ബോളിവുഡിലെ ഇത്തവണത്തെ 'മോശം അവാര്‍ഡുകള്‍ 2016' (ഗന്ധാ അവാര്‍ഡ്‌സ് 2016) മുംബൈയില്‍ പ്രഖ്യാപിച്ചു. 'ദില്‍വാലെ'യിലെ പ്രകടനത്തിലൂടെ ഷാരൂഖ് ഖാന്‍ മോശം നടനുള്ള അവാര്‍ഡ് നേടി. നാലു അവാര്‍ഡുകളുമായി 'പ്രേം രത്തന്‍ ധന്‍ പായോ' ആണ് മോശം പ്രകടനങ്ങളില്‍ മുന്നില്‍. 

സല്‍മാന്‍ ഖാനെ നായകനാക്കി സൂരജ് ബര്‍ജാത്യ ഒരുക്കിയ 'പ്രേം രത്തന്‍ ധന്‍ പായോ' ആണ് 2016-ലെ ഏറ്റവും മോശം ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ചിത്രത്തിലെ പ്രകടനത്തിലൂടെ നീല്‍ നിതിന്‍ മുകേഷ് മോശം സഹനടനായും, 'പ്രേം രത്തന്‍ ധന്‍ പായോ...' എന്ന പാട്ട് മോശം പാട്ടായും തിരഞ്ഞെടുക്കപ്പെട്ടു. 

prem rathan dhan payo

'പ്രേം രത്തന്‍ ധന്‍ പായോ', 'ഡോളി കീ ഡോലി' എന്നീ ചിത്രങ്ങളിലൂടെ സോനം കപൂറിനെയാണ് മോശം നടിയായി തിരഞ്ഞെടുത്തത്. 

മൊത്തം 14 ഇനങ്ങളിലായിരുന്നു അവാര്‍ഡ്. ഒണ്‍ലൈന്‍ വോട്ടിങ്ങിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്. അവാര്‍ഡ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് വരെയും പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം ഉണ്ടായിരുന്നു. 

അവാര്‍ഡിന് അര്‍ഹമായ ചിത്രങ്ങളുടേയും താരങ്ങളുടേയും പൂര്‍ണ്ണ പട്ടിക ഇതാ; 

 1. മോശം ചിത്രം: പ്രേം രത്തന്‍ ധന്‍ പായോ 
 2. മോശം സംവിധായകന്‍: വികാസ് ബാല്‍ (ചിത്രം- ഷാന്‍ദാര്‍)
 3. മോശം നടന്‍: ഷാരൂഖ് ഖാന്‍ (ചിത്രം- ദില്‍വാലെ) 
 4. മോശം നടി: സോനം കപൂര്‍ (ചിത്രങ്ങള്‍- പ്രേം രത്തന്‍ ധന്‍ പായോ, ഡോളി കീ ഡോലി) 
 5. മോശം ഗാനം: പ്രേം രത്തന്‍ ധന്‍ പായോ... (ചിത്രം- പ്രേം രത്തന്‍ ധന്‍ പായോ) 
 6. മോശം നവാഗത നടന്‍: സൂരജ് പഞ്ചോളി (ചിത്രം- ഹീറോ)
 7. മോശം സഹനടന്‍: നീല്‍ നിതിന്‍ മുകേഷ് (ചിത്രം- പ്രേം രത്തന്‍ ധന്‍ പായോ) 
 8. അഭിപ്രായത്തിനു പോലും അര്‍ഹമല്ലാത്ത ചിത്രം: റണ്‍ബങ്ക (സംവിധാനം- ആര്യേമന്‍)
 9. മോശം ജോടി: ബിപാഷാ ബസുവും ബിപാഷാ ബസുവിന്റെ പ്രേതവും (ചിത്രം- എലോണ്‍) 
 10. അനുയോജ്യമല്ലാത്ത കഥാപാത്രത്തിന്റെ തിരഞ്ഞെടുപ്പ്: അധോലോക ഭീകരനായി കരണ്‍ ജോഹര്‍ (ചിത്രം- ബോംബെ വെല്‍വെറ്റ്) 
 11. മോശപ്പെട്ട മോശം വിവാദം: കങ്കണയും ഹൃത്തിക്കും തമ്മില്‍ നടന്ന എക്‌സ് ലൗവര്‍ വിവാദം 
 12. മോശം മുഖമുദ്രപ്പെടുത്തല്‍: പ്രിയങ്ക ചോപ്ര (ബോളിവുഡിനെ ഹോളിവുഡില്‍ പ്രതിനിധീകരിക്കുന്നു എന്ന വാര്‍ത്ത, രജനിഗന്ധയുടെ സില്‍വര്‍ പേള്‍സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനം) 
 13. ആരും കാണാത്ത ചിത്രം: വെല്‍കം ടു കറാച്ചി (ആശിഷ് മോഹന്‍)
 14. മോശം ട്വീറ്റ്: അഭിഷേക് ബച്ചന്‍ 

dilwale

ഇന്‍വിഷന്‍ എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ആണ് പരിപാടി സംഘടിപ്പിച്ചത്. മുംബൈയില്‍ നടന്ന അവാര്‍ഡ് പ്രഖ്യാപന ചടങ്ങിനെത്തിയ എല്ലാവര്‍ക്കും ഇന്‍വിഷന്‍ എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഗഗന്‍ ഡക്യാര്‍ നന്ദി അറിയിച്ചു.