KS Chithra, SPB
ഇന്ന് എസ് പി ബിയുടെ ജന്മനാൾ (ജൂൺ 4)
സ്വന്തം പാട്ട് മറ്റൊരാൾ പാടിക്കേൾക്കുമ്പോൾ എന്തു വികാരമാണ് തോന്നുക ? ``സന്തോഷം മാത്രം. പാട്ട് ഹൃദയപൂർവം ആസ്വദിക്കും. പാടിയ ആളെ അപ്പോൾ തന്നെ അഭിനന്ദിക്കും. ചെറിയ കുട്ടികളാണെങ്കിൽ വേണ്ട നിർദേശങ്ങൾ നൽകും.''-- ചിത്രയുടെ വാക്കുകൾ.
ഇത്തിരിപ്പോന്ന കുഞ്ഞുങ്ങൾ മുതൽ ജീവിതസായാഹ്നത്തിൽ എത്തിനിൽക്കുന്നവർ വരെ സ്വന്തം പാട്ടുകൾ പാടിക്കേട്ടിട്ടുണ്ട് ചിത്ര. പ്രശസ്തരും അപ്രശസ്തരുമായവർ. മറക്കാനാവാത്ത അനുഭവങ്ങളാണ് പലതും. അവയിലൊന്ന് ഇന്നും ചിത്രയുടെ കണ്ണുകളെ ഈറനണിയിക്കുന്നു.
എസ് പി ബാലസുബ്രഹ്മണ്യത്തോടൊപ്പമുള്ള ഒരു യു എസ് പര്യടനം. എസ് പി ശൈലജയുമുണ്ട് സഹഗായികയായി. ``ഗാനമേളയിൽ കോറസ് പാടാൻ കുട്ടികൾ ഇല്ലാത്തതിനാൽ ശൈലജയും ഞാനുമാണ് അധികവും ആ ദൗത്യം ഏറ്റെടുത്തിരുന്നത്. ഒരുവൻ ഒരുവൻ മുതലാളി, ബല്ലേലക്ക തുടങ്ങി പല പാട്ടുകളിലും കോറസ് പോർഷൻ എത്തുമ്പോൾ ഞങ്ങൾ ബാലു സാറിനെ അനുഗമിക്കും. പരിപാടിക്കിടെ ഒരിക്കൽ സാർ എന്റെ അടുത്ത് വന്നു പറഞ്ഞത് ഓർമ്മയുണ്ട്. ``നീ ഇത്ര വലിയ പാട്ടുകാരിയായിട്ടും എന്റെ പാട്ടിന് കോറസ് പാടാനുള്ള സന്മനസ്സ് കാണിച്ചല്ലോ?'' തമാശ കലർത്തിയാണ് പറഞ്ഞതെങ്കിലും എന്റെ മനസ്സിനെ തൊട്ടു ആ വാക്കുകൾ. ``ബാലുസാർ അങ്ങനെ പറയരുത്. എനിക്ക് സങ്കടം വരും.''-- ഞാൻ പറഞ്ഞു. ``ഇതൊരു അംഗീകാരമായാണ് ഞാൻ കാണുന്നത്.''
ഓരോ ദിവസത്തേയും ഷോയുടെ ഷെഡ്യൂൾ കാലത്ത് പതിനൊന്ന് മണിയോടെയാണ് നിശ്ചയിക്കുക. അന്നത്തെ ഗാനമേളയിൽ പാടേണ്ട പാട്ടുകളുടെ അവസാന പട്ടിക എഴുതിയ കടലാസ് കയ്യിൽ കിട്ടിയപ്പോൾ ഒരു കാര്യം ചിത്ര ശ്രദ്ധിച്ചു. ഇടക്കൊരു പാട്ട് എഴുതാതെ വിട്ടിരിക്കുന്നു ബാലു സാർ. ശൂന്യമാണ് അവിടം. സദസ്സിനൊരു സർപ്രൈസ് ആയി ഏതെങ്കിലും അപൂർവ ഗാനം പാടാൻ ബാലു സാർ തീരുമാനിച്ചിരിക്കും എന്നേ തോന്നിയുള്ളു. അത് നമ്മളെ മുൻകൂട്ടി അറിയിക്കേണ്ട കാര്യമില്ലല്ലോ.
ആ സമയമെത്തിയപ്പോൾ, ചിത്രയെ അമ്പരപ്പിച്ചുകൊണ്ട് ``ഉയിരേ'' എന്ന പാട്ടിന്റെ ബി ജി എം വായിച്ചുതുടങ്ങുന്നു ഓർക്കസ്ട്രക്കാർ. ``വിശ്വസിക്കാൻ കഴിഞ്ഞില്ല എനിക്ക്. ഹരിഹരൻ സാറും ഞാനും പാടിയ പാട്ടാണ്. പര്യടനത്തിനിടെ പല സദസ്സുകളിൽ നിന്നും ആ പാട്ടിനുള്ള ആവശ്യം ഉയർന്നിരുന്നെങ്കിലും കൂടെ പാടാൻ ആരും ഉണ്ടായിരുന്നില്ലാത്തതിനാൽ ഞാൻ ഒഴിഞ്ഞുമാറുകയായിരുന്നു. എസ് പി ബി സാറിനെപ്പോലൊരു സീനിയർ ഗായകൻ തന്നെക്കാൾ എത്രയോ ജൂനിയർ ആയ ഒരു പാട്ടുകാരന്റെ പാട്ട് സ്റ്റേജിൽ പാടേണ്ട കാര്യമില്ലല്ലോ. അങ്ങനെയൊരു പതിവുമില്ല.''
എന്നാൽ അപ്രതീക്ഷിത സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ ചിത്ര. ഓർക്കസ്ട്രക്കാർ പാട്ടിന്റെ ഇൻട്രോ വായിച്ചു തീർന്നതോടെ, ``ഉയിരേ'' പാടിത്തുടങ്ങുന്നു എസ് പി ബി. ``ചെറുചിരിയോടെ ബാലു സാർ പാടുമ്പോൾ സ്റ്റേജിന്റെ ഒരു വശത്ത് നിറകണ്ണുകളോടെ അന്തം വിട്ട് അത് കേട്ടുനിൽക്കുകയായിരുന്നു ഞാൻ. എങ്ങനെ കരച്ചിൽ വരാതിരിക്കും? മറ്റൊരാൾ പാടിയ പാട്ട് എനിക്ക് വേണ്ടി പഠിച്ചു പാടുകയാണ് മഹാനായ ആ ഗായകൻ. പാട്ടിൽ ആദ്യ ഭാഗം മുഴുവൻ ബാലു സാർ പാടിക്കഴിഞ്ഞ ശേഷം ഞാൻ കൂടെ ചേർന്നപ്പോൾ വാത്സല്യത്തോടെ എന്നെ നോക്കി ചിരിച്ചു അദ്ദേഹം. പിന്നെ ആംഗ്യവിക്ഷേപങ്ങളോടെ എന്റെ ആലാപനം മുഴുവൻ ആസ്വദിച്ചു.
``ഉള്ളിലൊരു വിങ്ങലുമായി ആ പാട്ട് പാടിത്തീർത്തപ്പോൾ എന്റെ തലയിൽ സ്നേഹപൂർവ്വം കൈവെച്ച് അനുഗ്രഹിച്ചു അദ്ദേഹം. എന്നിട്ട് സദസ്സിനോടായി പറഞ്ഞു: ``ഇവളെന്റെ കുടുംബാംഗമാണ്. ശൈലജയെ പോലെ എന്റെ സ്വന്തം തങ്കച്ചി. എന്റെ പാട്ടുകൾക്ക് കോറസ് പാടേണ്ട കാര്യം അവൾക്കില്ല. എന്നിട്ടും അവൾ പാടി; എന്നോടുള്ള സ്നേഹം കൊണ്ട് മാത്രം. ആ സ്നേഹത്തിനുള്ള പ്രത്യുപകാരമാണ് ഈ പാട്ട്...''
പ്രതികരിക്കാൻ പോലുമാകാതെ നിറഞ്ഞ സദസ്സിന്റെ ഹർഷാരവം ഏറ്റുവാങ്ങി തരിച്ചുനിന്നു ചിത്ര. ``എന്റെ ജീവിതത്തിലെ ഏറ്റവും വിലമതിക്കാനാവാത്ത മുഹൂർത്തങ്ങളിൽ ഒന്നായിരുന്നു അത്. ജീവിതാവസാനം വരെ ആ നിമിഷങ്ങൾ, അവയുടെ ദീപ്തമായ ഓർമ്മകൾ എനിക്കൊപ്പമുണ്ടാകും.''-- ചിത്ര വികാരാധീനയാകുന്നു.
content highlights : SP Balasubrahmanyam birth anniversary ks chithra rememberance
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..