Photo: Mathrubhumi Archives
മലയാളത്തിലെ രണ്ടു പ്രമുഖ ഗാനശില്‍പികള്‍. ഒരാള്‍ സിനിമയിലും ആല്‍ബങ്ങളിലുമായി അസംഖ്യം ഹിറ്റുകള്‍ സമ്മാനിച്ച പാട്ടെഴുത്തുകാരന്‍; മറ്റേയാള്‍ ഒറ്റ പാട്ട് കൊണ്ട് മലയാളികളുടെ മനം കവര്‍ന്ന സംഗീതസംവിധായകന്‍. ഒരു സോപ്പിന് വേണ്ടി ഒരുമിക്കേണ്ടി വരുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിച്ചിരിക്കില്ല ഇരുവരും. പക്ഷെ അതായിരുന്നു അവരുടെ നിയോഗം.
നമ്മുടെ ഭാഷയില്‍ കേട്ട ഏറ്റവും പ്രശസ്തമായ പരസ്യഗീതങ്ങളില്‍ ഒന്ന് പിറന്നത് ഈ ഒത്തുചേരലിലാണ്. രാധാസ് ആയുര്‍വേദിക് സോപ്പിനു വേണ്ടി കവി എസ് രമേശന്‍ നായരും ദര്‍ശന്‍ രാമനും ചേര്‍ന്നു സൃഷ്ടിച്ച ``രാമച്ചവിശറി പനിനീരില്‍ മുക്കി, ആരോമല്‍ വീശും തണുപ്പാണോ, കസ്തൂരിമഞ്ഞള്‍ പുരട്ടും പുലര്‍കാല കന്യകേ, നിന്റെ തുടുപ്പാണോ, രാധേ....''
1980 കളുടെ മധ്യത്തില്‍ ചിത്രാഞ്ജലി സ്റ്റുഡിയോയുടെ വരാന്തയില്‍ ഇരുന്ന്, ഏതാനും സെക്കന്റുകള്‍ മാത്രം നീളുന്ന ആ ഗാനം നാഗ്രയില്‍ പകര്‍ത്തുമ്പോള്‍ ദര്‍ശന്‍ സങ്കല്‍പിച്ചിരുന്നില്ല സിനിമാപ്പാട്ടുകളെ പോലും വെല്ലുന്ന ജനപ്രീതിയിലേക്ക് അത് വളരുമെന്ന്. ``ഒരു സാധാരണ ജിംഗിള്‍ അല്ല രമേശന്‍ നായര്‍ എഴുതി തന്നത്; നല്ലൊരു കാല്‍പനിക കവിതാശകലം തന്നെ. രാധാകൃഷ്ണപ്രണയ സങ്കല്പത്തില്‍ ചാലിച്ചെടുത്ത ആ കവിതയെ ആയുര്‍വേദിക് സോപ്പിന്റെ ഗുണമേന്മയുമായി വിളക്കിച്ചേര്‍ക്കണം. ഒപ്പം കേരളീയമായ അന്തരീക്ഷം നിലനിര്‍ത്തുകയും വേണം. ദൈവാനുഗ്രഹത്താല്‍ എല്ലാം ഒത്തു വന്നു. ബാലഗോപാലന്‍ തമ്പിയുടെയും പി സുശീലാദേവിയുടെയും ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്ത ആ നുറുങ്ങുപാട്ട് എന്റെയും രമേശന്‍ നായരുടേയും സിനിമാപ്പാട്ടുകളെ പോലും നിഷ്പ്രഭമാക്കിയൊ എന്നൊരു സംശയം മാത്രം,'' -- തകിലുകൊട്ടാമ്പുറം എന്ന സിനിമയിലെ ``സ്വപ്നങ്ങളെ വീണുറങ്ങൂ'' എന്ന ഒരൊറ്റ ഗാനത്തിലൂടെ സംഗീത പ്രേമികളുടെ മനസ്സില്‍ ഇടം നേടിയ ദര്‍ശന്‍ ചിരിക്കുന്നു.
രാമച്ചവിശറി ഒറ്റപ്പെട്ട ഉദാഹരണമല്ല. സിനിമാഗാനങ്ങളേപ്പോലും ജനപ്രിയതയില്‍ അതിശയിച്ച ജിംഗിളുകള്‍ എത്രയെത്ര. പലതും ഇന്ന് നമ്മുടെ ഗൃഹാതുര സ്മരണകളുടെ ഭാഗം. കേട്ടു മനസ്സില്‍ പതിഞ്ഞ ചലച്ചിത്രഗാനങ്ങളേ പോലെ, ഭൂതകാലത്ത് നിന്നു മൂളിപ്പാട്ടുകളായി മനസ്സില്‍ വന്നു നിറയുന്നു അവ. കടന്നുപോന്ന ജീവിതഘട്ടങ്ങള്‍ പലതും ജിംഗിളുകളിലൂടെ ഓര്‍ത്തെടുക്കാനാകും എനിക്ക്. ടിനോപാലിന്റെയും ഓവല്‍ടിന്നിന്റെയും പരസ്യം സ്കൂള്‍ ദിനങ്ങളുടെ ഓര്‍മയാണ്. യേശുദാസ് അഭിനയിച്ച വിക്സ് വേപ്പൊറബ്ബിന്റെ പരസ്യത്തോടൊപ്പം മനസ്സില്‍ തെളിയുക കോഴിക്കോട്ടെ കോളേജ് ജീവിതകാലത്ത് ക്ലാസ്സ് കട്ട് ചെയ്തു ഡേവിസണ്‍ തിയറ്ററില്‍ കൂട്ടുകാര്‍ക്കൊപ്പം പടം കാണാന്‍ പോയ കാലം. ആദ്യ പ്രണയത്തിന്റെ അനുഭൂതി പകരുന്നതായിരുന്നു പോണ്ട്സ് സോപ്പിന്റെ സംഗീതസാന്ദ്രമായ പരസ്യം. ബ്രാന്‍ഡുകള്‍ പലതും വിപണിയില്‍ നിന്ന് എന്നെന്നേക്കുമായി മറഞ്ഞു കഴിഞ്ഞിട്ടും ആ ഗാനശകലങ്ങള്‍ മാത്രം മനസ്സില്‍ തങ്ങിനില്‍ക്കുന്നു.
ദുഃഖകരമായ ഒരു സത്യം കൂടിയുണ്ട്: ജനം മൂളിനടക്കുന്ന മിക്ക ജിംഗിളുകളുടെയും യഥാര്‍ത്ഥ ശില്‍പികള്‍ ആരെന്നറിയില്ല നമുക്ക്. അജ്ഞാതരായി കഴിയുന്നു അവരില്‍ ഭൂരിഭാഗവും. സ്വമേധയാ അജ്ഞാതവാസം തിരഞ്ഞെടുത്തവരും കുറവല്ല അവരില്‍- പരസ്യ ജിംഗിളുകള്‍ എഴുതുന്നതും ചിട്ടപ്പെടുത്തുന്നതും മറ്റു ഗാനസൃഷ്ടികളുമായി തട്ടിച്ചു നോക്കുമ്പോള്‍ താരതമ്യേന വില കുറഞ്ഞ ഏര്‍പ്പാടാണെന്ന് വിശ്വസിക്കുന്നവര്‍. ``എനിക്കേതായാലും ആ അഭിപ്രായമില്ല. എഴുത്തുകാരനെ സംബന്ധിച്ചും സംഗീത സംവിധായകനെ സംബന്ധിച്ചും വെല്ലുവിളി തന്നെയാണ് ജിംഗിള്‍. ക്ലിപ്തസമയത്തിനുള്ളില്‍ നിരവധി പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് പൂര്‍ത്തിയാക്കേണ്ട ദൗത്യം. ഉല്പന്നത്തിന്റെ പ്രതിച്ഛായക്ക് അപ്പുറത്തേക്ക് അത്തരമൊരു സൃഷ്ടി വളരുക എന്നത് ഒരു അത്ഭുതമല്ലേ?'' -ദര്‍ശന്‍ രാമന്‍ ചോദിക്കുന്നു.
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ജിംഗിളുകള്‍ രചിച്ച ചരിത്രമുള്ള ഷിബു ചക്രവര്‍ത്തിക്കും ഇല്ല മറിച്ചൊരു അഭിപ്രായം. ``അങ്ങേയറ്റം സൂക്ഷ്മത ആവശ്യമുള്ള ഇടപാടാണ് ജിംഗിള്‍ എഴുത്ത്. പരമാവധി മുപ്പതു സെക്കന്റ് സമയപരിധിയില്‍ നിന്നു കൊണ്ട് ഒന്നോ രണ്ടോ വരികളിലൂടെ ഉല്പന്നം ഏറ്റവും ഫലപ്രദമായി ഉപഭോക്താവില്‍ എത്തിക്കുക എന്നത് ചെറിയ കാര്യമല്ല. ഈണം ഞൊടിയിടയില്‍ മനസ്സില്‍ തങ്ങുകയും വേണം. സാധാരണക്കാരുമായി എളുപ്പം സംവദിക്കുന്നവയാണ് ഏറ്റവും നല്ല ജിംഗിളുകള്‍. ''
Content Highlights: SRamesan Nair Darshan Raman Advt Jingles Chandrika Soap Ramacha Vishari Panineeril
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..