എതിരാളികള്‍ ശക്തരാണെങ്കിലേ പോരാട്ടത്തിന് ഹരമുള്ളൂ. എല്ലാതരം പ്രേക്ഷകരേയും ഹരം കൊള്ളിയ്ക്കാന്‍ ഇഷ്ടതാരങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. 5 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സൂപ്പര്‍താരങ്ങള്‍ മാറ്റുരയ്ക്കുന്ന ഒരോണക്കാലമെത്തുന്നത്. ന്യൂജന്‍ താരങ്ങള്‍ അടക്കിവാണ ആഘോഷക്കാലം മാറി, ഇത്തവണ മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍ ടീം കളത്തിലിറങ്ങുകയാണ്.


ഈ ഫെസ്റ്റിവല്‍ സീസണില്‍ ആദ്യമെത്തിയത് മോഹന്‍ലാലിനെ നായകനാക്കി തമിഴ് സിനിമാ സംവിധായകന്‍ അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്ത 'പെരുച്ചാഴി'യായിരുന്നു. ഇന്ത്യയിലും അമേരിക്കയിലുമായി 500 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

ചിത്രത്തില്‍ പെരുച്ചാഴി ജഗന്നാഥനായി മോഹന്‍ലാല്‍ എത്തി. രാഷ്ട്രീയ ആക്ഷേപഹാസ്യത്തിലൂടെ കടന്നുപോകുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ അനായാസമായ നര്‍മ്മമുഹൂര്‍ത്തങ്ങളാണ് ഹൈലൈറ്റ്‌സ്.

കേരളത്തില്‍നിന്ന് അമേരിക്കയിലേക്ക് തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി എത്തുന്ന ജഗന്നാഥന്റെയും കൂട്ടുകാരുടെയും, അമളികളും അതിജീവനവുമാണ് ചിത്രത്തിന്റെ വിഷയം. ജഗന്നാഥന്റെ കൂട്ടുകാരായ ജബ്ബാറും (ബാബുരാജും) വയലാര്‍ വര്‍ക്കിയും (അജു വര്‍ഗീസും) തിളങ്ങി. മുകേഷിന്റെ ഫ്രാന്‍സിസ് കുഞ്ഞപ്പന്‍ എന്ന കഥാപാത്രവും രസം പകരുന്നു. വിജയ് ബാബുവും സാന്ദ്രാതോമസും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ രാഗിണി നന്ദ്‌വാനി, രമേഷ് പിഷാരടി, പൂനം ബജ്‌വ, സാന്ദ്രാ തോമസ്, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ഈ ഫെസ്റ്റിവല്‍ സീസണില്‍ പ്രേക്ഷകരെ രസിപ്പിക്കാനുള്ളതെല്ലാം ഈ ചിത്രത്തിലുണ്ട്.

രാജാധിരാജ - ചിത്രത്തിന്റെ ടൈറ്റില്‍പ്രേക്ഷകരില്‍ ഉണര്‍ത്തുന്ന മുന്‍ധാരണകളുണ്ട്. അതുപോലെ മമ്മൂട്ടി എന്ന 'താര'പരിവേഷത്തിന്റെ ആഘോഷമായിരിക്കും രാജാധിരാജ. സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്തായ സിബി കെ. തോമസ്-ഉദയകൃഷ്ണ ടീമിന്റെ പിന്‍ബലത്തില്‍ നവാഗതനായ അജയ് വാസുദേവ് ഒരുക്കുന്ന ചിത്രമാണിത്.

ചട്ടമ്പിനാടിനു ശേഷം ചിത്രത്തില്‍ ലക്ഷ്മിറായ് മമ്മൂട്ടിയുടെ നായികയായെത്തുന്നു. 'റായ് ലക്ഷ്മി' എന്ന പേര് മാറ്റത്തിനുശേഷം അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമാണിത്. ഹൈവേയിലെ റസ്റ്റോറന്റ് നടത്തിപ്പുകാരനായ ശേഖരന്‍ കുട്ടിയുടേയും ഭാര്യ രാധയുടേയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ഫാമിലി, സെന്റിമെന്റ്‌സ്, ആക്ഷന്‍ എന്നിവയ്ക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ മുകേഷ് ഖന്ന, നവാസ് ഷാ, റാസ മുറാദ്, ജോയ് മാത്യു, ലെന, സിദ്ധിക്ക്, ടാനിയ സ്റ്റാന്‍ലി, ജോര്‍ജ് എന്നിവരാണ് മറ്റ് താരങ്ങള്‍. ഉണ്ണിമുകുന്ദന്‍ ചിത്രത്തില്‍ അതിഥി താരമായെത്തുന്നു. ഷംന കാസിമിന്റെ ഐറ്റം ഡാന്‍സും ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ്‌സാണ്. ഛായാഗ്രഹണം : ഷാജി, സംഗീതം : കാര്‍ത്തിക് രാജ, എം.കെ. നാസര്‍, സ്റ്റാന്‍ലി സില്‍വസ്റ്റര്‍ കോണ്‍സേവ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സപ്തംബര്‍ 5ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

കഴിഞ്ഞ ഫെസ്റ്റിവല്‍ സീസണില്‍'റിംഗ് മാസ്റ്റര്‍' വേഷത്തിലെത്തിയ ദിലീപായിരുന്നു ഒന്നാമന്‍. പ്രേക്ഷകരെ കയ്യിലെടുക്കുന്ന തന്ത്രങ്ങളുമായാണ് ദിലീപ് ഇത്തവണ വില്ലാളി വീരനായി എത്തുന്നത്. ചാനല്‍ പരമ്പരകളിലൂടെ കുടുംബസദസ്സിന്റെ ആസ്വാദനതലമറിഞ്ഞ സംവിധായകന്‍ സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നമിത പ്രമോദാണ് നായിക. സൗണ്ട് തോമയ്ക്കു ശേഷം ദിലീപും നമിതയും ഒന്നിക്കുന്ന ചിത്രമാണിത്.

പച്ചക്കറി കച്ചവടക്കാരനായ സിദ്ധു എന്ന ചെറുപ്പക്കാരന്റെ ജീവിതം പ്രാരാബ്ദം നിറഞ്ഞതായിരുന്നു. മുത്തശ്ശി, അമ്മ, മൂന്ന് പെങ്ങന്മാര്‍ അവരുടെ 8 പെണ്‍കുട്ടികള്‍.. അതായിരുന്നു സിദ്ധുവിന്റെ കുടുംബം. സാമ്പത്തിക ബുദ്ധിമുട്ടില്‍ നിന്നും കരകയറാന്‍ സിദ്ധു സമ്പന്നയായ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തു. തുടര്‍ന്നുണ്ടാകുന്ന പൊല്ലാപ്പുകളാണ് ചിത്രത്തിന് വിഷയം. സിദ്ധുവിന്റെ സന്തത സഹചാരിയായ സുഗുണനായി കലാഭവന്‍ ഷാജോണും കുട്ടപ്പായിയായി നസീര്‍ സംക്രാന്തിയും ജ്യോതിഷ പണ്ഡിതനായി ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും എത്തുന്നു. കോട്ടയം നസീര്‍, സുരാജ് വെഞ്ഞാറമ്മൂട്, സാജു കൊടിയന്‍, നെടുമുടി വേണു, വിനയ പ്രസാദ്, ലാലു അലക്‌സ് എന്നിവരാണ് മറ്റ് താരങ്ങള്‍. റഫീഖ് അഹമ്മദ്, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് എസ്.എ. രാജ്കുമാറിന്റേതാണ് ഈണം.

ഓണം മലയാളികളെപ്പോലെ ബംഗാളികളുടേയും ആഘോഷമായി മാറിയ കേരളത്തില്‍ ബാബു എന്ന കോണ്‍ട്രാക്ടറുടേയും ബാബുറാം എന്ന ബംഗാളിയുടേയും ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് 'ഭയ്യാ ഭയ്യാ'. ചെറിയ ഇടവേള പിന്നിട്ട് കുഞ്ചാക്കോ ബോബനും ബിജു മേനോനും ഒന്നിക്കുന്ന ചിത്രം ജോണി ആന്റണിയാണ് സംവിധാനം ചെയ്യുന്നത്. ബെന്നി പി. നായരമ്പലത്തിന്റേതാണ് തിരക്കഥ.
ബംഗാളിയായ ബാബുറാം കുട്ടിക്കാലത്ത് തന്നെ അനാഥനായി. കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉടമ കോര സാറാണ് ബാബുറാമിനെ എടുത്ത് വളര്‍ത്തിയത്. അയാള്‍ക്ക് സ്വന്തം മകനെപ്പോലെയായിരുന്നു അവനും. ഒരു പ്രത്യേക സാഹചര്യത്തില്‍ ബാബുവും ബാബുറാമും ഒന്നിച്ച് കല്‍ക്കത്തയിലേക്ക് യാത്ര ചെയ്യേണ്ടിവന്നു. ആ യാത്രയില്‍ അപ്രതീക്ഷിതമായി അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്‌നങ്ങളാണ് 'ഭയ്യാ ഭയ്യാ'പറയുന്നത്. ചിത്രത്തില്‍ ബാബുവായി കുഞ്ചാക്കോ ബോബനും ബാബുറാമായി ബിജു മേനോനും വേഷമിടുന്നു. റോഡ് മൂവീ പാറ്റേണില്‍ ഒരുക്കിയ ചിത്രം കോട്ടയം, കല്‍ക്കത്ത, ഹൈദരാബാദ്, എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്.

നിഷാ അഗര്‍വാളും, വിനുദ ലാലുമാണ് നായികമാര്‍. ഇന്നസെന്റ്, സലിംകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, വിജയരാഘവന്‍, ഷമ്മിതിലകന്‍, സാദിഖ്, ഗ്രിഗറി എന്നിവരാണ് മറ്റ് താരങ്ങള്‍. വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, സന്തോഷ് വര്‍മ്മ, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗറിന്റേതാണ് ഈണം. ചിത്രം സപ്തംബര്‍ 5ന് പ്രദര്‍ശനത്തിനെത്തും.

'നോര്‍ത്ത് 24 കാതം' എന്ന ചിത്രത്തിനു ശേഷം അനില്‍ രാധാകൃഷ്ണമേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സപ്തമശ്രീ തസ്‌കരഃ' ചിത്രം ഓണത്തിന് തിയേറ്ററിലെത്തും. ഏഴ് കള്ളന്മാരുടെ കഥ പറയുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, ആസിഫ് അലി, നെടുമുടി വേണു, സുധീര്‍ കരമന, നീരജ് മാധവ്, ചെമ്പന്‍ വിനോദ്, സലാം ബുക്കാരി, ജോയ് മാത്യു, മുകുന്ദന്‍, സുധി, റീനു മാത്യൂസ്, സനുഷ എന്നിവരാണ് പ്രധാന താരങ്ങള്‍.

വിവിധ സാഹചര്യങ്ങളാല്‍ വിയ്യൂര്‍ ജയിലിലകപ്പെട്ട ഏഴ് വിചാരണ തടവുകാര്‍. അവര്‍ പരിചയക്കാരായിരുന്നില്ല. അവിടെവെച്ച് പരിചയപ്പെട്ടവര്‍. ആ സൗഹൃദം അവരുടെ മനസ്സു തുറക്കാന്‍ പ്രചോദനം നല്‍കി. അവര്‍ പരസ്പരം തിരിച്ചറിഞ്ഞു. അതില്‍ ഒരാള്‍ക്ക് വേണ്ടി മറ്റുള്ളവര്‍ ഒറ്റക്കെട്ടായി ഒരു ദൗത്യം ഏറ്റെടുത്തു. ഐശ്വര്യമുള്ള ആ ഏഴു കള്ളന്മാരുടെ രസകരമായ കഥയാണ് 'സപ്തമശ്രീ തസ്‌ക്കരഃ.'
ആഗസ്ത് സിനിമയുടെ ബാനറില്‍ ഷാജിനടേശന്‍, സന്തോഷ് ശിവന്‍, പൃഥ്വിരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് ജയേഷ് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം : റെക്‌സ് വിജയന്‍. ചിത്രം ആഗസ്ത് സിനിമ പ്രദര്‍ശനത്തിനെത്തിക്കും.