മൗനാനുരാഗത്തിൻ ലോലഭാവം


രവി മേനോൻ

സുതാര്യസുന്ദരമായ ആ ഉത്തരത്തിലുണ്ട് നാമറിയുന്ന, അറിയേണ്ട ജയേട്ടൻ. ജീവിതത്തെ അങ്ങേയറ്റം ലാഘവത്തോടെ കാണുകയും പൂർവസൂരികളോടുള്ള ഭക്തിയും ആദരവും കെടാതെ ഉള്ളിൽകൊണ്ടുനടക്കുകയും സൗഹൃദങ്ങൾക്ക് മറ്റെന്തിനേക്കാൾ വിലനൽകുകയും ചെയ്യുന്ന ഗായകൻ.

പി. ജയചന്ദ്രൻ | ഫോട്ടോ: വി.പി. പ്രവീൺ കുമാർ മാതൃഭൂമി

ന്നെക്കുറിച്ചെഴുതിയ ലേഖനങ്ങളെ പറ്റി അഭിപ്രായ പ്രകടനം നടത്തുന്ന പതിവില്ല ജയേട്ടന്. അത്തരം കുറിപ്പുകൾ വായിക്കുന്നത് തന്നെ അപൂർവം. അതുകൊണ്ടുതന്നെ, ''നിങ്ങളുടെ എഴുത്ത് ഇഷ്ടായി'' എന്ന് ഭാവഗായകൻ വിളിച്ചുപറഞ്ഞപ്പോൾ ആഹ്ലാദം തോന്നി. '' ജയേട്ടൻ വായിച്ചല്ലോ, അതുതന്നെ സന്തോഷമുള്ള കാര്യം'' എന്ന് എന്റെ മറുപടി... ഇതാ ആ ലേഖനം:

ഉള്ളിലെ പ്രണയം ഈ എഴുപത്തേഴാം വയസ്സിലും കെടാതെ സൂക്ഷിക്കുന്നതെങ്ങനെ എന്ന് ചോദിക്കാറുണ്ട് ജയചന്ദ്രനോട്. ``അറിയില്ല'' എന്നാണുത്തരം. ''എല്ലാം ഗുരുവായൂരപ്പന്റെ കൃപാകടാക്ഷം.'' അതേ ചോദ്യത്തിന് ഗിരീഷ് പുത്തഞ്ചേരി നൽകിയ മനോഹരമായ ഒരു മറുപടിയുണ്ട്: ''ജയേട്ടൻ പോലും അതറിയണമെന്നില്ല. സ്വാഭാവികമായി വന്നു നിറയുകയാണ് എല്ലാ വികാരങ്ങളും അദ്ദേഹത്തിന്റെ ശബ്ദത്തിൽ. പാട്ടെഴുത്തുകാരനോ സംഗീത സംവിധായകനോ ഉദ്ദേശിക്കുന്ന ഭാവതലത്തിനപ്പുറത്തേക്ക് വരികളേയും വാക്കിനേയും അക്ഷരത്തെയും വരെ അനായാസം ഉയർത്തിക്കൊണ്ടുപോകുന്നു അദ്ദേഹം. അധികം ഗായകരിൽ കണ്ടിട്ടില്ല ആ സവിശേഷത.''

'രണ്ടാം ഭാവം' എന്ന ചിത്രത്തിലെ ''മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു മൗനാനുരാഗത്തിൻ ലോലഭാവം'' ഉദാഹരണമായി എടുത്തുപറയുന്നു ഗിരീഷ്. '' കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു പുലർമഞ്ഞുകാലത്തെ സ്നേഹതീരം'' എന്ന് എഴുതുമ്പോൾ നമ്മൾ മനസ്സിൽ ഉദ്ദേശിക്കുന്ന ഒരു ഭാവമുണ്ട്. സംഗീതസംവിധായകൻ ചിട്ടപ്പെടുത്തുമ്പോൾ അതിൽ മറ്റൊരു ഭാവം വന്നു നിറഞ്ഞേക്കാം. ജയേട്ടൻ പാടുമ്പോഴോ? ഞാനും വിദ്യാസാഗറുമൊന്നും മനസ്സിൽ കാണാത്ത ഏതോ ആകാശത്തിലേക്ക് ഹൃദയം കൊണ്ട് ആ വരിയെ ഉയർത്തിക്കൊണ്ടുപോകുന്നു അദ്ദേഹം. പുലർമഞ്ഞും സ്നേഹവുമൊന്നും അത്രയും ആർദ്രമായി മറ്റാർക്കും നമ്മെ അനുഭവിപ്പിക്കാൻ കഴിയില്ല എന്ന് തോന്നും അപ്പോൾ.'' ഗിരീഷ് രചിച്ച വേറെയും ജയചന്ദ്രഗീതങ്ങളിൽ അത്ഭുതകരമായ ഈ 'പകർന്നാട്ട'ത്തിന്റെ ഇന്ദ്രജാലം തൊട്ടറിയുന്നു നാം. ആരും ആരും കാണാതെ (നന്ദനം), അറിയാതെ അറിയാതെ (രാവണപ്രഭു), വിരൽ തൊട്ടാൽ വിരിയുന്ന (ഫാന്റം), ആരാരും കാണാതെ (ചന്ദ്രോത്സവം), കണ്ണിൽ കണ്ണിൽ, ഉറങ്ങാതെ രാവുറങ്ങീ (ഗൗരീശങ്കരം), എന്തേ ഇന്നും വന്നീലാ (ഗ്രാമഫോൺ), കണ്ണുനട്ട് കാത്തിരുന്നിട്ടും (കഥാവശേഷൻ)....എല്ലാം മലയാളികൾ ഹൃദയത്തിലേറ്റുവാങ്ങിയ ഗാനങ്ങൾ.

ജയേട്ടനുമൊത്ത് കാരപ്പറമ്പിലെ ഗിരീഷിന്റെ വീട്ടിൽ ചെന്നതോർമ്മയുണ്ട്. പുത്തഞ്ചേരിക്കാരനായ 'വാർണിഷ് കുഞ്ഞിരാമൻ' എന്ന സുഹൃത്തിലൂടെ ഭാവഗായകൻ ആദ്യമായി സ്വന്തം ജീവിതത്തിലേക്ക് കടന്നുവന്ന കഥ വികാരഭരിതനായി ഗിരീഷ് വിവരിച്ചു കേട്ടത് അന്നാണ്. ഒന്നാന്തരം മദ്യപാനിയാണ് കുഞ്ഞിരാമൻ. തല്ലുകൊള്ളിയും. മദ്യത്തിന് വേണ്ടി പാടവും പറമ്പും ഉൾപ്പെടെ സർവവും വിറ്റുതുലച്ചു അയാൾ. ഒന്നും വിൽക്കാനില്ലാതായപ്പോൾ വീടിന്റെ കഴുക്കോലും ജനാലയും വാതിലും ഉരലും അമ്മിക്കല്ലും വരെ വിറ്റു കാശാക്കി. ``ഞങ്ങളുടെ നാട്ടിൽ കുഞ്ഞിരാമനെ തല്ലാത്തവരായി ഈശ്വരനും ഞാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ.''-- ഗിരീഷ് പറയും. (ജനലിന് അടിക്കാൻ കൊണ്ടുവെച്ച വാർണിഷ് സേവിച്ചു മരണത്തിലേക്ക് നടന്നുചെല്ലുകയായിരുന്നുവത്രേ കുഞ്ഞിരാമൻ. വെറും കുഞ്ഞിരാമൻ നാട്ടുകാരുടെ ഓർമ്മയിൽ വാർണിഷ് കുഞ്ഞിരാമനായി മാറിയത് അന്നുമുതലാണ്.)

ഇതൊക്കെയാണെങ്കിലും അടിയുറച്ച സംഗീത പ്രേമിയായിരുന്നു കുഞ്ഞിരാമൻ. ഒ എൻ വി ഗാനങ്ങളുടെ കടുത്ത ആരാധകനും. രണ്ടെണ്ണം വിട്ടാൽ സ്വന്തം വീടിന്റെ ദ്രവിച്ച ചാരുപടിയിൽ മലർന്നുകിടന്ന് ഒ എൻ വിപ്പാട്ടുകൾ പാടും അയാൾ. അധികവും വിഷാദഗാനങ്ങൾ. കൊയിലാണ്ടിയിലെ ചിത്രാ ടാക്കീസിൽ നിന്ന് 'നീലക്കണ്ണുകൾ' സിനിമ കണ്ടുവന്ന രാത്രി ചാരുപടിയിൽ കിടന്ന് കുഞ്ഞിരാമൻ മനം നൊന്തു പാടിക്കേട്ട '' കല്ലോലിനീ വനകല്ലോലിനീ'' ആണ് കുട്ടിയായ ഗിരീഷിന്റെ മനസ്സിനെ വന്നുതൊട്ട ആദ്യത്തെ ജയചന്ദ്രഗാനം. ഈ ജന്മത്തിൽ കിട്ടാതെ പോയ ഏതോ വിരഹത്തിന്റെയോ വ്യഥയുടെയോ നനവുള്ള പാട്ടായിരുന്നു കുഞ്ഞിരാമന് കല്ലോലിനി. കുഞ്ഞിരാമന്റെ വിഷാദഭരിതമായ ശബ്ദത്തിൽ ആ ഒരൊറ്റ പാട്ട് ആവർത്തിച്ചുകേട്ട് ഹൃദിസ്ഥമാക്കി സ്‌കൂളിൽ പാടി സമ്മാനം വാങ്ങിയിട്ടുമുണ്ട് ഗിരീഷ്. അന്ന് തുടങ്ങിയതാണ് ജയചന്ദ്രനോടുള്ള ആരാധന.

രചന നിർവഹിച്ച ആദ്യ ലളിതഗാന ആൽബമായ 'ഗാനപൗർണമി'യിൽ പാട്ടുകാരനായി ജയചന്ദ്രൻ ഉണ്ടാവണമെന്നത് സംഗീത സംവിധായകൻ രഘുകുമാറിന്റെ എന്നപോലെ ഗിരീഷിന്റെയും ആഗ്രഹമായിരുന്നു. പിൽക്കാലത്ത് സിനിമയിലും അല്ലാതെയുമായി നിരവധി ഹിറ്റുകൾ ഗിരീഷ് - ജയചന്ദ്രൻ കൂട്ടുകെട്ടിൽ പിറന്നു. ''ജയേട്ടനെ മുൻകോപിയായും കലഹക്കാരനായും ചിത്രീകരിച്ചുകാണാറുണ്ട് പലരും. എനിക്കറിയുന്ന ജയേട്ടൻ ഒരു പാവമാണ്. ശുദ്ധമനസ്‌കൻ. ജയേട്ടനെ ശരിക്കും മനസിലാക്കിക്കഴിഞ്ഞാൽ നമുക്കദ്ദേഹം ഏറ്റവുമടുത്ത കൂട്ടുകാരനായി മാറും. മനസ്സിലാക്കാത്തവർക്ക് ശത്രുവും..''

ഇതേ വീക്ഷണം പങ്കുവെക്കുന്നു, ജയചന്ദ്രന്റെ ശബ്ദസൗകുമാര്യത്തിൽ നിന്ന് നിരവധി ഹിറ്റുകൾ സൃഷ്ടിച്ച ബിജിബാലും. ഭാവഗായകന്റെ ഏറ്റവും പ്രിയപ്പെട്ട സംഗീതസംവിധായകരിൽ ഒരാൾ കൂടിയാണ് ബിജി. ''ശിശുസഹജമായ നിഷ്കളങ്കത ഈ പ്രായത്തിലും കാത്തുസൂക്ഷിക്കുന്നു എന്നതാണ് ജയേട്ടന്റെ ഏറ്റവും വലിയ പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുള്ളത്''-- ബിജിയുടെ വാക്കുകൾ. ''അദ്ദേഹത്തിന്റെ ഉള്ളിലെ ഈ കുറുമ്പുകാരൻ കുട്ടിയെ നമ്മൾ കണ്ടറിഞ്ഞു ഔചിത്യപൂർവം ട്രീറ്റ് ചെയ്താൽ മതി, ബാക്കിയെല്ലാം എളുപ്പമാവും. ഉള്ളിലൊരു ആരാധകൻ കൂടി ഉള്ളതുകൊണ്ടാവാം, എല്ലാ ഈഗോയും മാറ്റിവെച്ച് ജയേട്ടന്റെ ഈ സ്വഭാവവിശേഷവുമായി അനായാസം പൊരുത്തപ്പെടാൻ കഴിയാറുണ്ട് എനിക്ക്. റെക്കോർഡിംഗിന് മുൻപ് ക്യാബിനിൽ ഇരുന്നുകൊണ്ടുതന്നെ ജയേട്ടന് പാട്ട് പാടിക്കൊടുക്കുന്നതാണ് എന്റെ രീതി. തീർത്തും അനൗപചാരികമായിരിക്കും അന്തരീക്ഷം. ഈ അടുപ്പം ഞങ്ങളൊരുമിച്ച പാട്ടുകളുടെ മേന്മ കൂട്ടിയിട്ടേയുള്ളൂ. ഏത് കടുകട്ടി പാട്ടും നമ്മൾ ഉദ്ദേശിക്കുന്ന തലത്തിനപ്പുറത്തേക്ക് സഞ്ചരിച്ചു പാടിഫലിപ്പിക്കാൻ കഴിയുന്ന ഗായകനാണ് അദ്ദേഹം.''

ഓർമ്മവന്നത് ബിജിയുടെ പഴയൊരു ഫോൺ കോളാണ്. ജയേട്ടനെക്കൊണ്ട് അടുത്ത സിനിമയിൽ ഒരു പാട്ട് പാടിക്കണം-- അതാണ് ആവശ്യം. നേരിട്ടു വിളിച്ചു ചോദിക്കാൻ മടി. ആൾ ക്ഷിപ്രകോപിയാണെന്നാണ് കേൾവി. വിളിക്കുന്നത് താരതമ്യേന തുടക്കക്കാരനാവുമ്പോൾ എങ്ങനെ പ്രതികരിക്കും എന്നറിയില്ലല്ലോ. ബിജിയുടെ ഉള്ളിലെ ആശങ്ക ആ വാക്കുകളിൽ നിന്ന് വായിച്ചെടുക്കാമായിരുന്നു എനിക്ക്. നേരിട്ട് ജയേട്ടനെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ ഉറക്കെയുള്ള ചിരിയായിരുന്നു മറുപടി. ''അതെന്തിനാ അയാൾ പേടിക്കുന്നത്? ഞാനെന്താ പിടിച്ചുതിന്നുമോ? മ്യൂസിക് ഡയറക്ടർ പാടിത്തരുന്ന പാട്ട് പാടാനല്ലേ നമ്മൾ ഇവിടെ ഇരിക്കുന്നത്? സംശയിക്കേണ്ട, അയാളോട് വിളിക്കാൻ പറയൂ..'' തൊട്ടു പിന്നാലെ ബിജി ജയേട്ടനെ നേരിട്ട് വിളിക്കുന്നു. ആ ഫോൺകോളിൽ നിന്ന് തുടങ്ങിയതാണ് ജയചന്ദ്രനും ബിജിബാലും തമ്മിലുള്ള ആത്മബന്ധം. ആദ്യമായി അവർ ഒരുമിച്ച 'ലൗഡ് സ്പീക്ക'റിലെ കാട്ടാറിന് തോരാത്തൊരു പാട്ടുണ്ട് എന്ന ഗാനത്തിൽ തന്നെയുണ്ടായിരുന്നു അപൂർവമായ ഒരു സംഗീത സൗഹൃദത്തിന്റെ തിളക്കം. സിനിമയ്ക്ക് വേണ്ടി ബിജിബാൽ ചിട്ടപ്പെടുത്തിയ ഗാനങ്ങളിൽ അധികവും പാടിയത് ജയചന്ദ്രൻ ആണെന്നത് യാദൃച്ഛികമാകാനിടയില്ല. പ്രേമിക്കുമ്പോൾ (സാൾട്ട് ആൻഡ് പെപ്പർ), പൂരങ്ങടെ പൂരമുള്ളൊരു (പുണ്യാളൻ അഗർബത്തീസ്), ഞാനൊരു മലയാളി (ജിലേബി), എന്റെ ജനലരികിൽ (സു സു സുധീ വാല്മീകം)... വൈവിധ്യമാർന്ന ഗാനങ്ങൾ.

അച്ഛനിൽ നിന്ന് പകർന്നുകിട്ടിയതാണ് ബിജിബാലിന് ജയചന്ദ്രനോടുള്ള ആരാധന. 'ഉമ്മാച്ചു'വിലെ "ഏകാന്തപഥികൻ ഞാൻ" എന്ന പാട്ട് അച്ഛൻ തബല വായിച്ചു പാടുന്നത് കേട്ടാണ് ഞാൻ വളർന്നത്. അച്ഛന്റെ ഏറ്റവും പ്രിയപ്പെട്ട ഗായകനായിരുന്നു ജയേട്ടൻ. ഏകാന്തപഥികനും ഉപാസനയും ഒക്കെ ആവർത്തിച്ച് പാടി ആസ്വദിക്കുന്നത് കണ്ടിട്ടുണ്ട്. അന്നും യേശുദാസ് തന്നെയാണ് ഏറ്റവും തിരക്കേറിയ ഗായകൻ. ദാസേട്ടന്റെ ഗാനങ്ങൾക്കിടയിൽ അപൂർവമായി ജയേട്ടന്റെ ഒരു പാട്ട് കാതിൽ വന്നുവീഴുമ്പോൾ അറിയാതെ നമ്മൾ അതിന്റെ ആകർഷണ വലയത്തിൽ വീണുപോകും. ശരത്കാലങ്ങൾ ഇതൾ ചൂടുന്നതോ, കേവല മർത്യഭാഷ ഒക്കെ അങ്ങനെ അത്ഭുതത്തോടെ കേട്ടുനിന്ന പാട്ടുകളാണ്...''-- ബിജി പറയുന്നു. സംഗീതസംവിധായകനായി മാറിയപ്പോഴും ജയചന്ദ്രന്റെ ശബ്ദത്തിൽ നിന്ന് നല്ല കുറെ ഗാനങ്ങൾ സൃഷ്ടിക്കണമെന്നായിരുന്നു ആഗ്രഹം.

''യേശുദാസിന്റെയും ജയേട്ടന്റെയും ശബ്ദങ്ങളും ആലാപനശൈലികളും വ്യത്യസ്തമാണെന്ന് നമുക്കറിയാം. എന്നാൽ ഇരുവരുടെയും ടോണൽ ക്വാളിറ്റിയിൽ ഏറ്റക്കുറച്ചിലുകൾ ഇല്ല എന്നാണ് എന്റെ വിശ്വാസം. രണ്ടും ഏതാണ്ടൊരുപോലെ.''-- ബിജി പറയുന്നു. "പണ്ടത്തെ പാട്ടുകളിൽ ഇത് കൂടുതൽ പ്രകടമാണ്. പാട്ടുകളുടെ പ്രൊഡക്ഷൻ ക്വാളിറ്റിയും സമാസമം. ജയേട്ടൻ ആലാപനത്തിൽ കൂടുതൽ ഡൈനാമിക്സ് കൊണ്ടുവരുന്നു എന്നൊരു വ്യത്യാസമുണ്ട്. മനോധർമ്മ പ്രകടനം സ്വാഭാവികമായി ഒഴുകിയെത്തുന്നു അദ്ദേഹത്തിന്റെ പാട്ടുകളിൽ. ലതാജിയെ ഒക്കെ പോലെ താളത്തിൽ നിന്ന് ഒരു മാത്ര വിട്ടുപാടുന്ന രീതിയുണ്ട് ജയേട്ടന്. സംഗീത സംവിധായകൻ എത്രതന്നെ കർക്കശമായി പാട്ട് പഠിപ്പിച്ചുകൊടുത്താലും ആ ചിട്ടവട്ടങ്ങൾക്കുള്ളിൽ നിന്നു പുറത്തുകടന്ന് ആലാപനത്തിൽ അറിഞ്ഞോ അറിയാതെയോ തന്റേതായ ഒരു മുദ്ര പതിപ്പിച്ചിരിക്കും ജയേട്ടൻ. പാട്ടിന്റെ ഏറ്റവും വലിയ സവിശേഷത ആ മുദ്ര തന്നെയായിരിക്കും..''

ബിജിബാൽ മാത്രമല്ല, പുതിയ തലമുറയിലെ മിക്ക സംഗീതസംവിധായകരും ജയചന്ദ്രന്റെ ശബ്ദത്തിൽ നിന്ന് ഹിറ്റുകൾ മിനഞ്ഞെടുത്തവർ. ഇക്കൂട്ടത്തിൽ പെട്ട പല പ്രതിഭകളെയും സിനിമയിൽ അടയാളപ്പെടുത്തിയത് തന്നെ ജയചന്ദ്രഗാനങ്ങൾ ആണെന്ന് അത്ഭുതത്തോടെ തിരിച്ചറിയുന്നു നാം. സുരേഷ് പീറ്റേഴ്സ് (രാവണപ്രഭുവിലെ അറിയാതെ അറിയാതെ, മഴത്തുള്ളികിലുക്കത്തിലെ തേരിറങ്ങും മുകിലേ), ഗോപീസുന്ദർ (1983 ലെ ഓലഞ്ഞാലി കുരുവീ, ക്യാപ്റ്റനിലെ പെയ്തലിഞ്ഞ നിമിഷം), ദീപക് ദേവ് (സിംഫണിയിലെ ചിത്രമണിക്കാട്ടിൽ, ക്രോണിക് ബാച്‌ലറിലെ സ്വയംവരചന്ദ്രികേ, ചിറകൊടിഞ്ഞ കിനാക്കളിലെ നിലാക്കുടമേ), അൽഫോൻസ് (ജലോത്സവത്തിലെ കേരനിരകളാടും, വെള്ളിത്തിരയിലെ നീ മണിമുകിലാടകൾ), വിശ്വജിത് (ക്യാപ്റ്റനിലെ പാട്ടുപെട്ടി), സ്റ്റീഫൻ ദേവസ്സി (ഹരിഹരൻ പിള്ള ഹാപ്പിയാണിലെ തിങ്കൾ നിലാവിൽ), ഹിഷാം അബ്ദുൾ വഹാബ് (കാപ്പുച്ചിനോയിലെ എങ്ങനെ പാടേണ്ടു ഞാൻ), രതീഷ് വേഗ (മരുഭൂമിയിലെ ആനയിലെ മണ്ണപ്പം ചുട്ടു കളിക്കണ), ആനന്ദ് മധുസൂദനൻ (പാ.വയിലെ പൊടിമീശ മുളക്കണ പ്രായം), അഫ്സൽ യൂസഫ് (ഗോഡ് ഫോർ സെയിലിലെ ഇല്ലാത്താലം കൈമാറുമ്പോൾ).....

വിദ്യാസാഗറും എം ജയചന്ദ്രനുമാവണം ജയചന്ദ്രനാദത്തിലെ കാമുകഭാവം ഏറ്റവും ഔചിത്യപൂർവം ഗാനങ്ങളിൽ പ്രയോജനപ്പെടുത്തിയ സമീപകാല സംഗീത സംവിധായകർ. ``എനിക്കേറ്റവും പ്രിയപ്പെട്ട ഗായകരിലൊരാളാണ് ജയേട്ടൻ. റൊമാന്റിക് ഗാനങ്ങൾക്ക് അദ്ദേഹം പകർന്നുനൽകുന്ന ചാരുത പകരം വെക്കാനില്ലാത്തതാണ്.''-- വിദ്യാജി പറയും. ''മറന്നിട്ടുമെന്തിനോ'' എന്ന പാട്ട് ഉദാഹരണമായി എടുത്തു പറയുന്നു അദ്ദേഹം. ''ഇഷ്ടപ്പെട്ടു ചെയ്ത പാട്ടാണ്; ആരോഗ്യ പ്രശ്നങ്ങൾ പോലും വകവെക്കാതെ. വലംകൈയിലെ കടുത്ത വേദന മൂലം ഹാർമോണിയം വായിക്കാൻ വയ്യ. പാട്ടാണെങ്കിൽ ഉടൻ ചിട്ടപ്പെടുത്തിയേ പറ്റൂ താനും. രണ്ടും കൽപ്പിച്ച് ഒരു പരീക്ഷണം നടത്താൻ തീരുമാനിച്ചു ഞാൻ. പതിവിന് വിപരീതമായി ഇടംകൈ കൊണ്ട് ഹാർമോണിയം വായിച്ചു നോക്കി. പ്രയാസമുണ്ട്. എങ്കിലും ഒപ്പിക്കാം. അങ്ങനെ കംപോസ് ചെയ്തതാണ് മറന്നിട്ടുമെന്തിനോ എന്ന പാട്ടിന്റെ ട്യൂൺ. സുജാതക്കൊപ്പം ജയേട്ടൻ ആ പാട്ട് അതീവ ഹൃദ്യമായി പാടി. ശരിക്കും ഒരു കാമുകൻ പാടുന്നപോലെ. സ്വന്തം പാട്ടുകളിൽ എന്റെ ഹൃദയത്തോട് ഏറെ ചേർന്നുനിൽക്കുന്നവയിൽ ഒന്നാണത്.''

മലയാള സിനിമയിൽ ജയചന്ദ്രന്റെ രണ്ടാം വരവിന് വഴിയൊരുക്കിയ 'നിറ'ത്തിലെ ''പ്രായം നമ്മിൽ മോഹം നൽകി'' ഒരുക്കിയതും വിദ്യാജി തന്നെ. ജയചന്ദ്രനെ കൊണ്ട് ഫാസ്റ്റ് സോംഗ് പാടിച്ചാൽ ശരിയാകുമോ എന്നൊക്കെ ചോദിച്ചവരുണ്ട്. അന്നദ്ദേഹം സിനിമയിൽ അത്ര സജീവമല്ലല്ലോ. പക്ഷേ ഗായകന്റെ വോയ്‌സ് ടെക്സ്ച്ചർ ഉൾക്കൊണ്ടുകൊണ്ടാണ് താൻ ആ പാട്ടൊരുക്കിയതെന്ന് വിദ്യാസാഗർ. മെലഡിയുടെ ഒരു നേർത്ത അന്തർധാര ആ പാട്ടിൽ ഇഷ്ടഗായകനുവേണ്ടി കരുതിവെച്ചു അദ്ദേഹം. ''എന്തിനിത്ര നാളും നിന്നിൽ കുങ്കുമം ചൊരിഞ്ഞു സൂര്യൻ'' എന്ന് തുടങ്ങുന്ന ചരണമായിരുന്നു ഗാനത്തിന്റെ മുഖ്യ ആകർഷണം.

ദേവരാജൻ മാസ്റ്ററും ദക്ഷിണാമൂർത്തിയും രാഘവൻ മാസ്റ്ററും ബാബുരാജും അർജ്ജുനൻ മാസ്റ്ററുമൊക്കെ 1960 കളിലും 70 കളിലുമായി സൃഷ്ടിച്ച മുഗ്ദമധുരമായ മെലഡികളുടെ തുടർച്ച തന്നെയായിരുന്നു ഒരർത്ഥത്തിൽ ജയചന്ദ്രന് വേണ്ടി വിദ്യാസാഗർ സൃഷ്ടിച്ച പ്രണയമധുരമായ ഈണങ്ങൾ. വിദ്യാജിയുടെ ഏറ്റവും തികവാർന്ന ഗാനശിൽപ്പങ്ങളായി വാഴ്ത്തപ്പെടുന്നു അവയിൽ പലതും: പൂവേ പൂവേ പാലപ്പൂവേ (ദേവദൂതൻ), എന്തേ ഇന്നും വന്നീലാ (ഗ്രാമഫോൺ), കണ്ണിൽ കാശിത്തുമ്പകൾ (ഡ്രീംസ്), യദുവംശയാമിനി (ദുബായ്), ആരാരും കാണാതെ (ചന്ദ്രോത്സവം), ആലിലക്കാവിലെ (പട്ടാളം), മലർവാക കൊമ്പത്ത് (എന്നും എപ്പോഴും), പുന്നെല്ലിൻ കതിരോല (മേഡ് ഇൻ യു എസ് എ)....എല്ലാം മധുരോദാരമായ ഭാവഗീതങ്ങൾ. എം ജയചന്ദ്രന്റെ സംഗീതത്തിൽ പാടിയ പാട്ടുകളിൽ കല്ലായിക്കടവത്ത് (പെരുമഴക്കാലം), ഉറങ്ങാതെ രാവുറങ്ങീല, കണ്ണിൽ കണ്ണിൽ (ഗൗരീശങ്കരം), കണ്ണുനട്ട് കാത്തിരുന്നിട്ടും (കഥാവശേഷൻ) എന്നിവ അതീവഹൃദ്യം. എം ജയചന്ദ്രനെ ജനപ്രിയ സംഗീതലോകത്ത് ആദ്യമായി അടയാളപ്പെടുത്തിയ ``സ്മൃതി തൻ ചിറകിലേറി'' എന്ന ചലച്ചിത്രേതര ഗാനത്തിന് ശബ്ദം പകർന്നതും ഭാവഗായകൻ തന്നെ എന്നോർക്കുക.കൈവന്ന ബഹുമതികളിൽ ഒരിക്കലും അഹങ്കരിച്ചിട്ടില്ല ജയചന്ദ്രൻ. കൈവരാത്തവയെ ഓർത്ത് ദുഃഖിച്ചിട്ടിട്ടുമില്ല. അർഹതയുണ്ടായിട്ടും പദ്മ അവാർഡ് നിരന്തരം നിഷേധിക്കപ്പെടുന്നതിൽ നിരാശയുണ്ടോ എന്ന ചോദ്യത്തിന് ജയചന്ദ്രന്റെ മറുപടി ഇങ്ങനെ: ''എന്തിന്? പ്രതീക്ഷിച്ചാലല്ലേ നിരാശപ്പെടേണ്ട കാര്യമുള്ളൂ. ദേവരാജൻ മാഷിനും എം എസ് വിക്കും ഭാസ്കരൻ മാഷിനും ഒന്നും കിട്ടാത്ത അവാർഡല്ലേ? അത്തരമൊരു ബഹുമതി ലഭിച്ചാൽ പോലും എത്ര കണ്ട് സന്തോഷിക്കാനാകും എന്നറിയില്ല...''

സുതാര്യസുന്ദരമായ ആ ഉത്തരത്തിലുണ്ട് നാമറിയുന്ന, അറിയേണ്ട ജയേട്ടൻ. ജീവിതത്തെ അങ്ങേയറ്റം ലാഘവത്തോടെ കാണുകയും പൂർവസൂരികളോടുള്ള ഭക്തിയും ആദരവും കെടാതെ ഉള്ളിൽകൊണ്ടുനടക്കുകയും സൗഹൃദങ്ങൾക്ക് മറ്റെന്തിനേക്കാൾ വിലനൽകുകയും ചെയ്യുന്ന ഗായകൻ. ഉള്ളിലെ ആ നന്മക്കുള്ള ആദരം കൂടിയാകുന്നു ജെ സി ഡാനിയൽ അവാർഡ്.

Content Highlights: songs of p jayachandran, jc daniel award


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023

Most Commented