മട്ടന്നൂര്‍/കാസര്‍കോട്: ആദ്യമായി ഒരു സിനിമ നിര്‍മിക്കുക. അതിന് സംസ്ഥാന-ദേശീയ അവാര്‍ഡുകള്‍ ലഭിക്കുക. മട്ടന്നൂര്‍ പാലോട്ടുപള്ളിയിലെ പി.പി.ഹൗസില്‍ പി.പി.സലീം അഹമ്മദ് എന്ന സലിം മട്ടന്നൂരിനെ തേടിയെത്തിയത് അപൂര്‍വ ഭാഗ്യം. അവാര്‍ഡുകളുടെ തിളക്കത്തില്‍ നിന്നും ചിത്രം ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെടുക. ഇപ്പോള്‍ ഇന്ത്യയുടെ സ്വന്തം രാജ്യാന്തര ചലച്ചിത്രമേളയിലെ രജതമയൂരം വരെ എത്തിനില്‍ക്കുന്നു സിനിമയുടെ ജൈത്രയാത്ര.

സീരിയല്‍ നിര്‍മാണവും മിമിക്രി ട്രൂപ്പുമായി നടന്ന ഒരു യുവാവിനെത്തേടി ദേശീയ അവാര്‍ഡ് എത്തുമ്പോള്‍ മട്ടന്നൂരിലെ കലാലോകത്തിന് അടക്കാനാവാത്ത സന്തോഷമാണ്. കാസര്‍കോട്ടെ നായന്‍മാര്‍ മൂലയിലെ അഷ്‌റഫ് ബേഡിയും സലീമും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. തൃശ്ശൂര്‍ വടക്കാഞ്ചേരിയിലെ അത്താണിയായിരുന്നു ഷൂട്ടിങ്ങ് ലോക്കേഷന്‍. ഹജ്ജിന് പോകാന്‍ പണം പിരിച്ചിട്ടും പോകാന്‍ പറ്റാത്ത ദമ്പതിമാരുടെ കഥയാണ് സലീം തന്റെ ചിത്രത്തിലൂടെ അനാവരണം ചെയ്തത്. സംവിധായകന്റെ തന്നെ നാട്ടുകാരാണ് ഇതിലെ കഥാപാത്രങ്ങള്‍. ചുരുക്കത്തില്‍ മട്ടന്നൂരുകാരുടെ കഥയാണ് ആദാമിന്റെ മകന്‍ അബു

മട്ടന്നൂര്‍ പഴശ്ശിരാജ എന്‍.എസ്.എസ് കോളേജില്‍ നിന്ന് കോമേഴ്‌സില്‍ ബിരുദവും ടൂറിസം രംഗത്തെ അയാട്ടെ കോഴ്‌സും പൂര്‍ത്തിയാക്കിയ സലിം മട്ടന്നൂരില്‍ ട്രാവല്‍ ഏജന്‍സി നടത്തുകയാണ്. മിമിക്രിയോടുള്ള ഇഷ്ടമാണ് സിനിമാ രംഗത്തേക്കുള്ള കടന്നുവരവിന് വഴിയൊരുക്കിയത്. സൂര്യാ ടി.വി.യിലെ 'രസികരാജ നമ്പര്‍ വണ്‍' എന്ന സീരിയല്‍ സംവിധാനം ചെയ്തതും സലീമാണ്. ചാപ്ലിന്‍സ് ഇന്ത്യയുടെ സംഘാടകനാണ്. അഹമ്മദ് കുട്ടിയുടെയും ആസ്യഉമ്മയുടെയും മകനാണ്. മഹീദയാണ് ഭാര്യ. അലന്‍ സഹര്‍. അമല്‍ എന്നിവര്‍ മക്കള്‍.

സുഹൃത്തുക്കളായ അഷ്‌റഫിന്റെയും സലിം അഹമ്മദിന്റെയും ആദ്യ സംരംഭമാണിത്. സലിം അഹ്മ്മദിന്റെ കഥ സിനിമാ രൂപത്തിലാക്കുമ്പോള്‍ തന്നെ പ്രധാന കഥാപാത്രമായ അബുവായി സലിം കുമാറിനെ കണ്ടിരുന്നു.