Sreekumaran Thampi
കൊറോണ വൈറസും ക്വാറൻറ്റീനുമൊക്കെ സങ്കൽപ്പങ്ങളിൽ പോലും ഇല്ലാത്ത കാലത്ത് സംഗീത പ്രേമിയായ സഹപാഠിയോട് ചോദിച്ചിട്ടുണ്ട്: പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ എവിടെയെങ്കിലും ദിവസങ്ങളോളം ഒറ്റപ്പെട്ടുപോയാൽ നീ കേൾക്കാനാഗ്രഹിക്കുന്ന പാട്ട് ഏതായിരിക്കും എന്ന്?
"സംശയമെന്ത്? ഏഴിലംപാല പൂത്തു പൂമരങ്ങൾ കുട പിടിച്ചു....'' -അവൻ പറഞ്ഞു. അത്ഭുതം തോന്നിയില്ല. 90 മിനിറ്റ് ദൈർഘ്യമുള്ള സോണിയുടെ ഒരു ഓഡിയോ കാസറ്റിന്റെ ഇരുവശത്തും ``ഏഴിലംപാല'' മാത്രം റെക്കോർഡ് ചെയ്ത്, ഉപജീവനാർത്ഥം ഗൾഫിലേക്ക് പറന്നയാളാണല്ലോ എന്റെ കൂട്ടുകാരൻ -35 വർഷം മുൻപ്.
കാലമേറെ മാറി; സാങ്കേതികവിദ്യയും. കാസറ്റ് പോയി, സി ഡിയും എം പി ത്രീയും പെൻഡ്രൈവും വന്നു. ഇപ്പോ മൊബൈലിലാണ് കേൾവി. പക്ഷേ കേൾക്കുന്ന പാട്ടിൽ മാത്രമില്ല മാറ്റം. ഈ പ്രായത്തിലും ഏകാന്തനിമിഷങ്ങളിൽ അവൻ ആവർത്തിച്ച് കേൾക്കുന്നത് ``കാട്'' എന്ന സിനിമയിൽ ശ്രീകുമാരൻ തമ്പി എഴുതി വേദ്പാൽ വർമ്മ ചിട്ടപ്പെടുത്തിയ ആ ഗാനം മാത്രം.
എന്തുകൊണ്ട്? -കൗതുകത്തോടെ ചോദിച്ചിട്ടുണ്ട് ഒരിക്കൽ. ``അറിയില്ല. ചിലപ്പോൾ അത്ര കണ്ട് ആ പാട്ട് എന്റെ രക്തത്തിൽ അലിഞ്ഞിരിക്കാം. ലോകത്തിന്റെ ഏത് മൂലയിൽ ആയാലും ഏഴിലംപാല കേൾക്കുമ്പോൾ ഞാൻ ഒറ്റയ്ക്കല്ല എന്ന തോന്നലുണ്ടാകും. മനസ്സിലെ ആകുലതകൾ മായും. എല്ലാ നിഷേധാത്മക ചിന്തകളും ആവിയാകും. മരിക്കുമ്പോഴും ആ പാട്ട് കൂടെയുണ്ടാകണം എന്നാണ് ആഗ്രഹം.'' യാദൃച്ഛികമായി ഒരിക്കൽ ഫോണിൽ സംസാരിച്ചപ്പോൾ അവൻ പറഞ്ഞു.
മെരിലാൻഡ് ചിത്രമായ `കാടി'ന് പാട്ടെഴുതാൻ ചെല്ലുമ്പോൾ കാവ്യഗുണമുള്ള ക്ലാസിക് ഗാനങ്ങൾ മിനഞ്ഞെടുക്കാനുള്ള അവസരമാണ് തന്നെ കാത്തിരിക്കുന്നതെന്ന ചിന്തയൊന്നുമില്ല ശ്രീകുമാരൻ തമ്പിക്ക്. പതിവ് ഫോർമുലയിലുള്ള വനചിത്രമാണ്. അതും ഒരേ സമയം അഞ്ചു ഭാഷകളിൽ ചിത്രീകരിക്കുന്ന സിനിമ. അഗാധമായ അർത്ഥഗാംഭീര്യമുള്ള രചനകൾക്കൊന്നും അത്തരം ചിത്രങ്ങളിൽ വലിയ പ്രസക്‌തിയില്ല. മാത്രമല്ല അധികം കേട്ടറിവില്ലാത്ത ഏതോ ഉത്തരേന്ത്യക്കാരന്റെ ഈണത്തിനൊപ്പിച്ചാണ് പാട്ടുകൾ എഴുതേണ്ടത്. ഏഴിലംപാല പൂത്തു എന്ന പാട്ട് എഴുതിക്കൊടുക്കുമ്പോൾ അത് ആ സിനിമയ്ക്കും കാലത്തിനു തന്നെയും അപ്പുറത്തേക്ക് പറന്നുയരും എന്ന് സങ്കൽപ്പിച്ചിട്ടുപോലുമില്ല ശ്രീകുമാരൻ തമ്പി.
വനപശ്ചാത്തലത്തിലുള്ള കഥയായതുകൊണ്ടു മാത്രമല്ല പാട്ടിൽ ഏഴിലംപാല എന്ന് പ്രയോഗിച്ചതെന്ന് പറയുന്നു തമ്പി. ``ഏഴിലംപാലയെ യക്ഷി സങ്കൽപ്പവുമായാണ് നമ്മുടെ സാഹിത്യലോകം എക്കാലവും ചേർത്തുവെച്ചിട്ടുള്ളത്. എന്നാൽ എന്റെ പാട്ടിൽ പൂത്തുനിൽക്കുന്ന ഏഴിലംപാല പ്രണയത്തിന്റെയും രതിയുടെയും പ്രതീകമാണ്. ഇലഞ്ഞിയ്ക്കെന്നപോലെ ഏഴിലംപാലക്കുമുണ്ട് കാമലോലമായ പ്രണയത്തിന്റെ സൗരഭ്യം. പാലയ്ക്ക് അൽപ്പം മാദകത്വം കൂടുമെന്ന് മാത്രം.'' ഈണത്തിനനുസരിച്ചു എഴുതുമ്പോൾ പോലും ഔചിത്യരഹിതമായ ഒരൊറ്റ പ്രയോഗം പോലും തന്റെ ഗാനങ്ങളിൽ കടന്നുവരരുത് എന്ന നിർബന്ധമുണ്ട് തമ്പിക്ക്.
പല്ലവിയിയുടെ അവസാനം വെള്ളിമലയിൽ, വേളിമലയിൽ എന്നെഴുതിയത് പ്രാസമൊപ്പിക്കാൻ വേണ്ടി മാത്രമല്ല എന്ന് വിശദീകരിക്കുന്നു അദ്ദേഹം. ഐതിഹ്യമനുസരിച്ച് സാക്ഷാൽ മുരുകന്റെ വേളി നടന്ന സ്ഥലമാണ് വേളിമല. പാട്ടിന്റെ ചരണത്തിലെ ``കാണാൻ കൊതിച്ച നേരം കവിത പോലെൻ മുന്നിൽ വന്നു'' എന്ന വരിയെ കുറിച്ച് പലരും നല്ലതു പറഞ്ഞുകേട്ടിട്ടുണ്ട്. സന്തോഷവും സംതൃപ്തിയും തോന്നും അപ്പോൾ. ഈണത്തിന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ട് നമ്മൾ എഴുതുന്ന വരികൾ ആരുടെയൊക്കെയോ മനസ്സിനെ ചെന്ന് തൊടുന്നു എന്നത് ചെറിയ കാര്യമല്ലല്ലോ.
നെയ്യാർ ഡാമിൽ ചിത്രീകരിച്ച ആ ഗാനരംഗത്ത് മധുവിനോടൊപ്പം അഭിനയിച്ചത് താരതമ്യേന പുതുമുഖമായ പി ആർ വരലക്ഷ്മി എന്ന മറുനാടൻ നടി. പിൽക്കാലത്ത് അറുനൂറോളം തെന്നിന്ത്യൻ സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടു അവർ. എങ്കിലും മലയാളികൾ വരലക്ഷ്മിയെ ഓർക്കുന്നത് ഈ ഒരൊറ്റ ഗാനരംഗത്തിന്റെ പേരിലാവും
ഇന്നും ``ഏഴിലംപാല''യെ കുറിച്ച് ആളുകൾ വാചാലരാകുമ്പോൾ വേദ്പാൽ വർമ്മ എന്ന സംഗീത സംവിധായകനെ മനസ്സു കൊണ്ട് പ്രണമിക്കും ശ്രീകുമാരൻ തമ്പി.
ജന്മം കണ്ടും കർമ്മം കൊണ്ടും ഉത്തരേന്ത്യക്കാരൻ. മലയാള ഭാഷയിൽ ഗ്രാഹ്യമില്ല അദ്ദേഹത്തിന്. കേരളീയ സംസ്കാരത്തെ കുറിച്ചുള്ള അറിവും തുച്ഛം. പക്ഷേ കവിതയോട് അഗാധമായ സ്നേഹമുണ്ട്. ഭേദപ്പെട്ട കവിയുമാണ്. ഹിന്ദിയിൽ താൻ ചിട്ടപ്പെടുത്തിയ ഒട്ടുമിക്ക പാട്ടുകൾക്കും വരികളെഴുതിയത് വേദ്പാൽ തന്നെ. മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനങ്ങളിൽ ഒന്നായ ``ഏഴിലം പാല പൂത്തു''വിന്റെ സംഗീത ശിൽപ്പി ഈ ഉത്തരേന്ത്യക്കാരനാണെന്ന കാര്യം എത്ര പേർക്കറിയാം? മലയാളിയല്ലെങ്കിലും നല്ലൊരു കവി ഉള്ളിലുള്ളതു കൊണ്ടാണ് `കാട്' എന്ന സിനിമയിൽ അദ്ദേഹം ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ഇന്നും നിലനിൽക്കുന്നതെന്ന് തമ്പി പറയുന്നു.
വരികളുടെ അർത്ഥം ചോദിച്ചു മനസ്സിലാക്കിയ ശേഷമേ വേദ്പാൽ പാട്ട് കംപോസ് ചെയ്യൂ. ഏഴിലംപാല പൂത്തു എന്നെഴുതിക്കൊടുത്തപ്പോൾ അതിന്റെ ഗന്ധം എങ്ങനെ എന്നറിയണം അദ്ദേഹത്തിന്. പറഞ്ഞു മനസ്സിലാക്കാൻ പ്രയാസമുള്ള കാര്യം. എന്നിട്ടും മലയാളിയോളം തന്നെ, ഒരു പക്ഷേ മലയാളിയേക്കാൾ നന്നായി ഏഴിലം പാലയുടെ സുഗന്ധം ഉൾക്കൊള്ളാൻ കഴിഞ്ഞിടത്താണ് വേദ്പാലിന്റെ വിജയം എന്ന് വിശ്വസിക്കുന്നു തമ്പി.
Content Highlights : Sreekumaran Thampi Birthday kaadu movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..