ഓടക്കുഴൽ വിളിയുടെ പാട്ടുകാരി, ബേബി സുജാത


രവിമേനോൻ

4 min read
Read later
Print
Share

രാധാകൃഷ്ണൻ ചേട്ടൻ ആ പാട്ടിന്റെ വരികൾ പാടിപ്പഠിപ്പിക്കുന്നതിന്റെ മങ്ങിയ ചിത്രമേയുള്ളൂ ഉള്ളൂ സുജാതയുടെ ഓർമ്മയിൽ. അന്ന് സുജുവിന് പ്രായം കഷ്ടിച്ചു പന്ത്രണ്ടു വയസ്സ്

Sujatha, Photo | Facebook, Ravi Menon

പ്രണയിക്കാൻ ഒരു ശബ്ദം

കുട്ടിക്കാലത്ത് കളിത്തോഴിമാരെ പ്രേമിക്കും ചിലർ. മറ്റു ചിലർ സഹപാഠികളെ. ഇനിയും ചിലർ സുന്ദരികളായ അധ്യാപികമാരെ വരെ.
ഞാൻ പ്രണയിച്ചത് ഇവരാരെയുമല്ല; ഒരു ശബ്ദത്തെയാണ്. നിലാവുള്ള ഒരു വയനാടൻ രാത്രിയിൽ, ഈറൻ കാറ്റിന്റെ ചിറകിലേറി കാതിലേക്ക് അപ്രതീക്ഷിതമായി ഒഴുകിയെത്തിയ ഒരു കുട്ടിശബ്ദത്തെ. രാധാമാധവ പ്രണയത്തിലെ ലജ്ജാവിവശത താനറിയാതെ തന്നെ നിഷ്കളങ്കമായി ഉൾക്കൊള്ളാൻ ശ്രമിച്ചുകൊണ്ട് ആ ശബ്ദം പാടുന്നു: ``ഓടക്കുഴൽ വിളി ഒഴുകിയൊഴുകിവരും ഒരു ദ്വാപര യുഗസന്ധ്യയിൽ, ആടിയ ദിവ്യാനുരാഗിലമാം രാസക്രീഡാ കഥയിലെ നായികേ..''

ഇരുട്ട് അൽപ്പം കൂടുതലാണ് വയനാടൻ രാവുകൾക്ക്. ബഷീറിയൻ ശൈലി കടമെടുത്താൽ ഈ ഇരുട്ടിന് എന്തൊരു ഇരുട്ട് എന്ന് തോന്നിക്കുന്നിടത്തോളം. നിലാവ് പോലും തോറ്റുപോകും ചിലപ്പോൾ. വൈദ്യുതിയില്ലാത്ത രാത്രിയാണെങ്കിൽ പറയുകയും വേണ്ട. കറന്റ് വന്നിട്ട് അധികമായിരുന്നില്ല ഞങ്ങളുടെ വീട്ടിൽ. വെളിച്ചം അണഞ്ഞാൽ പഠിത്തം നിർത്തി പോർട്ടിക്കോയിലെ മരബെഞ്ചിൽ വന്നിരിക്കും ഞങ്ങൾ -- ഞാനും അനിയനും അനിയത്തിയും. തണുപ്പകറ്റാൻ ആ കൊച്ചു ബെഞ്ചിൽ തൊട്ടുതൊട്ടിരുന്ന് ഉറക്കെ പാടും ഞങ്ങൾ; അല്ലെങ്കിൽ കടംകഥ പറഞ്ഞു കളിക്കും; ഇടയ്ക്കൊക്കെ സിനിമാപ്പേര് പറഞ്ഞും. പൊട്ടിച്ചിതറിയ സ്വർണ്ണവളപ്പൊട്ടുകൾ പോലെ, ദൂരെ വെള്ളരിമലയിൽ അങ്ങിങ്ങായി കാട്ടുതീ പടരുന്നത് കാണാം അപ്പോൾ. ഒരിക്കലും മറക്കാനാവാത്ത, പേടിപ്പെടുത്തുന്ന രാക്കാഴ്ച.

അതുപോലൊരു രാത്രിയിലേക്കാണ് അപ്രതീക്ഷിതമായി ആ ഓടക്കുഴൽ വിളി ഒഴുകിവന്നത്. തിരുവനന്തപുരം ആകാശവാണിയിൽ നിന്നാവണം. മീഡിയം വേവിന്റെ ദൂരപരിമിതിയിൽ നിന്നുയിർകൊണ്ട കരകരശബ്ദങ്ങളെ പോലും നിഷ്പ്രഭമാക്കി ആ മുരളീനാദം തണുപ്പിനൊപ്പം അന്തരീക്ഷത്തിൽ നിറഞ്ഞപ്പോൾ, കോരിത്തരിപ്പോടെ കേട്ടിരുന്നു ഞങ്ങൾ. കേട്ടു കേട്ട് മനസ്സിൽ പതിഞ്ഞ ലീലയും ജാനകിയും സുശീലയും വസന്തയും ഒന്നുമല്ലാത്ത മറ്റൊരു ശബ്ദം. ആരാണീശ്വരാ ഇത്?

ആ പാട്ട് പാടിയ ഗായികയുടെ മുഖം ആദ്യം കണ്ടത് മാതൃഭൂമി പത്രത്തിലാവണം. അതോ നാനയിലോ? സാമാന്യം വലിയ കണ്ണുകളും, ഇപ്പോ ചിരിച്ചുകളയും എന്ന മുഖ ഭാവവും, രണ്ടുവശത്തേക്കും പിന്നിയിട്ട് റിബൺ കെട്ടിയ മുടിയുമുള്ള ഒരു സുന്ദരിപ്പെൺകുട്ടി. ഒപ്പം കൊടുത്തിരുന്ന കുറിപ്പിൽ നിന്നാണ് അവളുടെ പേര് ബേബി സുജാത എന്നാണെന്നറിഞ്ഞത്. തിരു കൊച്ചിയുടെ പഴയ പ്രധാനമന്ത്രി പറവൂർ ടി കെ യുടെ കൊച്ചുമകൾ. കാവാലവും എം ജി രാധാകൃഷ്ണനുമാണ് ആ പാട്ടിന്റെ ശിൽപ്പികൾ എന്ന് മനസ്സിലാക്കിയത് പിന്നെയും വർഷങ്ങൾ കഴിഞ്ഞ്.
ഓടക്കുഴൽ വിളിയുടെ പാട്ടുകാരിയെ എന്നെങ്കിലും കാണുമെന്ന് സങ്കല്പിച്ചിട്ടില്ല അന്നത്തെ വയനാടൻ കുട്ടി.

നേരിൽ കണ്ടതും പരിചയപ്പെട്ടതും 1980 കളുടെ അവസാനമാണ്; കോഴിക്കോട്ടെ മുല്ലശ്ശേരിയിൽ വെച്ച്. . സ്റ്റെതസ്കോപ്പിനോളം തന്നെ, ഒരു പക്ഷേ അതിനേക്കാൾ, മൈക്രോഫോണിനെ സ്നേഹിക്കുന്ന ഭർത്താവ് ഡോ കൃഷ്ണമോഹനുമുണ്ടായിരുന്നു ഒപ്പം. കുപ്പിവള പൊട്ടിച്ചിതറും പോലെ ചിരിച്ചുകൊണ്ട് സുജാത മുല്ലശ്ശേരിയുടെ പൂമുഖത്തേക്ക് കടന്നുവന്നപ്പോൾ ഉള്ളിന്റെയുള്ളിൽ ഒരു കാലം പുനർജനിച്ച പോലെ. നിലാവുള്ള രാത്രിയും തണുത്ത കാറ്റും വെള്ളരിമലയിലെ കാട്ടുതീയും ഒപ്പം ആ പാട്ടും: ``ഓടക്കുഴൽ വിളി ഒഴുകിയൊഴുകിവരും....''

രാധാകൃഷ്ണൻ ചേട്ടൻ ആ പാട്ടിന്റെ വരികൾ പാടിപ്പഠിപ്പിക്കുന്നതിന്റെ മങ്ങിയ ചിത്രമേയുള്ളൂ ഉള്ളൂ സുജാതയുടെ ഓർമ്മയിൽ. അന്ന് സുജുവിന് പ്രായം കഷ്ടിച്ചു പന്ത്രണ്ടു വയസ്സ്. കൊച്ചി സെന്റ് തെരേസാസ് കോൺവെന്റിൽ ഏഴിലോ എട്ടിലോ പഠിക്കുകയാണ്. ``കലാഭവനിലായിരുന്നു റിഹേഴ്‌സൽ. അങ്ങേയറ്റം ഭാവത്തോടെ രാധാകൃഷ്ണൻ ചേട്ടൻ ലജ്‌ജാവിവശേ എന്ന വാക്ക് ആവർത്തിച്ചു പാടിത്തരുന്നത് ഓർമ്മയുണ്ട്. ആ പാട്ടിൽ ചേട്ടൻ ഏറ്റവും ആസ്വദിച്ച് കംപോസ് ചെയ്തത് ആ വരിയായിരുന്നു എന്ന് തോന്നുന്നു. ആവർത്തിച്ചു പാടിപ്പഠിച്ചതു കൊണ്ടാകും ലജ്‌ജാവിവശേ എന്ന ഭാഗമാണ് എന്റെ ആലാപനത്തിൽ ഏറ്റവും നന്നായതെന്ന് പലരും പറഞ്ഞുകേട്ടിരുന്നു അക്കാലത്ത്. നന്ദി പറയേണ്ടത് രാധാകൃഷ്ണൻ ചേട്ടനോട് തന്നെ...''

കാവാലം സാറിന്റെ കവിതയുടെ ആഴം പൂർണ്ണമായി മനസ്സിലാക്കി അവതരിപ്പിക്കാൻ പോന്ന പ്രായമല്ലല്ലോ. സ്വാഭാവികമായും ചില്ലറ പിഴവുകളൊക്കെ ഉണ്ടായിരുന്നു ആലാപനത്തിൽ എന്ന് പിന്നീട് കേട്ടപ്പോൾ തോന്നിയിട്ടുണ്ട്. ``ആടിയ ദിവ്യാനുരാഗിലമാം രാസക്രീഡാ കഥയിലെ നായികേ എന്ന വരി അന്ന് പാടിയപ്പോൾ വാക്കുകൾ ശരിക്കും മുറിക്കേണ്ടിടത്തല്ല മുറിച്ചത്. രാസ കഴിഞ്ഞു ഒരു ചെറിയ ഗ്യാപ്പിന് ശേഷമാണ് ക്രീഡയുടെ വരവ്. പിൽക്കാലത്ത് സ്റ്റേജിൽ പാടുമ്പോഴെല്ലാം ഈ പിഴവ് തിരുത്തി രാസക്രീഡാ എന്ന് തന്നെ വ്യക്തമായി പാടാൻ ശ്രമിക്കും.''-- സുജാത ചിരിക്കുന്നു. എറണാകുളം ഫൈൻ ആർട്ട്സ് ഹാളിൽ ക്ഷണിക്കപ്പെട്ട സദസ്സിന് മുൻപാകെ ആകാശവാണി നടത്തിയ സംഗീത പരിപാടിയിലാണ് പാട്ട് ആദ്യമായി അവതരിപ്പിച്ചത്. ആകാശവാണി പിന്നീട് പ്രക്ഷേപണം ചെയ്തതും അവിടെ വെച്ച് ലൈവ് ആയി റെക്കോർഡ് ചെയ്ത വേർഷൻ തന്നെ.

ചെറിയൊരു നഷ്ടബോധത്തിന്റെ കഥ കൂടിയാണ് സുജാതക്ക് ഓടക്കുഴൽ വിളി. ``അതുവരെ യുവജനോത്സവങ്ങളിൽ പതിവായി ജയിച്ചുപോന്നിരുന്ന എന്നെ ഈ പാട്ടോടെ സംഘാടകർ അൽപ്പം അകൽച്ചയോടെ നോക്കിക്കാണാൻ തുടങ്ങി. റേഡിയോയിൽ ഒക്കെ പാടി പേരെടുത്ത കുട്ടി എന്തിന് ഈ വേദിയിൽ മത്സരിക്കണം എന്നൊരു മനോഭാവം. അടുത്ത വർഷത്തെ യുവജനോത്സവത്തിൽ ഞാൻ പങ്കെടുക്കുന്നതിൽ പോലും ചിലർ പ്രതിഷേധം പ്രകടിപ്പിച്ചു കേട്ടപ്പോൾ സങ്കടം തോന്നി. പാടിയ പാട്ട് ആളുകൾ ഇഷ്ടപ്പെട്ടുപോയത് എന്റെ പിഴവല്ലല്ലോ എന്ന് സമാധാനിപ്പിച്ചു പലരും. എങ്കിലും അതൊരു വലിയ വേദനയായിരുന്നു അന്നത്തെ സ്‌കൂൾ കുട്ടിക്ക്..''

ഓടക്കുഴൽ വിളി യുവജനോത്സവ വേദിയിലെ മത്സരാർത്ഥികളുടെ പ്രിയഗാനമായി മാറിയത് പിൽക്കാല ചരിത്രം. പാട്ടുകാരിയായ എന്റെ അനിയത്തിയുടെയും പ്രിയഗാനമായിരുന്നു അത്. ഓടക്കുഴൽ വിളി അക്കാലത്ത് ഭാവമധുരമായി പേടിക്കേൾപ്പിച്ചിരുന്ന മറ്റു രണ്ടുപേരെ കൂടി ഓർക്കുന്നു -- ഉഷയും മീനയും. ഇരുവരും എനിക്ക് സഹോദരീതുല്യർ.

ഞങ്ങളുടെ തലമുറയിൽ മാത്രമല്ല മുൻ തലമുറയിൽ പോലുമുണ്ടായിരുന്നു ആ പാട്ടിന് ആരാധകർ. സംവിധായകരായ അരവിന്ദന്റേയും പ്രിയദർശന്റെയുമൊക്കെ പ്രിയഗാനമാണത്. ഓടക്കുഴൽ വിളി സ്വന്തം സിനിമയിൽ ഉൾപ്പെടുത്തണം എന്ന് ആഗ്രഹിച്ചിട്ടുണ്ട് അരവിന്ദൻ. പക്‌ഷേ പകർപ്പവകാശം ആകാശവാണിക്കായതിനാൽ അതിനു നിവൃത്തിയില്ല. എങ്കിൽ പിന്നെ അത്ര തന്നെ സൗന്ദര്യമുള്ള മറ്റൊരു രാധാ കൃഷ്ണഗീതം സൃഷ്ടിച്ചു തരാൻ കാവാലത്തെയും എം ജി രാധാകൃഷ്ണനെയും ചുമതലപ്പെടുത്തുന്നു അദ്ദേഹം. അങ്ങനെ പിറന്നതാണ് ``തമ്പി''ലെ ``ഒരു യമുനാനദി ഓളമിളക്കിയെൻ''. ഉഷാരവി പാടിയ ആ ഗാനം മോശമായിരുന്നില്ല. എങ്കിലും ഓടക്കുഴൽ വിളിയെ തെല്ലും നിഷ്പ്രഭമാക്കാൻ കഴിഞ്ഞില്ല അതിന്. മറ്റു പലരും അവഗണിച്ച കാലത്തും സ്വന്തം സിനിമകളിൽ തുടക്കം മുതലേ സുജാതയ്ക്ക് നല്ല ഗാനങ്ങൾ നല്കാൻ പ്രിയന് പ്രേരണയായത് ``ഓടക്കുഴൽ വിളി''യോടുള്ള സ്നേഹമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.

ഇന്നും ആ പാട്ട് എന്റെ കാതിലുണ്ട്; മനസ്സിലും. ഏകാന്തനിമിഷങ്ങളിൽ പിന്നിൽ വന്നു കണ്ണുകൾ പൊത്തി നേത്രോൽപ്പലമാല ചാർത്തുന്നു ആ ഗാനം. ഒളികണ്ണോടെ, കപടഭാവത്തോടെ അതെന്നെ വീണ്ടും വീണ്ടും പുണരുന്നു; മാഞ്ഞുപോകാൻ കൂട്ടാക്കാത്ത ഒരു കാലത്തിന്റെ ഓർമ്മകൾക്കൊപ്പം..

Content Highlights : Singer Sujatha, light music Odakkuzhal vili, Kavalam, MG Radhakrishnan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Devarajan

2 min

എന്തുകൊണ്ട് ദേവരാജന്‍ മാസ്റ്റര്‍?

Sep 27, 2021


ONV

3 min

ഒ.എൻ.വി എഴുതി, സേഥ് ഹൃദയം പകർന്നു; ഒളിച്ചിരിക്കാൻ വള്ളിക്കുടിൽ പിറന്നു

May 27, 2021


Most Commented