മുകിൽവർണ്ണന്റെ ശില്പിക്ക് വേദനയോടെ വിട


രവിമേനോൻ

4 min read
Read later
Print
Share

എഴുതിയ പാട്ടിന്റെ ``പിതൃത്വം'' കൈവിട്ടുപോയതിന്റെ ദുഃഖം പങ്കുവെക്കാനാണ് തിക്കുറിശ്ശി സാർ ആദ്യം വിളിച്ചത്

Photo | Facebook, Ravi Menon

വികാരഭരിതനായിരുന്നു കെ വി തിക്കുറിശ്ശി സാർ; ഞാനും. ``ഈ എൺപത്തെട്ടാം വയസ്സിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ അവാർഡാണ് നിങ്ങളുടെ ലേഖനം.'' -- രാധയെ കാണാത്ത മുകിൽവർണ്ണൻ എന്ന ഗാനത്തെക്കുറിച്ചെഴുതിയ കുറിപ്പ് വായിച്ച് അദ്ദേഹം പറഞ്ഞു.

``അതിലും വലിയ ബഹുമതിയാണ് എനിക്കീ വാക്കുകൾ'' എന്ന് എന്റെ മറുപടി. എഴുതുന്ന വാക്കുകൾ ആരുടെയൊക്കെ ജീവിതത്തെ സ്പർശിക്കുന്നു, അവർക്ക് ആഹ്ലാദം പകരുന്നു എന്നത് എഴുത്തുകാരനെ സംബന്ധിച്ചും സന്തോഷമുള്ള കാര്യം.

എഴുതിയ പാട്ടിന്റെ ``പിതൃത്വം'' കൈവിട്ടുപോയതിന്റെ ദുഃഖം പങ്കുവെക്കാനാണ് തിക്കുറിശ്ശി സാർ ആദ്യം വിളിച്ചത്. ``ജീവിതസായാഹ്നത്തിൽ എനിക്കിനി വലിയ മോഹങ്ങളില്ല. എങ്കിലും ഒരു വേദന ബാക്കിയുണ്ട്. വർഷങ്ങൾക്ക് മുൻപ് ഞാനെഴുതിയ ഒരു പാട്ടിന്റെ പിതൃത്വം എനിക്ക് എന്നന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു. ഇന്നും എത്രയോ മത്സരവേദികളിൽ, ടെലിവിഷൻ പരിപാടികളിൽ ആ രചന മറ്റു പലരുടേയും പേരിൽ അവതരിപ്പിക്കപ്പെടുന്നത് കാണുമ്പോൾ ദുഃഖം തോന്നും. താങ്കൾ ആ പാട്ടിനെക്കുറിച്ച് വിശദമായി എഴുതുകയാണെങ്കിൽ അതായിരിക്കും ഈ പ്രായത്തിൽ എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ ആഹ്ലാദം, അനുഗ്രഹം.''

കവിമനസ്സ് ഉൾക്കൊള്ളാനാകുമായിരുന്നു എനിക്ക്. അതേ വേദന പലപ്പോഴായി സ്വയം അനുഭവിക്കേണ്ടി വന്നിട്ടുള്ളതുകൊണ്ട് പ്രത്യേകിച്ചും. കഴിഞ്ഞ ദിവസം കോവിഡിന് കീഴടങ്ങിയ തിക്കുറിശ്ശി സാറിന്റെ ഓർമ്മയിൽ ആ ലേഖനം ഒരിക്കൽ കൂടി പങ്കുവെക്കുകയാണിവിടെ; ആദരാഞ്ജലികളോടെ..

ആ മുകിൽവർണ്ണന്റെ ശിൽപ്പി ഇതാ ഇവിടെ

കവിയും ഗായികയും ഒരുപോലെ ദുഃഖിതർ. സൃഷ്ടിയുടെ വേദനയേക്കാൾ തീവ്രമാണ് സൃഷ്ടി കൈവിട്ടുപോകുന്നതിന്റെ വേദന എന്ന സത്യം തിരിച്ചറിഞ്ഞവരാണല്ലോ ഇരുവരും. മനോഹരമായ ഒരു പാട്ടാണ് കഥാപാത്രം. തലമുറകൾ ഏറ്റുപാടിയ ആകാശവാണി ലളിതഗാനം: ``രാധയെ കാണാത്ത മുകിൽവർണ്ണനോ സീതയെ വേർപെട്ട ശ്രീരാമനോ''. പിറന്നുവീണ് പതിറ്റാണ്ടുകളായിട്ടും ഇന്നും യുവജനോത്സവവേദികളിൽ ആവശ്യക്കാരുണ്ട് ആ പാട്ടിന്; ആരാധകരും. എഴുതിയ കൃഷ്ണവർമ്മൻ നായർ തിക്കുറിശ്ശി എന്ന കെ വി തിക്കുറിശ്ശിക്കും സ്വരപ്പെടുത്തിയ എം ജി രാധാകൃഷ്ണനും പാടിയ അമ്പിളിക്കും അഭിമാനിക്കാവുന്ന കാര്യം. വയസ്സ് നാൽപ്പത്തഞ്ചാകുന്നു ആ ലളിതഗാനത്തിന്; പാട്ടെഴുതിയ കെ വി തിക്കുറിശ്ശിക്ക് എൺപത്തെട്ടും. `` ഗാനം ചിട്ടപ്പെടുത്തിയത് എം ജി രാധാകൃഷ്ണൻ ആണെന്ന് എല്ലാവർക്കും അറിയാം.നിർഭാഗ്യവശാൽ എഴുത്തുകാരന്റെ പേര് അധികമാരുടെയും ഓർമ്മയിലില്ല. ടെലിവിഷൻ പരിപാടികളിലും മറ്റു വേദികളിലുമൊന്നും എന്റെ പേര് പരാമർശിച്ചു കേട്ടിട്ടുമില്ല.''-- തിക്കുറിശ്ശിയുടെ വാക്കുകളിൽ നേർത്ത നൊമ്പരം.

അമ്പിളിയ്ക്കുമുണ്ട് അതേ നഷ്ടബോധം. ``മറ്റു പലരുടെയും ശബ്ദത്തിൽ ആ ഗാനം വീണ്ടും റെക്കോർഡ് ചെയ്തു പുറത്തുവന്നതായി അറിയാം. യുട്യൂബിൽ ഉള്ളത് പോലും ഒറിജിനൽ അല്ല. ചിത്രയുടെ ചേച്ചി കെ എസ് ബീന പിന്നീട് പാടി റെക്കോർഡ് ചെയ്തതാണ്. കേൾക്കുന്നവർ അത് ബീനയുടെ ഗാനമായി തെറ്റിദ്ധരിക്കുന്നത് സ്വാഭാവികം. പരാതിയൊന്നുമില്ല എനിക്ക്. എങ്കിലും ആദ്യം പാടി റെക്കോർഡ് ചെയ്ത ഗായിക ചരിത്രത്തിൽ നിന്നേ മാഞ്ഞുപോകുക എന്നുവെച്ചാൽ അതിലൊരു അനീതിയില്ലേ? ഒരു കാലം കഴിഞ്ഞാൽ നാം തന്നെ നമ്മുടെ പഴയ പാട്ടുകൾ മറന്നുപോകുന്ന അവസ്ഥയാണിപ്പോൾ.'' -- അമ്പിളി ചിരിക്കുന്നു.

രസകരമായ ഒരനുഭവമുണ്ട് അമ്പിളിയുടെ ഓർമ്മയിൽ. ``വർഷങ്ങൾക്ക് മുൻപൊരിക്കൽ എം ജി രാധാകൃഷ്ണൻ ചേട്ടന്റെ തൈക്കാട്ടുള്ള വീട്ടിൽ ചെന്നതായിരുന്നു. എന്നെ കണ്ടതും ഉമ്മറത്തിരുന്നുകൊണ്ട് ഈ പാട്ടിന്റെ പല്ലവി പാടി അദ്ദേഹം: ``രാധയെ കാണാത്ത മുകിൽവർണ്ണനോ സീതയെ വേർപെട്ട ശ്രീരാമനോ..'' എത്രയോ കാലത്തിന് ശേഷം കേൾക്കുകയായിരുന്നു ആ പാട്ട്. രാധാകൃഷ്ണൻ ചേട്ടനോട് ഒരു മണ്ടത്തരം എഴുന്നള്ളിച്ചു ഞാൻ: നല്ല പാട്ട്. സുജാത പാടിയതല്ലേ?'' ഞെട്ടിപ്പോയിരിക്കണം അദ്ദേഹം. സ്വന്തം പാട്ട് മറന്നുപോയതിന് അന്നദ്ദേഹം എന്നെ കളിയാക്കിയതിന് കണക്കില്ല..''

ആകാശവാണിയുടെ ഓണാഘോഷ പരിപാടിക്ക് വേണ്ടി 1970 കളുടെ മദ്ധ്യത്തിലാണ് കെ വി തിക്കുറിശ്ശി ഈ പാട്ടെഴുതുന്നത്. അതിനു മുൻപും തിക്കുറിശ്ശിയുടെ ലളിതഗാനങ്ങൾ പ്രക്ഷേപണം ചെയ്തിട്ടുണ്ട് ആകാശവാണി. കമുകറ പുരുഷോത്തമൻ പാടിയ മന്മഥശരമോ പൂജാമലരോ ഉദാഹരണം. പിന്നണിഗാന രംഗത്ത് പ്രശസ്തിയുടെ പടവുകൾ കയറിത്തുടങ്ങിയിരുന്ന അമ്പിളിയാണ് സെനറ്റ് ഹാളിലെ ക്ഷണിക്കപ്പെട്ട സദസ്സിനു മുൻപാകെ ``രാധയെ കാണാത്ത മുകിൽവർണ്ണൻ'' ആദ്യം ആലപിച്ചത്. ``ആകാശവാണിയിൽ വെച്ചു രാധാകൃഷ്ണൻ ചേട്ടൻ പാട്ടു പഠിപ്പിച്ചത് ഓർമ്മയുണ്ട്. അദ്ദേഹം പാടിത്തരുന്നത് കേട്ടിരിക്കുക തന്നെ ഒരനുഭവമാണ്. എല്ലാ ഭാവവും സ്വാഭാവികമായി വന്നു നിറയും ആ ആലാപനത്തിൽ.''

പാട്ടു ചിട്ടപ്പെടുത്തിയ ശേഷം ഗാനരചയിതാവിനോട് രാധാകൃഷ്ണൻ പറഞ്ഞു: ``നോക്കിക്കോളൂ; ഇതായിരിക്കും അടുത്ത സ്‌കൂൾ യുവജനോത്സവത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പാടാൻ പോകുന്ന ഗാനം.'' ആ വാക്കുകൾ സത്യമായി എന്ന് തിക്കുറിശ്ശി. ആ വർഷം മാത്രമല്ല അടുത്ത വർഷങ്ങളിലും യുവജനോത്സവ മത്സരാർത്ഥികളുടെ പ്രിയഗാനമായിരുന്നു ``രാധയെ കാണാത്ത മുകിൽവർണ്ണൻ.'' ആകാശവാണിയുടെ ലളിതസംഗീതപാഠം ഗാനത്തെ കൂടുതൽ പ്രശസ്തമാക്കി. അപ്പോഴും തിരശീലക്ക് പിന്നിൽ മറഞ്ഞിരിക്കാനായിരുന്നു ഗാനരചയിതാവിന് യോഗം. ഒന്നിച്ചുള്ള പഴയൊരു ട്രെയിൻ യാത്രക്കിടെ ഗായകൻ ഉദയഭാനു ആ പാട്ടിന്റെ ഈരടികൾ ആസ്വദിച്ച് മൂളിക്കേട്ടത് തിക്കുറിശ്ശിയുടെ ഓർമ്മയിലുണ്ട്. ``വലിയ സന്തോഷം തോന്നി. പക്ഷേ ആരാണ് ആ പാട്ടെഴുതിയതെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. എം ജി രാധാകൃഷ്ണന്റെ സഹോദരി ഡോ ഓമനക്കുട്ടിയും ഒരിക്കൽ ഇതുതന്നെ പറഞ്ഞു. അത്തരം അനുഭവങ്ങൾ പതിവായപ്പോഴാണ് ഗാനത്തിന് പിന്നിൽ അജ്ഞാതനായി മറഞ്ഞിരിക്കുന്നതിന്റെ അപകടം മനസ്സിലായത്.''

മലയാളികൾ ഓർമ്മയിൽ സൂക്ഷിക്കുന്ന വേറെയും ഗാനങ്ങളുണ്ട് തിക്കുറിശ്ശിയുടെ വകയായി. ``സർവ്വചരാചര സ്രഷ്ടാവാം ദൈവമേ സത്യസനാതന ചൈതന്യമേ'' എന്ന രചന എത്രയോ വിദ്യാലയങ്ങളിലും ദേവാലയങ്ങളിലും പ്രാർത്ഥനാഗീതമായിരുന്നു. കാട്ടാക്കട പി ആർ വില്യംസ് ഹൈസ്‌കൂളിൽ മലയാളം അധ്യാപകനായിട്ടാണ്‌ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. പിന്നീട് കവടിയാർ സാൽവേഷൻ ആർമി സ്‌കൂളിലും അധ്യാപകനായി. നിരവധി കാവ്യങ്ങളും ആധ്യാത്മിക ഗ്രന്ഥങ്ങളും ഗദ്യപരിഭാഷകളും രചിച്ചിട്ടുള്ള തിക്കുറിശ്ശി ഇപ്പോൾ തിരുവനന്തപുരത്ത് വലിയവിളയിലാണ് താമസം. ഇന്ത്യൻ സ്വാതന്ത്ര്യ സമരകഥയെ ആസ്പദമാക്കി അദ്ദേഹം രചിച്ച ബൃഹദ്കാവ്യം ഉടൻ പുറത്തിറങ്ങാനിരിക്കുന്നു.

ഗാനം ഇതാ- രചന: കെ വി തിക്കുറിശ്ശി, സംഗീതം: എം ജി രാധാകൃഷ്ണൻ, ഗായിക: അമ്പിളി

രാധയെ കാണാത്ത മുകിൽവർണ്ണനോ
സീതയെ വേർപെട്ട ശ്രീരാമനോ
ഗന്ധർവ ഗായകാ നിൻ മണിവീണയിൽ
എന്തേ അപസ്വരങ്ങൾ
ധനുമാസ ചന്ദ്രിക പാൽ ചുരന്നു
എന്റെ മനസ്സിന്റെ നന്ദനങ്ങൾ പൂവണിഞ്ഞു
മണമേകി മധു തൂകി മദമണയ്ക്കും, നറു
മലരായ മലരെല്ലാം ഇറുത്തെടുത്തു
കുളിർകോരും ചിന്തകളിൽ ഞാൻ മുഴുകി
ഒരു പുളകത്തിൻ തേൻപുഴയിൽ വീണൊഴുകി
മധുരക്കിനാക്കൾക്ക് നിറമിണങ്ങി
മദനന്റെ മലരമ്പായ് ഞാനൊരുങ്ങി

content highlights : veteran poet kv thikkurissi rememberance

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Chithra

4 min

'വൺസ് മോർ' കേട്ടാൽ അഭിമാനപുളകിതരാകാത്ത പാട്ടുകാരുണ്ടോ? ശരത് ഉണ്ട്, അതും ചിത്രയ്ക്കൊപ്പം പാടിയപ്പോൾ

Aug 13, 2021


Shabnam

5 min

വെണ്ണിലാ ചന്ദനക്കിണ്ണം; ഒരൊറ്റ പാട്ടിലൂടെ ഹൃദയം കവർന്ന ഗായിക, ശബ്നം

Jul 21, 2021


jayachandran, ravi menon

6 min

കൂട്ടുകാരന്‍ പറഞ്ഞു: ഏശ്വാസിന്റെ അനിയനാ ജയചന്ദ്രന്‍

Mar 3, 2020


Most Commented