ലയാളത്തില്‍, സിനിമ എന്നാല്‍ നായകനെ കേന്ദ്രീകരിച്ചുള്ള കഥയുടെ ചുരുള്‍ നിവര്‍ത്തലാണ് പലപ്പോഴും. നായികമാര്‍ ഇറച്ചിക്കോഴികളാണ് എന്നു പറഞ്ഞ സംവിധായകരും, എന്തിന് നായികാപ്രാധാന്യമുള്ള കഥയെന്നൊക്കെ പറഞ്ഞ് തുടങ്ങുന്ന ചിത്രത്തില്‍ പോലും നായകന്റെ ഒരടിയോടെ തകിടം മറിഞ്ഞ് നായകന്റെ നെഞ്ചില്‍ ചാരുന്ന നായികമാരേയുമാണ് മലയാള സിനിമ ഏറെയും കണ്ടിട്ടുള്ളത്. കഥയുടെ ഒഴുക്കില്‍ സ്വാഭാവികമായി ചേര്‍ന്നുപോകുന്ന കഥാപാത്രങ്ങളും അവയിലെ സ്വാഭാവിക ജീവിതവും വളരെ അപൂര്‍വം. ചില ന്യൂജെന്‍ പരീക്ഷണങ്ങളെ വിസ്മരിക്കുന്നില്ല. കച്ചവട സിനിമയുടെ താരലോകം പക്ഷെ അത്തരമൊരു പരീക്ഷണത്തിന് പേരിനുപോലും ശ്രമിക്കുന്നില്ലെന്നതൊരു യാഥാര്‍ഥ്യമാണ്. നടനെന്ന താരപരിവേഷത്തെ നിര്‍മിച്ചെടുക്കലാണ് പൊതുവെ കച്ചവടസിനിമയുടെ മുഖ്യ അജണ്ട. താരങ്ങളുടെ മക്കളെ നായകന്‍മാരാക്കുമ്പോള്‍ കാണിക്കുന്ന ഉത്സാഹം എന്തുകൊണ്ട് നായികമാരെ കണ്ടെത്തുമ്പോള്‍ സ്വന്തം വീട്ടിലേക്ക് സിനിമപ്രവര്‍ത്തകര്‍ തിരിയുന്നില്ല എന്നതാണിവിടുത്തെ ചര്‍ച്ചാവിഷയം. മേല്‍പറഞ്ഞ കാര്യങ്ങള്‍ അതുമായി ചേര്‍ത്തുവായിക്കാന്‍ ആമുഖമായി പറഞ്ഞെന്നു മാത്രം. ഇതിനിടയില്‍ നായികമാര്‍ നിഷ്പ്രഭരാവുന്നു 

താര രാജാവെന്ന ഖ്യാതി പിന്‍വാങ്ങും മുന്‍പേ പ്രേക്ഷകലോകം ഏറെ കാത്തിരുന്ന എന്ന പല്ലവിയോടെ താര പുത്രന്റെ അരങ്ങേറ്റവും ഉത്സവമാക്കപ്പെടുകയാണിവിടെ. വേണ്ടത് തന്നെയാണ്... മലയാളത്തിലെ താര/നടന്‍/സംവിധായക  പുത്രന്മാര്‍ ആരും നിരാശപ്പെടുത്തിയിട്ടില്ല... ഫഹദ് ഫാസിലും പൃഥ്വിരാജും ഇന്ദ്രജിത്തും വിനീത് ശ്രീനിവാസനും തൊട്ടിങ്ങ് ഷെയ്ന്‍ നിഗം വരെയും പ്രതിഭ തെളിയിച്ചവര്‍ തന്നെ. സിനിമാ കുടുംബങ്ങളില്‍ നിന്നും ആണ്‍മക്കള്‍ തിരശീലയുടെ മുന്നിലേക്കും അപൂര്‍വമായി പിന്നണിയിലേക്കും ആര്‍ഭാടമായി എത്തുമ്പോള്‍, താരകുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ ഒരു ക്യാന്‍വാസിന്റെയും കോണുകളില്‍ പോലും സ്ഥാനം നേടുന്നില്ല.... ഇടം നേടിയവരാകട്ടെ അപൂര്‍വം മലയാള ചിത്രങ്ങളില്‍ മുഖം കാണിച്ചു, തമിഴിലും തെലുങ്കിലും തിരക്കേറുന്ന നായികാ നടിമാര്‍ ആവുന്നു. അതില്‍ തന്നെ നടിമാരുടെ പെണ്‍മക്കള്‍ ആണ് ഏറിയ പങ്കും. അന്തരിച്ച നടന്‍ രതീഷിന്റെ പുത്രി പാര്‍വതിയും ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിയും ചുരുക്കം ചിത്രങ്ങളില്‍ സാന്നിധ്യം അറിയിച്ചു.  മേനക- സുരേഷ് ദമ്പതികളുടെ മകള്‍ കീര്‍ത്തി സുരേഷാകട്ടെ രണ്ടു മലയാള ചിത്രങ്ങളുടെ വരി പിടിച്ചു തമിഴിലും തെലുങ്കിലും ഏറ്റവും തിരക്കുള്ള നായികയായി. പേരിനെടുത്തു പറയാന്‍ അച്ഛന്മാരുടെ ആശീര്‍വാദത്തോടെ വെള്ളിത്തിരയിലെത്തിയ മുന്‍നിര നായകനടന്മാരുടെ പെണ്‍മക്കള്‍ ആരുണ്ട്? 

പ്രത്യേകിച്ച് ബോളിവുഡില്‍  താര പുത്രന്മാരും പുത്രിമാരും അനിവാര്യമായ ചടങ്ങു പോലെ, അവകാശമായി പതിച്ചു കിട്ടിയ ഇടം പോലെ സിനിമ എന്ന വലിയ ആകാശത്തേക്ക് ചിറക് വിരുത്തുമ്പോള്‍ മലയാളത്തില്‍ താരപുത്രന്മാരിലേക്ക് മാത്രം ചുരുങ്ങുന്നത് എന്താവാം എന്നാണ് ചോദ്യം? അഭിനയത്തികവിലേക്ക് എത്തും മുന്‍പേ സെലിബ്രിറ്റികള്‍ ആകുന്നവരാണ് നമ്മുടെ സൂപ്പര്‍ താരങ്ങളുടെ മക്കള്‍-മക്കള്‍ എന്നാല്‍ ആണ്‍മക്കള്‍ എന്നു ചേര്‍ത്തു വായിക്കണം... കാരണം ഇവിടെ താരകുടുംബങ്ങളിലെ  പെണ്‍മക്കള്‍ പഠനവും ജോലിയും വിവാഹവും കുടുംബവുമായി പതിവ് തെറ്റാതെ പോകുന്നവരാണ്. വെള്ളിവെളിച്ചത്തില്‍ നിന്ന് മാറി അപൂര്‍വമായി അവാര്‍ഡ് നിശകളിലോ മറ്റോ മുഖം കാണിച്ച് മറയുന്നവര്‍. 

ഒരു തെരഞ്ഞെടുപ്പ് കാലത്തു സൂപ്പര്‍ ആക്ഷന്‍ താരം മക്കളോടൊപ്പം നാട്ടിലെ ചെറിയൊരു തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിക്കുകയാണ്. താരത്തെ കണ്ടും വാര്‍ത്തയില്‍ കണ്ണു നട്ടും കൂടിയ മാധ്യമപ്രവര്‍ത്തകരോട് താരം പറഞ്ഞത് മകള്‍ ഒപ്പം ഉണ്ട് , ക്യാമറയില്‍ ഒരു ദൃശ്യത്തിലും ചിത്രത്തിലും അവളുടെ മുഖം വരേണ്ട എന്നായിരുന്നു. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്നു മാത്രമല്ല നാലാള്‍ കൂടുന്നിടത്തൊക്കെ പൊതിഞ്ഞു പിടിക്കേണ്ടതാണോ പെണ്‍മക്കളെ ? അത് അവരുടെ സ്വാതന്ത്ര്യം, താല്പര്യം എന്നൊക്കെ മേനി പറയാം. അഭിനയത്തിന്റെ പടി ചവിട്ടുവാന്‍ താല്‍പര്യമില്ലാത്ത പെണ്‍മക്കളെ എന്തിന് നിര്‍ബന്ധിക്കണം എന്നും പലപ്പോഴും ഈ താരപിതാക്കന്മാര്‍ പറഞ്ഞു കേള്‍ക്കാറുണ്ട്...

പെണ്‍മക്കള്‍ക്ക് കല്‍പ്പിക്കുന്ന താത്പര്യമില്ലായ്മ എന്ന വിലക്കും ആണ്മക്കള്‍ക്ക് നിര്‍ലോഭം ലഭിക്കുന്ന പിന്‍ബലവും വിരല്‍ചൂണ്ടുന്നത് മലയാള സിനിമയുടെ സുരക്ഷിത തൊഴിലിടമെന്ന പൊള്ളയായ അവകാശവാദത്തിലേയ്ക്കാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം മലയാള സിനിമ രണ്ടോ അതില്‍ അധികമോ തട്ടുകളിലേക്ക് ചേക്കേറിയത് ഈ ആണ്‍മേല്‍ക്കോയ്മയെ, അവസരവാദിത്വത്തെ ചോദ്യം ചെയ്തുള്ള പെണ്‍സ്വരങ്ങളുടെ കലമ്പല്‍ ഭയപ്പെട്ട് കൂടി ആവണം.

ഏതൊരു തൊഴിലിടത്തിലും സ്ത്രീകള്‍ നേരിടേണ്ടി വരുന്ന മാനസിക-ശാരീരിക പീഡനങ്ങള്‍ പോലെ ചലച്ചിത്ര മേഖലയിലും ഇവ നേരിടേണ്ടതായി വരുന്നു. എന്നാല്‍ അതിന്റെ തോത് വളരെ വ്യത്യാസപ്പെടുന്നു എന്നതിലാണ് കാര്യം. മികച്ച വേഷം, അഭിനയ തുടര്‍ച്ച അങ്ങനെ എന്തിലും ഏതിലും ചൂഷണം നേരിടേണ്ടി വന്നേക്കാം എന്ന് തുറന്ന പറഞ്ഞ പെണ്ണുങ്ങളെ പന്തിക്ക് പുറത്തു നിര്‍ത്തിയ, നിര്‍ത്തുന്ന പാരമ്പര്യമാണ് മലയാളസിനിമയുടേത്. തൊഴില്‍ തേടുന്ന പെണ്ണുങ്ങളേ, പ്രതികരണങ്ങളില്‍ പോലും ആ അല്പത്തരം വിളമ്പുന്ന ആണ്‍കേമന്മാരില്‍ നിന്നും നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നത്. 'ഷിവല്‍റസ്' (Chivalrous) എന്നൊരു വാക്കുണ്ടെന്നും അത് സഹജീവനത്തിന്റെയും മര്യാദയുടെയും വലിയ അര്‍ഥങ്ങള്‍ പേറുന്നുണ്ടെന്നും ആരാണ് അവരെ പറഞ്ഞു പഠിപ്പിക്കുക. 

ചൂഷണം നേരിടേണ്ടി വരും എന്ന തിരിച്ചറിവ് ഉള്ളപ്പോള്‍, ഇപ്പറഞ്ഞ തൊഴിലിടത്തില്‍ അന്തസ്സിന്റെ അളവെടുക്കുമ്പോള്‍ പെണ്ണ് രണ്ടാംതരമാണെന്നും ബോധ്യമുള്ളപ്പോള്‍ എന്തിന് പെണ്‍മക്കളെ സിനിമ മേഖലയിലേക്ക് വരാന്‍ അനുവദിക്കണം എന്ന സ്നേഹത്തിന്റെ കരുതലിന്റെ ലോജിക് മാത്രം ആണ് ഈ താര പുത്രിമാര്‍ ഒരു ലൈം ലൈറ്റ് ന്റെയും ഭാഗം ആവാതെ പോകുന്നതിന് പിന്നില്‍. 

ബോളിവുഡിലോ തമിഴ്-തെലുങ്ക് തുടങ്ങിയ സിനിമാവ്യവസായങ്ങളിലോ ഇത്തരം തൊഴില്‍ ചൂഷണങ്ങള്‍ ഇല്ല എന്നു സമര്‍ഥിക്കാനാവില്ല. ചൂഷണവും അധീശത്വവും അടിമത്വവും അതിജീവനവുമൊക്കെ സാര്‍വത്രികമാണല്ലോ. എന്നാല്‍ അവിടെ തൊഴില്‍ പരിസരങ്ങള്‍ അല്പം കൂടി മെച്ചമായോ, സ്ത്രീ അഭിനേതാക്കള്‍ക്ക് പരിഗണനയും ബഹുമാനവും കൂടുതല്‍ നല്കപ്പെടുന്നതായോ വിശ്വസിക്കണം. കൂടുതല്‍ പ്രതിഫലവും, മെച്ചമായ തൊഴില്‍ സാഹചര്യവും  അതിനൊപ്പം കിട്ടുന്ന താരതമ്യമില്ലാത്ത ആദരവും കൂടിയാണ് നമ്മുടെ പെണ്‍കുട്ടികളെ അവിടങ്ങളിലേയ്ക്ക് ആകര്‍ഷിക്കുന്നത് എന്നു പറയേണ്ടിവരും. മലയാളസിനിമയ്ക്ക് അവയൊക്കെ ഇന്നും കിട്ടാക്കനിയാണ്.  എന്നും വലിയേട്ടന്മാരുടെയും ഗോഡ്ഫാദര്‍മാരുടെയും പിന്‍ബലമുള്ള ആണ്‍കുട്ടികള്‍ക്ക് മാത്രമായി ആകാശവും ഭൂമിയും നല്‍കുന്നതാണ് ആ സിനിമാചരിത്രം. 

Content Highlights: Malaylam Cinema