ന്യൂഡല്‍ഹി: ചലച്ചിത്ര നടി അസിന്‍ തോട്ടുങ്കലും പ്രമുഖ മൊബൈല്‍ഫോണ്‍ നിര്‍മാണ കമ്പനിയായ മൈക്രോമാക്‌സ് സ്ഥാപകന്‍ രാഹുല്‍ ശര്‍മയും വിവാഹിതരായി.

ഡല്‍ഹിയിലെ ദുസിത് ദേവരാന ഹോട്ടലില്‍ അടുത്ത ബന്ധുക്കളും സുഹൃത്തളും പങ്കെടുത്ത ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ള ചടങ്ങില്‍ അമ്പതോളം പേരാണ് പങ്കെടുത്തത്. ഇന്നു രാത്രി ഇരുവരും ഹിന്ദു മതാചാര പ്രകാരം ഇതേ ഹോട്ടലില്‍ വച്ച് വീണ്ടും വിവാഹം കഴിക്കും. ഇതിനായി വിവാഹ മണ്ഡപവും തയായറാക്കിയിട്ടുണ്ട്

ക്രിസ്ത്യന്‍ വിവാഹത്തില്‍ വേരാ വാങ്ക് ഡിസൈന്‍ ചെയ്ത വസ്ത്രമാണ് അസിന്‍ അണിഞ്ഞത്. ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തില്‍ സബ്യസാചി ഡിസൈന്‍ ചെയ്ത വസ്ത്രവുമായിരിക്കും അസിനെ സുന്ദരിയാക്കുക. ജനവരി 23 ന് മറ്റുള്ളവര്‍ക്കായി മുംബൈയില്‍ പാര്‍ട്ടി നടത്തിയേക്കും. ഇരുവരുടെയും പ്രണയ വിവാഹമാണ്.

ലോകത്തിലെ തന്നെ പ്രായം കുറഞ്ഞ സമ്പന്നരായ ബിസിനസ്സുകാരില്‍ ഒരാളാണ് രാഹുല്‍ ശര്‍മ്മ. നടന്‍ അക്ഷയ്കുമാറിന്റെ അടുത്ത സുഹൃത്തുകൂടിയായ രാഹുലിനെ അസിനു പരിചയപ്പെടുത്തിയതും അക്ഷയ് തന്നെയാണ്. ചാമ്പ്യന്‍സ് ട്രാഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വച്ചാണ് അസിനും രാഹുലും പരിചയപ്പെടുന്നത്. ഇരുവരും പിന്നീട് പ്രണയത്തിലാകുകയായിരുന്നു.