മദ്യപാനാസക്തിയിൽ നിന്ന് മോചിപ്പിച്ചു, അതിലും തീവ്രമായ ആസക്തിയിലേക്ക് നയിച്ച 'മരണമെത്തുന്ന നേരം'


രവിമേനോൻ

'സ്പിരിറ്റി'ലെ കാവ്യഗീതിയോടുള്ള ആരാധന മൂത്ത് സൈക്കിൾ സമ്മാനിച്ച കുന്നംകുളത്തെ വ്യാപാരിയെ മറക്കാനാവില്ല റഫീക്കിന്

സ്പിരിറ്റ് എന്ന ചിത്രത്തിൽ നിന്ന്

മരണമെത്തുന്ന നേരം പത്താം വയസ്സിലേക്ക്

മദ്യപാനാസക്തിയിൽ നിന്ന് തന്നെ മോചിപ്പിച്ചത് 'സ്പിരിറ്റ്' ആണെന്ന് പറയും ഡേവിഡ്‌; അതിലും തീവ്രമായ മറ്റൊരാസക്തിയിലേക്ക് നയിച്ചതും അതേ സിനിമ തന്നെ.

പടം റിലീസായി ആറു മാസമെങ്കിലും പിന്നിട്ടിരിക്കണം ഡേവിഡ് വിളിക്കുമ്പോൾ. "സ്പിരിറ്റ് കണ്ട ശേഷം മദ്യം തൊട്ടിട്ടില്ല.''-- നിലമ്പൂർ സ്വദേശിയായ ആ വായനക്കാരൻ പറഞ്ഞു. "കള്ളുകുടി നിർത്തിയെങ്കിലും മറ്റൊരു ആസക്തിയുടെ പിടിയിലാണ് ഇപ്പൊ ഞാൻ. പാനാസക്തിക്ക് പകരം ഗാനാസക്തി എന്ന് പറയാം. സ്പിരിറ്റിലെ മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ ഇത്തിരിനേരം ഇരിക്കണേ എന്ന ഗാനം ദിവസവും ചുരുങ്ങിയത് അൻപത് തവണയെങ്കിലും കേൾക്കണം. ചിലപ്പോൾ പാട്ട് കേട്ട് വാവിട്ടുകരയും. എന്തായാലും പഴയ അഡിക്‌ഷനോളം മാരകമല്ല ഇതെന്നൊരു സമാധാനമുണ്ട്. പാട്ടല്ലേ, ഉപദ്രവമില്ലല്ലോ, ഇങ്ങനെയങ്ങു പോകട്ടെ എന്നാണ് ഭാര്യയും മകളും പറയുന്നത്. അവർക്കും സന്തോഷം..''

ഡേവിഡിന്റെ ലഹരിയുടെ പിൽക്കാല അവസ്ഥ എന്തെന്നറിഞ്ഞില്ല. വിളിച്ചിട്ട് വർഷങ്ങളായി. എന്തായാലും ഒറ്റപ്പെട്ട ഉദാഹരണമല്ല അയാൾ എന്നത് വ്യക്തം. സ്പിരിറ്റിന്റെ സംവിധായകനായ രഞ്ജിത്തിന്റേയും ഗാനരചയിതാവ് റഫീക്ക് അഹമ്മദിന്റെയും സംഗീതസംവിധായകൻ ഷഹബാസ് അമന്റെയും ഗായകൻ ഉണ്ണിമേനോന്റെയുമൊക്കെ ഓർമ്മകളിലുമുണ്ടാകാം ഇത്തരം വിചിത്രാനുഭവങ്ങൾ. "സാഹിത്യബന്ധം പേരിനുപോലും ഇല്ലാത്തവർ മരണമെത്തുന്ന നേരത്ത് എന്ന കവിതയെ കുറിച്ച് വികാരഭരിതരായി സംസാരിച്ചു കേട്ടിട്ടുണ്ട്...''-- രഞ്ജിത്തിന്റെ വാക്കുകൾ. "ദുബായിയിൽ വെച്ച് പരിചയപ്പെട്ട മലയാളി വ്യവസായിയെ ഓർമ്മവരുന്നു. അൽപ്പം ലഹരി അകത്തുചെന്നയുടൻ ഫിലിപ്പീൻകാരനായ ഭൃത്യനെ വിളിച്ച് കല്പിക്കുകയാണ് അയാൾ: ജോൺ, ഇനി പാട്ട് വെക്ക്. പയ്യൻ ചെന്ന് സ്വിച്ചിടേണ്ട താമസം മരണമെത്തുന്ന നേരത്ത് ഒഴുകിവരുകയായി. ഒരു തവണയല്ല; നിരവധി തവണ. പിന്നേയും പിന്നേയും അതേ പാട്ട് തന്നെ. അഞ്ചാറ് തവണ കേട്ടപ്പോൾ എനിക്ക് തന്നെ മടുപ്പ് തോന്നി. കയ്യിൽ മധുചഷകവുമായി കണ്ണടച്ച് പാട്ടിൽ ലയിച്ചിരിക്കുക തന്നെയാണ് ഞങ്ങളുടെ ആതിഥേയൻ. അപ്പോഴാണ് അത്ഭുതത്തോടെ ഒരു സത്യം മനസ്സിലാക്കിയത്. റിപ്പീറ്റ് മോഡിൽ ഈ പാട്ട് പ്ലേ ചെയ്യുകയാണ് കക്ഷിയുടെ ഹോബി. വീട്ടിൽ ഇല്ലാത്ത സമയത്ത് സിസ്റ്റം മ്യൂട്ട് ചെയ്തു വെക്കും. ഓൺ ചെയ്യേണ്ട സമയത്ത് അത് സൗണ്ട് മോഡിലേക്ക് മാറ്റിയാൽ മാത്രം മതി. അങ്ങനെ എത്രയോ അനുഭവങ്ങൾ..''

സ്പിരിറ്റിലെ (2012) കാവ്യഗീതിയോടുള്ള ആരാധന മൂത്ത് സൈക്കിൾ സമ്മാനിച്ച കുന്നംകുളത്തെ വ്യാപാരിയെ മറക്കാനാവില്ല റഫീക്കിന്. ``രസകരമാണ് അയാളുടെ രീതികൾ. രാത്രി രണ്ടെണ്ണം അടിച്ച് ഉറങ്ങാൻ കിടന്നാൽ കൃത്യം ഒൻപതു മിനിറ്റ് മരണമെത്തുന്ന നേരം കേൾക്കും. പിന്നെ നാല് മിനിറ്റ് കരച്ചിൽ. അത് കഴിഞ്ഞു സുഖകരമായ ഉറക്കം. ഇതാണ് ടൈംടേബിൾ. ഒരിക്കൽ സുഹൃത്തിനൊപ്പം എനിക്കയാളുടെ കടയിൽ പോകേണ്ടിവന്നു. ആവശ്യമുള്ള ഇനം സൈക്കിൾ ഇല്ലാത്തതുകൊണ്ട് ഒന്നും വാങ്ങാതെ മടങ്ങുകയായിരുന്നു. ഇഷ്ടഗാനത്തിന്റെ രചയിതാവാണ് ഞാൻ എന്ന് പിന്നീട് സുഹൃത്ത് പറഞ്ഞറിഞ്ഞപ്പോൾ അയാൾക്ക് വിഷമം തോന്നിയിരിക്കണം. ഒരു നാൾ അതാ അപ്രതീക്ഷിതമായി എന്റെ വീട്ടുമുറ്റത്ത് ഒരു സൈക്കിളുമായി അയാൾ. എത്ര പറഞ്ഞിട്ടും തിരികെ കൊണ്ടുപോകാൻ കൂട്ടാക്കിയില്ല ആ മനുഷ്യൻ. വിലയൊട്ടു വാങ്ങിയതുമില്ല. അത്ഭുതപ്പെടുത്തിയ അനുഭവങ്ങൾ അങ്ങനെ നിരവധി.'' മരണമെത്തുന്ന നേരത്ത് കേട്ട് മരണത്തിലേക്ക് നടന്നുചെല്ലാൻ മോഹിച്ചവരും ജീവിതത്തിലേക്ക് തിരിച്ചുവന്നവരുമുണ്ട് കവിയുടെ ഓർമ്മയിൽ. ഫോണിൽ ആ കവിത ചൊല്ലിക്കേൾപ്പിച്ചു പൊട്ടിക്കരയുന്നവർ വേറെ.

``സ്പിരിറ്റി''ന്റെ ചിത്രീകരണം തുടങ്ങുമ്പോൾ രണ്ടു പാട്ടേയുള്ളൂ രഞ്ജിത്തിന്റെ മനസ്സിൽ-- ഈ ചില്ലയിൽ നിന്ന് (യേശുദാസ്), മഴകൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകൾ (വിജയ് യേശുദാസ് / ഗായത്രി). തിരക്കഥയിൽ മറ്റു ഗാനസന്ദർഭങ്ങൾ ഉണ്ടായിരുന്നില്ല. പക്ഷേ സിനിമ കടലാസിൽ നിന്ന് ക്യാമറാഫ്രെയിമുകളിലേക്ക് പുരോഗമിക്കുമ്പോൾ മാറ്റങ്ങൾ സ്വാഭാവികം. ``സിദ്ധാർത്ഥ് ഭരതൻ അവതരിപ്പിച്ച സമീർ എന്ന കഥാപാത്രത്തിന്റെ മരണം സിനിമയിലെ വികാരനിർഭരമായ മുഹൂർത്തമാണ്. മോഹൻലാലിൻറെ രഘുവിനെ ആകെ ഉലച്ചുകളയുന്ന ആ വേർപാട് അതിന്റെ എല്ലാ തീവ്രതയോടെയും പ്രേക്ഷകരിലെത്തിക്കാൻ ഒരു കൊച്ചു കാവ്യശകലത്തിന് കഴിയുമെന്ന് തോന്നി.'' -- രഞ്ജിത്ത്. ഒരു ദിവസം വൈകീട്ട്, ഷൂട്ട് കഴിഞ്ഞ് റഫീക്കിനെ ഫോണിൽ വിളിച്ച് സിറ്റുവേഷൻ വിവരിക്കുന്നു സംവിധായകൻ: ``കവിത പോലുള്ള ഒരു പാട്ട് വേണം പശ്ചാത്തലത്തിൽ. നാല് വരി മതി. വിഷയം മരണമാണെങ്കിലും അതിൽ പ്രണയവും ലഹരിയും ആസക്തിയുമെല്ലാം കലർന്നിരിക്കണം.''

ഗാനസന്ദർഭം ഉൾക്കൊണ്ട ശേഷം റഫീക്കിന്റെ ചോദ്യം: ``എന്നത്തേക്ക് വേണം?'' തെല്ലും സംശയിച്ചുനിൽക്കാതെ രഞ്ജിത്തിന്റെ മറുപടി: ``ഇന്ന് തന്നെ എഴുതിക്കോളൂ. ഉടൻ ഷൂട്ട് ചെയ്യണം.'' റഫീഖ് ശരിക്കും ഞെട്ടി. ഇത്രയും ആഴമുള്ള അർത്ഥതലങ്ങൾ ഉള്ള ഒരു കവിത നിമിഷങ്ങൾക്കകം എഴുതിത്തരണമെന്നു പറഞ്ഞാൽ? ഒറ്റയിരിപ്പിൽ എഴുതാൻ കഴിയും റഫീക്കിനെന്ന് രഞ്ജിത്ത്. അങ്ങനെയല്ലേ ഉദാത്തമായ കവിതകൾ പിറന്നിട്ടുള്ളത്? റഫീക്കിന് അപ്പോഴും അമ്പരപ്പ് മാറിയിരുന്നില്ല. പിറ്റേന്ന് സംവിധായകനെ കവി വീണ്ടും വിളിക്കുന്നു. ``നിങ്ങൾ പറഞ്ഞ എല്ലാ ഭാവവും ഉൾക്കൊള്ളുന്ന ഒരു കവിത കഴിഞ്ഞ ദിവസം ഒരു മാസികയ്ക്ക് ഞാൻ അയച്ചുകൊടുത്തിരുന്നു. അതങ്ങോട്ട് വിടട്ടെ? രംഗത്തിനിണങ്ങുമെന്ന് തോന്നിയാൽ ഇഷ്ടമുള്ള വരികൾ എടുത്തോളൂ..'' രഞ്ജിത്തിന് സമ്മതം.

വളരെ മുൻപേ എഴുതിവെച്ചിരുന്ന കവിതയാണ്. അത്യന്തം സ്വകാര്യമായ ഒരു ജീവിതാനുഭവവുമായി ചേർത്തുവെക്കാവുന്ന രചന. എവിടെയെങ്കിലും പ്രസിദ്ധീകരിക്കാൻ ഉദ്ദേശിച്ചതല്ല. പിന്നെയെപ്പോഴോ ആ തീരുമാനം മാറ്റിയപ്പോഴാണ് കവിത പകർത്തി മാസികയ്ക്ക് അയച്ചത്. `` ഫോണിൽ റഫീക്ക് അയച്ച കവിത ആദ്യവായനയിൽ തന്നെ ഇഷ്ടമായി എനിക്ക് . ഇതിലും വൈകാരികമായി കഥാമുഹൂർത്തത്തെ ഉൾക്കൊള്ളുന്ന മറ്റൊരു രചന ഉണ്ടാവില്ല എന്ന് തോന്നി.'' --രഞ്ജിത്ത് പറയുന്നു. മരണമെത്തുന്ന നേരത്ത് എന്ന തുടക്കത്തിനു തന്നെയുണ്ട് ഒരു പ്രത്യേകത. മനോഹരമായ ഒരു പ്രണയഗാനം അങ്ങനെ തുടങ്ങിക്കണ്ടിട്ടില്ല ആരും. പക്ഷേ പിന്നീടങ്ങോട്ട് അനിർവചനീയമായ പ്രണയാനുഭൂതി പകരുന്ന ഇമേജറികളാണ്. ``കനലുകൾ കോരി മരവിച്ച വിരലുകൾ ഒടുവിൽ നിന്നെത്തലോടി ശമിക്കുവാൻ, ഒടുവിലായ് അകത്തേക്കെടുക്കും ശ്വാസകണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ; മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ ഇത്തിരി നേരമിരിക്കണേ ...'' ഇതിലപ്പുറം എങ്ങനെ വരച്ചിടും ആ അനുഭൂതി.

പിറ്റേന്ന് തന്നെ ഷഹബാസിനെ കൊച്ചിയിലെ തന്റെ ഫ്‌ളാറ്റിലേക്ക് അടിയന്തിരമായി വിളിച്ചുവരുത്തുന്നു സംവിധായകൻ. വൈകുന്നേരം രഞ്ജിത്ത് ഷൂട്ടിംഗ് കഴിഞ്ഞെത്തുമ്പോഴേക്കും മൂളിമൂളി വളരെ ലളിതമായ ഒരീണം കവിതയ്ക്ക് കണ്ടെത്തിക്കഴിഞ്ഞിരുന്നു ഷഹബാസ്. വരികളെ തെല്ലും നോവിക്കാത്ത ട്യൂൺ. ``അധരമാം ചുംബനത്തിന്റെ മുറിവ് നിൻ മധുരനാമജപത്തിനാൽ കൂടുവാൻ, പ്രണയമേ നിന്നിലേക്ക് നടന്നൊരെൻ വഴികളോർത്തെന്റെ പാദം തണുക്കുവാൻ'' എന്നു കേൾക്കുമ്പോൾ സിരകളിൽ പോലും അറിയാതെ ആ തണുപ്പ് അനുഭവപ്പെടുന്ന ഈണമായിരുന്നു അത്. ``ഉണ്ണിമേനോനെ കൊണ്ട് അത് പാടിക്കണം എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ചെന്നൈയിലെത്തിയ കാലം മുതൽ എന്റെ ചെറിയമ്മയെ പരിചയമുണ്ട് ഉണ്ണിക്ക്. എപ്പോൾ കാണുമ്പോഴും ഉണ്ണിയെക്കൊണ്ട് ഒരു പാട്ട് പാടിച്ചുകൂടേ എന്ന് ചോദിക്കാറുണ്ടായിരുന്നു അവർ. നല്ലൊരു അവസരം ഒത്തുവരണ്ടേ? എന്തായാലും ഈ പാട്ട് ഉണ്ണിയുടെ കയ്യിൽ സുരക്ഷിതമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ലായിരുന്നു എനിക്കും ഷഹബാസിനും.''

എറണാകുളത്തെ ചേതന സ്റ്റുഡിയോയിലെ റെക്കോർഡിംഗിന് ശേഷം ഉണ്ണിമേനോൻ വിളിച്ചത് എനിക്കോർമ്മയുണ്ട്. ``നല്ലൊരു പാട്ട് പാടി ഇന്ന്. നല്ല ഫീലുള്ള പാട്ട്. മനസ്സിന്റെ ഏതൊക്കെയോ കോണുകളിൽ ചെന്നു കൊള്ളുന്ന വരികളും സംഗീതവും. പക്ഷേ ചെറിയൊരു ദുഖച്ഛായയുണ്ട്. ജനങ്ങൾ എത്രകണ്ട് സ്വീകരിക്കും എന്നറിയില്ല.''-- ഉണ്ണി പറഞ്ഞു. എന്നാൽ, എല്ലാ ആശങ്കകളും കാറ്റിൽ പറത്തി മരണമെത്തുന്ന നേരം ചരിത്രത്തിലേക്ക് ചിറകടിച്ചുയരുന്നതാണ് പിന്നീട് കണ്ടത്. ``പതുക്കെ നീറിപ്പടർന്ന പാട്ടായിരുന്നു അത്.''-- രഞ്ജിത്ത്. ``എനിക്ക് തോന്നുന്നു പണ്ഡിതപാമരഭേദമന്യേ ആ പാട്ടിനെ മലയാളികളുടെ ഹൃദയത്തോട് അടുപ്പിച്ചത് വരികൾ തന്നെയാണെന്ന്. മറ്റെല്ലാ ഘടകങ്ങൾക്കും മുകളിൽ നിൽക്കുന്നു അതിലെ കവിത.'' പാട്ടിറങ്ങി കുറച്ചു നാൾ കഴിഞ്ഞു മോഹൻലാൽ അത്ഭുതത്തോടെ ഫോൺ വിളിച്ചത് ഓർമ്മയുണ്ട്. ``ഞാനറിയുന്ന എത്രയോ സുഹൃത്തുക്കളുടെ ഹലോ ട്യൂൺ ഈ പാട്ടാണ്.'' -- ലാൽ പറഞ്ഞു. ``മനസ്സിനെ സ്പർശിക്കുന്ന എന്തോ ആ പാട്ടിലുണ്ടെന്നാണ് എല്ലാവരും പറയുന്നത്.''

നാലുവരിയാണ് ആവശ്യപ്പെട്ടതെങ്കിലും തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് കവിത മുഴുവനായി സിനിമയിൽ ഉപയോഗിക്കുകയായിരുന്നു രഞ്ജിത്ത് എന്ന് റഫീക്ക്. ``കവിതയെ അകമഴിഞ്ഞ് സ്നേഹിക്കുന്ന ഒരു സഹൃദയൻ കൂടി രഞ്ജിത്തിൽ ഉള്ളതുകൊണ്ടാണ് അദ്ദേഹം അതിന് തയ്യാറായത്. എനിക്കേറ്റവും പ്രിയങ്കരമായ എന്റെ രചനകൾ മിക്കതും വന്നത് രഞ്ജിത്തിന്റെ സിനിമകളിലായിരുന്നു എന്നത് യാദൃച്ഛികമാവില്ല.'' സ്പിരിറ്റിലെ മരണരംഗത്ത് ചിത്രീകരിക്കപ്പെട്ടതിനാലാവണം ``മരണമെത്തുന്ന നേര''ത്തെ ദുഃഖഗാനമായി കണക്കിലാക്കിയവർ ഏറെയുണ്ട്. അൽപ്പം വിഷാദഛായ കലർന്ന ഈണവും ആലാപനവും അതിനവരെ പ്രേരിപ്പിച്ചിരിക്കാം. പക്ഷേ യഥാർത്ഥത്തിൽ പ്രണയത്തിന്റെ ഉദാത്തമായ അനുഭൂതിതലമാണ് ആ രചനയിൽ ഞാൻ ആവിഷ്കരിക്കാൻ ശ്രമിച്ചത്. അത് അറിഞ്ഞാലേ ആ കവിത പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയൂ എന്ന് തോന്നുന്നു.'' മുൻപും നിരവധി പാട്ടുകൾ എഴുതിയിരുന്നെങ്കിലും സ്വന്തം നാട്ടുകാർക്കു പോലും തന്നെ കൂടുതൽ പരിചിതനാക്കി മാറ്റിയത് ഈ ഗാനകവിതയാണെന്ന് തോന്നാറുണ്ട് റഫീക്കിന്. ``എന്നെ കണ്ടാൽ ദൂരെ നിന്ന് ആളുകൾ അതാ മരണമെത്തുന്ന നേരം പോകുന്നു എന്ന്
അടക്കം പറയുന്ന അവസ്ഥയാണിപ്പോൾ.''-- റഫീക്ക് പൊട്ടിച്ചിരിക്കുന്നു.

ഇന്നും ആ കവിതയില്ലാതെ ഉണ്ണിമേനോന്റെ ഗാനമേളകൾ പൂർണ്ണമാകാറില്ല. ``ദുഖത്തിന്റെ അന്തരീക്ഷമുള്ള പാട്ട് പാടി എന്തിന് സദസ്സിന്റെ മൂഡ് കളയണമെന്ന് ഓർക്കാറുണ്ട് ചിലപ്പോൾ പക്ഷേ ഒരു ഘട്ടം കഴിഞ്ഞാൽ ആളുകൾ ഇങ്ങോട്ട് ആവശ്യപ്പെട്ടു തുടങ്ങും, മരണമെത്തുന്ന നേരം കേൾക്കണമെന്ന്. പതിവ് ഓർക്കസ്ട്രയൊന്നും കൂടാതെ അൺപ്ലഗ്ഗ്ഡ് ആയാണ് ഞാൻ അത് അവതരിപ്പിക്കുക. പക്ഷെ പാടിത്തുടങ്ങിയാൽ സ്വിച്ചിട്ടപോലെ സദസ്സ് നിശ്ശബ്ദമാകും. തീരുംവരെ സൂചി വീണാൽ കേൾക്കാവുന്ന നിശ്ശബ്ദതയാകും ഹാളിൽ. അതുപോലൊരു അനുഭവം മറ്റൊരു പാട്ട് പാടുമ്പോഴും എനിക്കുണ്ടാകാറില്ല..''

ആ മൗനം എത്ര വാചാലമാണെന്നറിയുന്നു ഇന്ന് ഉണ്ണി. ``ഇക്കഴിഞ്ഞ ദിവസം പോലും അപരിചിതനായ ഒരു ആസ്വാദകൻ എന്നെ ഫോണിൽ വിളിച്ച് ആ പാട്ടുപാടി പൊട്ടിക്കരഞ്ഞു. നിശബ്ദനായി അത് കേട്ടുനിൽക്കുക മാത്രം ചെയ്തു ഞാൻ. ആദ്യമായി ആ വരികൾ ഷഹബാസ് പാടിക്കേട്ടപ്പോൾ എന്റെ ഉള്ളിലും തികട്ടിവന്നല്ലോ ഒരു ഗദ്ഗദം എന്നോർത്തു അപ്പോൾ..''

Content Highlights : Spirit movie Song Maranamethunna Nerathu Unni Menon Rafeeq Ahammed Shahabaz Aman


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented