-
ഒരു മുല്ലപ്പൂമാലയുടെ ഓർമ്മക്ക്
-------------------
നമ്പർ ഡയൽ ചെയ്ത് ഹലോ പറഞ്ഞ് മൊബൈൽ ഫോൺ പ്രേമയ്ക്ക് നേരെ നീട്ടി ഞാൻ: ``മതിവരുവോളം സംസാരിച്ചോളൂ ചേച്ചീ; നാൽപ്പത്തഞ്ചു വർഷമായുള്ള മോഹമല്ലേ?''
പകച്ചുപോയോ ഗായിക? തെല്ലൊരു സങ്കോചത്തോടെ ഫോൺ കൈനീട്ടി വാങ്ങവേ അവർ ചോദിച്ചു: ``അദ്ദേഹത്തിന് ഇഷ്ടാവുമോ? വലിയ തിരക്കുള്ള മനുഷ്യനല്ലേ. മുൻകോപിയാണെന്നും കേട്ടിട്ടുണ്ട്. പരിചയമില്ലാത്ത ആളോട് ഫോണിൽ സംസാരിക്കാൻ മടിച്ചാലോ?'' വടി കൊടുത്ത് അടിവാങ്ങുന്നതെന്തിന് എന്ന ധ്വനിയുണ്ടായിരുന്നു നിഷ്കളങ്കമായ ആ ചോദ്യത്തിൽ.
ചിരിയാണ് വന്നത്. ``നൂറുകണക്കിന് സഹഗായകരെ മറന്നുപോയാലും ആദ്യം കൂടെപ്പാടിയ ആളെ അങ്ങനെയങ്ങു മറക്കാനാകുമോ ഒരു പാട്ടുകാരന്?'' -- എന്റെ മറുചോദ്യം. മുഖത്തെ പരിഭ്രമം ഒരു ചിരിയാൽ പണിപ്പെട്ട് മറയ്ക്കാൻ ശ്രമിച്ചുകൊണ്ട് ഫോൺ കാതോടടുക്കിപ്പിടിച്ചു പ്രേമ. പിന്നെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു: ``ജയൻ, ഇത് ഞാനാണ്. കോഴിക്കോട്ടെ പ്രേമ. പഴയ പാട്ടുകാരി.''
ഫോണിന്റെ മറുതലയ്ക്കൽ നിമിഷങ്ങൾ നീണ്ട മൗനം. ഒരു പൊട്ടിത്തെറിയാവണം പ്രേമ പ്രതീക്ഷിച്ചിരിക്കുക. പക്ഷേ കാതിലേക്കൊഴുകിയത് ഒരു പഴയ പാട്ടിന്റെ സുഖശീതളമായ ശീലുകൾ: ``ഒരു മുല്ലപ്പൂമാലയുമായ് നീന്തി നീന്തി നീന്തി വന്നേ, ഒന്നാം കടലിൽ മുങ്ങാംകുഴിയിട്ടൊന്നാം തിരമാല, ഒന്നാം തിരമാല...'' പതിറ്റാണ്ടുകൾക്ക് മുൻപ് മലയാളികളുടെ പ്രിയപ്പെട്ട ഭാവഗായകനൊപ്പം ഒരേ മൈക്കിന് മുന്നിൽ നിന്ന് താൻ പാടി റെക്കോർഡ് ചെയ്ത പാട്ട്, അതേ ഗായകന്റെ ശബ്ദത്തിൽ കേട്ടു കോരിത്തരിച്ചുനിന്നു പ്രേമ. പോയി മറഞ്ഞ ഒരു കാലം മുഴുവൻ അവരുടെ മനസ്സിൽ പുനർജനിച്ചിരിക്കണം അപ്പോൾ.
പല്ലവി പാടിനിർത്തി ജയചന്ദ്രൻ പറഞ്ഞു: ``ഇനി പറയൂ, മറക്കാനാകുമോ എനിക്ക് നിങ്ങളെ?'' ആഹ്ളാദം കൊണ്ട് നിറഞ്ഞുപോയ കണ്ണുകൾ തുടയ്ക്കാൻ പോലും മറന്ന് ഒന്നും മിണ്ടാനാകാതെ നിന്ന ഗായികയെ കൗതുകത്തോടെ നോക്കിയിരുന്നു ഞാൻ; ചരിത്ര നിമിഷത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന ഉത്തമബോധ്യത്തോടെ.
1965 ൽ ``കുഞ്ഞാലിമരക്കാർ'' എന്ന ചിത്രത്തിന് വേണ്ടി ഈ യുഗ്മഗാനം പാടി റെക്കോർഡ് ചെയ്ത് രേവതി സ്റ്റുഡിയോയിൽ നിന്ന് യാത്ര പറഞ്ഞു പിരിഞ്ഞ ശേഷം ആദ്യമായി പരസ്പരം മിണ്ടുകയായിരുന്നു ഇരു ഗായകരും. സ്വാഭാവികമായും സംഭാഷണം നീണ്ടുപോയി. പഴയ കാലം, പഴയ കഥകൾ, വ്യക്തികൾ, സംഭവങ്ങൾ.....എല്ലാം ഒന്നൊന്നായി വന്നു നിറയുന്നു പ്രേമയുടെ ഓർമ്മകളിൽ.
``വലിയ സന്തോഷായി. എങ്ങനെ നന്ദി പറയണം എന്നറിയില്ല..'' -- ജയചന്ദ്രനുമായി സംസാരിച്ചു ഫോൺ വെച്ച ശേഷം എന്റെ നേരെ തിരിഞ്ഞു പ്രേമ പറഞ്ഞു. ``ഈ നിമിഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ; വർഷങ്ങളായി..''
കുഞ്ഞാലിമരക്കാറിൽ പാടുമ്പോൾ നവാഗതപ്രതിഭയാണ് ജയചന്ദ്രൻ. പ്രേമയാകട്ടെ സിനിമക്ക് വേണ്ടി ആദ്യം പാടിയ പാട്ട് തന്നെ ഹിറ്റാക്കിയ ഗായികയും. ``പുതിയൊരു ഗായകന്റെ കൂടെയാണ് പാടേണ്ടത് എന്ന് സംഗീത സംവിധായകൻ ചിദംബരനാഥ് മാസ്റ്റർ പറഞ്ഞപ്പോൾ കൗതുകം തോന്നി. സ്റ്റുഡിയോയിൽ വെച്ചാണ് ജയചന്ദ്രനെ ആദ്യം കണ്ടത്. തുടക്കക്കാരന്റെ പരിഭ്രമം നല്ലവണ്ണമുണ്ട് മുഖത്ത്. രണ്ടു സിനിമയിൽ പാടിയിരുന്നെങ്കിലും എന്റെ കാര്യവും മെച്ചമല്ല. ഒരു ദിവസം മുഴുവൻ റിഹേഴ്സൽ നോക്കിയിട്ടും ശരിയാകാത്തതിനാൽ റെക്കോർഡിംഗ് പിറ്റേന്നത്തേക്ക് നീട്ടേണ്ടിവന്നു. ദൈവാനുഗ്രഹത്താൽ അന്ന് എല്ലാം ഓക്കേ ആയി..''- പ്രേമ ഓർക്കുന്നു.
പാട്ടു പാടി സ്റ്റുഡിയോ വിട്ട പ്രേമ പിന്നീട് അധികം തുടർന്നില്ല സിനിമയിൽ. കൂടെ പാടിയ പരിഭ്രമക്കാരനായ യുവാവാകട്ടെ, തെന്നിന്ത്യൻ സിനിമാസംഗീതത്തിലെ ഏറ്റവും മികച്ച ഗായകരിലൊരാളായി ഉയർന്നു. വിവിധ ഭാഷകളിലായി ആയിരക്കണക്കിന് പാട്ടുകൾ പാടി. വിസ്മയത്തോടെ, അഭിമാനത്തോടെ ആ വളർച്ച കണ്ടുനിന്നു പ്രേമ.
``അന്നൊന്നും കരുതിയിരുന്നില്ല ജയനുമായി വീണ്ടും സംസാരിക്കാൻ കഴിയുമെന്ന്.''-- പ്രേമയുടെ വാക്കുകൾ. ``മറക്കാനാവാത്ത ആ ഫോൺ സംഭാഷണം കഴിഞ്ഞ് അധികം വൈകാതെ അദ്ദേഹത്തോടൊപ്പം വേദി പങ്കിടാനും അവസരം കിട്ടി എനിക്ക്. മാതൃഭൂമിയുടെ വാർഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട്ട് നടന്ന പരിപാടിയിൽ വെച്ചാണ് അൻപത് വർഷത്തിന് ശേഷം ജയനെ ആദ്യമായി നേരിൽ കണ്ടത്. അന്ന് അദ്ദേഹത്തോടൊപ്പം ഒരു മുല്ലപ്പൂമാലയുമായ് എന്ന പാട്ടിന്റെ കുറച്ചു വരികൾ പാടാനും അവസരം ലഭിച്ചു. ജീവിതത്തിലെ അമൂല്യ നിമിഷങ്ങൾ..''
ആർച്ചീ ഹട്ടന്റെ ഹട്ടൻസ് ഓർക്കസ്ട്രയിൽ പാടിക്കൊണ്ടിരുന്ന പ്രേമയെ സിനിമയിൽ അവതരിപ്പിച്ചത് ബാബുരാജാണ് -- ചേട്ടത്തിയിലെ ``പതിനാറു വയസ്സ് കഴിഞ്ഞാൽ പുളകങ്ങൾ പൂത്തു വിരിഞ്ഞാൽ'' എന്ന യുഗ്മഗാനത്തിലൂടെ. ഒപ്പം പാടിയത് യേശുദാസ്. സിനിമയിൽ സുശീലയുടെ ശബ്ദത്തിൽ സോളോ ആയും കേൾക്കാം ഈ ഗാനം. ആദ്യഗാനം ഹിറ്റായതിനാലാകണം, അടുത്ത ചിത്രമായ ``പൂച്ചക്കണ്ണി''യിലും പ്രേമയെ പാടിച്ചു ബാബുരാജ് -- മരമായ മരമൊക്കെ തളിരിട്ടു പൂവിട്ടു എന്ന തിരുവാതിരപ്പാട്ട്.
ബാബുരാജിന്റെ വ്യത്യസ്ത സൃഷ്ടികളിൽ പെടുത്താവുന്ന ഈ ഗാനം പക്ഷേ പുറത്തുവന്നത് എസ് ജാനകിയുടെ ക്രെഡിറ്റിലാണ്. റെക്കോർഡിൽ പേരില്ലാത്തതിനാൽ ആകാശവാണിയും പ്രേമയെ തഴഞ്ഞു. ``ജാനകിയമ്മ അറിഞ്ഞിട്ടുപോലും ഉണ്ടാവില്ല എന്റെ ദുർവിധി. എത്രയോ മനോഹര ഗാനങ്ങൾ പാടിയ അവർക്ക് എന്തിനാണ് എന്നെപ്പോലൊരു പാവത്തിന്റെ പാട്ട്?''-- പ്രേമ ചിരിക്കുന്നു. നേർത്ത നൊമ്പരം കലർന്ന ചിരി.
റെക്കോർഡിംഗിന് സ്ഥിരമായി കൂടെ വന്നിരുന്ന അമ്മയുടെ അകാലമരണമാണ് സിനിമയിൽ നിന്ന് പതുക്കെ പിന്മാറാൻ പ്രേമയെ നിർബന്ധിതയാക്കിയത്. കുഞ്ഞാലിമരക്കാറിന് ശേഷം രണ്ടു ചിത്രങ്ങളിലേ പ്രേമ പാടിയുള്ളൂ -- ``വിദ്യാർത്ഥി''യിലും ``മിസ്റ്റർ സുന്ദരി''യിലും. ബാബുക്കയുടെ വേർപാടായിരുന്നു മറ്റൊരു ആഘാതം. വേദികളിൽ പിന്നീട് അപൂർവമായേ മുഴങ്ങിയുള്ളു ഈ ഗായികയുടെ ശബ്ദം. കുടുംബജീവിതവുമായി കോഴിക്കോട്ടെ വീട്ടിൽ ഒതുങ്ങിക്കൂടി അവർ.
നഷ്ടങ്ങൾ പലതുണ്ട് സംഗീതജീവിതത്തിൽ; മോഹഭംഗങ്ങളും. പക്ഷേ എല്ലാ നിരാശകളും മറക്കാൻ, ആത്മസംതൃപ്തിയോടെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കാൻ ``കുഞ്ഞാലിമരക്കാറി''ലെ ആ ഒരൊറ്റ ഗാനം മതിയല്ലോ പ്രേമക്ക്: ചരിത്രത്തിന്റെ ഭാഗമായ ഗാനം.
Content highlights : Singer Prema P Jayachandran Paattuvahiyorathu Ravi menon
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..