കോടികളുടെ കണക്കുകള്‍ പടച്ചുവിട്ട് മലയാളസിനിമ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. ആദ്യദിനം നാലുകോടിയ്ക്കുമുകളില്‍, പതിനഞ്ചുദിവസംകൊണ്ട് 20 കോടി, ഏറ്റവും വേഗത്തില്‍ അമ്പതുകോടിയെത്തിയ ചിത്രം...  ഇങ്ങനെ അണിയറപ്രവര്‍ത്തകര്‍ മുന്നോട്ടുവെയ്ക്കുന്ന അവകാശവാദങ്ങളെല്ലാം തൊണ്ടതൊടാതെ വിഴുങ്ങി സോഷ്യല്‍ മീഡിയയില്‍ ഫാന്‍സ് അസോസിയേഷനുകള്‍ ഇഷ്ടതാരത്തിനായി ഉറഞ്ഞുതുള്ളുകയാണ്.

കളക്ഷനുമായ് ബന്ധപ്പെട്ട് സിനിമാക്കാര്‍ പുറത്തുവിടുന്ന കണക്കുകള്‍ പ്രേക്ഷകരെ പറ്റിക്കാനും ആദ്യദിനം മുതലൊരു ഹൈപ്പും  സൃഷ്ടിക്കാന്‍വേണ്ടിയാണെന്ന് തിയേറ്റര്‍ ഉടമകളും വിതരണക്കാരും തുറന്നുസമ്മതിക്കുന്നു. പ്രേക്ഷകമനസ്സില്‍ തങ്ങിനില്‍ക്കുന്ന കഥകളും കഥാപാത്രങ്ങളും സിനിമയില്‍ കാണാതാകുമ്പോള്‍ പ്രേക്ഷകന്‍ പതിയെ തിയേറ്ററില്‍നിന്ന് അകന്നുപോകും, മൗത്ത് പബ്ലിസിറ്റിയിലൂടെ സിനിമയ്ക്ക് അനുകൂലതരംഗം ഉണ്ടാകുന്നില്ലെന്ന വ്യക്തമായ തിരിച്ചറിവാണ് മേല്‍പ്പറഞ്ഞ വ്യാജകണക്കുകള്‍ ഉപയോഗിച്ചുള്ള തള്ളലുകള്‍ക്ക് കാരണം. 

തിയേറ്ററുകളുടെ എണ്ണം കൂട്ടി ആദ്യദിനം റിലീസ് ചെയ്യുന്നതാണ് ഫസ്റ്റ് ഡേ കളക്ഷന്‍ ഉയരാന്‍ കാരണം. സാധാരണദിവസങ്ങളില്‍ നാല് ഷോകളാണ് ഉണ്ടാകുകയെങ്കില്‍ സൂപ്പര്‍താരങ്ങളുടെയും കേരളത്തില്‍ ആരാധകരേറെയുള്ള അന്യഭാഷാചിത്രങ്ങളുടേയും ആദ്യദിനം മിക്കതിയേറ്ററുകളിലും അഞ്ചു പ്രദര്‍ശനങ്ങള്‍ ഉണ്ടാകും. രാവിലെ ആറുമണിക്കാണ് ബാഹുബലിയുടെയും വിജയ് ചിത്രം മെര്‍സലിന്റെയുമെല്ലാം ആദ്യഷോ കേരളത്തില്‍ നടന്നത്. അടുത്തിടെ പുറത്തുവന്ന വില്ലന്റെ ആദ്യഷോ കേരളത്തില്‍ എട്ടുമണിക്കാണ് ആരംഭിച്ചത്. പൊതുവെ ഫാന്‍സുകാര്‍ക്കുവേണ്ടിയാണ് ഇത്തരം ഷോകള്‍ 
നടത്തുന്നത്. 

അതിരാവിലെ നടക്കുന്ന ഷോകളുടെ ബാല്‍ക്കണി ടിക്കറ്റുകള്‍ മൊത്തമായും, വലിയൊരു ശതമാനം ഫസ്റ്റ്ക്ലാസ് ടിക്കറ്റും രാത്രിയില്‍തന്നെ തിയേറ്റര്‍ ഉടമകളില്‍നിന്ന് ഫാന്‍സ് അസോസിയേഷനുകള്‍ വാങ്ങുന്നതാണ് പതിവ്. പിന്നീട് വിതരണം ഇവര്‍ വഴിയാണ്. സിനിമ മോശമാണെങ്കിലും ആദ്യപ്രദര്‍ശനം കഴിയുന്നതോടെ അത്തരമൊരു അഭിപ്രായം വ്യാപിക്കരുതെന്നുള്ള ലക്ഷ്യത്തോടെയാണ് ഫാന്‍സിനെ കയറ്റി പുലര്‍ച്ചെയുള്ള ഷോകള്‍ നിറയ്ക്കുന്നത്. എത്ര അസഹനീയമാണെങ്കിലും മികച്ചതെന്ന അഭിപ്രായം പരത്തുകയാണ് ഇവരില്‍ നിക്ഷിപ്തമായ ജോലി. പാട്ടും നൃത്തവും ചെണ്ടമേളങ്ങളും പാലഭിഷേകവും കൂറ്റന്‍ കട്ട് ഔട്ടുകളുംവെച്ച് ഫാന്‍സ് അസോസിയേഷനുകള്‍ തിയേറ്ററിനുമുന്നില്‍ നടത്തുന്ന പ്രകടന ങ്ങള്‍ക്കെല്ലാം അവര്‍ക്ക് അതിന്റേതായ ലാഭം കിട്ടുന്നുണ്ട്. ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ക്ക് വലിയൊരുതുകയുടെ ടിക്കറ്റ് സൗജന്യമായി നല്‍കുന്ന രീതിയാണ് നിലവിലുള്ളത്. ആഘോഷങ്ങള്‍ സംഘടിപ്പിക്കാനും പ്രേക്ഷകര്‍ കൈയൊഴിയുന്ന പടത്തിന് ആളെ കയറ്റാനും ഉത്സാഹിക്കുന്ന ഏജന്റുമാരെ ധാരാളമായി ഇന്നും നഗരത്തില്‍ കാണാം. 

തിരുവനന്തപുരം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട് തുടങ്ങിയ പ്രധാന ജില്ലകളിലെല്ലാം സൂപ്പര്‍താരങ്ങളുടെ സിനിമകളെ വരവേല്‍ക്കാന്‍ ലക്ഷങ്ങളാണ് പൊടിക്കുന്നത്. മെര്‍സലിന്റെ റിലീസ് ദിവസം കോഴിക്കോട് അപ്സരയില്‍ വിജയ്‌യുടെ ഇരുപത് കട്ട് ഔട്ടുകളാണ്  ഉയര്‍ത്തിയത്. വെളിപാടിന്റെ പുസ്തകം ഇറങ്ങിയപ്പോള്‍ തൃശ്ശൂര്‍ രാംദാസില്‍ മോഹന്‍ലാലിന്റെ കൂറ്റന്‍ കട്ട് ഔട്ടിനൊപ്പം നിര്‍മാതാവ് ആന്റണിപെരുമ്പാവൂരിന്റെ കട്ടൗട്ടും ഉയര്‍ത്തിയിരുന്നു. ഇതൊന്നും ആരും പണം തന്നിട്ടല്ലെന്നും തങ്ങളുടെ ആരാധനകൊണ്ടാണെന്നുമാണ് അസോസിയേഷന്‍ ഭാരവാഹികളുടെ പക്ഷം. മെര്‍സലിനായി വിജയ് ആരാധകര്‍ കൈയില്‍നിന്ന് പണം പിരിച്ചെടുത്താണ് ആഘോഷങ്ങള്‍ നടത്തിയതെന്ന് വിജയ് ഫാന്‍സിന്റെ കോഴിക്കോട് ട്രഷറര്‍ ലെനിന്‍ദാസ് പറഞ്ഞു.

പഴയകാലത്തെ അപേക്ഷിച്ച് ടിക്കറ്റ് വില ഗണ്യമായി ഉയര്‍ന്നതും കൂടുതല്‍ തിയേറ്ററുകളില്‍ റിലീസിങ് നടത്തുന്നതുമാണ് കളക്ഷന്‍ ഉയരാന്‍ കാരണം. പുതിയകാലത്ത് ഒരു സിനിമയുടെ നേട്ടമായി അണിയറപ്രവര്‍ത്തകര്‍ ഉയര്‍ത്തികാണിക്കുന്നത്  റിലീസിങ് സെന്ററുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ്.  വിതരണക്കാരുടെയും തിയേറ്റര്‍ ഉടമകളുടെയുമെല്ലാം സംഘടനകളുമായി ധാരണയുണ്ടാക്കി മുന്നോട്ടുപോകാന്‍ കഴിയുന്ന നിര്‍മാതാവിന്  റിലീസിങ് സ്റ്റേഷനുകളുടെ എണ്ണം ഉയര്‍ത്താന്‍ കഴിയും. ഇരുനൂറ്റിയമ്പതില്‍ കൂടുതല്‍ തിയേറ്ററുകളില്‍ പടം റിലീസ് ചെയ്യുന്ന വിവരമാണ് പലരും ഇന്ന് ആഘോഷത്തോടെ പരസ്യം ചെയ്യുന്നത്. എന്നാല്‍ മള്‍ട്ടിപ്ലസ്സുകളിലും പലതിയേറ്ററുകളിലും നാലുഷോയിലും പടം കളിക്കാറുണ്ടോഎന്ന് പരസ്യം വായിച്ച് അമ്പരക്കുന്നവരാരും ശ്രദ്ധിക്കാറില്ല. സിനിമയുടെ യഥാര്‍ഥ കളക്ഷന്‍ വിവരം പുറത്തറിയണമെങ്കില്‍ അവകാശവാദം ഉയര്‍ത്തുന്ന സിനിമകള്‍ നികുതിയിനത്തില്‍ സര്‍ക്കാരിലേക്ക് അടച്ച തുകയുടെ വിവരങ്ങള്‍ കണ്ടെടുത്താല്‍ മതിയാകും.

110 രൂപയ്ക്കുവില്‍ക്കുന്ന ഒരു ടിക്കറ്റില്‍നിന്ന് 16.64 രൂപ നികുതിയായി സര്‍ക്കാരിലേക്ക് അടക്കേണ്ടതുണ്ട്. അതിനുശേഷമുള്ള 93.36 രൂപമാത്രമാണ് തിയേറ്ററുകാരനും നിര്‍മാതാവിനും വീതിച്ചെടുക്കാന്‍ ഉണ്ടാകുക. ഇതില്‍ തന്നെ ആദ്യത്തെ ആഴ്ച നാല്‍പ്പതുശതമാനം തിയേറ്ററര്‍ ഉടമയ്ക്കും അറുപതുശതമാനം നിര്‍മാതാവിനും ലഭിക്കും. രണ്ടാം ആഴ്ചയാകുമ്പോള്‍ ശതമാനകണക്കില്‍ മാറ്റംവന്ന് അത് 45-55 എന്നാകും. മൂന്നാം ആഴ്ച മുതല്‍ തിയേറ്റര്‍ ഉടമയ്ക്കും നിര്‍മാതാവിനും 50 ശതമാനം എന്നകണക്കിലാണ് വീതമെടുപ്പ് നടക്കുക. ആദ്യനാള്‍ പിന്നിടുമ്പോള്‍തന്നെ സിനിമകാണാന്‍ ആളില്ലാത്ത അവസ്ഥഉണ്ടാകുന്നുവെങ്കില്‍ മേല്‍പ്പറഞ്ഞ കണക്കുകളെല്ലാം മാറ്റിയെഴുതും. മൂന്നുഷോകള്‍ കഴിയുമ്പോള്‍ എറ്റവും കുറഞ്ഞ ഒരു കളക്ഷന്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ടാകും അതുലഭിക്കുന്നില്ലെങ്കില്‍ പടം ഹോള്‍ഡ് ഓവറാകും. അങ്ങനെവരുമ്പോള്‍ തിയേറ്ററുകാരന് സിനിമ മാറ്റാം ഇത് ഒഴിവാക്കാനായി മേല്‍പ്പറഞ്ഞ ശതമാനകണക്കില്‍ മാറ്റം വരുത്തി തിയേറ്റര്‍ ഉടമയ്ക്ക് അനുകൂലമായ പുതിയ ഫോര്‍മുലകള്‍ ഉണ്ടാക്കുക പതിവാണ്.

മലയാളത്തിലും തമിഴിലുമായി കോടികളുടെ കണക്കുകള്‍ ഉയര്‍ത്തിക്കാണിക്കുന്ന പലപടങ്ങളുടെയും സത്യസന്ധമായ അവസ്ഥ പരുങ്ങലിലായിരുന്നെന്ന് വിതരണക്കാര്‍ തുറന്നു സമ്മതിക്കുന്നുണ്ട്. അന്യഭാഷചിത്രങ്ങളായ ഭൈരവയും വിവേകവുമെല്ലാം കോടികള്‍ നേടിയ കണക്കുകളാണ്  പുറത്തുവിട്ടിരുന്നത്. എന്നാല്‍ അജിത്ത് നായകനായ വിവേകം തനിക്ക് നഷ്ടമായിരുന്നെന്ന് കേരളത്തില്‍ ചിത്രം വിതരണത്തിനെടുത്ത ടോമിച്ചന്‍ മുളകുപാടം സമ്മതിക്കുന്നു.

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നചിത്രവുമായി ബന്ധപ്പെട്ട് ചിലര്‍ സോഷ്യല്‍മീഡിയയില്‍ ഉയര്‍ത്തികാണിച്ച 50 കോടിയുടെ കണക്കുകള്‍ നിഷേധിച്ച് നിര്‍മാതാവ് സോഫിയാപോള്‍ തന്നെ രംഗത്തെത്തിയത് അന്ന് ആരാധകര്‍ക്ക് ക്ഷീണമായിരുന്നു. മമ്മൂട്ടിയുടെ ഓണച്ചിത്രം പുള്ളിക്കാരന്‍ സ്റ്റാറിന്റെ കളക്ഷനെചൊല്ലിയും അണിയറക്കാരും ഫാന്‍സും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. മമ്മൂട്ടിചിത്രം ഗ്രേറ്റ് ഫാദറിന്റെ ആദ്യദിന കളക്ഷന്‍ വന്‍വാര്‍ത്തയാക്കി ആഘോഷിച്ചതോടെയാണ് ഫാന്‍സുകാര്‍തമ്മില്‍ കളക്ഷനെ ചൊല്ലിയുള്ള പോര് രൂക്ഷമായത്. ലാലിന്റെ ഏറ്റവും പുതിയ ചിത്രം വില്ലന്റെ ആദ്യദിനകളക്ഷനെചൊല്ലിയും തര്‍ക്കങ്ങള്‍ തലപൊക്കിയിട്ടുണ്ട്.

വില്ലന്‍ ആദ്യദിനത്തില്‍ 4.91 കോടി നേടിയെന്നാണ് സോഷ്യല്‍ മീഡിയകളില്‍ ആരാധകര്‍ ഉയര്‍ത്തികാണിക്കുന്നത്. നിര്‍മാതാവ് നേരിട്ട് പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും  കളക്ഷന്‍ ചരിത്രനേട്ടമായി ഉയര്‍ത്തികാണിച്ച് സിനിമയുടെ പ്രചരണത്തിന് അനുകൂലതരംഗമുണ്ടാക്കാന്‍ ആരാധകര്‍ കിണഞ്ഞുപരിശ്രമിക്കുകയാണ്. മമ്മൂട്ടിച്ചിത്രം ഗ്രേറ്റ് ഫാദര്‍ ആദ്യദിനം 4.31 കോടിനേടിയെന്നാണ് അന്ന് വാര്‍ത്തകള്‍ വന്നത്. 202 തിയേറ്ററുകളില്‍ റിലീസ് ചെയ്ത ഗ്രേറ്റ് ഫാദര്‍ 101 ഫാന്‍സ് ഷോകളും 51 അധിക രാത്രിഷോകളും ഹൗസ്ഫുള്‍ ആയി നടത്തിയാണ് 4.31 കോടിയിലേക്ക് എത്തിയതെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ഷാജിനടേശന്‍ വ്യക്തമാക്കുന്നു. ആരാധകരെ തമ്മിലടിപ്പിച്ച് കോടികളുടെ കണക്കുകള്‍ ഉയര്‍ത്തിപിടിച്ച് സിനിമയ്ക്ക് പ്രചരണം നടത്തുമ്പോളും തിയേറ്ററുകളില്‍ സിനിമ കാണാന്‍ ആളു കുറയുന്നതിന്റെ കാരണം ആരും അന്വേഷിക്കുന്നില്ല. ഓണ്‍ലൈന്‍ ബുക്കിങ്ങുകള്‍ സജീവമായ പുതിയ കാലത്ത് നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം നടക്കുന്നുവെന്ന അവകാശവാദം സ്ഥിരീകരിക്കാന്‍ ബുക്കിങ് സ്റ്റാറ്റസ് ഒന്നുപരിശോധിച്ചാല്‍ മാത്രം  മതി.