വശനായി കഞ്ഞിക്ക് വകയില്ലാതെ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഒരു സിനിമാനടൻ! സ്ഫടികത്തിലെ ഇരട്ടച്ചങ്കുള്ള നായകൻ ആടുതോമയെ കുത്തി പഞ്ഞിക്കിട്ട തൊരപ്പൻ ബാസ്റ്റിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരം അനാഥാലയത്തിൽ! വാർത്ത കാട്ടുതീയായി പരന്നു. വാട്‌സാപ്പിലും ഫേസ്ബുക്കിലും വൈറലായി. അന്നുതന്നെ സ്ഫടികത്തിന്റെ സംവിധായകൻ ഭദ്രനെ വിളിച്ചു ചോദിച്ചിരുന്നു. ‘‘ഹേയ് അത് ചാവക്കാട്ടുകാരനൊന്നുമല്ല. വാകത്താനത്താണ് ബാസ്റ്റിനെ അവതരിപ്പിച്ച പി.എൻ. സണ്ണിയുടെ വീട്. അദ്ദേഹം പോലീസിലായിരുന്നു. അയാൾക്കൊരു കുഴപ്പവുമില്ല’’- ഭദ്രൻ പറഞ്ഞു.

ചാവക്കാട്ടുകാരനായ അവശതാരം പക്ഷേ, വീണ്ടും റിപ്പോർട്ടർമാരെ പറ്റിച്ചു. കലോത്സവം റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ ഏതോ പത്രത്തിൽ വന്ന വാർത്തയുമായെത്തി അയാൾ വീണ്ടും കളിപ്പിച്ചു. വാട്‌സാപ്പ് പുകിലും അതിന്റെ സത്യാവസ്ഥയുമൊന്നും ഈ റിപ്പോർട്ടർ അറിഞ്ഞില്ലെന്നുതോന്നുന്നു. ചൂടുള്ള വാർത്തയായി അതും സ്‌ക്രീനിലെത്തി. എന്തായാലും വാർത്ത കണ്ടപ്പോൾ തൊരപ്പൻ ബാസ്റ്റിനെ അവതരിപ്പിച്ച സാക്ഷാൽ താരം സണ്ണിയുമൊന്ന്‌ ഞെട്ടി. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ശിഷ്യൻമാരും പ്രതികരിച്ചു. അവരിലൊരാൾ റിപ്പോർട്ടറെ വിളിച്ച്‌ നേരിട്ട് ഫോൺ കൊടുത്തു. അബദ്ധം പറ്റിയതാണെന്നവർ പറഞ്ഞു. സിനിമയിൽ ഗുണ്ടകളെയാണ് അവതരിപ്പിച്ചതെങ്കിലും നിത്യജീവിതത്തിൽ ഒരു ശാന്തസ്വഭാവിയായതുകൊണ്ട് ഈ അബദ്ധം അദ്ദേഹം ക്ഷമിച്ചു. ‘അവശതാരം’ താമസിക്കുന്ന അനാഥാലയക്കാരും ക്ഷമ ചോദിക്കാൻ വിളിച്ചിരുന്നു.  എല്ലാം ഒരു തമാശയായി കണ്ട് വാകത്താനത്ത് നാട്ടിലുള്ള പിള്ളേർക്ക് മസിലും വളർത്തി അവരുടെ സ്വന്തം സണ്ണിയാശാനായി ജീവിക്കുകയാണദ്ദേഹമിപ്പോൾ. സ്ഫടികത്തിനുശേഷവും പല സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്. ഇപ്പോഴും അവസരം കിട്ടുമ്പോൾ സിനിമയ്‌ക്കൊപ്പമുണ്ട്. അതൊന്നും അധികമാർക്കും അറിയില്ലെന്നുമാത്രം.

"സിനിമയിലേക്കുള്ള വരവിനെപ്പറ്റി സണ്ണിയാശാൻതന്നെ പറയും. ചെറുപ്പം മുതലേ ശരീരസൗന്ദര്യവും ആയോധനകലകളും താത്പര്യമുള്ള വിഷയമായിരുന്നു. ജിമ്മും കളരിയുമൊക്കെയായിരുന്നു ഇഷ്ടസ്ഥലം. മിസ്റ്റർ കേരള മത്സരത്തിൽ രണ്ടാം സ്ഥാനത്ത് വന്നിട്ടുണ്ട്. സ്ഫടികത്തിൽ കുറ്റിക്കാടനെ അവതരിപ്പിച്ച ജോർജ് ആ പടത്തിന്റെ ഫൈറ്റ് സീനിന്‌ കളരിപഠിക്കാൻ കോട്ടയം സി.വി.എൻ. കളരിയിൽ വന്നിരുന്നു. ഞാനായിരുന്നു പരിശീലനം കൊടുത്തത്. തൊരപ്പൻ ബാസ്റ്റിനെ അവതരിപ്പിക്കാൻ ആരെങ്കിലും ഉണ്ടോ എന്ന് ഭദ്രൻ അന്വേഷിച്ചപ്പോൾ അദ്ദേഹമാണ് എന്റെ പേര് നിർദേശിക്കുന്നത്. അങ്ങനെയാണ് സ്ഫടികത്തിലെത്തുന്നത്. ആദ്യം ലാൽ സാറിന് ചെറിയൊരു ശങ്കയുണ്ടായിരുന്നു. പരിചയമില്ലാത്തയാളുടെകൂടെ ഫൈറ്റിന് ഇറങ്ങിയാൽ തടി കേടായാലോ എന്ന പേടി. പിന്നെ സംവിധായകൻ നിർബന്ധിച്ചാണ് സമ്മതിപ്പിച്ചത്. ഫൈറ്റ് തുടങ്ങിയപ്പോൾ, കളരിയിൽനിന്ന്‌ കിട്ടിയ മെയ്‌വഴക്കം കണ്ടപ്പോൾ ലാൽസാറിനും ആശ്വാസമായി. ''

ജയിലിൽനിന്ന് ആടുതോമയെ ഒരു പാഠം പഠിപ്പിക്കാൻ ശത്രുപക്ഷം ഇറക്കിക്കൊണ്ടുവന്നതായിരുന്നു തൊരപ്പനെ. അയാൾ ബോട്ടിൽനിന്ന്‌ ചാടിയിറങ്ങി ബനിയൻ ഊരി മസിലും പെരുപ്പിച്ച് ആടുതോമയോട് തീപ്പെട്ടി എന്ന്‌ ചോദിക്കുമ്പോൾ തീപ്പെട്ടിയാക്കണ്ട നിനക്ക് തീ തന്നെ തരാമെടാ എന്നുപറഞ്ഞ് ആടുതോമയൊരു പെരുക്കാണ്. തീ പാറുന്ന സംഘട്ടനം. അവസാനം പൂക്കോയ കൊടുത്ത കത്തികൊണ്ട് ആടുതോമയെ പിന്നിൽനിന്ന്‌ കുത്തി നീന്തിരക്ഷപ്പെടുകയാണ് തൊരപ്പൻ ബാസ്റ്റിൻ. ഈ ഗുണ്ടാവേഷത്തിൽനിന്ന്‌ പക്ഷേ, സണ്ണി രക്ഷപ്പെട്ടില്ലെന്നുപറയാം. പിന്നീട് കിട്ടിയ ചെറിയ വേഷങ്ങളെല്ലാം ഗുണ്ടയോ ഗുണ്ടയ്ക്ക് സമാനമോ ആയ വേഷങ്ങളായിരുന്നു. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കോൺസ്റ്റബിൾ ആയിരിക്കുമ്പോഴാണ് സ്ഫടികത്തിലെത്തുന്നത്. അതേസമയം ജയരാജിന്റെ ഹൈവേയിലും അഭിനയിച്ചിരുന്നു. പിന്നെ സ്വസ്ഥം ഗൃഹഭരണം, അൻവർ, അശ്വാരൂഢൻ, ഇയ്യോബിന്റെ പുസ്തകം, ഡബിൾ ബാരൽ എന്നീ ചിത്രങ്ങളിലാണ് ശ്രദ്ധേയമായ വേഷങ്ങൾ കിട്ടുന്നത്. എല്ലാംകൂടി ഒരു ഇരുപത്തഞ്ച് ചിത്രത്തിൽ വേഷമിട്ടുകാണും. 

കഥാപാത്രങ്ങളെല്ലാം ഗുണ്ടയായതിൽ വിഷമിച്ചിരിക്കുമ്പോഴാണ് ഏദൻ എന്ന ചിത്രത്തിൽ മാനസാന്തരപ്പെട്ട ഒരു ഗുണ്ട-മാടൻതമ്പിയുടെ വേഷം കിട്ടുന്നത്. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ഈ ചിത്രം സഞ്ജുസുരേന്ദ്രനാണ് സംവിധാനം ചെയ്തത്. ഒരു മാനസാന്തരം സിനിമാക്കാർക്കിടയിലും ഉണ്ടായെന്നുതോന്നുന്നു. കാരണം സുരേഷ് തുമ്പുങ്കൽ സംവിധാനം ചെയ്യുന്ന പ്രണയപട്ടണം എന്ന ചിത്രത്തിൽ ജോസഫേട്ടൻ എന്ന നല്ല കഥാപാത്രത്തെയാണ് സണ്ണിയാശാന് ഇപ്പോൾ കിട്ടിയിരിക്കുന്നത്.