'നൻപാ  നൻപാ'യിലെ ഈണം വിസ്മൃതിയിലാണ്ടില്ല, മലയാളത്തിൽ സുജാതയുടെ ശബ്ദത്തിൽ ഹിറ്റായി 'എത്രയോ ജന്മമായ്'


രവിമേനോൻ 

4 min read
Read later
Print
Share

Sujatha

സുജാതക്ക് പിറന്നാൾ മംഗളം (മാർച്ച് 31)

അഖിലലോക പ്രണയദിനത്തിൽ പ്രിയതമന് ഒരു പാട്ട് സമർപ്പിക്കാൻ ഏത് നമ്പറിൽ ബന്ധപ്പെടണം എന്നറിയാനാണ് ആ ചേച്ചി ക്ലബ് എഫ് എമ്മിലേക്ക് വിളിച്ചത്; പന്ത്രണ്ടു വർഷം മുൻപൊരു ഫെബ്രുവരി 14 ന്. ഓൺ എയർ സ്റ്റുഡിയോയുടെ നമ്പർ പറഞ്ഞുകൊടുത്ത ശേഷം വെറുതെ ഒരു കൗതുകത്തിന് ചോദിച്ചു: "ഏത് പാട്ടാണ് ഡെഡിക്കേറ്റ് ചെയ്യുന്നത്?''

നിമിഷനേരം പോലും അറച്ചുനിൽക്കാതെ മറുപടി: "എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു അത്രമേൽ ഇഷ്ടമായ് നിന്നെയെൻ പുണ്യമേ....''. സമ്മർ ഇൻ ബത്‌ലഹേമിൽ ശ്രീനിവാസും സുജാതയും ചേർന്ന് പാടിയ പാട്ട്.

അത്ഭുതം തോന്നിയില്ല. ആ വർഷം ഏറ്റവും കൂടുതൽ പേർ ആവശ്യപ്പെട്ട ഗാനം അതായിരുന്നു. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ പ്രണയഗാനം കണ്ടെത്താൻ എഫ് എമ്മിലൂടെ നടത്തിയ സർവേയിലും ഒന്നാമതെത്തിയത് ഗിരീഷ് പുത്തഞ്ചേരി -- വിദ്യാസാഗർ കൂട്ടുകെട്ടിന്റെ ആ മനോഹരമായ മെലഡി തന്നെ. ഇന്നും മലയാളിയുടെ പ്രണയഗാന പട്ടികയിൽ മുൻപന്തിയിൽ തന്നെയുണ്ടാകും ആ ഗാനം.

കൗതുകം പകർന്നത് മറ്റൊരു കാര്യമാണ്. വിളിച്ച ചേച്ചിക്ക് പ്രായം 80. 'അത്രമേൽ ഇഷ്ടമുള്ള' ഭർത്താവിന് 84 ഉം. ശതാഭിഷിക്തൻ.
"എന്താ ഈ പ്രായത്തിൽ പ്രണയം വന്നുകൂടെ '' എന്ന് ചോദിച്ചേക്കാം ചിലരെങ്കിലും. തീർച്ചയായും വരാം; വരണം. എഴുപതും എഴുപത്തഞ്ചും വയസ്സുള്ളവർ വരെ ഇഷ്ടഗാനങ്ങൾക്കായി റേഡിയോയിലേക്ക് വിളിക്കാറുണ്ട്. പക്ഷേ അവർ ആവശ്യപ്പെടാറുള്ളതധികവും പഴമയുടെ സൗരഭ്യമുള്ള മെലഡികളാണ്. ദേവരാജന്റെയും ബാബുരാജിന്റെയുമൊക്കെ പാട്ടുകൾ. 'എത്രയോ ജന്മമായ്' ഇഷ്ടപ്പെടുന്ന 84 കാരൻ അക്കൂട്ടത്തിൽ നിന്നൊക്കെ വേറിട്ടു നിൽക്കുന്നു. എന്തായിരിക്കും ഈ പ്രണയത്തിന്റെ പൊരുൾ ?

ഗവ ആശുപത്രിയിൽ നിന്ന് നഴ്സ് ആയി വിരമിച്ച ചേച്ചി തന്നെ തന്നു അതിനുള്ള ഉത്തരം: "സുജാതയാണ് അങ്ങേരുടെ ഇഷ്ടഗായിക. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വർഷങ്ങളായുള്ള സ്നേഹമാണ്. ഒരു പ്രത്യേക കൊഞ്ചലുണ്ടത്രെ ആ കൊച്ചിന്റെ ശബ്ദത്തിൽ. എന്തോ എനിക്കറിയില്ല. ഇപ്പൊ പ്രായത്തിന്റെ അസ്കിതകളൊക്കെയുണ്ട്, ഉറക്കവും കമ്മി. എന്നാലും ദിവസവും രാത്രി ഒന്നുരണ്ടു തവണ ഈ പാട്ട് വെച്ച് കേട്ടിട്ടേ കിടക്കാൻ പോകൂ...''

സിനിമയിലെ ഏതെങ്കിലുമൊരു കഥാസന്ദർഭത്തിന് പൊലിമ കൂട്ടാൻ വേണ്ടി ക്ലിപ്‌ത സമയത്തിനുള്ളിൽ പിറന്നുവീഴുന്ന ഗാനം സാധാരണ മനുഷ്യന്റെ മനസ്സിനെ, ജീവിതത്തെ തന്നെ, എത്ര ആഴത്തിൽ സ്വാധീനിക്കുന്നു എന്നതിന് ഇതിലും നല്ലൊരു ഉദാഹരണം വേണോ? പ്രായത്തിനു പോലുമില്ല ഈ പ്രണയത്തിൽ ഒരു റോൾ.

പാടി റെക്കോർഡ് ചെയ്യുമ്പോൾ 'എത്രയോ ജന്മമായ്' ഇത്രയേറെ ശ്രദ്ധിക്കപ്പെടുമെന്നോ കാലത്തിനപ്പുറത്തേക്ക് വളരുമെന്നോ പ്രതീക്ഷിച്ചിട്ടില്ല സുജാത. സിനിമ പുറത്തിറങ്ങിയപ്പോൾ കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് പടത്തിലെ മറ്റു പാട്ടുകളാണ്. ശീർഷകഗാനമായതുകൊണ്ട് ``എത്രയോ ജന്മമായ്'' ടെലിവിഷനിൽ വരാൻ യാതൊരു സാധ്യതയില്ല. സ്വാഭാവികമായും ഗാനം എളുപ്പത്തിൽ വിസ്മരിക്കപ്പെടാം. പക്ഷേ സംഭവിച്ചത് മറിച്ചാണ്. പുറത്തിറങ്ങി കാൽ നൂറ്റാണ്ടിന് ശേഷവും മലയാളികൾ നെഞ്ചോട് ചേർത്ത് പിടിക്കുന്നു ആ ഗാനത്തെ; എത്രയോ ജന്മമായി തേടിനടന്ന് കൈവന്ന കൂട്ടുകാരനെ അല്ലെങ്കിൽ കൂട്ടുകാരിയെ പോലെ. ഏറ്റവും പുതിയ തലമുറയിലെ കുട്ടികളുടെ പ്ലേലിസ്റ്റിൽ പോലുമുണ്ട് ആ ഗാനം. വാലന്റീൻസ് ദിനത്തിൽ ഇന്നും ഏറ്റവുമധികം കൈമാറ്റം ചെയ്യപ്പെടുന്ന പ്രണയസന്ദേശങ്ങളിൽ ഒന്ന് ഈ പാട്ടിന്റെ പല്ലവിയായിരിക്കും. എല്ലാ പ്രണയികളുടെയും ആത്മാവിഷ്കാരമാണല്ലോ അത്.

മഞ്ജുവാര്യരെയും പ്രഭുവിനെയും നായികാനായകരാക്കി സിബി മലയിൽ സംവിധാനം ചെയ്യാനിരുന്ന 'നൻപാ നൻപാ' എന്ന തമിഴ് ചിത്രത്തിന് വേണ്ടി അതിനും രണ്ടു മൂന്നു വർഷം മുൻപ് വിദ്യാസാഗർ സൃഷ്ടിച്ചതാണ് എത്രയോ ജന്മമായ് എന്ന പാട്ടിന്റെ ഒറിജിനൽ ട്യൂൺ. വൈരമുത്തുവിന്റെ മനോഹരമായ വരികൾ പിറകെ വന്നു -- "ഭൂമിയേ ഭൂമിയേ പൂമഴൈ നാൻ തൂവവാ...'' ബംഗളൂരുവിൽ വെച്ചാണ് ആ ഈണം പിറന്നതെന്നോർക്കുന്നു വിദ്യാജി.

ഒരു ഗാനരംഗം മാത്രം ഷൂട്ട് ചെയ്ത ശേഷം 'നൻപാ നൻപാ' എന്ന പ്രോജക്ട് ഉപേക്ഷിക്കപ്പെട്ടെങ്കിലും ഗാനവും ഈണവും വിസ്മൃതിയിൽ മറഞ്ഞില്ല എന്നത് സംഗീതാസ്വാദകരുടെ സുകൃതം. അർജുനും മീനയും അഭിനയിച്ച സെങ്കോട്ടൈ (1996) എന്ന തമിഴ് ആക്ഷൻ ചിത്രത്തിൽ എസ് പി ബിയുടെയും എസ് ജാനകിയുടെയും ശബ്ദങ്ങളിൽ 'ഭൂമിയേ ഭൂമിയേ' ഇടം നേടുന്നു. അർഹിച്ച ശ്രദ്ധ നേടാതെ മറവിയിലൊടുങ്ങാനായിരുന്നു ആ പാട്ടിന്റെ യോഗം. പടം ബോക്‌സാഫീസിൽ തകർന്നത് തന്നെ പ്രധാന കാരണം.

പക്ഷേ സിബി മലയിലിന് എങ്ങനെ ആ ഈണം മറക്കാനാകും? 'സമ്മർ ഇൻ ബത്‌ലഹേമി'ന്റെ (1998) കമ്പോസിംഗിനിടെ സിബിയാണ് പഴയ ഈണം മലയാളത്തിൽ പുനഃസൃഷ്ടിക്കാൻ വിദ്യാസാഗറിനോട് ആവശ്യപ്പെടുന്നത്. "അത്രയും ഇഷ്ടമായിരുന്നു സിബിസാറിന് ആ ട്യൂൺ.''-- വിദ്യാജി ഓർക്കുന്നു. പഴയ ഈണം അപ്പടി ഉപയോഗിക്കുകയല്ല ഇത്തവണ വിദ്യാസാഗർ ചെയ്തത്. അതിന്റെ കെട്ടിലും മട്ടിലും ചില മാറ്റങ്ങൾ വരുത്തി. ഗിരീഷിന്റെ ലളിതസുന്ദരമായ വരികൾ കൂടി ചേർന്നപ്പോഴോ? മറ്റേതോ ആകാശങ്ങളിലേക്ക് പറന്നുയർന്നു അത്.

'അത്രമേൽ ഇഷ്ടമായ്' എന്ന രണ്ടേ രണ്ടു വാക്കുകളിൽ നിന്നാണ് ആ പാട്ടുണ്ടായതെന്ന് പറഞ്ഞിട്ടുണ്ട് ഗിരീഷ്. എത്രയോ ജന്മമായ് എന്ന തുടക്കം പോലും പിന്നീടാണ് വന്നത്. ``കാറ്റോടു മേഘം മെല്ലെ ചൊല്ലി സ്നേഹാർദ്രമേതോ സ്വകാര്യം, മായുന്ന സന്ധ്യേ നിന്നെത്തേടി ഈറൻ നിലാവിൻ പരാഗം.... '' -- ഈണമിട്ടെഴുതിയതാണ് ഈ വരികൾ എന്ന് വിശ്വസിക്കുക പ്രയാസം. 'സെങ്കോട്ട'യിലെ തമിഴ് വേർഷൻ അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയപ്പോൾ മലയാളം പതിപ്പ് എക്കാലത്തെയും വലിയ ഹിറ്റായി മാറി എന്നത് ചരിത്രനിയോഗം.

മറ്റൊരു കൗതുകം കൂടി. വെളിച്ചം കാണാതെ പോയ സിബിയുടെ തമിഴ് സിനിമക്ക് വേണ്ടി വിദ്യാസാഗർ ചിട്ടപ്പെടുത്തിയ മറ്റ് രണ്ട് ഈണങ്ങൾ കൂടി അധികം വൈകാതെ സൂപ്പർ ഹിറ്റ് മലയാള ഗാനങ്ങളായി നമ്മെ തേടിയെത്തി. 'മലൈകാട്രു വന്ത് തമിഴ് പേശുതേ' എന്ന പാട്ട് 'സമ്മർ ഇൻ ബത്‌ലഹേ'മിൽ ഒരു രാത്രി കൂടി വിടവാങ്ങവേ എന്ന ഭാവഗീതമായി. 'നൻപാ നൻപാ' എന്ന ഗാനം ദേവദൂതനിൽ 'പൂവേ പൂവേ പാലപ്പൂവേ'യും.

'എത്രയോ ജന്മമായ്' എന്ന ഗാനത്തോട്‌ മലയാളികൾക്കുള്ള സ്നേഹം ശ്രീനിവാസിനേയും സുജാതയേയും വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു. പാട്ടിന്റെ തുടക്കത്തിലെ സംഗീതശകലങ്ങൾ കേൾക്കുമ്പോഴേ ഇളകിമറിയാൻ തുടങ്ങും സദസ്സ്. 'തിരൂർ തുഞ്ചൻ പറമ്പിലെ ഒരു പരിപാടിക്കിടെ ആ പാട്ടിന്റെ പല്ലവി ആവർത്തിച്ചു പാടേണ്ടി വന്നത് ഓർക്കുന്നു. ഓരോ തവണയും നിറഞ്ഞ സദസ്സ് വരികൾ ആവേശപൂർവം ഏറ്റുപാടി. അത്തരമൊരനുഭവം അപൂർവമാണ് ഗാനമേളകളിൽ..''-- സുജാതയുടെ ഓർമ്മ.

വിദ്യാസാഗറിന്റെ വർഷവല്ലകി സ്റ്റുഡിയോയിൽ പാട്ട് റെക്കോർഡ്‌ ചെയ്യാൻ എത്തിയത് ജലദോഷവുമായിട്ടായിരുന്നു എന്നോർക്കുന്നു ശ്രീനിവാസ്. "ആ അവസ്ഥയിൽ ഒരു റൊമാന്റിക് മെലഡി പാടിയാൽ ശരിയാകുമോ എന്നായിരുന്നു എൻറെ സംശയം. സംശയിക്കേണ്ട, ആ ശബ്ദം തന്നെയാണ് എനിക്ക് വേണ്ടത് എന്നായി വിദ്യാസാഗർ. പിന്നീട് പാട്ട് റെക്കോർഡ്‌ ചെയ്തു കേട്ടപ്പോഴാണ് അദ്ദേഹത്തിന്റെ തീരുമാനം എത്ര ശരിയായിരുന്നു എന്ന് മനസ്സിലായത്‌. ''

പ്രണയഗാനങ്ങൾ പാടാൻ ജനിച്ച ഗായികയാണ് സുജാത എന്ന് തോന്നിയിട്ടുണ്ട്. വാക്കുകളിൽ, അക്ഷരങ്ങളിൽ, വെറുമൊരു മൂളലിൽ പോലും പ്രണയം നിറച്ചുവെക്കുന്ന പാട്ടുകാരി. ഈ കാൽപനിക ഭാവം ഏറ്റവും പ്രയോജനപ്പെടുത്തിയ സംഗീത സംവിധായകൻ വിദ്യാസാഗർ ആവണം. വിദ്യാജിയുടെ ഈണങ്ങളാണ് സുജാതയ്ക്ക് മികച്ച പിന്നണിഗായികക്കുള്ള സംസ്ഥാന അവാർഡ് രണ്ടു തവണ നേടിക്കൊടുത്തത്. (പ്രണയമണിത്തൂവൽ, വരമഞ്ഞളാടിയ). സുജാതയുടെ ഏറ്റവും മികച്ച പ്രണയഗാനങ്ങളിലെല്ലാമുണ്ട് മെലഡിയുടെ വിദ്യാസ്പർശം.

കാൽ നൂറ്റാണ്ടിന് ശേഷവും പ്രണയപൂർവം മലയാളിയുടെ കാതുകളിൽ മൂളിക്കൊണ്ടിരിക്കുന്നു സുജാത: ``ഈ മഞ്ഞും എൻ മിഴിയിലെ മൗനവും എൻ മാറിൽ നിറയുമീ മോഹവും നിത്യമാം സ്നേഹമായ് തന്നൂ ഞാൻ.... ''


Content Highlights: Singer Sujatha Birthday Summer In Bethlahem Movie song Vidyasagar Girish Puthenchery

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Ayalum Njanum Thammil

5 min

'അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്'; പ്രണയനഷ്ടം എന്തെന്നറിഞ്ഞ ഒരാൾക്ക് മാത്രം എഴുതാൻ കഴിയുന്ന വരികൾ

Oct 28, 2021


Devarajan

2 min

എന്തുകൊണ്ട് ദേവരാജന്‍ മാസ്റ്റര്‍?

Sep 27, 2021


ONV

3 min

ഒ.എൻ.വി എഴുതി, സേഥ് ഹൃദയം പകർന്നു; ഒളിച്ചിരിക്കാൻ വള്ളിക്കുടിൽ പിറന്നു

May 27, 2021


Most Commented