-
പാട്ടെഴുതിയ കടലാസിലേക്കും ദേവരാജന്‍ മാഷിന്റെ മുഖത്തേക്കും മാറിമാറി നോക്കി അയിരൂര്‍ സദാശിവന്‍-വിശ്വാസം വരാത്ത പോലെ. അപൂര്‍വമായ ഒരു മന്ദസ്മിതം മിന്നിമറഞ്ഞോ മാഷിന്റെ മുഖത്ത്?
``നിന്റെ ജീവിതത്തില്‍ നിനക്ക് കിട്ടാവുന്ന ഏറ്റവും വലിയ പാട്ടാണിത്.''-ഗൗരവം കൈവിടാതെ മാസ്റ്റര്‍ യുവഗായകനോട് പറഞ്ഞു. ``പാട്ടെന്ന് പറഞ്ഞുകൂടാ. ആഴമുള്ള കവിത തന്നെ. വരികളുടെ ആശയം ഉള്‍ക്കൊണ്ട് പാടിയാല്‍ നിനക്ക് നല്ലത്.'' തെല്ലു നിര്‍ത്തി ഒരു കാര്യം കൂട്ടിച്ചേര്‍ക്കുന്നു മാസ്റ്റര്‍. ``നിന്റെയും എന്റെയും ഒക്കെ അമ്മയെ കുറിച്ചാണ് വയലാര്‍ എഴുതിയിരിക്കുന്നത്. വായിച്ചു നോക്ക്.''
പാട്ടിന്റെ പല്ലവി വായിച്ചപ്പോഴേ കണ്ണു നിറഞ്ഞെന്ന് സദാശിവന്‍. ``അമ്മേ, അവിടുത്തെ മുന്നില്‍ ഞാനാര് ദൈവമാര്..'' അടുത്ത വരികള്‍ അതിലും കേമം: ``ആദിയില്‍ മാനവും ഭൂമിയും തീര്‍ത്തത് ദൈവമായിരിക്കാം, ആറാം നാളില്‍ മനുഷ്യനെ തീര്‍ത്തതും ദൈവമായിരിക്കകം, ആ ദൈവത്തെ പെറ്റുവളര്‍ത്തിയതമ്മയല്ലോ അമ്മ, ആ ദൈവത്തെ മുലപ്പാലൂട്ടിയതമ്മയല്ലോ അമ്മ...'' സിനിമയില്‍ അവസരം തേടി മദ്രാസിലേക്ക് വണ്ടികയറിയ മകന്‍ അറിയപ്പെടുന്ന പാട്ടുകാരനായി തിരിച്ചുവരുന്നതും കാത്ത്, അയിരൂര്‍ എന്ന കൊച്ചു ഗ്രാമത്തില്‍ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്ന സ്വന്തം അമ്മയെ ഓര്‍മവന്നിരിക്കണം സദാശിവന്. ആ ഗാനം മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായി മാറിയത് പില്‍ക്കാല ചരിത്രം.
ഇന്ന് വീണ്ടും ``ചായ''ത്തിലെ (1973) ആ പാട്ടിന്റെ വരികള്‍ നൊമ്പരമായി ഓര്‍മയില്‍ നിറഞ്ഞു; കോവിഡ് 19 കാലത്ത് വയോജനങ്ങളെ ബോധപൂര്‍വം മരണത്തിന് വിട്ടുകൊടുക്കുന്ന ചില യൂറോപ്യന്‍ രാജ്യങ്ങളെ കുറിച്ചുള്ള ഹൃദയഭേദകമായ റിപ്പോര്‍ട്ടുകള്‍ പത്രത്തില്‍ വായിച്ചപ്പോള്‍. ഈ ക്രൂരതക്കെതിരെ കഴിഞ്ഞ ദിവസം അമേരിക്കയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ഉയര്‍ന്നു കേട്ട മുദ്രാവാക്യങ്ങളില്‍ ഒന്ന് ഇതായിരുന്നത്രെ: ``പറയൂ, എന്റെ അമ്മയെ എങ്ങനെ ഉപേക്ഷിക്കാന്‍ പറ്റും എനിക്ക്?'' ആരുടേയും ചങ്കില്‍ തറയ്ക്കുന്ന ചോദ്യം.
വയലാറിന്റെ വരികള്‍ ഇന്നും എത്ര പ്രസക്തമെന്നോര്‍ക്കുക: ``കാലവും നമ്മളും അവരുടെ സന്ദേശകാവ്യമായിരുന്നില്ലേ, പൊക്കിള്‍ക്കൊടിയിലൂടെ, പുഷ്പച്ചൊടിയിലൂടെ മക്കളുടെ ഞരമ്പുകളിലേക്കൊഴുകിവന്നൂ, അമ്മയുടെ യൗവന സ്വപ്നങ്ങളില്‍ നാം ബ്രഹ്മാനന്ദമായിരുന്നൂ..'' ഇതിലും ഭാവതീവ്രമായി എങ്ങനെ വരച്ചിടാന്‍ പറ്റും മക്കളുമായുള്ള അമ്മയുടെ ബന്ധം.

``സിനിമയ്ക്ക് വേണ്ടി രചിക്കപ്പെട്ട ഗാനമായിരുന്നില്ല അത്.''-സദാശിവന്റെ വാക്കുകള്‍. ``വയലാര്‍ പ്രിയപ്പെട്ട അമ്മയ്ക്ക് സമര്‍പ്പിച്ച കവിതയായിരുന്നു. പിന്നീട് ചായം എന്ന സിനിമയില്‍ ആ കവിത ഉള്‍പ്പെടുത്താന്‍ വേണ്ടി ഒരു കഥാസന്ദര്‍ഭം സൃഷ്ടിച്ചു എന്ന് മാത്രം. എത്രയോ തവണ എന്നെ വീട്ടില്‍ കൂട്ടിക്കൊണ്ടു പോയി അമ്മയുടെ അടുത്തിരുത്തി ആ വരികള്‍ പാടിച്ചിട്ടുണ്ട് വയലാര്‍. പാട്ടിന്റെ റെക്കോര്‍ഡ് വെച്ച് കേള്‍ക്കുന്നതിനേക്കാള്‍ ആ ഗാനം ഞാന്‍ നേരിട്ട് പാടിക്കേള്‍ക്കാന്‍ ആഗ്രഹിച്ചു വയലാറിന്റെ അമ്മ. കണ്ണു നിറയാതെ ആ പാട്ട് കേട്ടുതീര്‍ക്കാനാവില്ല അവര്‍ക്ക്....''
അധികമൊന്നും സിനിമയില്‍ പാടിയിട്ടില്ലെങ്കിലും ഈ ഒരൊറ്റ പാട്ടിലൂടെ തന്റെ സംഗീതജീവിതം സാര്‍ഥകമായി എന്ന് വിശ്വസിച്ചു അയിരൂര്‍ സദാശിവന്‍. അതിനു മുന്‍പ് ഒരൊറ്റ പാട്ടേ റെക്കോര്‍ഡ് ചെയ്തിരുന്നുള്ളൂ-യൂസഫലി കേച്ചേരിയും ദേവരാജനും ചേര്‍ന്നൊരുക്കിയ ``മര''ത്തിലെ മൊഞ്ചത്തിപ്പെണ്ണേ നിന്‍ ചുണ്ട്. ``ആഴ്ചകള്‍ക്കകം മാസ്റ്റര്‍ വീണ്ടും പാടാന്‍ വിളിച്ചപ്പോള്‍ അതൊരു സാധാരണ പാട്ടായിരിക്കും എന്നേ കരുതിയുള്ളൂ. അര്‍ത്ഥഗാംഭീര്യമാര്‍ന്ന പാട്ടുകള്‍ പാടാന്‍ യേശുദാസ് ഉള്ളപ്പോള്‍ മറ്റൊരു ഗായകനെ തേടിപ്പോകേണ്ട കാര്യമില്ലല്ലോ. പക്ഷേ മാസ്റ്റര്‍ എന്നെ അമ്പരപ്പിച്ചുകളഞ്ഞു. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ആ വലിയ മനസ്സിന്.'' മറ്റൊരു നല്ല ഗാനം കൂടി ആ സിനിമക്ക് വേണ്ടി പാടിയിട്ടുണ്ട് സദാശിവന്‍-ശ്രീവല്‍സം മാറില്‍ ചാര്‍ത്തിയ.... (2015 ഏപ്രില്‍ 9 നായിരുന്നു സദാശിവന്റെ നിര്യാണം).
വാഹിനി സ്റ്റുഡിയോയിലെ റെക്കോര്‍ഡിംഗ് മറ്റൊരു മറക്കാനാവാത്ത അനുഭവം. സംവിധായകന്‍ പിഎന്‍ മേനോന്‍, കഥയും തിരക്കഥയുമെഴുതിയ മലയാറ്റൂര്‍ രാമകൃഷ്ണന്‍, വയലാര്‍ ഒക്കെയുണ്ട് സ്ഥലത്ത്. അമ്മയെ കുറിച്ചുള്ള പാട്ട് പാടിക്കേട്ടപ്പോള്‍ എല്ലാവരും വികാരാധീനരായി. പ്രത്യേകിച്ച് മലയാറ്റൂര്‍.'' രക്തക്കുഴലിലൂടെ, അസ്ഥിത്തളിരിലൂടെ മക്കളുടെ മനസ്സിലേക്ക് ഒഴുകിവന്ന സ്വന്തം അമ്മയെ ആ നിമിഷങ്ങളില്‍ അറിയാതെ ഓര്‍ത്തുപോയിരിക്കണം അവരെല്ലാം. വയലാര്‍ എഴുതിയ പോലെ, അമ്മയുടെ ശൈശവ സ്വര്‍ഗങ്ങളില്‍ മണ്‍പാവകളായിരുന്നില്ലേ ഒരിക്കല്‍ എല്ലാവരും?
സുധീറായിരുന്നു ``ചായ''ത്തിലെ നായകനെങ്കിലും ഗാനരംഗത്ത് അഭിനയിച്ചത് രാഘവനാണ്. പാടി അഭിനയിച്ചവയില്‍ രാഘവന് ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളില്‍ ഒന്ന്. മലയാളത്തില്‍ ആരും അതുവരെ കൈവെക്കാന്‍ ധൈര്യപ്പെട്ടിട്ടില്ലാത്ത ഈഡിപ്പസ് കോംപ്ലക്‌സ് ആണ് പിഎന്‍ മേനോന്‍ തന്റെ സിനിമക്ക് തിരഞ്ഞെടുത്ത വിഷയം. അമ്മയാണെന്നറിയാതെ അമ്മയെ പ്രാപിക്കാന്‍ ശ്രമിക്കുന്ന മകന്റെ കഥ. അത്തരമൊരു ആശയം ആര്‍ജവത്തോടെ സ്വീകരിക്കാനുള്ള പക്വത കൈവരിച്ചിരുന്നില്ല അന്നത്തെ സാധാരണ പ്രേക്ഷകര്‍ എന്ന് വിശ്വസിക്കുന്നു രാഘവന്‍. ഇന്ന് ആ സിനിമ ഓര്‍മയില്‍ അവശേഷിപ്പിക്കുന്നത് പകരം വെക്കാനില്ലാത്ത ഈ ഗാനം മാത്രം.
Content Highlights: Vayalar Ayiroor Sadasivan m Malayalam Melody Old Song Amme Aviduthe Munnil Ravi Menon
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..