'മെല്ലെ നീ മെല്ലെ' നാല്പതിന്റെ നിറവിൽ; ആരോടും പരിഭവമില്ലാതെ സതീഷ് ബാബു


രവിമേനോന്‍

3 min read
Read later
Print
Share

മലയാള സിനിമയിൽ സതീഷ് ബാബു എന്ന ഗായകനെ അടയാളപ്പെടുത്തിയ പാട്ടിന് -- ധീരയിലെ മെല്ലെ നീ മെല്ലെ വരൂ -- ഇന്ന് നാല് പതിറ്റാണ്ട് തികയുന്നു

Satheesh Babu

ആദ്യമായി പങ്കെടുത്ത സംഗീത മത്സരം നൊമ്പരമുണർത്തുന്ന ഓർമ്മയാണ് സതീഷ് ബാബുവിന്. ലക്ഷ്മി ബാലജനസഖ്യമായിരുന്നു സംഘാടകർ. വേദി കോഴിക്കോട് ടൗൺഹാൾ. ``സ്‌കൂളിലെ ബാലസുബ്രഹ്മണ്യം മാഷാണ് എന്നെ മത്സരിക്കാൻ കൊണ്ടുപോയത്. ``മാനത്തെ മഴവില്ലിനേഴു നിറം'' എന്ന പാട്ടു പാടി തീർന്നപ്പോൾ വലിയ കയ്യടിയായിരുന്നു. സ്റ്റേജിൽ വന്ന് പലരും അഭിനന്ദിച്ചു. ഒന്നാം സ്ഥാനം നിനക്കു തന്നെ എന്ന് ആശംസിക്കാനും മറന്നില്ല അവർ.''

പന്ത്രണ്ടു വയസ്സുകാരന്റെ ഉള്ളിൽ മോഹം വളരുകയായിരുന്നു. പക്ഷേ ഫലം വന്നപ്പോൾ എല്ലാ പ്രതീക്ഷകളും വീണടഞ്ഞു. മറ്റേതോ കുട്ടികൾക്കാണ് ആദ്യ രണ്ടു സ്ഥാനങ്ങൾ. സതീഷിന് പ്രോത്സാഹന സമ്മാനം മാത്രം. കരഞ്ഞോ എന്ന് ഓർമ്മയില്ല. എങ്കിലും നെഞ്ച് നീറിയിരിക്കണം. ആൾക്കൂട്ടത്തിലൂടെ ശിഷ്യന്റെ കൈപിടിച്ചു നടന്നുപോകവേ, മാഷ് ആശ്വസിപ്പിച്ചു: ``സാരല്യടോ സതീശാ, നെന്റെ പാട്ട് ആൾക്കാർക്കിഷ്ടായി. അവരുടെ പ്രൈസ് നിനക്കാ. ജഡ്ജിമാരുടെ പ്രൈസ് അവർക്ക് ഇഷ്ടള്ളോർക്ക് കൊടുത്തു. അത്രേയുള്ളൂ. നിയ്യാണ് ശരിക്കും ജയിച്ചത്...''

വിലപ്പെട്ട ഉപദേശമായിരുന്നു അതെന്ന് സതീഷ് ബാബു. പിൽക്കാലത്ത് സംഗീത ജീവിതത്തിൽ അർഹതപ്പെട്ട അവസരങ്ങൾ പോലും കൈവിട്ടു പോകുന്നത് നിസ്സഹായനായി കണ്ടുനിൽക്കുമ്പോൾ ബാലസുബ്രഹ്മണ്യം മാഷിന്റെ വാക്കുകൾ ഓർക്കാറുണ്ട് സതീഷ്. ``

മലയാള സിനിമയിൽ സതീഷ് ബാബു എന്ന ഗായകനെ അടയാളപ്പെടുത്തിയ പാട്ടിന് -- ധീരയിലെ മെല്ലെ നീ മെല്ലെ വരൂ -- ഇന്ന് നാല് പതിറ്റാണ്ട് തികയുന്നു. 1981 ഒക്ടോബർ 10 നായിരുന്നു ചെന്നൈ തരംഗിണി സ്റ്റുഡിയോയിലെ റെക്കോർഡിംഗ്. പൂവച്ചൽ ഖാദറിന്റെ രചന. രഘുകുമാറിന്റെ ഈണം. ഒപ്പം പാടിയത് സാക്ഷാൽ എസ് ജാനകി. ``പടത്തിന്റെ നിർമ്മാതാക്കളിലൊരാൾ കൂടിയായ രഘുവേട്ടന് എന്നെ നേരത്തെ അറിയാം. എന്റെ പാട്ട് ഇഷ്ടവുമായിരുന്നു. എന്നെങ്കിലും ഒരു സിനിമക്ക് സംഗീതം ചെയ്യാൻ അവസരം കിട്ടുകയാണെങ്കിൽ എനിക്ക് പാട്ട് തരാമെന്ന് പറയുമായിരുന്നു.'' ധീരയിൽ രഘുകുമാർ വാക്കുപാലിച്ചു.

``അതിന് മുൻപ് അതേ പടത്തിൽ ദാസേട്ടന് വേണ്ടി രണ്ടു പാട്ടിന് ട്രാക്ക് പാടിയിരുന്നു. അതെല്ലാവർക്കും ഇഷ്ടമായി. സ്വാഭാവികമായും എന്റെ പാട്ടിന്റെ റെക്കോർഡിംഗിന് ധാരാളം പേർ എത്തിയിരുന്നു. കൗതുകം കൊണ്ടാവാം. ജാനകിയമ്മയുമൊത്ത് കുറെയേറെ ഗാനമേളകളിൽ പാടിയിരുന്നതിനാൽ വലിയ ടെൻഷൻ തോന്നിയില്ല. റെക്കോർഡിംഗ് കഴിഞ്ഞപ്പോൾ ആദ്യം എന്നെ അഭിനന്ദിച്ചത് അവരാണ്.''-- സതീഷിന്റെ ഓർമ്മ.

സിനിമയിൽ സതീഷിനെ അവതരിപ്പിച്ചത് സംഗീതസംവിധായകൻ കണ്ണൂർ രാജൻ -- 1979 ൽ. വലിയൊരു കലാപ്രേമിയയായിരുന്ന കൃഷ്ണദാസിന്റെ കോറണേഷൻ ലോഡ്ജ് അന്ന് കോഴിക്കോട്ടെ സംഗീത കലാകാരന്മാരുടെ താവളമായിരുന്നു. കണ്ണൂർ രാജൻ കോഴിക്കോട്ട് വന്നാൽ അവിടെയാണ് തങ്ങുക. ഒരു ദിവസം രാജേട്ടൻ ആവശ്യപ്പെട്ടതനുസരിച്ച് ലോഡ്ജിൽ ചെന്ന് സതീഷ് അദ്ദേഹത്തെ കാണുന്നു.
പാട്ടൊന്ന് കേൾക്കട്ടെ എന്ന് രാജൻ. ``ഒരു മുഖം മാത്രം കണ്ണിൽ'' എന്ന പാട്ടാണ് സതീഷ് പാടിയത്. ``നാലുവരി പാടി. അപ്പോഴേക്കും മതി, ഇനി നിർത്താം എന്നായി രാജൻ. ``വല്ലാത്ത ഷോക്കായി അത്. എന്റെ ശബ്ദം അദ്ദേഹത്തിന് ഇഷ്ടമായില്ലെന്ന് വരുമോ? പക്ഷേ എന്നെ അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: നീ എന്റെ കൂടെ മദ്രാസിലേക്ക് വരുന്നു.''

1979 ജനുവരി 2 ന് എ വി എം സി തിയേറ്ററിൽ റെക്കോഡിംഗ്. ``സന്നാഹം'' എന്ന പടം. ഒ എൻ വി രചിച്ച ``ആ മലയിൽ ഈ മലയിൽ ആയിരം മേഘങ്ങൾ പറന്നണഞ്ഞു''' എന്ന ഗാനത്തിന്റെ റെക്കോഡിംഗ് നിർവഹിച്ചത് വിശ്വനാഥൻ. പാടിയ പാട്ടുകളിൽ തനിക്കേറ്റവും പ്രിയപ്പെട്ടത് എന്നു പറയും സതീഷ്. എന്ത് ചെയ്യാം? പടം വെളിച്ചം കണ്ടില്ല. അങ്ങനെ എത്രയെത്ര ഭാഗ്യദോഷങ്ങൾ....``പാടിയ പാട്ടുകൾ എല്ലാം ഇങ്ങോട്ട് തിരഞ്ഞുവരികയായിരുന്നു എന്നതാണ് ഓർക്കുമ്പോൾ സന്തോഷം തോന്നുന്ന കാര്യം. ജീവിതത്തിൽ ഒരിക്കലും അമിതമായ ആഗ്രഹങ്ങൾ വെച്ചുപുലർത്തിയിട്ടില്ല. ഇപ്പോഴുമില്ല. പാട്ടു പാടി ജീവിക്കാനാകും എന്ന് മനസ്സിലാക്കിയത് തന്നെ വൈകിയാണ്. പിന്നെ സഹജമായ അലസതയും ഉണ്ടായിരുന്നു. ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറാൻ അന്തർമുഖത്വം എന്നെ അനുവദിക്കാറില്ല. ഇതൊക്കെ കൊണ്ടാകാം അവസരങ്ങൾ തിരഞ്ഞുപോകാൻ മടിച്ചതും....''

സിനിമക്ക് വേണ്ടി പാടിയ പാട്ടുകളിൽ പലതും പാടിയത് സതീഷ് ആണെന്നറിയുന്നവർ ചുരുങ്ങും. രഘുകുമാറിന്റെ ഈണത്തിൽ ജാനകിയോടൊപ്പം പാടിയ ``ധീര''യിലെ പ്രസിദ്ധമായ ആ യുഗ്മഗാനം -- മെല്ലെ നീ മെല്ലെ വരൂ -- ഉദാഹരണം. എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിൽ യേശുദാസും സുനന്ദയും പാടിയ ദേവദുന്ദുഭി സാന്ദ്രലയം എന്ന ഗാനത്തിന്റെ ആദ്യഭാഗത്തിന് ശബ്ദം നൽകിയത് സതീഷ് ആയിരുന്നു . (ഇതേ ഗാനം യേശുദാസിന്റെ സ്വരത്തിൽ സോളോ ആയി കേട്ടാണ് നമുക്ക് പരിചയം). ആ മുഖം കണ്ട നാൾ (ജാനകിയോടൊപ്പം യുവജനോത്സവത്തിൽ), ശിശിരമേ ശിശിരമേ (പട്ടണപ്രവേശം) തുടങ്ങി വേറെയും ശ്രദ്ധേയ ഗാനങ്ങൾ.

സതീഷുമായുള്ള സൗഹൃദം മൂന്നര പതിറ്റാണ്ടു പിന്നിടുന്നു. എന്റെ വിവാഹത്തലേന്ന് കോഴിക്കോട്ടെ മുല്ലശേരിയുടെ അങ്കണത്തിൽ രാജുവേട്ടന്റെ സാന്നിധ്യത്തിൽ അരങ്ങേറിയ മെഹ്ഫിലിൽ ``രവിയുടെ പ്രിയഗാനം'' എന്ന വിശേഷണത്തോടെ സതീഷ് പാടി സമർപ്പിച്ച ആ ഗസലിന്റെ ശീലുകൾ ഇപ്പോഴുമുണ്ട് കാതുകളിൽ: ``പൊന്നിൻ തരിവള മിന്നും കൈകളിൽ ഒന്നു തൊടാനൊരു മോഹം...''

content highlights : Singer Satheesh Babu Dheera movie duet song with S Janaki Melle nee melle varu

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Chithra

4 min

'വൺസ് മോർ' കേട്ടാൽ അഭിമാനപുളകിതരാകാത്ത പാട്ടുകാരുണ്ടോ? ശരത് ഉണ്ട്, അതും ചിത്രയ്ക്കൊപ്പം പാടിയപ്പോൾ

Aug 13, 2021


Monisha

2 min

മോനിഷയെ മലയാള സിനിമയില്‍ അടയാളപ്പെടുത്തിയ 'മഞ്ഞള്‍പ്രസാദം'

Dec 6, 2021


Shabnam

5 min

വെണ്ണിലാ ചന്ദനക്കിണ്ണം; ഒരൊറ്റ പാട്ടിലൂടെ ഹൃദയം കവർന്ന ഗായിക, ശബ്നം

Jul 21, 2021


Most Commented