ഇതാ, പ്രണയം ഉള്ളില്‍ കൊണ്ടുനടക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കു വേണ്ടി ആ പഴയ കുറിപ്പ് ഒരിക്കൽക്കൂടി


രവി മേനോൻ

പ്രണയം ഉള്ളിൽ കൊണ്ടുനടക്കുന്ന എല്ലാ ``മുതിർന്ന'' പൗരന്മാർക്കും വേണ്ടി ആ പഴയ കുറിപ്പ് ഇതാ ഒരിക്കൽ കൂടി...

-

വിഷാദഗാനമാണ് പ്രതീക്ഷിച്ചത് -മരണം വാതിൽക്കലൊരുനാൾ മഞ്ചലുമായ് വന്നു നിൽക്കുമ്പോൾ; അല്ലെങ്കിൽ ദുഃഖമേ നിനക്ക് പുലർകാലവന്ദനം. പക്ഷേ 85 വയസ്സുകാരനായ എന്റെ സുഹൃത്ത്, വായനക്കാരനും ഫോണിലൂടെ പാടിത്തന്നത് ഹേമന്ത് കുമാറിന്റെ മധുരോദാരമായ ഒരു പ്രണയഗീതം: ``യേ നയൻ ഡരേ ഡരേ യേ ജാൻ ഭരേ ഭരേ, സരാ പീനേ ദോ....''

കൗതുകം തോന്നി. ഒരു നിമിഷം മുൻപ് അച്ഛന് ഫോൺ കൈമാറവേ മകൻ പറഞ്ഞുകേട്ടത് നേരെ മറിച്ചാണല്ലോ: ``ഡാഡി ഇപ്പോൾ പഴയപോലെയല്ല. വൈറസ് വാർത്തകൾ വന്നുതുടങ്ങിയ ശേഷം എപ്പോഴും ടെൻഷനിലാണ്. കോവിഡിന്റെ ഏതൊക്കെയോ ലക്ഷണങ്ങൾ തനിക്കും ഉണ്ടല്ലോ എന്ന പേടി. ഒന്നല്ലെങ്കിൽ മറ്റൊന്ന്. തീരെ ഉറക്കമില്ല. പാട്ടുകേൾക്കലില്ല. പുസ്തകങ്ങൾ വായിക്കാറില്ല. ആകെ ആവലാതിമയം. മുൻകോപവുമുണ്ട്. ഇപ്പോൾ നിങ്ങളെ വിളിച്ചുതരണമെന്ന് പറഞ്ഞതു പോലും ഹാർഷ് ആയിട്ടാണ്...''

അത്ഭുതമൊന്നും തോന്നിയില്ല. എന്റെ വീട്ടിലും ബന്ധുവീടുകളിലും സുഹൃദ് ഗൃഹങ്ങളിലുമൊക്കെയുള്ള വയോധികരുടെ അവസ്ഥ ഏറക്കുറെ ഇതുതന്നെ ആണല്ലോ. പലരും രോഗഭീതി മൂലം ടെലിവിഷൻ കാണലും പത്രവായനയും വരെ നിർത്തിയിരിക്കുന്നു. പുറംനാടുകളിൽ താമസിക്കുന്ന മക്കളേയും പേരക്കുട്ടികളെയും ഒന്നും കാണാതെ പരലോകം പൂകേണ്ടിവരുമോ എന്ന ആശങ്കയാണ് പലർക്കും. ആ നിലയ്ക്ക് 85 വയസ്സുകാരനായ ഒരാൾക്ക് അങ്ങനെ തോന്നാതിരുന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ? എങ്കിലും, ഈ മാനസികാവസ്ഥയിലും പ്രണയാർദ്രമായി പാടാൻ കഴിയുക എന്നത് വലിയ കാര്യം തന്നെ.

Ye nayan dare dare Indraneel Hemanth Kumar song paatuvazhiyorathu
ഹേമന്ത് കുമാർ

എന്റെ മനസ്സ് വായിച്ചിട്ടെന്നവണ്ണം ഫോണിന്റെ മറുതലക്കൽ സുഹൃത്തിന്റെ പതിഞ്ഞ ചിരി: ``സംശയിക്കേണ്ട. മോൻ നിങ്ങളോട് പറഞ്ഞതൊക്കെ ശരിയാണ്. ജീവിതത്തെ അങ്ങേയറ്റം ലാഘവത്തോടെ കണ്ടിരുന്ന ആളാണ് ഞാൻ. ചുരുങ്ങിയ കാലത്തെ പരിചയത്തിൽ നിന്ന് താങ്കൾക്ക് അത് ബോധ്യമായിക്കാണുമല്ലോ? പക്ഷേ ഇപ്പോൾ മനസ്സ് മുഴുവൻ നെഗറ്റിവ് ചിന്തകളാണ്. പ്രതീക്ഷകൾ നേർത്തു നേർത്തു വരുംപോലെ. എന്നെക്കുറിച്ച് എനിക്കു തന്നെ പുച്ഛം തോന്നുന്നു...'' നിമിഷനേരത്തെ മൗനത്തിനു ശേഷം അദ്ദേഹം തുടർന്നു: ``പക്ഷേ ഇന്നലെ ഒരു അത്ഭുതമുണ്ടായി. കിടക്കാൻ നേരത്ത് നിങ്ങളുടെ `ഒരു കിളി പാട്ടുമൂളവേ' എന്ന പുസ്തകം വെറുതെയെടുത്ത് ഒന്ന് ഓടിച്ചു വായിച്ചുനോക്കി. പലതവണ വായിച്ചതാണ്. എങ്കിലും ഹേമന്ത് കുമാറിന്റെ പാട്ടിലൂടെ പ്രണയബദ്ധരാകുന്ന നീലിന്റെയും രാധയുടെയും കഥ വായിച്ചപ്പോൾ നിങ്ങളെ വിളിച്ചേ പറ്റൂ എന്ന് തോന്നി. ദുഃഖകരമായ വാർത്തകൾക്കിടയിൽ സന്തോഷമുള്ള ഒരനുഭവം. അറിയാതെ മനസ്സ് പഴയ കാലത്തേക്ക് മടങ്ങിപ്പോയി.''

ആദ്യമായി അദ്ദേഹം എന്നെ ഫോൺ വിളിച്ചതു തന്നെ കലാകൗമുദിയിൽ അടിച്ചുവന്ന ആ കുറിപ്പ് വായിച്ചാണല്ലോ എന്നോർത്തു അപ്പോൾ. ``എന്റെ ജീവിതവുമായി നല്ല സാമ്യം തോന്നുന്നു നിങ്ങളുടെ അനുഭവക്കുറിപ്പിന്. എനിക്കും ഈ പ്രപഞ്ചത്തിൽ മറ്റൊരു മനുഷ്യജീവിക്കും മാത്രം അറിയാവുന്ന കാര്യം എങ്ങനെ നിങ്ങൾ മനസ്സിലാക്കി എന്നോർക്കുകയായിരുന്നു ഞാൻ..''- പത്തു വർഷം മുൻപ് ഭാര്യ കാൻസർ വന്നു മരിച്ച ശേഷം സംഗീതത്തിന്റെ ലോകത്തേക്ക് പൂർണമായും ഉൾവലിഞ്ഞ ആ വിമുക്തഭടൻ ചിരിയോടെ പറഞ്ഞു. അതായിരുന്നു ഞങ്ങളുടെ ആദ്യ സംഭാഷണം. പിന്നെയും ഇടയ്ക്കൊക്കെ വിളിക്കും അദ്ദേഹം. പ്രണയത്തെ കുറിച്ച് സംസാരിക്കും; പ്രണയഗാനങ്ങൾ പാടും: അഭീ ന ജാവോ, തേരെ മേരെ സപ്നേ, സിന്ദഗി ഭർ നഹി....

ഫോൺ വെക്കും മുൻപ് അദ്ദേഹം പറഞ്ഞു: ``മരണത്തെ എനിക്ക് ഭയമില്ല. പക്ഷേ വല്ല മാറാവ്യാധിയും വന്ന് മാസങ്ങളോളം കിടപ്പിലായി മരിക്കുന്നതിൽ താൽപ്പര്യമില്ല. ഉറക്കത്തിൽ മരിച്ചാൽ നല്ലത്; ഇല്ലെങ്കിൽ പാതിമയക്കത്തിൽ നല്ലൊരു ലവ് സോംഗ് കേട്ടുകൊണ്ട്..'' ആ വാക്കുകൾക്കൊടുവിൽ മുഴങ്ങിയ ചിരി ഇതാ ഇപ്പോഴും കാതിലുണ്ട്. ഒടുക്കത്തെ ശുഭാപ്തിവിശ്വാസം തന്നെയായിരുന്നില്ലേ ആ ചിരിയിൽ?

പ്രണയം ഉള്ളിൽ കൊണ്ടുനടക്കുന്ന എല്ലാ ``മുതിർന്ന'' പൗരന്മാർക്കും വേണ്ടി ആ പഴയ കുറിപ്പ് ഇതാ ഒരിക്കൽ കൂടി...

`എന്നും നിന്റേതു മാത്രം'

പാട്ടു കേട്ടാണ് ഞെട്ടിയുണർന്നത്. ഹോട്ടൽ മുറിയിലെ ഏകാന്ത മൂകതയിലേക്ക് ആർദ്രമായ ഒരു പ്രണയഗാനം ഒഴുകിവരുന്നു; `കൊഹ്‌രാ' എന്ന ചിത്രത്തിൽ ഹേമന്ത് കുമാർ മുഖർജി ഈണമിട്ട് പാടി അനശ്വരമാക്കിയ പാട്ട്: ``യേ നയൻ ഡരേ ഡരേ യേ ജാൻ ഭരേ ഭരേ, സരാ പീനേ ദോ...''

ആദ്യം തോന്നിയത് ഈർഷ്യയാണ്. സുഖകരമായ ഉറക്കം ഇടക്കുവെച്ചു മുറിഞ്ഞുപോയതിലുള്ള ദേഷ്യം. പാതിരയ്ക്ക് പൊടുന്നനെ എവിടുന്നാണീ ഗാനപ്രവാഹം? തൊട്ടപ്പുറത്തെ മുറിയിൽ നിന്നാവണം. അഗാധഗാംഭീര്യമാർന്ന ശബ്ദവും ഭാവദീപ്തമായ ആലാപനവും. കൊൽക്കത്ത ലെയ്ക്ക് മാർക്കറ്റിനടുത്തുള്ള കോമളവിലാസ് എന്ന പുരാതന ഹോട്ടലിലെ പഴമയുടെ ഗന്ധമുള്ള മുറികളിലൊന്നിൽ ഉറക്കച്ചടവോടെ ആ നിശാഗാനമേള കേട്ടു കിടക്കേ, അറിയാതെ കോപം കൗതുകത്തിന് വഴിമാറുന്നു. ഹേമന്ത് കുമാറിന്റെ പാട്ടുകൾ മാത്രമേ പാടുന്നുള്ളൂ അജ്ഞാതഗായകൻ. അതും എനിക്കേറെ പ്രിയപ്പെട്ട പാട്ടുകൾ. കേട്ടാലും കേട്ടാലും മതിവരാത്തവ: ന തും ഹമേ ജാനോ, തും പുകാർ ലോ, നയൻ സോ നയൻ, യാദ് കിയാ ദിൽ നേ കഹാം ഹോ തും, യേ രാത് യേ ചാന്ദ്‌നി ഫിർ കഹാം, ജാനേ വോ കൈസേ... ഓരോ ഗാനവും ഓരോ അപൂർവ്വസുന്ദര ശിൽപ്പം. പാടുന്നതാരായാലും ഒരിക്കലും നിലയ്ക്കാതിരിക്കട്ടെ ഈ മെഹ്ഫിൽ.

ഹിന്ദിയും ബംഗാളിയും മാറിമാറി വന്നു നിറയുന്നു പാട്ടുകളിൽ. ഇടയ്ക്കിടെ കുപ്പിവള വീണു ചിതറും പോലെ ഒരു പെൺചിരി. അപ്പോൾ, ഗായകൻ ഒറ്റയ്ക്കല്ല. കേൾക്കാൻ ഒരു കൂട്ടുകാരി കൂടിയുണ്ട്. അവൾക്കു വേണ്ടി പാടുകയാവണം അയാൾ; ശബ്ദത്തിൽ പ്രണയം നിറച്ച്. രസം തോന്നി. കാമുകീ കാമുകന്മാരാകുമോ? അതോ ഭാര്യാഭർത്താക്കന്മാരോ? ആരുമാകട്ടെ. ഒരു കാര്യത്തിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ സംശയം. എന്തുകൊണ്ട് ഹേമന്ത് കുമാറിന്റെ പാട്ടുകൾ മാത്രം പാടുന്നു ഈ മനുഷ്യൻ ? കൗമാര യൗവന കാലത്തിന്റെ ഓർമ്മകൾ മുഴുവൻ പീലിവിടർത്തി നിൽക്കുന്ന ആ പാട്ടുകളിൽ സ്വയം നഷ്ടപ്പെട്ടു കിടക്കേ ഉറങ്ങിപ്പോയത് അറിഞ്ഞില്ല. ഉറക്കത്തിൽ പോലും ഹേമന്തിന്റെ ശബ്ദത്തിനൊപ്പം അലഞ്ഞുനടക്കുകയായിരുന്നില്ലേ ഉപബോധമനസ്സ്?

പിറ്റേന്ന് കാലത്ത് എഴുന്നേറ്റയുടൻ ആദ്യം ചെയ്തത് വാതിൽ തുറന്നു ചുറ്റും നോക്കുകയാണ്. അയൽ മുറികളെല്ലാം പൂട്ടിക്കിടക്കുന്നു. കൊളോണിയൽ യുഗത്തിന്റെ അവശിഷ്ടം പോലെ നീണ്ടുനിവർന്നു കിടക്കുന്ന വരാന്ത പോലും ശൂന്യം. അപ്പോൾ പിന്നെ തലേന്ന് രാത്രി കേട്ട പാട്ടുകളോ? ഇനി അതെല്ലാം കിനാവ് മാത്രമായിരുന്നു എന്ന് വരുമോ? അല്ലെന്നറിഞ്ഞത് പത്തു മണിക്ക് പ്രാതലുമായി മുറിയിൽ വന്ന ഹോട്ടൽ ബോയ് പറഞ്ഞാണ്. ``ഇതൊരു പുതിയ കാര്യമല്ല സർ. അവർ ഭാര്യാ ഭർത്താക്കന്മാർ തന്നെ. പക്ഷേ സർ കരുതും പോലെ ചെറുപ്പക്കാരല്ല. അയാൾക്ക് എഴുപത് വയസ്സെങ്കിലും വരും. അവർക്കും നല്ല പ്രായമുണ്ട്. പക്ഷേ സുന്ദരിയാണ്. എല്ലാ കൊല്ലവും ഈ സമയത്ത് രണ്ടുപേരും ഇവിടെ വന്നു മുറിയെടുക്കും. രണ്ടു ദിവസം താമസിച്ച് മടങ്ങും. മൂന്നുനാലു കൊല്ലമായി ഞാനിത് കാണുന്നു....'' കണ്ണിറുക്കി അർത്ഥം വെച്ച് ചിരിക്കുന്നു ബംഗാളിപ്പയ്യൻ. പിന്നെ ദീർഘനിശ്വാസത്തോടെ ഇത്ര കൂടി: ``അവർ ആഘോഷിക്കട്ടെ സർ. നമുക്കോ പറ്റുന്നില്ല. അവരെങ്കിലും സുഖിക്കട്ടെ... സാറിന് പരാതിയുണ്ടെങ്കിൽ ഞാൻ റിസപ്‌ഷനിൽ പറയാം.'' പൊടുന്നനെ ഞാൻ പറഞ്ഞു: ``എന്ത് പരാതി? എനിക്കൊരു പരാതിയുമില്ല. വെറുതെ ചോദിച്ചെന്നേയുള്ളൂ..''

അന്ന് രാത്രി കൊൽക്കത്ത നഗരാതിർത്തിയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഈസ്റ്റ് ബംഗാൾ -- ജെ സി ടി മിൽസ് മത്സരമാണ്. ദേശീയ ലീഗ് ഫുട്ബോളിലെ നിർണായക പോരാട്ടം. ജോലിയെടുക്കുന്ന പത്രത്തിന്റെ കൊച്ചി ഓഫീസിലേക്ക് മാച്ച് റിപ്പോർട്ട് ഫാക്സ് ചെയ്ത ശേഷം ഹോട്ടലിൽ തിരിച്ചെത്തുമ്പോൾ രാത്രി പത്തു മണി. ഞരങ്ങുകയും മൂളുകയും ചെയ്യുന്ന ഗോവണിപ്പടികൾ ഓടിക്കയറി മുകളിലെത്തിയപ്പോൾ വരാന്തയുടെ അറ്റത്ത് ഒരാൾ നിൽക്കുന്നു. ഒരു കൈയിൽ മദ്യചഷകം. മറ്റേ കൈയിൽ പുകയുന്ന സിഗരറ്റ്. ചുണ്ടിൽ ഹേമന്ത് കുമാറിന്റെ പാട്ട്. ഇന്നലെ കേട്ട അതേ ശബ്ദം. അതേ ഭാവഗാംഭീര്യം. തൂണിൽ ചാരിനിന്ന് മുന്നിലെ കട്ടപിടിച്ച ഇരുട്ടിലേക്ക് നോക്കി മൂളുകയാണ് അയാൾ: ``ചുപ് ഹേ ധർത്തീ ചുപ് ഹേ ചാന്ദ് സിതാരെ... ''

അപ്പോൾ ഇയാളാണ് അയാൾ. പഴയ ഋഷികേശ് മുഖർജി ചിത്രങ്ങളിൽ അമിതാഭ് ബച്ചൻ ധരിച്ചു കണ്ടിട്ടുള്ള തൂവെള്ള പൈജാമയും കുർത്തയും വേഷം. നര കയറിയ നീണ്ട മുടി. സ്വർണനിറ ഫ്രെയിമുള്ള കണ്ണട. മധ്യവയസ്സ് എന്നേ പിന്നിട്ടെങ്കിലും കാഴ്ച്ചയിൽ സുന്ദരൻ. മുറിയിലേക്ക് നടന്നുപോകവേ അയാൾ പാടിക്കൊണ്ടിരുന്ന പാട്ടിന്റെ അടുത്ത വരികൾ ബോധപൂർവം മൂളി ഞാൻ, തെല്ലുറക്കെ: ``ഖോയെ ഖോയെ സേ യേ മസ്ത് നസാരേ, ഠഹരേ ഠഹരേ സേ യേ രംഗ് കേ ധാരേ..'' കയ്യിലെ മധുപാത്രത്തിൽ നിന്ന് ഒരു കവിളെടുത്ത ശേഷം പൊടുന്നനെ തിരിഞ്ഞു നോക്കുന്നു അയാൾ; തെല്ലൊരു അത്ഭുതത്തോടെ... ഒരു ഹേമന്ത് ഭ്രാന്തൻ മറ്റൊരു ഭ്രാന്തനെ തിരിച്ചറിഞ്ഞ നിമിഷം. ``അരേ ബാബ, ഡു യു ലൈക് ഹേമന്ത്ദാ?'' മുഖവുരയൊന്നും കൂടാതെ അയാളുടെ ചോദ്യം. ``യാ.. ഹി ഈസ് റൈറ്റ് ഹിയർ..'' നെഞ്ചിലേക്ക് വിരൽ ചൂണ്ടി എന്റെ മറുപടി. ഹൃദയത്തിന്റെ ഉള്ളറയിലല്ലാതെ മറ്റെവിടെ സൂക്ഷിക്കും ഹേമന്തിനെ?

അതായിരുന്നു തുടക്കം. നിമിഷങ്ങൾക്കകം ``ചിരകാല'' സുഹൃത്തുക്കളായി മാറി ഞങ്ങൾ. ഹേമന്തസംഗീതത്തിന്റെ പട്ടുനൂലിൽ കോർത്ത ഗാഢ സൗഹൃദം. ഇന്ദ്രനീൽ-അതാണയാളുടെ പേര്. കോളേജ് പ്രൊഫസറായി വിരമിച്ച ശേഷം ഗംഗാനദീ തീരത്തെ മൂർഷിദാബാദിൽ താമസിക്കുന്നു. അത്യാവശ്യം സാഹിത്യ രചനയുമുണ്ട്. ചെറുപ്പത്തിലേ നന്നായി പാടിയിരുന്നു. ``ഞാൻ ഈ പാട്ടുകൾ പാടുമ്പോൾ ആളുകൾ പറയും ഹേമന്ത്ദായുടെ ശബ്ദവുമായി സാമ്യം തോന്നുന്നു എന്ന്. പിന്നെപ്പിന്നെ ഈ പാട്ടുകളെ കൂടാതെ എനിക്കൊരു ജീവിതം ഇല്ലെന്ന നില വന്നു. എന്തൊരു ഫീൽ ആണ് അദ്ദേഹത്തിന്റെ ശബ്ദത്തിൽ.. അമിതമായ വികാരപ്രകടനമില്ല. വളരെ ഒതുക്കത്തോടെ ആണ് പാടുക. എന്തൊക്കെയോ ഉള്ളിൽ അടക്കിപ്പിടിച്ച പോലെ. ആർക്കും അദ്ദേഹത്തിന്റെ ആലാപനത്തിലെ ആത്മാംശം അനുകരിക്കാൻ പറ്റില്ല. ഞാനൊക്കെ ശ്രമിക്കുന്നു, അത്ര മാത്രം.'' അവസാന പുകയെടുത്ത് സിഗരറ്റുകുറ്റി താഴെ റോഡരികിലെ ഓടയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് ഇന്ദ്രനീൽ ഇത്രയും കൂടി പറഞ്ഞു: ``ഇനിയെനിക്ക് ഒരാഗ്രഹമേ ഉള്ളൂ. ഹേമന്ത്ദായുടെ ഒരു പാട്ട് പാടിക്കൊണ്ട് മരിക്കണം. അവസാന ശ്വാസത്തിലും കലരണം ആ പാട്ട്..'' അത്ഭുതം തോന്നിയില്ല എനിക്ക്. മുൻപും കേട്ടിട്ടുണ്ടല്ലോ പാട്ടുപ്രേമികളുടെ അത്തരം കിറുക്കൻ ആഗ്രഹങ്ങൾ.

പാതി ചാരിയ വാതിലിനപ്പുറത്തേക്ക് കണ്ണുകൾ അറിയാതെ നീണ്ടു ചെല്ലുന്നു. ഇന്നലെ കേട്ട പെൺശബ്ദത്തിന്റെ ഉടമ ഇപ്പോൾ എന്ത് ചെയ്യുകയാവണം? ഭർത്താവിന്റെ പാതിരാ ഗാനമേള ആസ്വദിക്കാൻ തയ്യാറെടുക്കുകയായിരിക്കുമോ? സുന്ദരിയായിരിക്കുമോ അവർ? ഉള്ളിലെ പത്രലേഖകന്റെ ആകാംക്ഷ അടങ്ങുന്നില്ല. ഒട്ടും അസ്വാഭാവികത തോന്നാൻ ഇട നൽകാതെ ചോദിച്ചു: ``സാറിന്റെ ഭാര്യ ഉറങ്ങിയിരിക്കും അല്ലേ?'' ഒന്നും മിണ്ടാതെ കുറച്ചുനേരം പകച്ചുനിന്നു ഇന്ദ്രനീൽ. എന്നിട്ട് ഉറക്കെ പൊട്ടിച്ചിരിച്ചു. ഇടയ്ക്ക് ചുമച്ചിട്ടും കണ്ണുകൾ നിറഞ്ഞിട്ടും നിർത്താതെ ചിരിച്ചുകൊണ്ടിരുന്നു അയാൾ. ചിരിക്കൊടുവിൽ സ്നേഹപൂർവ്വം എന്റെ ചുമലിൽ തൊട്ട് അയാൾ പറഞ്ഞു: ``ഭാര്യയോ? ആറു വർഷമായി അവൾ വിട്ടുപിരിഞ്ഞിട്ട് . കാൻസർ ആയിരുന്നു..'' ഒട്ടും പ്രതീക്ഷിക്കാത്ത ഉത്തരമായിരുന്നതു കൊണ്ട് കുറച്ചുനേരം നിശബ്ദനായി നിന്നു ഞാൻ. പിന്നെ ``സോറി'' പറഞ്ഞു. ``സ്വന്തം ഭാര്യയുടെ മരണത്തെ കുറിച്ച് പറയുമ്പോൾ എന്താണിത്ര ചിരിക്കാൻ എന്നോർക്കുന്നുണ്ടാകും. അല്ലേ? അതവൾക്ക് ഞാൻ കൊടുത്ത വാക്കാണ്. ചിരിയോടെ മാത്രമേ അവളെ കുറിച്ച് ഓർക്കാവൂ എന്നാണ് നിബന്ധന. ഇതാ ആ നിമിഷം വരെ ഞാനത് പാലിച്ചിട്ടേയുള്ളൂ..'' ഇന്ദ്രനീലിന്റെ ശബ്ദം തെല്ലൊന്ന് ഇടറിയോ?

``വരൂ, നമുക്ക് ഇരുന്നു സംസാരിക്കാം..'' സ്വന്തം മുറിയിലേക്ക് എന്നെ ഭവ്യതയോടെ ക്ഷണിക്കുന്നു അദ്ദേഹം. ``ഇപ്പോൾ നിങ്ങളുടെ മനസ്സിലുള്ള ചോദ്യംഎന്തായിരിക്കുമെന്ന് നിങ്ങൾ പറയാതെ തന്നെ എനിക്കറിയാം. ഇന്നലെ രാത്രി കേട്ട ആ ശബ്ദം ആരുടേതാണ് എന്നല്ലേ?'' കട്ടിലിൽ ചാരിയിരുന്ന് തലയിണ എടുത്ത് മടിയിൽ വെച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു. സത്യമായിരുന്നു. എനിക്കെന്നല്ല, ആർക്കും തോന്നാവുന്ന സംശയം. `` നിങ്ങളുടെ ഊഹം ശരിയാണ്. അവൾ എന്റെ കാമുകിയാണ് -- അവന്തിക. ഷി ഈസ് മൈ നോട്ടി ലിറ്റിൽ സ്വീറ്റ് ഹാർട്ട്. ഞാൻ അവളെ വിളിക്കുന്നതെന്തെന്ന് അറിയുമോ? രാധ. ഹേമന്ത് ദായുടെ സ്വന്തം സിനിമ ബീസ് സാൽ ബാദിലെ വഹീദാ റഹ്മാൻ കഥാപാത്രത്തിന്റെ പേര്. തമ്മിൽ കണ്ടു സ്നേഹിച്ചു തുടങ്ങുമ്പോഴേ വിളിച്ചു തുടങ്ങിയതാണ്. ഇപ്പോഴും എനിക്കവൾ രാധ തന്നെ. അവൾക്ക് ഞാൻ നീലും.'' ആറോ ഏഴോ പെഗ് അകത്താക്കിക്കഴിഞ്ഞിരുന്നതു കൊണ്ട് ശബ്ദത്തിന് അൽപ്പം ഇഴച്ചിൽ ബാധിച്ചിരുന്നെങ്കിലും ഇന്ദ്രനീൽ സംസാരിക്കുന്നത് ഹൃദയത്തിൽ നിന്നാണെന്ന് തോന്നി എനിക്ക്. കണ്ണുകൾ കളവ് പറയില്ലല്ലോ.

ഇനിയൊരിക്കലും കണ്ടുമുട്ടില്ലെന്ന് ഉറപ്പുള്ളതിനാലാകണം, കട്ടിലിൽ ചാഞ്ഞിരുന്ന് സ്വന്തം ജീവിതകഥ പറഞ്ഞു ഇന്ദ്രനീൽ. സിനിമ പോലെ രസകരമായ കഥ. ``ഞങ്ങൾ ഒരേ കോളേജിൽ പഠിച്ചതാണ്. ഞാനും രാധയും. എന്നെക്കാൾ മൂന്ന് വർഷം ജൂനിയർ ആയിരുന്നു അവൾ. ഒരിക്കൽ കാന്റീനിൽ ഇരുന്ന് കൂട്ടുകാർക്കു വേണ്ടി ഹേമന്തിന്റെ പാട്ടുകൾ പാടിക്കൊണ്ടിരിക്കേ എന്നെ കാണാൻ വന്നു അവൾ. ഇപ്പോഴും ഓർമ്മയുണ്ട് ആ രൂപം. വലിയൊരു പൊട്ട്. കുഞ്ഞു നേപ്പാളിക്കണ്ണുകൾ - മാലാ സിൻഹയെ പോലെ. രണ്ടു കൈയിലും കളിമൺ വളകൾ. എന്നെപ്പോലെ ഹേമന്ത് കുമാറിന്റെ ആരാധികയാണ് അവളും. വെറുതെ കണ്ടു പരിചയപ്പെടാനാണ് അവൾ വന്നത്. എങ്കിലും അന്ന് യാത്ര പറഞ്ഞു പിരിയുമ്പോൾ ഇത്തിരിപ്പോന്ന ആ കണ്ണുകളിലെ തിളക്കം ഞാൻ ശ്രദ്ധിച്ചു. ഇത് അപകടമാണല്ലോ എന്ന് മനസ്സിലോർത്തു. അതായിരുന്നു തുടക്കം. പിന്നീട് വളരെ വർഷങ്ങൾക്ക് ശേഷം കൊൽക്കത്ത യൂണിവേഴ്‌സിറ്റിയുടെ ഒരു ചടങ്ങിൽ വെച്ച് ഹേമന്ത് കുമാറിനെ ആദ്യമായി നേരിൽ കണ്ടപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്, അങ്ങാണ് എന്നെ കാമുകനാക്കി മാറ്റിയത് എന്ന്..''- ഇന്ദ്രനീൽ ചിരിച്ചു.

പരിചയം മെല്ലെ പ്രണയമായി വളരുന്നു. അതൊരു സാധാരണ പൈങ്കിളി പ്രണയമായിരുന്നില്ല. നന്നായി വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ഇടതുപക്ഷ മനസ്ഥിതിയുള്ള രണ്ടു പേർ തമ്മിലുള്ള ഗൗരവമാർന്ന പ്രണയം. ``ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലമായിരുന്നു അത്. സിനിമയിലെ നായികാനായകന്മാരെ പോലെ എല്ലാം പരസ്പരം പങ്കുവെച്ചു മദിച്ചു നടന്നു ഞങ്ങൾ .സാമ്പത്തികമായി അത്ര നല്ല നിലയിലല്ല അന്ന് എന്റെ കുടുംബം. പേരിനൊരു ജോലി പോലുമില്ല. അവളുടെ കുടുംബമാകട്ടെ, വലിയ തറവാടികൾ. പണക്കാരും. അച്ഛൻ കവിയും സ്വാതന്ത്ര്യ സമര സേനാനിയുമൊക്കെ ആയിരുന്നു. പക്ഷേ മകളുടെ വിവാഹക്കാര്യം വന്നപ്പോൾ ആൾ കർക്കശക്കാരനായി. നല്ലൊരു ആലോചന ഒത്തുവന്നതും അദ്ദേഹം മകളെ കെട്ടിച്ചുവിട്ടു. കരഞ്ഞുകൊണ്ട് അവളെന്നെ അവസാനമായി കാണാൻ വന്നത് ഓർമ്മയുണ്ട്. വിവാഹം കഴിക്കാം എന്ന് ഉറപ്പുകൊടുത്തിരുന്നെങ്കിൽ ക്ഷമയോടെ എത്രകാലം വേണമെങ്കിലും എന്നെ കാത്തിരുന്നേനെ അവൾ. പക്ഷേ ആ ഉറപ്പ് കൊടുക്കാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല ഞാൻ. അതിനുള്ള ധൈര്യവും ഉണ്ടായില്ല. ഇന്നോർക്കുമ്പോൾ എന്നെക്കുറിച്ചു തന്നെ ലജ്ജ തോന്നും..''

അവന്തിക എന്ന രാധ താമസിയാതെ പ്രശസ്തനായ ഒരു ന്യൂറോ സർജന്റെ ഭാര്യയായി; മൂന്നു വർഷങ്ങൾക്ക് ശേഷം ഇന്ദ്രനീൽ ഒരു സ്കൂൾ അധ്യാപികയുടെ ഭർത്താവും. ഗോഹട്ടി മെഡിക്കൽ കോളേജിലായിരുന്നു രാധയുടെ ഭർത്താവിന് ജോലി; ഇന്ദ്രനീലാകട്ടെ കോളേജ് ഉദ്യോഗവുമായി കൊൽക്കത്തയിലും. പിന്നീടൊരിക്കലും പരസ്പരം കാണാനുള്ള അവസരം ഉണ്ടായില്ല. എങ്കിലും പഴയ പ്രണയിനിയെ പൂർണ്ണമായി മറക്കാൻ കഴിഞ്ഞില്ല നീലിന്. മരിക്കുന്നതിന് മുൻപ് ഒരിക്കലെങ്കിലും കാണണമെന്നുണ്ടായിരുന്നു. നടക്കില്ലെന്നറിഞ്ഞു കൊണ്ടുതന്നെ വെറുതെ ഒരു മോഹം. പക്ഷേ വിധി അവിടെയും ഇടപെട്ടു. നാൽപ്പതു വർഷത്തിന് ശേഷം തികച്ചും യാദൃച്ഛികമായി ഇന്ദ്രനീലും രാധയും കണ്ടു --ഇത്തവണയും നിമിത്തമായത് ഹേമന്ത് കുമാർ തന്നെ. ``കൊൽക്കത്തയിൽ ഹേമന്ത് ഉത്സവ് എന്ന പേരിൽ ഒരു സംഗീത പരിപാടി നടക്കുന്നു. ഹേമന്ത് ദായുടെ പാട്ടുകൾ പാടുന്ന അമച്വർ ഗായകരുടെ ഒരു അപൂർവ സംഗമം.ഞാനുമുണ്ട് പാട്ടുകാരുടെ കൂട്ടത്തിൽ. ഏറെ പ്രിയപ്പെട്ട `അമി ദൂർ ഹോത്തെ തൊമാരി ദേഖേചി' എന്ന പാട്ട് പാടി ബാക്ക് സ്റ്റേജിൽ വന്നപ്പോൾ ഒരു സ്ത്രീ എന്നെ കാത്തുനിൽക്കുന്നു അവിടെ. വെളിച്ചക്കുറവുണ്ടായിരുന്നതിനാൽ ആദ്യം ആരെന്ന് മനസ്സിലായില്ല. സാരി തലയിലൂടെ വലിച്ചിട്ടിരിക്കുകയാണ്. പക്ഷേ ആ ശബ്ദം കേട്ടയുടൻ ഞാൻ ഞെട്ടി. ഹൃദയമിടിപ്പ് കൂടി. ഈശ്വരാ.. ഇതാ വന്നിരിക്കുന്നു എന്റെ രാധ. ആ അരണ്ട വെളിച്ചത്തിലും അവളുടെ കണ്ണുകളിലെ നീർമണിത്തിളക്കം കണ്ടു ഞാൻ...'' അങ്ങേയറ്റം വികാരനിർഭരമായ മുഹൂർത്തം. മുടിയിൽ നര കയറിത്തുടങ്ങിയിരുന്നെങ്കിലും പഴയതിനേക്കാൾ സുന്ദരിയായിരുന്നു അവൾ എന്ന് തോന്നി നീലിന്.

വിധിനിയോഗമായിരുന്നു ആ പുനഃസമാഗമം. ഹേമന്തിന്റെ പാട്ടുകൾ കേൾക്കാൻ കൊതിച്ചു വന്നതാണ് രാധ. പഴയ കാമുകൻ പാടുന്നുണ്ടെന്ന് അറിഞ്ഞിട്ടല്ല. ``അവളുടെ ഭർത്താവ് ഒരു റോഡപകടത്തിൽ മരിച്ചിട്ട് വർഷങ്ങളായിരുന്നു. എന്റെ ഭാര്യ യാത്രയായിട്ട് ഒരു വർഷവും. ഞങ്ങൾക്ക് രണ്ടുപേർക്കും ഓരോ പെണ്മക്കൾ. വിവാഹിതരായി വിദേശത്ത് കഴിയുന്നു അവർ. അധികം കൂട്ടുകാരില്ല ഞങ്ങൾക്കിരുവർക്കും. വിരസമായിത്തുടങ്ങിയ ജീവിതത്തിൽ എന്നെ പോലെ അവൾക്കും സംഗീതമാണ് ആകെയുള്ള കൂട്ട്. ആ രാത്രി ഏറെ നേരം സംസാരിച്ചു ഞങ്ങൾ. നഗരത്തിലൂടെ അലക്ഷ്യമായി നടന്നു. വഴിയോരത്തു നിന്ന് രസഗുള കഴിച്ചു. ഗോഹട്ടിയിലേക്കുള്ള ആ രാത്രിയിലെ ഫ്ലൈറ്റ് അവൾ മിസ് ചെയ്തു. ഒരുമിച്ച് ഹോട്ടലിൽ മുറിയെടുത്തു താമസിക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. തെല്ലൊരു സങ്കോചത്തോടെയാണ് ആ നിർദേശം ഞാൻ മുന്നോട്ടു വെച്ചത്. എങ്ങനെയാകും പ്രതികരണം എന്നറിയില്ലല്ലോ. പക്ഷേ അവൾ എതിർത്തതേയില്ല. ആ പഴയ തിളക്കം വീണ്ടും അവളുടെ കണ്ണുകളിൽ കണ്ടപോലെ.'' കോമളവിലാസിലാണ് മുറി കിട്ടിയത്. ഹോട്ടലിൽ ഒരുമിച്ചു താമസിക്കുന്ന രണ്ട് മുതിർന്ന ദമ്പതിമാരെ ആരു സംശയിക്കാൻ? നീലിനും രാധയ്ക്കും അതൊരു പുതിയ തുടക്കമായിരുന്നു. അന്ന് യാത്ര പറഞ്ഞു പിരിയുമ്പോൾ തീരുമാനിച്ചു, വർഷം തോറും കണ്ടുമുട്ടി സൗഹൃദം പുതുക്കണമെന്ന്. എല്ലാ വർഷവും രണ്ടു ദിവസം നീലും രാധയും കൊൽക്കത്തയിൽ വരും. കോമളവിലാസ് ഹോട്ടലിൽ തങ്ങും. നാല് വർഷം പിന്നിടുന്നു അവരുടെ പുതുജീവിതം.

``ഇന്ന് മുഴുവൻ ഞങ്ങൾ ഈ നഗരത്തിൽ അലഞ്ഞു; പണ്ട് കൈകോർത്ത് നടന്നുപോയ വഴികളിലൂടെ വീണ്ടും നടന്നു, ഇഷ്ടപ്പെട്ട പുസ്തകങ്ങൾ തേടിനടന്ന സെക്കന്റ് ഹാൻഡ് ബുക്സ്റ്റാളുകളിൽ വീണ്ടും കയറിയിറങ്ങി. പാർക്കുകളിലെ സിമന്റ് ബെഞ്ചുകളിൽ ചെന്നിരുന്ന് ഹേമന്തിന്റെ പാട്ടുകൾ പാടി. സിനിമ കണ്ടു. ഒരു മിനിറ്റ് പോലും പാഴാക്കിയില്ല. പത്തുമുപ്പതു കൊല്ലം ഒറ്റയടിക്ക് ശരീരത്തിൽ നിന്നും മനസ്സിൽ നിന്നും കൊഴിഞ്ഞുപോയ പോലെ. വൈകുന്നേരം അവളെ ഗോഹട്ടിയിലേക്ക് ഫ്ലൈറ്റ് കയറ്റിവിറ്റിട്ടാണ് ഞാൻ മടങ്ങിയത്. ഇപ്പോൾ ആകെ ഒരു ശൂന്യത. നിങ്ങളെ കണ്ടില്ലെങ്കിൽ ഒരു പക്ഷേ ഭ്രാന്തു പിടിച്ചേനെ. ഇന്ന് രാത്രി മദ്യമാണ് എന്റെ തോഴി. യാത്ര പറയുമ്പോഴത്തെ അവളുടെ മുഖഭാവം മറക്കാൻ പറ്റുന്നില്ല. ഇനി ഒരു വർഷം കാത്തിരിക്കണ്ടേ തമ്മിൽ കാണാൻ എന്നോർക്കുമ്പോൾ.....'' ഒരു നിമിഷം പഴയ ടീനേജ് കാമുകനായി മാറുന്നു ഇന്ദ്രനീൽ.

കഥ കേട്ടു തീർന്നപ്പോൾ ചോദിച്ചുപോയി: ``സർ, നിങ്ങളുടെ രണ്ടു പേരുടെയും മക്കൾ അറിയുമോ ഈ രഹസ്യ സമാഗമം?'' പകച്ചു പോയിരിക്കണം ഇന്ദ്രനീൽ. കയ്യിലെ ഗ്ലാസിൽ അവശേഷിച്ച മദ്യം ഒറ്റ വലിക്ക് കുടിച്ചുതീർത്ത ശേഷം എന്റെ മുഖത്ത് നോക്കി ഒരു പ്രത്യേക ചിരി ചിരിച്ചു അയാൾ. ലജ്ജ കലർന്ന ചിരി. പിന്നെ ഒഴിഞ്ഞ ഗ്ലാസ് മേശപ്പുറത്തു വെച്ച് പറഞ്ഞു: ``ശുഭരാത്രി, സുഹൃത്തേ. ഇനി നമ്മൾ കണ്ടില്ലെന്നിരിക്കും. ഇന്ന് ഞാൻ പറഞ്ഞ കഥകളെല്ലാം മറന്നുകളയുക. പോകുമ്പോൾ ആ വാതിൽ ഒന്നടച്ചേക്കുക..''

ഗുഡ്നൈറ്റ് പറഞ്ഞ് പുറത്തു വന്ന് വാതിൽ ചാരിയിട്ടും മനസ്സിൽ നിന്ന് മായുന്നില്ല ഇന്ദ്രനീലിന്റെ മുഖത്തെ ഭാവപ്പകർച്ച. എന്തായിരിക്കും ആ ചിരിയിലൂടെ അയാൾ പറഞ്ഞത് ? അറിയില്ല. ഉള്ളിൽ ഹേമന്ത് കുമാർ പാടിക്കൊണ്ടേയിരിക്കുന്നു -- ശർത്ത് എന്ന ചിത്രത്തിലെ ആ പ്രശസ്ത ഗാനത്തിന്റെ വരികൾ... ``ന യേ ചാന്ദ് ഹോഗാ ന താരേ രഹേംഗേ, മഗർ ഹം ഹമേശാ തുംഹാരേ രഹേംഗേ....'' ഈ ചന്ദ്രനും താരകളും ഒക്കെ ഇല്ലാതായാലും എന്നും നിന്റേതു മാത്രമായിരിക്കും ഞാൻ...നിന്റേതു മാത്രം.

Content Highlights: Ye nayan dare dare, Indraneel, Hemanth Kumar song

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented