്ല. സെറ്റിട്ട വീട് പൊക്കിയെടുത്ത് മാറ്റേണ്ടി വരുമ്പോള്‍ ഉറപ്പ് പരിശോധിക്കാനായി കുറച്ച് സമയം ക്രെയിനില്‍ തൂക്കി നിര്‍ത്തും. വീടിന്റെ ഭാരത്തിന്റെ ഏകദേശം ഉദ്ദേശം ഉണ്ടായിരിക്കും. പൊട്ടി വീഴുകയാണെങ്കില്‍ കുറച്ചുകൂടി ബലപ്പെടുത്തും. വീട് ഒക്കെ തൂക്കി മാറ്റി എല്ലാവരും അനുഭവസമ്പന്നരായി, അവരൊക്കെ ആവേശത്തിലായി. ചെയ്യാത്ത ജോലി ചെയ്യുമ്പോഴുള്ള ത്രില്‍ അവരിലുണ്ടായിരുന്നു. എല്ലാവരും ആസ്വദിച്ചാണ് ചെയ്തത്.

മിനിയേച്ചര്‍ ഷൂട്ടിന് വേണ്ടി ഉപയോഗിച്ചിട്ടില്ല. റെഫറന്‍സിനായാണ് ഇവ ഉപയോഗിച്ചത്. ഇതെല്ലാം ജൂഡിനെയും ഛായാഗ്രാഹകനേയും കാണിക്കും. അവര്‍ക്ക് ക്യാമറ എങ്ങനെ വെക്കാം എന്നൊക്കെ കൃത്യമായി പ്ലാന്‍ ചെയ്യാനാകും. വാഴ, പോസ്റ്റ് തുടങ്ങി എല്ലാം മിനിയേച്ചറില്‍ ചെയ്തിരുന്നു.

പ്രളയസമയത്ത് ലൂസിഫറിന്റെ സെറ്റില്‍

പ്രളയ സമയത്ത് എന്നെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്തിരുന്നു. ആ സമയത്ത് തിരുവനന്തപുരത്ത് 'ലൂസിഫറി'ന്റെ ഷൂട്ട് നടക്കുകയായിരുന്നു. വെള്ളം കയറാത്ത സുരക്ഷിതമായ സ്ഥലത്തായിരുന്നു 'ലൂസിഫറി'ന്റെ ഷൂട്ട്.

പലപ്പോഴും ലാലേട്ടനും രാജുവും ആന്റണി ചേട്ടനും ഒക്കെ ഷൂട്ട് നിര്‍ത്തിയാലോ എന്ന് ചോദിച്ചിരുന്നു. ഷൂട്ടിങ് നിര്‍ത്തിയിട്ട് പ്രത്യേക കാര്യമൊന്നും ഉണ്ടായിരുന്നില്ല. അവിടെനിന്ന് ചെയ്യാനാകുന്ന സഹായമെല്ലാം ചെയ്തു. അതിനാല്‍ നേരിട്ട് പ്രളയാനുഭവം ഉണ്ടായിട്ടില്ല. എല്ലാ മാസമും സെറ്റില്‍നിന്ന് പിരിവെടുത്ത് ആളുകള്‍ക്ക് സഹായം എത്തിക്കുമായിരുന്നു.

കലാസംവിധാനവും പ്രൊഡക്ഷന്‍ ഡിസൈനര്‍ പദവിയും

പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്നുപറയുന്നത് കുറച്ചുകൂടി കഠിനമായ ജോലിയാണ്. സിനിമയുടെ ആകെ മൊത്തെ ഡിസൈന്‍ ചെയ്യുന്നതാണ് ജോലി. ക്യാമറയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുക, ആര്‍ട്ടിന്റെ കാര്യങ്ങള്‍ നോക്കുക, പ്രൊഡക്ഷന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുക ഒക്കെ ചെയ്യുന്നത് പ്രൊഡക്ഷന്‍ ഡിസൈനറാണ്. ഒരു സെറ്റിടുമ്പോള്‍ ആ സെറ്റില്‍ എങ്ങനെ ഷൂട്ട് ചെയ്യാന്‍ പറ്റും, യൂണിറ്റ് വണ്ടികള്‍ എവിടെ നിര്‍ത്താം എന്നൊക്കെ നോക്കണം.

മോഹൻദാസ് | photo: special arrangements

'2018'-ല്‍ എന്റെ പേര് പ്രൊഡക്ഷന്‍ ഡിസൈനറായി വെക്കണമെന്ന് ഞാന്‍ ജൂഡിനോട് പറഞ്ഞിട്ടില്ല. അത് ജൂഡിന്റെ തീരുമാനമായിരുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്ന വാല്യൂ ജൂഡ് തന്നതാണ്. ഞാന്‍ എത്രത്തോളം പ്രയത്‌നിച്ചു എന്നത് അദ്ദേഹത്തിനറിയാം, പലതവണ ജൂഡ് അത് പറഞ്ഞിട്ടുണ്ട്.

ഓരോ സംവിധായകരും ഓരോ തരത്തിലാകും ടൈറ്റില്‍ കൊടുക്കണം. ചിലതില്‍ കലാസംവിധാനം, ചിലതില്‍ പ്രൊഡക്ഷന്‍ ഡിസൈനര്‍. എന്നോട് ചോദിച്ചാല്‍ അത് അവരുടെ ഇഷ്ടമെന്ന് ഞാന്‍ പറയും.

പൃഥ്വിയുടെ ബ്രോ ഡാഡിയും ലൂസിഫറും എമ്പുരാനും

പൃഥ്വി എന്ന നടനും സംവിധായകനും രണ്ട് മൂഡാണ്. രണ്ടും സീരിയസാണ്, രണ്ട് തരം സീരിയസ്. ഞങ്ങള്‍ ഒരുമിച്ചുള്ളപ്പോള്‍ ഭയങ്കര രസമാണ്. നാട്ടിലെ സുഹൃത്തുക്കള്‍ കൂടുന്നത് പോലെയുള്ള മൂഡാണ്. ചര്‍ച്ചകളൊക്കെ നടക്കുന്ന സമയത്തും മറ്റും തമാശയൊക്കെ പറഞ്ഞാണ് ജോലി ചെയ്യുന്നത്.

പൃഥ്വിയെ ഭയങ്കര സീരിയസായി കണ്ടത് 'ബ്രോ ഡാഡി'യുടെ സമയത്താണ്. 'ലൂസിഫറി'ന്റെ സമയത്ത് കൂളായിരുന്നു. 'ലൂസിഫര്‍' ചെയ്യുമ്പോള്‍ പ്ലാന്‍ ചെയ്യാനൊക്കെ ഒരുപാട് സമയം കിട്ടിയിരുന്നു. 'ബ്രോ ഡാഡി'ക്കും സമയം കിട്ടി. ലൊക്കേഷനൊക്കെ കണ്ടു. പക്ഷേ കോവിഡ് കൂടിയപ്പോള്‍ ഷൂട്ട് കേരളത്തില്‍ നിന്ന് വേറെയെവിടെയെങ്കിലും മാറ്റിയാലോ എന്ന് പൃഥ്വി ചോദിച്ചു. ചെന്നൈയും ബെംഗളൂരുവും നോക്കിയെങ്കിലും ഹൈദരാബാദില്‍ ചെയ്യാമെന്ന് വിചാരിച്ചു.

'ലൂസിഫറി'ന്റെ ലൊക്കേഷനിൽ നിന്നും | photo: facebook/ lucifer movie

ലൊക്കേഷന്‍ നോക്കിയിട്ട് ആറാം ദിവസം ഷൂട്ട് ആരംഭിച്ചു. അപ്പോള്‍ സീരിയസാവാതെ എങ്ങനെയാണ്. എനിക്ക് തൃശ്ശൂര്‍ പൂരത്തിന് വെടിക്കെട്ട് കഴിഞ്ഞ അവസ്ഥയായിരുന്നു. മുഴുവന്‍ ഷൂട്ട് ഒക്കെ കഴിഞ്ഞ് ഒരു ഡിന്നര്‍ സമയത്ത് എന്ത് തോന്നുവെന്ന് പൃഥ്വിയോട് ചോദിച്ചു. ഒരു പ്ലാനും ഇല്ലായിരുന്നു, വന്ന് അങ്ങ് ഷൂട്ട് ചെയ്യുകയായിരുന്നുവെന്ന് പൃഥ്വി പറഞ്ഞു. ലൊക്കേഷന്‍ പോലും ശരിക്ക് കണ്ടിരുന്നില്ല.

'ലൂസിഫറി'ന്റെ ഓരോ ലൊക്കേഷനും മൂന്നിലധികം തവണ കണ്ട് എല്ലാവരോടും കൃത്യമായി കാര്യങ്ങള്‍ പറയും. അത്രയ്ക്ക് പ്ലാനിങ് ആയിരുന്നു. 'എമ്പുരാന്‍' പൃഥ്വി പക്കാ പ്ലാന്‍ ചെയ്ത് വെച്ചിരിക്കുകയാണ്. ഏത് പാതിരാത്രി സംശയം ചോദിച്ചാലും അപ്പോള്‍ ഉത്തരം ലഭിക്കും.

'ലൂസിഫറി'ന്റെ ലൊക്കേഷനിൽ നിന്നും | photo: facebook/ lucifer movie

'എമ്പുരാ'ന്റെ ലൊക്കേഷന്‍ നോക്കാന്‍ ഞാന്‍ വിദേശത്ത് പോയിട്ടില്ല. ഇനി പോവും. വിദേശത്ത് ഷൂട്ട് ചെയ്യുന്നതില്‍ ആശങ്കയില്ല. ഒരുപാട് ചിത്രങ്ങള്‍ വിദേശത്ത് ഞാന്‍ ചെയ്തിട്ടുണ്ട്. സ്പാനിഷ് മസാല, ആദം ജോണ്‍, ഡ്രാമ, ഡയമണ്ട് നെക്ലേസ് തുടങ്ങിയവ എല്ലാം വിദേശത്തായിരുന്നു ചിത്രീകരിച്ചത്. അതിനാല്‍ പ്രശ്‌നമില്ല.

അയ്യപ്പനും കോശിയിലെ പോലീസ് സ്റ്റേഷന്‍ സെറ്റ് ഇട്ട സ്ഥലം കാണുമ്പോള്‍ ആളുകള്‍ക്ക് അത്ഭുതമാണ്

'അയ്യപ്പനും കോശി'യുടെ പോലീസ് സ്‌റ്റേഷന്‍ ഉള്‍പ്പടെ സെറ്റായിരുന്നു. ഒരിടത്ത് സെറ്റിടുമ്പോള്‍ ആ പ്രദേശം കൂടി കണക്കിലെടുക്കണം. പോലീസ് സ്‌റ്റേഷന്‍ സെറ്റിട്ട സ്ഥലം സച്ചിയേട്ടനാണ് കണ്ടുപിടിച്ചത്. പ്രധാന സ്ഥലങ്ങളെല്ലാം അദ്ദേഹം കണ്ടെത്തി. അവിടെയിരുന്ന് പുള്ളി സീനുകള്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. ഒന്ന് രണ്ട് മരങ്ങള്‍ ഉള്ള സ്ഥലം നോക്കിയാലോ എന്ന് ഞാന്‍ സച്ചിയേട്ടനോട് ചോദിച്ചിരുന്നു. ഇവിടെ സ്‌റ്റേഷന്‍ വേണം, മരങ്ങള്‍ നാലെണ്ണം നീ കൊണ്ട് വെയ്‌ക്കെന്ന് പുള്ളി പറഞ്ഞു. ആറ് ഉണക്ക മരങ്ങള്‍ അവിടെ അങ്ങനെ വെച്ചതാണ്.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പോലീസ് സ്റ്റേഷൻ | photo: screen grab

ആ സ്ഥലത്ത് കൂടി പിന്നീട് പോകുമ്പോള്‍ 10 മിനിറ്റ് നിര്‍ത്തിയിട്ടേ പോകൂ. പുള്ളിയുടെ വിയോഗം നമുക്ക് ഇപ്പോഴും വേദനയാണല്ലോ. ആ സ്ഥലത്താണ് സെറ്റ് ഇട്ടതെന്ന് അറിയുമ്പോള്‍ കൂടെയുള്ളവര്‍ക്ക് അത്ഭുതമായിരുന്നു.

വര്‍ഷങ്ങളായി കൂടെയുള്ള ടീം, ഇവരില്ലാതെ ഒന്നും സാധ്യമല്ല

എനിക്ക് വര്‍ഷങ്ങളായി കൂടെ നില്‍ക്കുന്ന വലിയൊരു ടീമുണ്ട്. ആശാരിമാരുടെ സംഘവും കൂടെയുണ്ടാകും. '2018'-ല്‍ ആശാരിമാരുടെ മൂന്ന് സംഘം പണിയെടുത്തിട്ടുണ്ട്. ഡിസൈന്‍ ടീമും കൂടെയുണ്ടാകും. എല്ലാത്തരം സംഘവും കൂടെയുണ്ടാകും. തയ്യലിന് വരെ കൂടെ ആളുണ്ടാകും. ഇവരില്ലാതെ ഒന്നും സാധ്യമല്ല.

'എമ്പുരാ'ന്റെ സെറ്റ് വര്‍ക്കുകള്‍ തുടങ്ങാനുണ്ട്. മിനിയേച്ചര്‍ വര്‍ക്കുകള്‍ കഴിഞ്ഞു. 'എമ്പുരാ'ന്റെ ജോലി തുടങ്ങും വരെ കൂടെയുള്ളവര്‍ ഫ്രീയാണ്. ആ സമയത്ത് ഇവര്‍ വേറെ സിനിമ ചെയ്യും. തുടങ്ങുമ്പോള്‍ അവര്‍ തിരിച്ചെത്തും.

സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ സിനിമയില്‍, കലാസംവിധാനം ഏറെ സാധ്യതയുള്ള മേഖല

സിനിമയില്‍ ഭയങ്കര സാധ്യതയുള്ള മേഖലയാണ് കലാസംവിധാനം. ഞാന്‍ വളരെക്കുറച്ച് സിനിമകളിലെ അസിസ്റ്റ് ചെയ്തിട്ടുള്ളു. അസിസ്റ്റന്റായിരുന്നപ്പോള്‍ ഒരുപാട് സെറ്റ് വര്‍ക്കുകള്‍ ചെയ്തിട്ടുണ്ട്. കഠിനാധ്വാനവും ആത്മാര്‍ഥതയുമാണ് എന്നെ ഈ നിലയില്‍ എത്തിച്ചത്. കഠിനാധ്വാനവും ആത്മാര്‍ഥതയും ഉണ്ടെങ്കില്‍ ഒരുപാട് ഉയരത്തിലെത്താം. സാബു സിറില്‍ സാറിനെപ്പോലെ ഒരുപാട് പേര്‍ ഉദാഹരണങ്ങളാണ്. ആത്മാര്‍ഥമായി നിന്നാല്‍ ലക്ഷ്യത്തിന്റെ മുകളിലെത്താം. ആര്‍ട്ട് ഡയറക്ടര്‍ ആവണമെന്നായിരുന്നു എന്റെ ആഗ്രഹം. അത് നടന്നു.

മോഹൻദാസ് സാബു സിറിലിനൊപ്പം | photo: instagram/mohandas

സത്യന്‍ അന്തിക്കാട് സാറിന്റെ 'കൊച്ചു കൊച്ചു സന്തോഷങ്ങളി'ലൂടെയാണ് ഞാന്‍ സിനിമയിലെത്തുന്നത്. നിര്‍മാതാവും എന്റെ അയല്‍ക്കാരനുമായ സേതു മണ്ണാര്‍ക്കാടാണ് എന്നെ സിനിമയിലേയ്ക്ക് കൊണ്ടുവരുന്നത്. മുപ്പതിലധികം സിനിമകളില്‍ ആര്‍ട്ട് ഡയറക്ടറായി ജോലി ചെയ്തിട്ടുണ്ട്.

ലൂസിഫറിലെ ആ ചലഞ്ച്, പ്രളയം നശിപ്പിച്ച ​ഗോഡൗൺ

'ലൂസിഫറി'ന്റെ ഷൂട്ട് സമയത്ത് ഗ്രീന്‍ ഫീല്‍ഡില്‍ ഒരു കാനോപ്പി ഉണ്ടായിരുന്നു. അത് അഴിച്ചുമാറ്റാന്‍ പറ്റില്ല. അതിന്റെ മുകളിലായിരുന്നു ആശുപത്രിയുടെ സെറ്റ് ഇടേണ്ടിയിരുന്നത്. അത് വിലകൂടിയതായിരുന്നു. അതിന് വല്ലതും പറ്റിയാല്‍ പ്രശ്‌നമായിരുന്നു.

അവിടെ തന്നെ സെറ്റിടാം എന്നത് എന്റെ തീരുമാനമായിരുന്നു. രാജുവിനും അത് ഓകെയായി. അത് മാറ്റണ്ട എന്ന് പലരും പറഞ്ഞു. എന്തെങ്കിലും പറ്റിയാല്‍ പ്രൊഡക്ഷന്‍ അത് ഏല്‍ക്കില്ല, ആര്‍ട്ട് ഡയറക്ടറുടെ ഉത്തരവാദിത്തമായിരിക്കുമെന്ന് പറഞ്ഞു. അതെനിക്ക് ചലഞ്ചിങ് ആയിരുന്നു. പ്രശ്‌നമൊന്നുമില്ലാതെ അത് ചെയ്തു.

സെറ്റ് വര്‍ക്കിലെ സാധനങ്ങള്‍ പുനരുപയോഗിക്കാന്‍ സാധിക്കാറില്ല. എന്റെയടുത്ത കുറെ സാധനങ്ങള്‍ ഉണ്ടായിരുന്നു. 1930 തൊട്ടുള്ള പത്രങ്ങള്‍ ഒക്കെ ഉണ്ടായിരുന്നു ഗോഡൗണില്‍. പ്രളയസമയത്ത് എല്ലാം പോയി, അതും രണ്ട് തവണ. പിന്നീട് ഗോഡൗണ്‍ മുന്നോട്ട് കൊണ്ടുപോയില്ല.

പുതിയ ചിത്രങ്ങള്‍

എല്ലാത്തരം സിനിമകളും ചെയ്യാന്‍ ഇഷ്ടമാണ്. സര്‍വൈവലും പീരിയോഡിക് ചിത്രങ്ങളുമാണ് കൂട്ടത്തില്‍ കൂടുതല്‍ താത്പര്യം. '2018' ചെയ്തതോടെ ഇനിയും ഇത്തരം സിനികള്‍ ചെയ്താല്‍ കൊള്ളാമെന്നുണ്ട്. ഇത്തരം സിനിമകള്‍ ചെയ്യാന്‍ കൊതിയാണ്. അധ്വാനിച്ച് ചെയ്യുന്നതാണ് രസം.

ഹിന്ദിയിലും തെലുങ്കിലും നിന്നായി വിളികള്‍ വരാറുണ്ട്. ഒരു തെലുങ്ക് ചിത്രം വന്നിട്ടുണ്ട്. ചെയ്യണോ വേണ്ടയോ എന്ന ആലോചനയിലാണ്. 'എമ്പുരാനാ'ണ് പ്രധാന ചിത്രം. അതിന്റെ തിരക്കുകളിലാണ് ഇപ്പോള്‍. വേറെ സിനിമ ചെയ്‌തോട്ടെ എന്ന് രാജുവിനോട് ചോദിക്കാറുണ്ട്. ഏത് പടം വേണോ ചെയ്‌തോ, പക്ഷേ എന്റെ ആര്‍ട്ട് ഡയറക്ടര്‍ ഞാന്‍ വിളിക്കുമ്പോള്‍ ഉണ്ടാവണം എന്നാണ് രാജു പറയുന്നത്. അതുകൊണ്ട് റിസ്‌ക് എടുക്കാന്‍ വയ്യ.

Content Highlights: 2018 movie empuraan lucifer art director mohandas interview

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
.
Premium

5 min

സംഗീതം പഠിക്കാത്ത മ്യൂസിഷ്യന്‍ ലോകത്തെ പാട്ട് കേള്‍പ്പിക്കുമ്പോള്‍; കഴിവ് മാത്രം പോരാ മലയാളത്തില്‍

May 18, 2023


Fejo Rapper

ഓരോ വരിയിലും മുഴങ്ങും ഇരട്ടിപഞ്ച്; ഇജ്ജ് പൊളിയാണ് ഫെജോ

Feb 28, 2022


Remembering actor Kalabhavan Abi, mimicry artist son shane nigam

3 min

നിര്‍ബന്ധിച്ചപ്പോള്‍ അബി പറഞ്ഞു: മറക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങളാണ്, ഇനി പറഞ്ഞിട്ട് കാര്യവുമില്ല

Nov 30, 2020

Most Commented