Image designed by Aromal P.K.
ഒരു റോക്ക്‌സ്റ്റാര്‍ ആയിത്തീരണമെന്നായിരുന്നു ബപ്പി ലാഹിരിയുടെ ആഗ്രഹം. അതിനായി അത്തരത്തിലുള്ള വേഷവിധാനങ്ങളോടെ അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടു. സ്വര്‍ണം തനിക്ക് ഭാഗ്യം കൊണ്ടുവരുന്നുവെന്നു പറഞ്ഞ് സ്വര്‍ണമാലകള്‍ അണിഞ്ഞു, കറുത്ത സണ്‍ഗ്ലാസ്സുകള്‍ ധരിച്ചു. എപ്പോഴും ചിരിക്കുന്ന മുഖത്തോടെ മാത്രം കാണപ്പെട്ട ബാപ്പി ദാ, തന്റെ പാട്ടുകള്‍ കേള്‍ക്കുന്നവര്‍ക്ക് ആനന്ദം പകരുന്നവയായിരിക്കണമെന്ന് ശഠിച്ചു. എന്നാല്‍ അതുല്യപ്രതിഭയായിരുന്ന ബപ്പി ദായ്ക്ക് അര്‍ഹിക്കുന്ന തരത്തിലുള്ള അംഗീകാരമോ അഭിനന്ദനമോ ലഭിച്ചിട്ടുണ്ടോയെന്ന കാര്യം സംശയമാണെന്ന് പറയുകയാണ് ഇന്‍ഡി പോപ് ക്വീന്‍ ഉഷ ഉതുപ്പ്. തന്റെ ഒരു ഷോ പോലും ബപ്പിയുടെ ഗാനം ഉള്‍പ്പെടാതെ നടക്കാറില്ലെന്ന് ഓര്‍മിക്കുകയാണ് ആരാധകര്‍ 'ദീദി' എന്ന് വിളിക്കുന്ന പ്രിയഗായിക.
ബപ്പി ദായും ഉഷാ ദീദിയും-ജോഡി നമ്പര്‍ വണ്‍
ബപ്പി ലാഹിരിയെ പോലെ തന്നെ തന്റെ വേഷവിധാനത്തില്‍ വ്യത്യസ്തലുക്ക് വരുത്തിയ ഗായികയാണ് ഉഷ ഉതുപ്പ്. സാരിയുടുത്ത്, മുല്ലപ്പൂ ചൂടി, വലിയ പൊട്ട് തൊട്ട്, കയ്യില്‍ നിറയെ കുപ്പിവളകളണിഞ്ഞ് ഘനഗാംഭീര്യമുള്ള ശബ്ദത്തില്‍ പോപ് സംഗീതമാലപിക്കുന്ന ഉഷ ഉതുപ്പ് എന്നും ഒരദ്ഭുതമാണ്. ബപ്പി ലാഹിരിയുടെ സിനിമാഗാനങ്ങള്‍ ഉഷ ഉതുപ്പിന് പിന്നണിഗായികയെന്ന നിലയില്‍ പ്രശസ്തയാക്കി. ബപ്പി ലാഹിരിയും ഉഷ ഉതുപ്പും ഒന്നിച്ചാല്‍ ഗാനം ഹിറ്റാണെന്ന് ബപ്പി ദായ്ക്ക് ഉറപ്പായിരുന്നു. 'ജോഡി നമ്പര്‍ വണ്‍' എന്നാണ് ഇരുവരുടേയും കൂട്ടുകെട്ടിനെ ബപ്പി ദാ വിശേഷിപ്പിച്ചിരുന്നത്. ഹരി ഓം ഹരിയും റംബ ഹോയുമില്ലാതെ ഉഷ ഉതുപ്പിന്റെ ഒരു സ്‌റ്റേജ് ഷോ പോലും പൂര്‍ണമാകാറില്ല. അതില്‍ നിന്ന് തന്നെ ബപ്പി ലാഹിരിയുടെ ഗാനങ്ങള്‍ ഉഷ ഉതുപ്പിന്റെ കരിയറില്‍ സൃഷ്ടിച്ച സ്വാധീനം മനസ്സിലാക്കാം.
ഉഷ ഉതുപ്പ്-ബപ്പി ലാഹിരി ഹിറ്റ്‌സ്
1980 ല്‍ പ്യാരാ ദുഷ്മന്‍ എന്ന സിനിമയിലെ ഹരി ഓം ഹരി എന്ന ഫാസ്റ്റ് നമ്പര്‍ ആലപിച്ചാണ് ബപ്പി ലാഹിരി-ഉഷാ ഉതുപ്പ് ജോഡിയുടെ ഹിറ്റ് യാത്ര ആരംഭിച്ചത്. 1959 ല്‍ റിലീസായ വണ്‍ വേ ടിക്കറ്റ് എന്ന ഗാനവുമായി ഹരി ഓം ഹരിയ്ക്ക് സാമ്യതയുണ്ടായിരുന്നെങ്കിലും കുറച്ചു കൂടി ഫാസ്റ്റ് നമ്പറായിരുന്നു ഗാനം. കല്‍പനാ അയ്യരായിരുന്നു ഗാനരംഗത്ത് ആടിത്തിമിര്‍ത്തത്. അംജദ് ഖാനും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. അഞ്ജാനാണ് ഗാനത്തിന് വരികളെഴുതിയത്. തുടര്‍ന്ന് 1981 ല്‍ അര്‍മാന്‍ എന്ന സിനിമയ്ക്ക് വേണ്ടി റംബ ഹോ എന്ന ഗാനം. വന്‍ ഹിറ്റായ ഗാനം അക്കൊല്ലത്തെ ബിനാക ഗീത്മാലയിലും ഇടം നേടിയിരുന്നു. തുടര്‍ന്ന് വര്‍ദാത് എന്ന സിനിമയിലെ തൂ മുഝേ ജാന്‍ സെ ഭി പ്യാരാ എന്ന റൊമാന്റിക് ഗാനം. 1982 ല്‍ ഡിസ്‌കോ ഡാന്‍സര്‍ എന്ന സിനിമയ്ക്ക് വേണ്ടി ഉഷ ഉതുപ്പും ബപ്പിയും ദായും ചേര്‍ന്നാലപിച്ച കോയി യഹാം ആഹാ നാചേ നാചേ എന്ന ഹിറ്റ് ഗാനം. നാകാ ബന്ദി, ഉരി ഉരി ബാബാ...പട്ടികയില്‍ ഇനിയുമുണ്ട് ഗാനങ്ങള്‍.
ആശ ഭോസ്ലെ, അലീഷ ചിനായ്, പാര്‍വതി ഖാന്‍ വിത്ത് ബപ്പി ദാ
ഈ ഗാനങ്ങള്‍ കൂടാതെ മറ്റു പ്രശസ്ത ഗായികമാരും ബപ്പി ലാഹിരിയുടെ സംഗീതസംവിധാനത്തില്‍ പോപ്-റോക്ക് സിനിമാഗാനങ്ങള്‍ ആലപിച്ചു. ഡിസ്‌കോ ഡാന്‍സര്‍ എന്ന സിനിമയിലെ ജിമ്മി ജിമ്മി എന്ന ഗാനം ആലപിച്ചത് പാര്‍വതി ഖാനാണ്. നമക് ഹലാല്‍ എന്ന ചിത്രത്തിലെ ജവാനി ജാനേമന്‍ എന്ന ഗാനം ആലപിച്ചത് ആശ ഭോസ്ലെയായിരുന്നു. അഞ്ജാന്‍ ആണ് ഗാനരചന. പര്‍വീണ്‍ ബാബിയായിരുന്നു ഗാനരംഗത്ത്. രണ്ട് ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു. 1982 ലായിരുന്നു ഇരുഗാനങ്ങളും റിലീസായത്. 1987 ല്‍ പുറത്തിറങ്ങിയ സൂബി സൂബി, ദില്‍ മേരാ തോഡോനാ എന്നീ ഗാനങ്ങളിലൂടെ അലീഷ ചിനായ് എന്ന പോപ് ഗായികയെ രംഗത്തെത്തിച്ചത് ബപ്പി ദായായിരുന്നു. ഥാനേദാര്‍ എന്ന 1991 സിനിമയില്‍ അനുരാധാ പൗഡ്വാളും ബപ്പി ലാഹിരിയും ചേര്‍ന്നു പാടിയ തമ്മാ തമ്മാ ലോഗേ എന്ന ഗാനവും സൂപ്പര്‍ ഹിറ്റായിരുന്നു. പട്ടിക തീരുന്നില്ല...
Content Highlights: Usha Uthup Alisha Chinai Bappi Lahiri Hit Songs
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..