ഞങ്ങൾ സന്തുഷ്ടരാണ്, ഡാർലിങ്ങ് ഡാർലിങ്ങ് എന്നീ ചിത്രങ്ങളിൽ നിന്ന്, സന്തോഷ് കേശവ്
പാട്ടിലൂടെ സന്തോഷ് കേശവ് പറയുന്നു: മേരി ആവാസ് സുനോ
പൊന്നിൻവള കിലുക്കി നമ്മെ വിളിച്ചുണർത്തി വിസ്മയിപ്പിച്ച ശേഷം എങ്ങോ കടന്നുകളഞ്ഞ പാട്ടുകാരൻ. പാടിയ ആദ്യത്തെ സോളോ ഗാനം തന്നെ സൂപ്പർഹിറ്റാക്കിയിട്ടും സംഗീതജീവിതത്തിൽ മറ്റൊരു പൊൻവളകിലുക്കം എന്തുകൊണ്ടുണ്ടായില്ല എന്ന ചോദ്യത്തിന് അർത്ഥഗർഭമായ മന്ദഹാസമാണ് സന്തോഷ് കേശവിന്റെ മറുപടി. ``തലക്കുറി പാട്ടിന് മാത്രമല്ല പാട്ടുകാരനും ബാധകമല്ലേ'' എന്നൊരു മറുചോദ്യമുണ്ടായിരുന്നില്ലേ നിശബ്ദമായ ആ ചിരിയിൽ?
ഞങ്ങൾ സന്തുഷ്ടരാണ് (1999) എന്ന ചിത്രത്തിൽ എസ് രമേശൻ നായർ എഴുതി ഔസേപ്പച്ചൻ ഈണമിട്ട ``പൊന്നിൻവള കിലുക്കി വിളിച്ചുണർത്തി എന്റെ മനസ്സുണർത്തി'' എന്ന ഒരൊറ്റ ഗാനത്തിലൂടെ ആസ്വാദകമനസ്സുകളിൽ ഇടം നേടിയ ഗായകൻ. ``നാളെയുടെ വാഗ്ദാനമായ പ്രണയനാദം'' എന്ന വിശേഷണത്തോടെ വെള്ളിനക്ഷത്രത്തിലെ പ്രതിവാര ഗാനാസ്വാദനപംക്തിയിൽ പുതുഗായകനെ പരിചയപ്പെടുത്തിയത് 22 വർഷം മുൻപാണ്.
കൊള്ളാവുന്ന കുറച്ചു പാട്ടുകൾ പിന്നേയും പാടിയെങ്കിലും ശ്രദ്ധിക്കപ്പെട്ടവ അപൂർവം. പടങ്ങൾ പലതും ബോക്സോഫീസിൽ തിളങ്ങാതെ പോയതാവാം പ്രധാന കാരണം. നല്ല ചില പാട്ടുകൾ സിനിമയിലൊട്ട് ഇടം നേടിയതുമില്ല. ഇപ്പോഴിതാ നീണ്ടൊരു ഇടവേളക്ക് ശേഷം സന്തോഷിന്റെ ശബ്ദം വീണ്ടും മലയാള സിനിമയിൽ മുഴങ്ങുന്നു; പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ``മേരി ആവാസ് സുനോ''യിൽ ഹരിനാരായണനും എം ജയചന്ദ്രനും ചേർന്നൊരുക്കിയ താരാട്ടിന്റെ സാന്ദ്രഭാവമുള്ള ``അന്നൊരു നാള് കന്നിനിലാവ് പെയ്യണ നേരത്ത്'' എന്ന ലാളിത്യമാർന്ന ഗാനത്തിലൂടെ.
അഭിനയമോഹിയായ സുഹൃത്തിന് വേണ്ടി ചാൻസ് ചോദിക്കാൻ കൂട്ടുപോയി പാട്ടുകാരനായി മാറിയ കഥയാണ് സന്തോഷിന്റേത്. ആകസ്മികതകൾ നിറഞ്ഞ സംഗീതയാത്ര. തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസിനെ അകലൂരിലെ അദ്ദേഹത്തിന്റെ വീട്ടിൽ കൂട്ടുകാരനൊപ്പം ചെന്ന് കണ്ടതായിരുന്നു സന്തോഷ്. ``സംസാരത്തിനിടെ, എനിക്ക് അഭിനയമോഹമൊന്നുമില്ലേ എന്ന് ചോദിച്ചു ലോഹിസാർ. പാട്ടിലാണ് താൽപ്പര്യം എന്ന് പറഞ്ഞപ്പോൾ എങ്കിലൊരു പാട്ട് കേൾക്കട്ടെ എന്നായി അദ്ദേഹം. ശബ്ദം ഇഷ്ടപ്പെട്ടതുകൊണ്ടാവണം, നാലഞ്ച് പാട്ടു പാടി കാസറ്റിലാക്കി കൊടുക്കാൻ ആവശ്യപ്പെട്ടു ലോഹിസാർ.''
ലോഹിതദാസ് ``കാരുണ്യം'' എന്ന ചിത്രം സംവിധാനം ചെയ്യുന്ന സമയം. ആ പടത്തിൽ യേശുദാസ് പാടിയ പൂമുഖം വിടർന്നാൽ പൂർണ്ണേന്ദു (രചന, സംഗീതം: കൈതപ്രം) എന്ന ഗാനത്തിന് ട്രാക്ക് പാടാൻ നിയോഗിക്കപ്പെടുന്നു സന്തോഷ്. ജയറാമും ദിവ്യാ ഉണ്ണിയും ചേർന്നുള്ള ഗാനരംഗം ഷൂട്ട് ചെയ്‌തത് സന്തോഷിന്റെ ട്രാക്ക് വേർഷൻ വെച്ചാണ്. പുതുഗായകന്റെ ശബ്ദം ലൊക്കേഷനിലുണ്ടായിരുന്ന സകലരും കൗതുകത്തോടെ ശ്രദ്ധിച്ചു.
ജയറാമിനെ പരിചയപ്പെട്ടത് അദ്ദേഹത്തിന്റ അടുത്ത സുഹൃത്തായ ബാലചന്ദ്രൻ വഴി. ആദ്യ സമാഗമത്തിൽ തന്നെ സന്തോഷിനെക്കൊണ്ട് നാലുവരി പാടിച്ചു കേട്ടു ജയറാം. ശബ്ദം കൊള്ളാമല്ലോ എന്നായിരുന്നു ആദ്യ പ്രതികരണം. സിനിമയിൽ അവസരങ്ങൾ കിട്ടണമെങ്കിൽ ചെന്നൈയിൽ പോകണമെന്ന് ഉപദേശിച്ചതും ജയറാം തന്നെ.
താമസിയാതെ സിനിമാമോഹങ്ങളുമായി ചെന്നൈയിലേക്ക് വണ്ടികയറിയ സന്തോഷ് കേശവ്, ജയറാം വഴി ജോൺസൺ മാസ്റ്ററെ പരിചയപ്പെടുന്നു. മാസ്റ്റർക്കും ഇഷ്ടമായി സന്തോഷിന്റെ ശബ്ദം. മഞ്ഞുകാലവും കഴിഞ്ഞ് എന്ന പടത്തിൽ രണ്ടു പാട്ടിന്റെ ട്രാക്ക് പാടാൻ നിയോഗിക്കപ്പെട്ടത് അങ്ങനെയാണ്. ``എനിക്ക് പാടാൻ അവസരം തരണമെന്ന് മാസ്റ്റർ ആഗ്രഹിച്ചിരുന്നെങ്കിലും പുതിയൊരു ഗായകനെ പരീക്ഷിക്കുക എളുപ്പമല്ല അന്ന്. കാസറ്റ് കമ്പനിക്കാർ നിശ്ചയിക്കുന്നവരേ സിനിമയിൽ പാടൂ എന്നായിരുന്നു അവസ്ഥ. തുടക്കക്കാർക്ക് ഒട്ടും സഹായകമല്ലാത്ത അന്തരീക്ഷം.''
ജയറാം വഴിയാണ് സംവിധായകൻ രാജസേനനെ പരിചയപ്പെട്ടതും. സിനിമാജീവിതത്തിൽ വഴിത്തിരിവായ കൂടിക്കാഴ്ച്ച. രാജസേനൻ സംവിധാനം ചെയ്ത കൊട്ടാരം വീട്ടിലെ അപ്പൂട്ടനിലെ (1998) ഒരു സംഘഗാനത്തിൽ (അമ്പോറ്റി ചെമ്പോത്ത്) ഏതാനും വരികൾ പാടി പിന്നണിഗായകനായി അരങ്ങേറുന്നു സന്തോഷ്. രമേശൻ നായരുടെ രചന; ബേണി ഇഗ്നേഷ്യസിന്റെ സംഗീതം. അതേ ചിത്രത്തിൽ നവാഗത ഗായകന് ഒരു സോളോ കൂടി നൽകാൻ രാജസേനൻ ആഗ്രഹിച്ചിരുന്നെങ്കിലും കാസറ്റ് കമ്പനിക്കാരുടെ മുൻഗണനകൾ ഇത്തവണയും സന്തോഷിന്റെ വഴിമുടക്കി.
എന്നാൽ അടുത്ത പടത്തിൽ കഥ മാറി. മനോഹരമായ ഒരു ഭാവഗീതമാണ് രാജസേനന്റെ ``ഞങ്ങൾ സന്തുഷ്ടരാണി''ൽ സന്തോഷിനെ കാത്തിരുന്നത്. ഔസേപ്പച്ചന്റെ പ്രണയസുരഭിലമായ ഈണം. ചെന്നൈയിലെ മരിയൻ ഡിജിറ്റൽ സ്റ്റുഡിയോയിലായിരുന്നു റെക്കോർഡിംഗ്. സിനിമയിൽ പാട്ടിനൊത്ത് ചുണ്ടനക്കിയത് ജയറാം. അഭിരാമിയുമുണ്ടായിരുന്നു ഗാനരംഗത്ത്. ``സങ്കൽപ്പങ്ങൾക്കപ്പുറത്തെ അംഗീകാരമാണ് ആ ഗാനം നേടിത്തന്നത്. ഇന്നും ആ പാട്ടിലൂടെ മലയാളികൾ എന്നെ തിരിച്ചറിയുന്നു. നന്ദി പറയേണ്ടത് സേനൻ ചേട്ടനോടും ഔസേപ്പച്ചൻ സാറിനോടുമാണ്.''-- സന്തോഷ്.
ആദ്യഗാനത്തിന്റെ ജനപ്രീതി കൂടുതൽ നല്ല അവസരങ്ങൾ നേടിത്തരേണ്ടതായിരുന്നു. നിർഭാഗ്യവശാൽ അതുണ്ടായില്ല. ചില നല്ല പാട്ടുകൾ പാടിയെന്നത് സത്യം. പ്രണയസൗഗന്ധികങ്ങൾ (ഡാർലിംഗ് ഡാർലിംഗ്--ഔസേപ്പച്ചൻ), ഒന്ന് കാണുവാൻ (ഇമ്മിണി നല്ലൊരാൾ -- എം ജയചന്ദ്രൻ) എന്നിവ ഭേദപ്പെട്ട ഗാനങ്ങളായിരുന്നു. പക്ഷേ സന്തോഷിലെ ഗായകന് അവ എത്രകണ്ടു ഗുണം ചെയ്തുവെന്നത് മറ്റൊരു ചോദ്യം. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷമൊരു ``മേരി ആവാസ് സുനോ''. മെലഡിയുടെ മൃദുസ്പർശമുള്ള ഈ ഗാനം സിനിമയിൽ തന്റെ തലക്കുറി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു സന്തോഷ്.
1990 കളുടെ അവസാനം മുതൽക്കറിയാം പാലക്കാട്ടുകാരനായ ഈ യുവഗായകനെ. ദൂരദർശനു വേണ്ടി എം എസ് നസീമുമായി ചേർന്നൊരുക്കിയ ``ആയിരം ഗാനങ്ങൾ തൻ ആനന്ദലഹരി'' എന്ന മെഗാ സംഗീത പരമ്പരയിൽ സജീവ സാന്നിധ്യമായിരുന്നു സന്തോഷ്. ശബ്ദാനുകരണത്തിനപ്പുറത്ത് പാടുന്ന ഗാനങ്ങൾക്കെല്ലാം ആത്മാശം കൂടി പകർന്നുനൽകുന്ന ഗായകൻ.
പ്രതിഭാശാലിയായ ഒരു എഴുത്തുകാരൻ കൂടിയുണ്ട് ഈ പാട്ടുകാരനിൽ എന്നത് അധികമാർക്കും അറിയാത്ത കാര്യം. ``അന്നും മഴ പെയ്തിരുന്നു'' എന്ന കഥാസമാഹാരത്തിൽ അക്ഷരങ്ങളെ പ്രണയിക്കുന്ന സന്തോഷിനെ വായിച്ചറിയാം നമുക്ക്. എഴുത്തുകാരായ പാട്ടുകാർ അധികമില്ലല്ലോ നമുക്ക്. തിരിച്ചുവരവിന്റെ പാതയിൽ പ്രിയ സന്തോഷിന് എല്ലാ ആശംസകളും...
Content Highlights : Singer Santhosh Keshav New Song Meri Awas Suno, Njangal Santhushtaranu Movie Song
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..